SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.09 AM IST

ഗജരാജ വിരാജിത 'ത്വരിത" ഗതി; ചൈനയിലെ ആനക്കൂട്ടം ദേശാടനം തുടരുകയാണ്

elephant

ലോകത്തിനാകെ അത്ഭുതമായി മാറിയിരിക്കുകയാണ് ചൈനയിലെ 15 അംഗ ഏഷ്യൻ ആനക്കൂട്ടം. 2020 മാർച്ചിൽ യുനാൻ പ്രവിശ്യയിലെ സ്വന്തം ആവാസവ്യവസ്ഥ വിട്ട് ദേശാടനത്തിനിറങ്ങിയ ആണും പെണ്ണും കുട്ടിയുമടക്കം 14 ആനകൾ. ഇടയ്ക്ക് വച്ച് ഒരു ആനക്കുട്ടി കൂടി പിറന്നതോടെ അംഗസംഖ്യ 15 ആയി. ഒരു വർഷവും നാലുമാസവും പിന്നിട്ട ഈ ആനയാത്ര എങ്ങോട്ടാണ്?എന്തിനാണ്? ലോകവും ആനവിദഗ്ദ്ധരും മൃഗ നിരീക്ഷകരുമൊക്കെ തല പുകയ്ക്കാൻ തുടങ്ങിയിട്ട് നാളേറെയായി. പക്ഷെ, ഇതൊന്നും മൈൻഡ് ചെയ്യാതെ ആനക്കൂട്ടം യാത്ര തുടരുകയാണ്. ഇതിനകം 310 മൈലുകൾ പിന്നിട്ടു കഴിഞ്ഞു. ഇനിയുമെത്ര ദൂരം താണ്ടുമെന്ന് ഒരു പിടിയുമില്ല. ലോകം ശ്രദ്ധിക്കുന്ന ഈ യാത്ര ചൈന 24X 7 ലൈവ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തു തുടങ്ങിയെന്നതാണ് പുതിയ വിവരം. ആനകൾ ലോകപ്രശസ്‌തരായതോടെ ചൈന ഇവരുടെ യാത്ര നിരീക്ഷിച്ച് തുടങ്ങിയിരുന്നു. എന്നാലിപ്പോൾ ആനകൾ കടന്നുവരുന്ന വഴിയും പോകാനിടയുള‌‌ള വഴികളുമൊക്കെ സൂചന നൽകി ഔദ്യോഗിക ചാനലിൽ 24 മണിക്കൂർ ഇവയുടെ യാത്ര സംപ്രേക്ഷണം ചെയ്ത് തുടങ്ങി. പ്രായപൂർത്തിയെത്തിയ ആറ് പിടിയാന, മൂന്ന് കൊമ്പൻമാർ, ആറ് കുട്ടിക്കുറുമ്പൻമാർ എന്നിവരടങ്ങിയതാണ് ദേശാടന സംഘം. ഇപ്പോൾ എട്ടു മില്യൺ ജനങ്ങൾ താമസിക്കുന്ന കുമിങ് പ്രവിശ്യയുടെ പ്രാന്ത പ്രദേശങ്ങളിലൂടെയാണ് ആനക്കൂട്ടം സഞ്ചരിക്കുന്നത്. ഇവരുടെ യാത്ര കണ്ണിമ ചിമ്മാതെ ചാനലിലൂടെ വീക്ഷിക്കുന്ന നിരവധിപ്പേരുണ്ട്. ചൈനയിൽ മാത്രമല്ല, ലോകമെമ്പാടും ഈ ആനക്കൂട്ടം ഇപ്പോൾ ട്രെൻഡിംഗാണ്. എന്നാൽ ആനക്കൂട്ടം അത്ര പാവത്താൻമാരല്ല. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലൂടെയും ധാന്യപുരകളിലൂടെയും കൃഷിസ്ഥലങ്ങളിലൂടെയും വനങ്ങളിലൂടെയുമുള്ള സഞ്ചാരത്തിനിടെ നഴ്സിംഗ് ഹോമുകൾ,വീടുകൾ, അടുക്കളകൾ, കൃഷിസ്ഥലങ്ങൾ എന്നിവിടങ്ങളിലൊക്കെ ചെറുതായി കയറിയൊന്നു മേയും. ഭക്ഷണത്തിനായാണ്. പക്ഷെ നാശനഷ്ടങ്ങൾ വലുതാണ്. പൈപ്പുകൾ പൊട്ടിച്ച് വെള്ളം കുടിക്കുന്നതാണ് മറ്റൊരു ഹോബി. എന്തൊക്ക ശല്യം ചെയ്താലും ആനക്കൂട്ടത്തെ ഭയപ്പെടുത്തെരുതെന്നാണ് ചൈനീസ് ഭരണകൂടം ജനങ്ങൾക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

ആനവരുന്നേ, മാറിക്കോ

ആനകൾ വരുന്ന വഴിയിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയാണ് സർക്കാർ. ആയിരക്കണക്കിനാളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞു. ദിവസം 24 മണിക്കൂറും ഈ ആനക്കൂട്ടത്തെ നിരീക്ഷിക്കാൻ വലിയ സംവിധാനങ്ങളാണ് ചൈനീസ് ഭരണകൂടം ഒരുക്കിയിരിക്കുന്നത്. ഇവയെ പിന്തുടർന്ന് ഒരു ഡസനോളം ഡ്രോണുകൾ നിരന്തരം പറക്കുന്നു. വോളണ്ടിയർമാർ ഇവയെ ജനവാസകേന്ദ്രങ്ങളിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നു. ആനത്താരയിൽ നിന്നും ജനത്തെ ഒഴിപ്പിക്കുന്നു. . ആനക്കൂട്ടത്തിന്റെ നീക്കം 24 മണിക്കൂറും ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്. വലിയ ജനവാസമേഖലയിൽ ആനകളിറങ്ങാതിരിക്കാൻ ട്രക്കുകൾ നിരനിരയായി പാർക്ക് ചെയ്‌ത് ആനകളുടെ വഴി തടസപ്പെടുത്തിയിട്ടുണ്ട്. ചോളം, ഉപ്പ് എന്നിവയൊന്നും വഴിയിലിട്ട് ആനകളെ ആകർഷിക്കരുതെന്ന് ഗ്രാമവാസികൾക്ക് ഭരണകൂടങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ജനവാസ മേഖലയിലേക്ക് വരാതിരിക്കാൻ മൂന്നു ടണ്ണോളം ഭക്ഷണമാണ് ഇതുവരെ ആനകൾക്ക് വിതരണം ചെയ്‌തത്. എന്നിട്ടും കോടികളുടെ കൃഷിനാശം ഇവ വരുത്തി. ഇതുവരെ മനുഷ്യരുമായി ആനക്കൂട്ടം നേരിട്ട് ഏറ്റുമുട്ടാൻ ഇടയായിട്ടില്ല.

കൂട്ടം തെറ്റിയവരുണ്ടേ...

ആദ്യം പൂയെ നഗരത്തിന് അടുത്തുള്ള സംരക്ഷണ സ്ഥലത്ത് എത്തിയ ആനക്കൂട്ടത്തിൽ നിന്ന് രണ്ട് ആനകൾ തെറ്റിപ്പിരിഞ്ഞെന്നാണ് റിപ്പോർട്ട്. ഒരു കൊമ്പനാന സംഘത്തിൽ നിന്നും നാല് കിലോമീറ്ററോളം മാറിയാണ് സഞ്ചരിക്കുന്നതെന്നാണ് വിവരം. കുറുകലും ചിന്നംവിളിയും കൂവലുമൊക്കെയുമാണ് ഇവർ ആശയ വിനിമയത്തിന് ഉപയോഗിക്കുന്നത്. കൂടാതെ, ഭൂമിയിൽ ചവിട്ടിയുള്ള ആശയവിനിമയവുമുണ്ട്. കൂട്ടത്തിൽപ്പെട്ടയാൾ ഒറ്റപ്പെട്ടു പോകുമ്പോഴൊക്കെ ഈ ആശയവിനിമയ രീതികൾ അവലംബിക്കാറുണ്ട്. വഴി കണ്ടുപിടിക്കാനും കൂട്ടത്തെ പിന്തുടരാനുമൊക്കെ അവയെ സഹായിക്കുന്നത് ഇത്തരം കമ്യൂണിക്കേഷൻ രീതികളാണ്. പോയവഴി തിരിച്ചറിഞ്ഞ് മടങ്ങിവരാൻ രാസ കമ്യൂണിക്കേഷനുമുണ്ട്.

തലയെടുപ്പുള്ള ഏഷ്യൻ ആനകൾ

ഇന്ത്യയുൾപ്പെടെ 13 രാജ്യങ്ങളിലാണ് ഏഷ്യൻ ആനകളുള്ളത്. ചൈന, മലേഷ്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, തായ്‌ലൻഡ്, സുമാത്ര, ലാവോസ്, കംപോഡിയ, മ്യാൻമർ, വിയറ്റ്നാം എന്നിവിടങ്ങളിൽ ഏഷ്യൻ ആനകളുണ്ടെങ്കിലും എണ്ണം കുറവാണ്. ലാവോസിലും വിയറ്റ്നാമിലുമൊക്കെ 25–30 എണ്ണം വീതമേയുള്ളൂ. ഏതു സമയത്തും അവ പൂർണമായി ഇല്ലാതാകാം. ചൈനയിലാകട്ടെ 200നും 250നും ഇടയിലാണ് ആകെയുള്ള ആനകൾ. തങ്ങളുടെ സ്വഭാവിക വാസസ്ഥലത്ത് നിന്നും കിലോമീറ്ററുകൾതാണ്ടി ഈ ആനക്കൂട്ടം എവിടെക്കാണ് പോകുന്നത് എന്ന ദുരൂഹതയാണ് വന്യജീവി വിദഗ്ദ്ധർ അടക്കം ഇപ്പോൾ നിരീക്ഷിക്കുന്നത്. ​ചൈനയിൽ പ്രത്യേകമായി സംരക്ഷിക്കപ്പെടുന്ന ഏഷ്യൻ ആനകളുടെ അംഗബലം ഇപ്പോൾ 300-ഓളം മാത്രമാണ്. ആനയുടെ സഞ്ചാരോദ്ദേശ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം ഇപ്പോൾ.

