SignIn
Kerala Kaumudi Online
Friday, 17 September 2021 9.27 PM IST

കോട്ടയ്‌ക്കലിനെ ആയുർവേദത്തിന്‍റെ പര്യായമാക്കിയ മഹാപ്രതിഭ; തേടിയെത്തിയ ഓരോ മനുഷ്യനിലേക്കും സ്‌നേഹവും സമാശ്വാസവും നൽകിയ പി കെ വാര്യർ വിടപറയുമ്പോൾ...

p-k-warrier

മലപ്പുറം: രാഷ്ട്രപതിമാരും പ്രധാനമന്ത്രിമാരുമടക്കം വി വി ഐ പികൾ സ്നേഹസ്‌പർശം തേടി എത്തുന്ന കോട്ടയ്‌ക്കലിലെ മണ്ണിൽ ഇനി പി കെ വാര്യരില്ല. മലപ്പുറം ജില്ലയിലെ കോട്ടയ്‌ക്കലിനെ ആഗോളപ്രശസ്‌തമായ ആയു‍ർവേദ പോയിന്‍റാക്കി മാറ്റിയതിൽ അദ്ദേഹം വഹിച്ച പങ്ക് നിർണായകമാണ്. ആര്യവൈദ്യശാലയുടെ സ്ഥാപകനായ ഡോ പി എസ് വാര്യരുടെ അനന്തരവനായ പി കെ വാര്യ‍ർ അമ്മാവൻ തുടങ്ങിവച്ച സ്ഥാപനത്തെ അന്താരാഷ്ട്ര തലത്തിലേക്കാണ് വളർത്തിയെടുത്തത്. ഒടുവിൽ ആയുർവേദത്തിന്‍റെ പര്യായങ്ങളായി ആ സ്ഥാപനവും വാര്യരും മാറി.

അഷ്‌ടാംഗഹൃദയവും ചരകസംഹിതയും ഉപനിഷത്തുകളും ബൈബിളും ഖുറാനും ഒരേപോലെ വായിച്ചുപഠിച്ചു വളർന്ന ദാർശനികാടിത്തറയാണ് വാര്യരുടേത്. കൈലാസമന്ദിരത്തിന്‍റെ പ്രവേശനകവാടത്തിൽ ഒരേപോലെ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ചന്ദ്രക്കലയും കുരിശും ഓങ്കാരവും പോലെ ഈ മഹാവൈദ്യന്‍റെ ഹൃദയവും മതാതീതമായ മാനവിക സമഭാവനയുടെ വിളനിലമായിരുന്നു എന്നാണ് കവി ആലങ്കോട് ലീലാകൃഷ്‌ണൻ പറഞ്ഞിട്ടുളളത്.

p-k-warrier

ഓരോ ഗ്രാമത്തിലും പല പ്രദേശങ്ങളിലായി നിരവധി വൈദ്യന്മാർ താമസിക്കുന്ന പ്രദേശമാണ് കോട്ടയ്ക്കൽ. അവരിൽ പാരമ്പര്യമായി വൈദ്യവൃത്തി ചെയ്യുന്നവരുണ്ട്. ആദ്യകാലത്തെ വൈദ്യ വിദ്യാഭ്യാസ കോഴ്‌സുകൾ പഠിച്ച് പുറത്തിറങ്ങിയവരുണ്ട്. പുതിയകാലത്തെ വിദ്യാഭ്യാസരീതിയനുസരിച്ച് ആയുർവേദ കോളേജുകളിലെ പഠനം പൂർത്തിയാക്കുന്നവരുമുണ്ട്. വിഭിന്നങ്ങളായ മണ്ഡലങ്ങളിൽ വൈദ്യവൃത്തി അനുഷ്‌‌ഠിക്കുന്നവരെ ഒരുമിപ്പിക്കുവാൻ ഡോ പി കെ വാര്യർ നടത്തിയ പരിശ്രമങ്ങൾ സമാനതകൾ ഇല്ലാത്തതാണ്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആയുർവേദ ഡോക്‌ടർമാരുടെ പൊതുവേദിയാണ് ഓൾ ഇന്ത്യാ ആയുർവേദ കോൺഗ്രസ് എന്ന സംഘടന. ഈ സംഘടനയുടെ അഖിലേന്ത്യാ അദ്ധ്യക്ഷൻ എന്ന നിലയിൽ നിരവധി വർഷം ഡോ പി കെ വാര്യർ പ്രവർത്തിച്ചിട്ടുണ്ട്. മരുന്നു നിർമ്മാണം, ചികിത്സാരീതികൾ, ആശുപത്രി സംബന്ധിച്ച നിയമങ്ങൾ, ലൈസൻസ് സംബന്ധിച്ച നിയമങ്ങൾ എന്നിവയെ കുറിച്ചെല്ലാം യുക്തവും കാലാനുസൃതവുമായ നിലപാടുകൾ സർക്കാർതലത്തിൽ രൂപപ്പെടുത്തുന്ന പ്രക്രിയയിൽ പങ്കാളിയാകുവാനും നേതൃത്വം വഹിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

