കൊല്ലം: ജില്ലയിൽ കൊവിഡ് നിയന്ത്രണം കടുപ്പിച്ചിട്ടും ടി.പി.ആർ നിരക്ക് താഴുന്നില്ല. ഈമാസം ആരംഭം മുതൽ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12നും 10നും ഇടയിൽ തുടരുകയാണ്.
കൊവിഡ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തി വ്യാപനം തടയുമ്പോൾ മറ്റ് പ്രദേശങ്ങളിൽ ഉയരുകയാണ്. വ്യാപനം രണ്ടാം തരംഗത്തിന്റെ ആരംഭത്തിലേത് പോലെ കുതിച്ചുയരാത്തതാണ് ചെറിയ ആശ്വാസം. ഈമാസം 1 മുതൽ എട്ട് വരെ 9,562 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ കാലയളവിൽ 104 പേർ കൊവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്.
ഡെൽറ്റ വേരിയന്റ് നിയന്ത്രണ വിധേയം
തീവ്ര വ്യാപന ശേഷിയുള്ള കൊവിഡ് ഡെൽറ്റ വേരിയന്റ് വൈറസുകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച മേഖലകളിലെല്ലാം സ്ഥിതി നിയന്ത്രണ വിധേയമായതായി ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. മേയ് അവസാനം പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ഡെൽറ്റ വേരിയന്റ് സ്ഥിരീകരിച്ചത്. ഏറെ വൈകി ജൂൺ അവസാനമാണ് പരിശോധനാ ഫലം വന്നത്. സംശയമുള്ള മേഖലകളിലെ സാമ്പിളുകൾ ശേഖരിച്ച് വീണ്ടും പരിശോധനയ്ക്ക് അയച്ചു. ഫലം ലഭിക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും.
വ്യാപനത്തിൽ
6-ാം സ്ഥാനം
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൽ നിലവിൽ ആറാം സ്ഥാനത്താണ് കൊല്ലം. എന്നാൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിലാണ് കൊല്ലമെന്നത് വലിയ ആശ്വാസമാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ജൂലായ്)
തീയതി, ടി.പി.ആർ
8: 10.07%
7: 11.56
6: 11.33
5: 10.79
4: 10.48
3: 11.76
2: 11.90
1: 10.27
''
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തത് ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്.
ബി. അബ്ദുൽ നാസർ
ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |