Kerala Kaumudi Online
Monday, 20 May 2019 12.05 PM IST

പുകവലിയ്ക്കുന്നവരല്ല, അത് നിർത്തണം എന്ന് ആഗ്രഹിക്കുന്നവർ  മാത്രം വായിക്കുക

smoking

പുകവലിക്കുന്നവർ കൂടുതലായി കേൾക്കേണ്ടി വരുന്നത് മറ്റുള്ളവരുടെ ഉപദേശങ്ങളാണ്. പുകവലി എന്നന്നേയ്ക്കുമായി നിർത്തണമെന്ന് അടുപ്പമുള്ളവർ ഒരായിരം വട്ടം നിർബന്ധിച്ചു കഴിഞ്ഞാലും അത് മാറാത്ത ഒരു ശീലമാക്കി കൊണ്ട് നടക്കുന്നവരാണ് അധികവും. പുകവലിക്കാത്തവർ പോലും സിനിമാശാലകളിൽ പൊതു ഇടങ്ങളിൽ പുകവലി നിർത്തുവാൻവേണ്ടിയുള്ള ഉപദേശങ്ങൾ ഇഷ്ടക്കേടുണ്ടെങ്കിലും സഹിക്കുന്നത് ഒരാളെങ്കിലും ഈ ദുശീലത്തിൽ നിന്നും മോചിതനാവട്ടെ എന്ന് കരുതിയാവണം. പക്ഷേ പുകവലി തുടങ്ങിക്കഴിഞ്ഞാൽ അതിൽ ഹരം കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ ആ ലഹരിയിൽ നിന്നും മോചിതനാവാൻ അത്ര എളുപ്പമല്ല. പുകവലിക്കുന്നയാൾ തന്നെ ഒരു ബിഗ് നോ പറഞ്ഞാൽ മാത്രമേ ഈ ശീലത്തിൽ നിന്നും പുറത്ത് കടക്കാനാവൂ. എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ച, അന്താരാഷ്ട്ര പുകവലി വിരുദ്ധ ദിനമായി ആചരിക്കുന്നുണ്ട്.

1.പുകവലി നിർത്താനുള്ള തീരുമാനം
'പുകവലി ഉപേക്ഷിക്കുക എന്നത് ലോകത്തിലെ ഏറ്റവും എളുപ്പമുള്ള കാര്യമാണ്. എനിക്കതു കൃത്യമായി അറിയാം, കാരണം ഞാൻ തന്നെ ആയിരിക്കണക്കിനു തവണ പുകവലി ഉപേക്ഷിച്ചിരിക്കുന്നു...'' മാർക്ക് ട്വയിന്റെ പ്രശസ്തമായ വാചകങ്ങൾ പോലെയാണ് മിക്കവരുടെയും പുകവലി നിർത്താനുള്ള തീരുമാനം. ആദ്യമായി താൻ എന്തിന് പുകവലി ഉപേക്ഷിക്കുന്നു എന്ന് നിശ്ചയിക്കലാണ്.

നിങ്ങൾ ഇതിന് മുൻപ് പുകവലി നിർത്താനുള്ള തീരുമാനത്തിലെത്തി പരാജയപ്പെട്ടത് ഇപ്പോൾ ഈ ശീലം തുടരുന്നതിനുള്ള കാരണമായി ചിന്തിക്കരുത്. പുകവലി നിർത്താൻ തനിക്ക് കഴിയില്ലെന്നും ചിന്ത വേണ്ട. കാരണം എത്രത്തോളം പരാജയപ്പെടുന്നുവോ അത്രത്തോളം വിജയത്തിലേക്ക് അടുത്തുവെന്നാണ് സൂചിപ്പിക്കുന്നത്. ചിലപ്പോൾ കഴിഞ്ഞ തവണ നിങ്ങൾ പുകവലി നിർത്താൻ തയ്യാറായിട്ടുണ്ടാകില്ല.

smoking

2.പുകവലിക്കാനുള്ള പ്രേരണ നൽകുന്ന സമയവും സന്ദർഭവും കണ്ടെത്തുക
പുകവലിക്കാൻ വിവിധ കാരണങ്ങൾ കണ്ടെത്തുന്നവരാണ് ഭൂരിഭാഗം പേരും. ചില പ്രത്യേക സമയങ്ങളിൽ പുകവലിക്കുന്നവരും ഏറെയുണ്ട്. പുകവലിക്കാൻ പ്രേരണ നൽകുന്ന സമയവും സന്ദർഭവും കണ്ടെത്തുകയെന്നതാണ് രണ്ടാമത്തെ വെല്ലുവിളി. പിന്നീട് ഈ സമയമെത്തുമ്‌ബോൾ പുകവലിക്കാനുള്ള പ്രേരണ ഇല്ലാതാക്കാനായി ഒരു ചായയോ കോഫിയോ അല്ലെങ്കിൽ ചെറിയ മധുരമോ കൂട്ടുകാരുടെ കൂടെ നടക്കാൻ പോവുകയോ ഒക്കെ ചെയ്യാവുന്നതാണ്.

പലപ്പോഴും വെറുതേയിരിക്കുമ്‌ബോഴാണ് പുകവലിക്കാനുള്ള പ്രേരണ ഏറെയുണ്ടാവുക. എന്നും ഒരു ജിനേഷ്യം സന്ദർശിക്കുന്നതു ശീലമാക്കുക. സമ്മർദങ്ങൾ കുറയ്ക്കാനുള്ള നിരവധി വ്യായാമമുറകൾ ശീലിപ്പിക്കാൻ ജിനേഷ്യത്തിൽനിന്നു സാധിക്കും. പക്ഷേ, കഠിനമായ വ്യായാമം ചെയ്യുന്നതിനു മുമ്ബ് ഒരു ഡോക്ടറുടെ ഉപദേശം തേടണം. തുടർച്ചയായ പുകവലി മൂലം ശ്വാസകോശത്തിന്റെ ക്ഷമത പരശോധിക്കാനാണിത്.

