SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.14 AM IST

കമ്മ്യൂണിസം വളർന്നത് കൊലചെയ്തല്ല: സി.പി.ഐ; മാദ്ധ്യമങ്ങളുടെ വിഷലിപ്ത പ്രചാരണം: സി.പി.എം

cpm-and-cpi

തിരുവനന്തപുരം: രാമനാട്ടുകര ക്വട്ടേഷൻ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട അർജുൻ ആയങ്കി- ആകാശ് തില്ലങ്കേരിമാരുടെ മുൻകാല സി.പി.എം ബന്ധം വിവാദമായ പശ്ചാത്തലത്തിൽ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ വേരുപിടിച്ചത് കൊലപാതകവും ക്വട്ടേഷനും നടത്തിയല്ലെന്ന സി.പി.ഐയുടെ വിമർശനവും പാർട്ടിക്കെതിരെ നടക്കുന്നത് ഇടതുവിരുദ്ധ മാദ്ധ്യമങ്ങളുടെ വിഷലിപ്ത പ്രചാരണമെന്ന സി.പി.എമ്മിന്റെ പ്രതികരണവും പുറത്തുവന്നതോടെ ഈ വിഷയത്തിൽ രണ്ടു പാർട്ടികളും വാക്പോരിലായി.

പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ സി.പി.ഐ കണ്ണൂർ ജില്ലാസെക്രട്ടറി പി.സന്തോഷ്‌കുമാറാണ് രൂക്ഷ വിമർശനമെയ്തത്.

ചെഗുവേരയുടെ ചിത്രം നെഞ്ചിൽ പച്ചകുത്തിയും ചെങ്കൊടിപിടിച്ച് സെൽഫിയെടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയുമല്ല കമ്മ്യൂണിസ്റ്റാകേണ്ടത് എന്ന ബോധം പാർട്ടിയുടെ മറവിൽ ക്രിമിനൽ പ്രവർത്തനം നടത്തുന്നവരിലെത്തിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ലെന്നാണ് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കൂടിയായ സന്തോഷ് തുറന്നടിച്ചത്.

അതേസമയം,സ്വർണക്കള്ളക്കടത്ത് കേസുയർത്തി പാർട്ടിക്കെതിരെ ചില മാദ്ധ്യമങ്ങൾ ഇറങ്ങിയിരിക്കയാണെന്ന് സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവനും പാർട്ടി മുഖപത്രത്തിൽ ലേഖനമെഴുതി.

പാർട്ടിയുടെ അടിസ്ഥാന ധാരണകൾ മനസിലാക്കാൻ പുതുതായി വരുന്നവർക്ക് കഴിയുന്നില്ലെന്ന സ്വയംവിമർശന വിലയിരുത്തലും നടത്തി.

രണ്ട് പ്രമുഖ കമ്മ്യൂണിസ്റ്റ് പാർട്ടികളും ഒരേ ദിവസം വിഷയത്തിൽ കൊമ്പുകോർത്ത പ്രതീതിയായി ഫലത്തിൽ. സി.പി.എം സംസ്ഥാനസമിതി ചേരുന്ന ദിവസത്തെ രണ്ട് ലേഖനങ്ങളും ഇടതുവൃത്തങ്ങളിൽ സജീവചർച്ചയായി. ഇരു പാർട്ടിയിലെയും മറ്റു പ്രമുഖർ പരസ്യമായി പ്രതികരിച്ചിട്ടില്ല.

 ക്വട്ടേഷൻ ഫംഗസിന് ചികിത്സവേണം: സന്തോഷ്

ആശയസൗകുമാര്യത്തിന്റെയും അതിരുകളില്ലാത്ത മാനവികതയുടെയും പ്രതീകമായാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വളർന്നത്. ക്വട്ടേഷൻ പ്രവണത ഫംഗസ് ആയി കണക്കാക്കിയുള്ള ചികിത്സയാണാവശ്യം. നമുക്കിടയിൽ പ്രവർത്തിക്കുന്നവർ പ്രതികളാക്കപ്പെടുമ്പോൾ മാത്രമല്ല ജാഗ്രത കാണിക്കേണ്ടത്. നിതാന്തമായ ശ്രദ്ധയും കരുതലും സ്വയം വിമർശനവും ഓരോ പാർട്ടി ഘടകങ്ങൾക്കും ആവശ്യമാണ്. പ്രകടനപരതയല്ല കമ്മ്യൂണിസമെന്ന് പുതുതലമുറയെ ബോദ്ധ്യപ്പെടുത്തേണ്ടത് ഏറ്റവും അനിവാര്യമാണ്.

രാമനാട്ടുകര ക്വട്ടേഷൻ കേസിൽ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളിൽ ചിലർ നിയോ ലിബറൽ കാലത്തെ ഇടതു സംഘടനാപ്രവർത്തകരാണ്. കണ്ണൂരിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർന്നുവന്ന കനൽവഴികളുടെ ചരിത്രമല്ല അവരെ ഉത്തേജിപ്പിക്കുന്നത്.

 ക്രിമിനലുകളെ സംരക്ഷിക്കില്ല: വിജയരാഘവൻ

ബൂർഷ്വാ പാർട്ടികൾ പണമൊഴുക്കിയാണ് മാദ്ധ്യമങ്ങളിലൂടെ ഇടതുവിരുദ്ധ കാര്യങ്ങൾ ചെയ്യുന്നത്. ഇത് പ്രവർത്തകരിൽ തെറ്റായ സ്വാധീനം ചെലുത്തുന്നു. ഇതിനെതിരെയുള്ള ജാഗ്രത വർദ്ധിപ്പിക്കും.

രാമനാട്ടുകര കേസിൽപ്പെട്ടവരാരും പാർട്ടി പ്രവർത്തകരോ അംഗങ്ങളോ അല്ല. പ്രതികളെ സഹായിച്ചെന്ന ആരോപണം നേരിട്ട പാർട്ടി അംഗത്തെ പുറത്താക്കി. ക്രിമിനൽ പ്രവർത്തനം നടത്തുന്ന ആർക്കും പാർട്ടിയുടെ സംരക്ഷണമോ സഹായമോ കിട്ടില്ല. ഇത്തരക്കാർക്ക് നിയമപരമായ ശിക്ഷ ഉറപ്പാക്കും. നേതാക്കൾക്കോ പ്രവർത്തകർക്കോ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ വ്യക്തിജീവിതത്തിൽ പുലർത്താനാകുന്നില്ലെങ്കിൽ അത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ കളങ്കമുണ്ടാക്കും. വേഗത്തിൽ പണം സമ്പാദിക്കാനുള്ള ഒരിടപാടിലും അംഗങ്ങൾ പങ്കെടുക്കരുതെന്ന് വ്യക്തമായി നിർദ്ദേശിച്ചു. തെറ്റ്‌ തിരുത്താൻ അവസരം നൽകി. എന്നിട്ടും തിരുത്താത്തവരെ അംഗത്വത്തിൽ നിന്നൊഴിവാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM AND CPI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.