SignIn
Kerala Kaumudi Online
Saturday, 20 April 2024 1.49 AM IST

സമ്മർദ്ദം അകന്ന് ഓൺലൈൻ പഠനം

online-class

കൊവിഡ് മഹാമാരി കാരണം സ്‌കൂൾതലത്തിൽ ആരംഭിച്ച ഓൺലൈൻ പഠന സംവിധാനത്തിന്റെ ഫലപ്രാപ്തിയിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ചെറിയ കുട്ടികളുടെ പഠനത്തിലാണ്, കൂടുതൽ ജാഗ്രത വേണ്ടത്. ഓൺലൈൻ പഠനത്തിൽ, കുട്ടിയുടെ വിദ്യാലയത്തിന് വലിയ സ്വാധീനമുണ്ട്. ശ്രേഷ്ഠമായ ഗുരുശിഷ്യബന്ധത്തിന്റെ വ്യാപ്തിയും കുറഞ്ഞുകൂടാ. അർപ്പണബോധമുള്ള അദ്ധ്യാപകരുണ്ടെങ്കിലേ ഓൺലൈൻ പഠനം സുഗമമാവൂ. വീട്ടിൽ ശരിയായ പഠനാന്തരീക്ഷം കുട്ടികൾക്ക് ലഭിക്കണമെന്നില്ല. വീടിന് പുറത്ത് പോകാതെ ഒന്നരവർഷത്തോളം കഴിഞ്ഞതിന്റെ അസ്വസ്ഥതയും കുട്ടിക്കുണ്ടാവാം. അത് പഠനത്തിലെ ഏകാഗ്രതയെ അലോസരപ്പെടുത്താം. ഓൺലൈൻ പഠനം നടക്കുമ്പോൾ പഠിതാവിന് മേൽ അദ്ധ്യാപകനുള്ള നിയന്ത്രണവും സ്വാധീനവും കുറയും. കുട്ടിക്ക് ക്ളാസിലിരിക്കുമ്പോഴുള്ള ചിട്ടയും ജാഗ്രതയും വീട്ടിലിരിക്കുമ്പോൾ ഉണ്ടായില്ലെന്നു വരാം. ഈ പഠനരീതിയിൽ അദ്ധ്യാപകരുടെ കഴിവാണ് മുഖ്യം. പ്രസന്നമനോഭാവമുള്ള, കുട്ടികളുടെ മനഃശാസ്ത്രം അറിയുന്ന, പഠിപ്പിക്കുന്ന വിഷയത്തിൽ നല്ല പരിജ്ഞാനമുള്ള, ക്ളാസിലെ മുഴുവൻ കുട്ടികളോടും ഒരുപോലെ സ്നേഹവും കരുതലുമുള്ള, കുട്ടികളെ പ്രചോദിപ്പിക്കുന്ന, ഗുരുക്കന്മാരെയാണ് ആവശ്യം. താൻ പഠിപ്പിക്കുന്നത് കുട്ടി പൂർണമായും മനസിലാക്കുന്നുണ്ടോയെന്ന് ടീച്ചർ അറിയണം. ടീച്ചിംഗ് എയ്‌ഡിന്റെ ഉപയോഗത്തിന് ഉയർന്ന ടെക്നോളജി മാർഗങ്ങൾ വേണ്ടിവരും. ഓൺലൈനായി തന്നെ പഠനത്തിന്റെ അസസ്‌മെന്റും നടക്കണം.