p-k-warrier

ഒരു നാടുമായും അവിടെ ജീവിക്കുന്നവരുമായും ആർദ്രമായ ബന്ധം ഡോ പി കെ വാര്യർ കാത്തുസൂക്ഷിച്ചിരുന്നു. അദ്ദേഹം പങ്കാളിയാകാത്ത ഒരു സംരംഭവും ആ നാട്ടുകാരെ സംബന്ധിച്ചിടത്തോളം ഇല്ലതന്നെ. നാട്ടിലെ സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യർക്ക് എപ്പോഴും ചെന്നെത്താവുന്ന വൈദ്യനും ഭരണാധികാരിയുമായിരുന്നു അദ്ദേഹം.

ജീവിതപ്രാരാബ്‌ധങ്ങൾക്ക് പരിഹാരം തേടിയും രോഗപീഡയ്ക്ക് സമാധാനം തേടിയും ദിവസവും നിരവധിപേർ അദ്ദേഹത്തെ സമീപിച്ചുകൊണ്ടിരുന്നു. തേടിയെത്തിയ ഓരോ മനുഷ്യനിലേക്കും സ്‌നേഹവും സമാശ്വാസവും നൽകിയ പ്രതിഭയായിരുന്നു അദ്ദേഹം.

p-k-warrier

വൈദ്യവിഷയങ്ങൾ ചർച്ചചെയ്യുന്നതിനുള്ള വേദികൾ ആദ്യമായി സൃഷ്‌ടിച്ചത് കോട്ടയ്ക്കൽ ആര്യവൈദ്യശാലയാണ്. അതിന് നേതൃത്വം നൽകിയത് ഡോ പി കെ വാര്യരും. 1964 മുതൽ ആര്യവൈദ്യശാലയിൽ ആരംഭിച്ച ആയുർവേദ സെമിനാറുകൾ ഈ മേഖലയിലെ ആദ്യത്തെ ചുവടുവെയ്പ്പായിരുന്നു. ആയിരക്കണക്കണക്കിന് വൈദ്യന്മാർക്ക് ഒന്നിച്ചിരുന്ന് ശാസ്ത്രചർച്ച ചെയ്യുവാനും ആശയവ്യക്തത വരുത്തുവാനും 'കോട്ടയ്ക്കൽ സെമിനാറുകൾ നിമിത്തമായി.

ആരുമായും മത്സരിക്കുവാൻ തുനിയാത്ത വൈദ്യനാണ് ഡോ പി കെ. വാര്യർ. മറ്റ് സംരംഭങ്ങളുടെ ഉദ്ഘാടനവേളകളിൽ വിശിഷ്‌ടാതിഥിയായി പങ്കുകൊള്ളുവാനും ആശീർവാദിക്കുവാനും യാതൊരുവിധ മടിയുമില്ലാത്ത വ്യക്തിയായിരുന്നു അദ്ദേഹം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PK WARRIER, WARRIER PASSED AWAY, AYURVEDA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.