തൊടുപുഴ: 'എന്താ ആശാനേ, അർജന്റീനയോട് ഇത്ര ഇഷ്ടം..? " ചോദ്യം കേട്ട് മണിയാശാൻ ഒന്ന് പൊട്ടിച്ചിരിച്ചു. 'അതിപ്പോ ചെഗുവേരയുടെ ജന്മനാടായ, മറഡോണയുടെ സ്വന്തം ടീമായ അർജന്റീനയെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും". മുതിർന്ന സി.പി.എം നേതാവും മുൻമന്ത്രിയും എം.എൽ.എയുമായ എം.എം. മണി പ്രഖ്യാപിത അർജന്റീന ഫാനാണെന്ന് എല്ലാവർക്കുമറിയാം.
കഴിഞ്ഞ ലോകകപ്പ് സമയത്ത് അർജന്റീനയുടെ ജഴ്സിയുമണിഞ്ഞ് ഫുട്ബോൾ തട്ടി മണിയാശാൻ തന്റെ ഇഷ്ടം ഫേസ്ബുക്കിൽ പ്രഖ്യാപിച്ചതാണ്. ലോക ഫുട്ബാളിൽ അർജന്റീന അപരാജിതരായിരുന്ന കാലം മുതൽ തുടങ്ങിയതാണ് മറഡോണയുടെ ടീമിനോടുള്ള ആരാധനയെന്ന് ആശാൻ പറയുന്നു. മറഡോണ കഴിഞ്ഞാൽ പ്രിയതാരം മെസിയാണ്. നാളെ മാറക്കാനയിൽ നടക്കുന്ന കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ തുരത്തി മെസി അർജന്റീനയ്ക്കായി കപ്പടിക്കുമെന്ന് ആശാൻ ഉറച്ചു വിശ്വസിക്കുന്നു. കപ്പ് ഇത്തവണ അർജന്റീനയ്ക്ക് വണ്ടികയറുമെന്ന് ബ്രസീൽ ഫാൻസിനെ വെല്ലുവിളിച്ച് ആശാൻ എഫ്.ബിയിൽ കുറിച്ചിരുന്നു. ആശാന്റെ ഈ അർജന്റീന പ്രേമം കാരണം സി.പി.എമ്മുകാർ പോലും ഇപ്പോൾ 'രണ്ട് പക്ഷമാണ്'. ബ്രസീലിനൊപ്പമുള്ള മന്ത്രി ശിവൻകുട്ടിയും മുൻ മന്ത്രി കടകംപള്ളിയും ഫേസ്ബുക്കിൽ മണിയെ വെല്ലുവിളിച്ച് രംഗത്തെത്തിയിരുന്നു. അവരോടെല്ലാം ഒറ്റ മറുപടിയേ ആശാനുള്ളൂ. 'ആത്മവിശ്വാസം അവസാനം വരെ നല്ലതാ. ഉറപ്പാണ് അർജന്റീന".
അർജന്റീനയെ വിമർശിക്കുന്നവരെക്കുറിച്ച് ചോദിച്ചാൽ മണിയാശാൻ പിണറായിയാകും. 'ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാകും, വിമർശിക്കുന്നവരുണ്ടാകും, അവരാവഴിക്ക് പോവുക എന്നുള്ളത് മാത്രമേയുള്ളൂ…അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. " എന്ന് കരുതി, ബ്രസീലുകാരോട് ആശാന് വിരോധമൊന്നുമില്ല കേട്ടോ. നന്നായി കളിക്കുന്ന എല്ലാ ടീമുകളെയും ഇഷ്ടമാണ്. കൂടുതലിഷ്ടം അർജന്റീനയോടാണെന്ന് മാത്രം. എന്തായാലും നാളെ പുലർച്ചെ നടക്കുന്ന ഫൈനൽ കാണാനായി കാത്തിരിക്കുകയാണ് ആശാൻ. രാത്രി വൈകിയും പുലർച്ചെയുമൊക്കെയാണ് മത്സരമെങ്കിലും അർജന്റീനയുടെ കഴിഞ്ഞ കളികൾ മിക്കതും മണിയാശാൻ കണ്ടിരുന്നു. ചെറുപ്പത്തിൽ ഫുട്ബാൾ കളിക്കുമായിരുന്നോയെന്ന് ചോദിച്ചപ്പോൾ ആശാൻ ഇങ്ങനെ മറുപടി നൽകി 'എന്റെയൊക്കെ ചെറുപ്പകാലത്ത് നാട്ടിൽ ഓലപന്തും നാടൻ പന്ത് കളിയുമൊക്കെയേ ഉള്ളൂ. പിന്നീടല്ലേ ഫുട്ബാളും വോളിബാളും ക്രിക്കറ്റുമൊക്കെ വന്നത്. കളിക്കില്ലെങ്കിലും എല്ലാ കളിയും കാണാൻ വലിയ ഇഷ്ടമാ. അതിലിഷ്ടം കൂടുതൽ ഫുട്ബാളാണെന്ന് മാത്രം".