സ്‌മാർട്ട് ഫോൺ, ഡെസ്‌ക്‌ ടോപ്പ് കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ടാബ് എന്നീ ഉപകരണങ്ങൾ ഓൺലൈൻ പഠനത്തിന് ഉപയോഗിക്കാം. സ്‌മാർട്ട് ഫോണാണ് ഏറ്റവും കൂടുതൽ ഉപയോഗത്തിലുള്ളത്. പഠനത്തിന് പുറമേ കുട്ടി മണിക്കൂറുകളോളം മൊബൈൽ ഫോണും ടിവിയും ഉപയോഗിക്കുന്നത് നിയന്ത്രിക്കണം. പഠന സമയത്തിന് ശേഷവും ഫോൺ ഉപയോഗത്തിന് കുട്ടികൾ അത്യാസക്തി കാട്ടുന്നത് ദോഷഫലങ്ങളുണ്ടാക്കും. അത്തരം അവസരങ്ങളിൽ ഫോൺ കാർക്കശ്യത്തോടെ പിടിച്ചു വാങ്ങുകയും അരുത്. കുട്ടിയിൽ ഇത് നിഷേധസ്വഭാവം സൃഷ്‌ടിക്കും. അരുതാത്തത് കണ്ടാൽ സ്നേഹപൂർവം ഗുണദോഷങ്ങൾ പറഞ്ഞു മനസിലാക്കി മാറ്റത്തിന് വഴിയൊരുക്കണം. കുട്ടികൾക്ക് വേണ്ടത് സ്നേഹവും അഭിനന്ദനവും പ്രോത്സാഹനവുമാണ്. കിടപ്പുമുറിയിലും സ്വകാര്യതയിലും മൊബൈൽ ഫോൺ ഉപയോഗം തീർച്ചയായും വിലക്കണം.

പഠനോപകരണത്തിന്റെ അഭാവവും അത് വാങ്ങി നൽകാൻ രക്ഷിതാവിനുള്ള പരാധീനതയും പലയിടത്തുമുണ്ട്. നെറ്റ് കണക്‌റ്റിവിറ്റി ഇല്ലാത്ത ധാരാളം ഇടങ്ങളുണ്ട്. ഇത് കുട്ടികളെ നിരാശരാക്കും. ഈ കുറവുകൾക്കെല്ലാം പരിഹാരം കാണാതെ ഓൺലൈൻ പഠനം സുഗമമാവില്ല. മണിക്കൂറുകളോളം സ്‌മാർട്ട് ഫോൺ ഉപയോഗത്തിനും ഇടവേളകൾ വേണം. ചെറിയ കുട്ടികൾക്ക് ക്ളാസിന്റെ ദൈർഘ്യവും ക്ളാസുകളുടെ എണ്ണവും കുറയണം.

ഓൺലൈൻ പഠനത്തിൽ അദ്ധ്യാപകനെപ്പോലെ രക്ഷിതാവിനും വലിയ പങ്കുണ്ട്. സ്‌കൂളിൽ നിന്നും നൽകുന്ന ഓൺലൈൻ ക്ലാസുകൾ കുട്ടി കൃത്യതയോടെ സ്വീകരിക്കുന്നു എന്ന് രക്ഷിതാവ് ഉറപ്പാക്കണം. ജോലിക്കു പോകുന്ന രക്ഷിതാക്കൾക്ക് ഇത് കൃത്യമായി നോക്കാനായില്ലെന്ന് വരാം. തീരെ ചെറിയ കുട്ടികൾക്ക് ഓൺലൈൻ ക്ളാസ് ശരിയായി ലഭിക്കാൻ വേണ്ട ക്രമീകരണം വീട്ടിൽ ഏർപ്പെടുത്തിയേ മതിയാവൂ. നെറ്റ് കണക്ടിവിറ്റി ഇല്ലാത്ത ഇടങ്ങളിൽ ആ സൗകര്യമൊരുക്കാൻ ബന്ധപ്പെട്ടവർ മുൻകൈയെടുത്തേ തീരൂ. വളരെ ഉൾപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും ഈ മാറ്റം വന്നേ തീരൂ. സർക്കാരും വിദ്യാലയങ്ങളും അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒരുമയോടെ പ്രവർത്തിച്ചാലേ ഓൺലൈൻ പഠനക്രമം വിജയപ്രദമാക്കാനാകൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONLINE CLASS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.