SignIn
Kerala Kaumudi Online
Thursday, 25 April 2024 10.34 AM IST

നല്ലതിനു വേണ്ടിയുള്ള മുഖം മിനുക്കൽ

cabinet

മൂന്നാം വർഷത്തിലേക്കു കടന്ന നരേന്ദ്രമോദി സർക്കാർ വരുത്തിയ വിപുലമായ മന്ത്രിസഭാ അഴിച്ചുപണി വ്യക്തമായ ലക്ഷ്യത്തോടെയാണ്. അടുത്ത പൊതുതിരഞ്ഞെടുപ്പിനു മുമ്പുള്ള മൂന്നു വർഷം ഭരണം പരമാവധി ചലനാത്മകമാക്കി പ്രതിച്ഛായ മെച്ചപ്പെടുത്തേണ്ട അനിവാര്യതയിലേക്ക് പ്രധാനമന്ത്രി എത്തിയിരിക്കണം. മന്ത്രിസഭയിൽ പ്രമുഖരെന്നു കരുതപ്പെട്ടിരുന്നവർ ഉൾപ്പെടെ ഒരു ഡസൻ പേരെയാണ് ഒഴിവാക്കിയത്. സഹമന്ത്രിമാരായിരുന്ന ഏഴുപേരെ കാബിനറ്റ് റാങ്കിലേക്കുയർത്തി. എൻ.ഡി.എ ഘടകകക്ഷികളായ ഐക്യജനതാദൾ, എൽ.ജെ.പി, അപ്‌നാദൾ എന്നീ കക്ഷികൾക്കും പുതുതായി പ്രാതിനിദ്ധ്യം നൽകി. 36 പേരെ പുതുതായി ഉൾപ്പെടുത്തിയപ്പോൾ പിന്നാക്ക വിഭാഗങ്ങൾക്കും പട്ടികജാതി - പട്ടികവർഗക്കാർക്കും ഗോത്ര വിഭാഗങ്ങൾക്കും ഉയർന്ന പരിഗണന നൽകി. രാജ്യത്തെ മുഴുവൻ പ്രദേശങ്ങൾക്കും പുതിയ മോദി സർക്കാരിൽ പ്രാതിനിദ്ധ്യം ഉറപ്പാക്കിയെന്നതാണ് പുനഃസംഘടനയുടെ ഏറ്റവും വലിയ സവിശേഷത. പുതിയ മന്ത്രിമാരെ തിരഞ്ഞെടുത്തതിലും കാണാം ഉൾക്കാഴ്ച.

കൊവിഡ് മഹാമാരി വലിയ നാശം വരുത്തിയ സമ്പദ് വ്യവസ്ഥയെ കരകയറ്റുകയെന്ന മഹായജ്ഞമാണ് കേന്ദ്ര സർക്കാരിനു മുമ്പിലുള്ളത്. ഓരോ വകുപ്പും അതിനായി കഠിനശ്രമം നടത്തേണ്ടിവരും. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, വ്യോമയാനം, പെട്രോളിയം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നവരെ ഒഴിവാക്കി പുതിയ ആൾക്കാരെ നിയോഗിച്ചതിനു പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തിരുന്നത് ഡോക്ടർ കൂടിയായ ഹർഷവർദ്ധനായിരുന്നു. കൊവിഡ് മഹാമാരി വേണ്ടവിധം കൈകാര്യം ചെയ്യുന്നതിൽ ഹർഷവർദ്ധൻ വൻ പരാജയമായിരുന്നെന്ന് സ്വന്തം പാർട്ടിക്കാർക്കു പോലും പരാതിയുണ്ടായിരുന്നു. മോദി സർക്കാർ ഒരുവർഷത്തിലധികമായി ഏറ്റവുമധികം പഴി കേൾക്കേണ്ടിവന്നതും മഹാമാരിയെ നേരിടുന്നതിൽ സംഭവിച്ച വീഴ്ചകളുടെ പേരിലാണ്. പ്രകാശ് ജാവഡേക്കർ, രവിശങ്കർ പ്രസാദ്, രമേശ് പൊക്രിയാൽ, സദാനന്ദഗൗഡ എന്നീ പ്രമുഖർക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിനു പിന്നിലും പ്രത്യക്ഷമായോ പരോക്ഷമായോ കൊവിഡ് നേരിടുന്നതിലുണ്ടായ വീഴ്ചകൾ തന്നെയാണ്. സി.ബി.എസ്.ഇ പരീക്ഷ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ കാര്യങ്ങളിൽ ഉചിത സമയത്ത് ഉചിത തീരുമാനങ്ങളെടുക്കാതിരുന്നതിന്റെ പേരിലാണ് രമേശ് പൊക്രിയാൽ പുറത്തു പോകേണ്ടിവന്നത്. ഇതുപോലെ പുറത്താക്കപ്പെട്ട എല്ലാ പ്രമുഖർക്കുമെതിരെ ചൂണ്ടിക്കാണിക്കാൻ മതിയായ വീഴ്ചകളുണ്ട്.

ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും പ്രൊഫഷണലുകൾക്കും മികച്ച പ്രാതിനിദ്ധ്യം ലഭിച്ച മന്ത്രിസഭയിൽ ആറു വനിതകളെക്കൂടി ഉൾപ്പെടുത്തിയതാണ് മറ്റൊരു സവിശേഷത. 77 അംഗ മന്ത്രിസഭയിൽ ഇതോടെ വനിതാ പ്രാതിനിദ്ധ്യം പതിനൊന്നായി.

ഈ വർഷവും അടുത്ത വർഷവും നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങൾക്ക് മന്ത്രിസഭയിൽ വർദ്ധിച്ച പ്രാതിനിദ്ധ്യം നൽകിയതിനു പിന്നിലുമുണ്ട് വ്യക്തമായ ലക്ഷ്യം. യു.പിയിൽ നിന്ന് ഏഴുപേരും ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ബംഗാൾ സംസ്ഥാനങ്ങളിൽ നിന്ന് നാലുപേർ വീതവും മന്ത്രിസഭയിലെത്തി. കേരളത്തിന്റെ ഏക പ്രതിനിധിയായി മന്ത്രിസഭയിലുള്ള വി.മുരളീധരനു മാറ്റമുണ്ടായില്ലെന്നതാണ് ആശ്വാസം. അതോടൊപ്പം കേരളത്തിന്റെ പ്രതിനിധിയായിട്ടല്ലെങ്കിലും മലയാളിയായ രാജീവ് ചന്ദ്രശേഖറിന് മന്ത്രിസഭയിൽ സ്ഥാനം നൽകിയതിൽ സന്തോഷിക്കാം. നൈപുണ്യവികസനം, ഐ.ടി, ഇലക്ട്രോണിക്സ് തുടങ്ങി പ്രധാന വകുപ്പുകളാണ് ഐ.ടി വിദഗ്ദ്ധൻ കൂടിയായ രാജീവിന് നൽകിയിരിക്കുന്നത്.

മന്ത്രിസഭയിൽ നിന്നൊഴിവാക്കപ്പെട്ട പ്രമുഖർക്ക് അർഹമായ പാർട്ടി ചുമതലകൾ നൽകുമെന്ന് സൂചന വന്നിട്ടുണ്ട്. അതു നടന്നാലുമില്ലെങ്കിലും ഇപ്പോഴത്തെ മാറ്റങ്ങൾ,​ മികവു കാണിച്ചില്ലെങ്കിൽ കസേര വിട്ടുകൊടുക്കേണ്ടിവരുമെന്ന വലിയൊരു സന്ദേശം നൽകുന്നുണ്ട്. സമ്പദ്‌വ്യവസ്ഥയ്ക്ക് ഊർജ്ജം നൽകി പൂർവസ്ഥിതിയിലാക്കുന്ന മഹത്തായ ലക്ഷ്യം നേടണമെങ്കിൽ അത്യദ്ധ്വാനം വേണ്ടിവരും. ഉത്‌പാദന മേഖലകൾ പൂർവാധികം ഉണർന്നെങ്കിലേ നഷ്ടപ്പെട്ട തൊഴിലവസരങ്ങൾ വീണ്ടെടുക്കാനാവൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.