യാത്രോദ്ദേശ്യമെന്ത്?

ആനക്കൂട്ടത്തിന്റെ യാത്രയുടെ കാരണത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും ചോദിച്ചാൽ ശാസ്ത്രജ്ഞർക്ക് കൃത്യമായ ഉത്തരമില്ല. ഷിസുവാൻബന്നയിലെ സംരക്ഷിത വനമേഖലയിൽ, തീറ്റ കുറഞ്ഞതോടെ കാടുവിട്ട് പുതിയ മേച്ചിൽപുറങ്ങൾ തേടിയതാകാമെന്നാണ് ഒരു നിഗമനം. പുറത്തേക്കിറങ്ങിയ ആനക്കൂട്ടത്തിനു വഴിതെറ്റിയതോടെ യാത്ര തുടരുന്നതാകാമെന്നും അവർ പറയുന്നു. കുടുംബ ജീവിതവും കൂട്ടംകൂടിയുള്ള ജീവിതവും ഇഷ്ടപ്പെടുന്ന ആനകൾ, നേതാവിനെ നഷ്ടപ്പെട്ടാലും ഇതുപോലെ അലയാറുണ്ടെന്നും വാദമുണ്ട്. യാത്രയ്ക്കിടയാക്കിയ കാരണം അവ്യക്തമാണെന്നു ചൈനീസ് സ്റ്റേറ്റ് ഫോറസ്ട്രി ആൻഡ് ഗ്രാസ്‌ലാൻഡ് അഡ്മിനിസ്ട്രേഷൻസ് റിസർച് സെന്റർ ഡയറക്ടർ ചെൻ ഫെയി പറയുന്നു. മഴക്കാടുകളിൽ ജീവിച്ചിരുന്ന ആനകളാണ് ഇപ്പോൾ ‘ദേശാടനത്തിന്’ ഇറങ്ങിയിരിക്കുന്നത്. ചിലപ്പോൾ മനുഷ്യരുടെ ഇടപെടാലാകാം ഇവയെ സംരക്ഷിത പ്രദേശത്ത് നിന്ന് മറ്റൊരിടത്തേക്ക് പലായനം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം. എന്നാൽ 15 അംഗ സംഘത്തിന്റേത് ദേശാടനമല്ലെന്നാണ് ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ഏഷ്യൻ എലിഫന്റ് സ്പെഷലിസ്റ്റ്സ് ഗ്രൂപ് അംഗമായ ഡോ. പി.എസ്.ഈസ പറയുന്നത്. കർണാടകയിൽനിന്നു മഹാരാഷ്ട്രയിലേക്കും തമിഴ്നാട്ടിൽനിന്ന് ആന്ധ്രയിലേക്കും വർഷങ്ങൾക്ക് മുൻപ് ആനക്കൂട്ടം യാത്ര ചെയ്തിട്ടുണ്ട്. 1990കളിൽ തമിഴ്നാട്ടിൽ നിന്ന് ആന്ധ്രാപ്രദേശിലെ കൗടിന്യ സംരക്ഷിതവനത്തിലേക്ക് ഒരുകൂട്ടം ആനകൾ പലായനം ചെയ്തിരുന്നു. ഒഡിഷയിൽനിന്നും ഇതേപോലെ ആനകൾ ആന്ധ്രയിലേക്ക് വന്നിട്ടുണ്ട്. നൂറുകൊല്ലത്തിലേറെയായി ആനകളില്ലാതിരുന്ന ഛത്തീസ്ഗഢിലേക്ക് 2000 ത്തിൽ ജാർഖണ്ഡിൽ നിന്ന്‌ ആനകളെത്തിയത് വലിയ റെക്കാഡായിരുന്നു. കർണാടകയിൽനിന്ന് മഹാരാഷ്ട്രയിലേക്കും ഗോവയിലേക്കും ആനകളെത്തി. ചിലർ വന്നിടങ്ങളിലേക്കുതന്നെ തിരികെപ്പോയി. എന്നാലിവിടെ ആനക്കൂട്ടത്തിനു ലക്ഷ്യമുണ്ടോയെന്ന് പോലും വ്യക്തമാകാത്ത സ്ഥിതിക്ക്, മടക്കയാത്രയെപ്പറ്റി ഇപ്പോൾ ഒന്നും പറയാനാവില്ലെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. ദീർഘയാത്ര നടത്തിയ ആനക്കൂട്ടങ്ങളൊന്നും മടക്കയാത്ര നടത്തിയിട്ടില്ലെന്നും എത്തിയ സ്ഥലത്തു കഴിയുകയോ നശിക്കുകയോ ചെയ്തതായാണ് ചരിത്രമെന്നും അവർ സൂചിപ്പിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELEPHANT MIGRATION CHINA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.