3. പുകവലി നിർത്താനുള്ള സന്ദർഭം തീരുമാനിക്കുക
പുകവലി എപ്പോൾ നിറുത്തണമെന്ന സമയം നിശ്ചയിക്കൽ പ്രധാനമാണ്. ഇത് ഒരു പുസ്തകത്തിലോ മറ്റോ എഴുതി വയ്ക്കുക. വലിക്കാൻ താൽപര്യമോ ആഗ്രഹമോ ഉണ്ടാകുമ്‌ബോൾ ഇതൊന്നു നോക്കുകയും ശപഥം തെറ്റിക്കില്ലെന്നു നിശ്ചയിക്കുകയും ചെയ്യുക. ആദ്യം ഒന്ന് രണ്ട് തവണ ബുദ്ധിമുട്ടു തോന്നുമെങ്കിലും സാവധാനം പുകവലിക്കാനുള്ള ചോദന പൂർണമായി ഇല്ലാതാകും.

4. പുകവലി നിറുത്താനുള്ള തീരുമാനം എല്ലാവരെയും അറിയിക്കുക
പുകവലി നിർത്തുന്നത് ശത്രുവിനോടുള്ള യുദ്ധം ജയിക്കുന്നതിനേക്കാൾ അപകടകരമാണെന്നാണ് പഴമൊഴി. ഏതൊരു യുദ്ധം ജയിക്കാനും സൈന്യവും കൂട്ടാളികളും ഉണ്ടായേ തീരൂ. പുകവലി നിർത്താനുള്ള യുദ്ധത്തിൽ ഏറ്റവും വലിയ സൈന്യം നമ്മുടെ മനസ് തന്നെയാണ്. കൂട്ടാളികളായി കുടുംബത്തെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കൂട്ടാം. പുകവലി നിർത്താനുള്ള തീരുമാനത്തെക്കുറിച്ച് ഇവരോട് തുറന്ന് സംസാരിക്കുക. പുകവലിക്കെതിരായ യുദ്ധത്തിൽ സഹായം അഭ്യർത്ഥിക്കാം. പറ്റുമെങ്കിൽ ഒരു ഡോക്ടറെ കണ്ട് വിദഗ്ദ്ധ ഉപദേശം തേടുന്നതും നല്ലതാണ്.

smoking

5.പുകവലിക്കാൻ പ്രേരണ നൽകുന്ന എല്ലാ സാധനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക
പുകവലിക്കാൻ പ്രേരണ നൽകുന്ന നിരവധി സാധനങ്ങൾ നിങ്ങളുടെ സമീപമുണ്ടാകാം. സിഗരറ്റ് പായ്ക്കറ്റ്, ലൈറ്റർ, തീപ്പെട്ടി, ആഷ്‌ട്രേ തുടങ്ങിയവ മുറിയിൽനിന്നും കണ്ണെത്തുന്ന സ്ഥലങ്ങളിൽനിന്നും മാറ്റിവയ്ക്കുക എന്നതാണ് പെട്ടെന്ന് ചെയ്യാവുന്ന കാര്യം. ഈ വക വസ്തുക്കൾ പുകവലിക്കാനുള്ള താൽപര്യം വർദ്ധിപ്പിക്കുന്നവയാണ്. പുകയിലയുടെ മണവും നിങ്ങൾക്ക് പുകവലിക്കാനുള്ള പ്രേരണ നൽകുമെന്നതിനാൽ വസ്ത്രങ്ങളും വീടും പരിസരവും എല്ലാം വൃത്തിയാക്കുക.

6.ആദ്യ രണ്ട് ആഴ്ച്ചകൾ
പുകവലി നിർത്താനുള്ള തീരുമാനം ഏറ്റവും കഠിനമായി തോന്നുന്നത് ആദ്യ രണ്ട് ആഴ്ച്ചകളിലായിരിക്കും. ഈ കാലയളവ് തരണം ചെയ്തു കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ എളുപ്പമായിരിക്കും. പുകവലിക്കാൻ തോന്നുന്ന എല്ലാത്തിൽ നിന്നും ഈ കാലയളവിൽ ഒഴിഞ്ഞു നിൽക്കുക. കുടുംബത്തിനൊപ്പവും പുകവലിക്കാത്ത സുഹൃത്തുക്കൾക്കൊപ്പവും സമയം ചിലവഴിക്കുക. അമിതമായ സമ്മർദ്ദം ഉണ്ടാക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം പൂർണമായും ഒഴിഞ്ഞു നിൽക്കുക എന്നിവ ശ്രദ്ധിക്കേണ്ടതാണ്.

fruit

7. ധാരാളം വെള്ളം കുടിക്കുക, പഴവർഗങ്ങൾ കഴിക്കുക
ശരീരത്തിൽ അടിയുന്ന നിക്കോട്ടിൻ ശരീരത്തിൽനിന്നു പുറംതള്ളാൻ ഏറ്റവുമധികം സഹായിക്കുന്നതാണ് വെള്ളം. നല്ല പുകവലിക്കാരനാണെങ്കിൽ കൂടുതൽ വെള്ളം കുടിച്ചാൽ സാധാരണ നിലയിൽ പുകവലി കുറയും. അതിനാൽ തന്നെ ധാരാളം വെള്ളം കുടിക്കുക. ഒപ്പം ധാരാളം പഴവർഗങ്ങൾ കഴിക്കുകയും ചെയ്യുക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SMOKING, STOP SMOKING, HEALTH TIPS, HEALTH
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY