ഇരുപത്തിയാറുവർഷത്തിനുശേഷം ജലജ വീണ്ടും സെല്ലുലോയ്ഡിൽ.മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഫഹദ് ഫാസിൽ ചിത്രം മാലിക്കിലൂടെയാണ് തിരിച്ചുവരവ്. ഫഹദിന്റെ ഉമ്മ വേഷമാണ് രണ്ടാം വരവിൽ ജലജ അവതരിപ്പിക്കുന്നത്. ലൈലാ ബീഗം എന്ന കഥാപാത്രത്തിലൂടെ ശക്തമായ പകർന്നാട്ടം നടത്താൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിൽ ജലജ.ജൂലായ് 15ന് മാലിക് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. 'കഥാപാത്രത്തിന്റെ പ്രേക്ഷക സ്വീകാര്യത അറിയാൻ കാത്തിരിക്കുന്നു. തിരിച്ചുവരവിലെ ആദ്യ സിനിമ തിയേറ്ററിൽ എത്താതിൽ വിഷമമില്ല. ഇപ്പോഴത്തെ സാഹചര്യം അതാണല്ലോ. വേറിട്ട കഥാപാത്രമായിരിക്കും ലൈലാബീഗം." ജലജയുടെ വാക്കുകൾ. ഫാസിൽ സംവിധാനം ചെയ്ത സാലഭഞ്ജിക എന്ന നാടകത്തിലൂടെയാണ് ജലജ അഭിനയരംഗത്തേക്ക് എത്തുന്നത്.അന്ന് ഫാസിൽ സിനിമ സംവിധാനം ചെയ്തിട്ടില്ല.ഒരു സ്ത്രീയും മൂന്നു പുരുഷന്മാരുമാണ് ആ നാടകത്തിലെ കഥാപാത്രങ്ങൾ. മൂന്നു പുരുഷന്മാരിൽ ഒരാൾ നെടുമുടി വേണു ആയിരുന്നു.
അരവിന്ദന്റെ തമ്പാണ് ജലജയുടെ അരങ്ങേറ്റ ചിത്രം. ശാലീന സൗന്ദര്യം തുളുമ്പുന്ന നായിക വേഷമാണ് എന്നും ജലജയുടെ മുഖമുദ്ര. ഒപ്പം കരയുന്ന നായിക വേഷങ്ങൾ. ഈ ഇമേജിൽനിന്നും പുറത്തുവന്നു കുറെ ജലജ കഥാപാത്രങ്ങൾ. ഉൾക്കടൽ, രണ്ടു പെൺകുട്ടികൾ, എലിപ്പത്തായം, യവനിക, വേനൽ, ഗ്രീഷ്മം, ചില്ല് തുടങ്ങിയ ചിത്രങ്ങൾ ജലജ എന്ന അഭിനേത്രിയുടെ ജീവിതത്തിലെ നാഴികക്കല്ലാണ്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത വേനൽ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുകയും ചെയ്തു.
ആർക്കും ലഭിക്കാത്ത അപൂർവതയുടെ ഉടമയാണ് ജലജ. മലയാളത്തിലെ പ്രതിഭാധനനായ സംവിധായകരായ അരവിന്ദൻ, അടൂർ, പദ്മരാജൻ, കെ.ജി. ജോർജ്, പത്മരാജൻ, ഭരതൻ,മോഹൻ, ലെനിൻ രാജേന്ദ്രൻ തുടങ്ങിയവരുടെ സിനിമകളിൽ കഥാപാത്രമായി നിറഞ്ഞുനിന്നു. അദ്ധ്യാപികയാവാനായിരുന്ന ജലജയുടെ ആഗ്രഹം. എന്നാൽ നിയോഗം ചലച്ചിത്രതാരമാകാനും.
ബാലചന്ദ്രമേനോന്റെ രാധ എന്ന പെൺകുട്ടിയിൽ അഭിനയിച്ചതോടെയാണ് ജലജ ചലച്ചിത്ര അഭിനേത്രി എന്ന നിലയിൽ അറിയപ്പെടുന്നത്. എന്നാൽ അഭിനയജീവിതത്തിൽ വലിയ മാറ്റങ്ങൾ തന്ന സിനിമകളാണ് വേനലും ചില്ലും. അക്കാലത്ത് കാമ്പസുകളെയും ചെറുപ്പക്കാരെയും ആകർഷിച്ച സിനിമ. സിനിമ സ്വപ്നം കണ്ടു വന്ന ആളല്ല ഞാൻ. ചില കഥാപാത്രങ്ങൾ അവതരിപ്പിച്ചു എന്നു മാത്രം. ചില കഥാപാത്രങ്ങളിലൂടെ എന്നെ തിരിച്ചറിയുമ്പോൾ വലിയ സന്തോഷം തോന്നും. ഒന്നും മോഹിച്ച് വരാത്തതുകൊണ്ട് ഇതെല്ലാം എനിക്ക് ആഹ്ളാദം നൽകുന്നുണ്ടെന്ന് ജലജ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹശേഷം അഭിനയരംഗത്തുനിന്ന് വിട പറഞ്ഞ ജലജ പ്രകാശ് നായരെ വിവാഹം കഴിച്ചു ബഹ്റൈനിൽ താമസമാക്കി. ഇപ്പോൾ ബഹ് റൈൻ വാസം ഉപേക്ഷിച്ച് കുടുംബസമേതം തിരുവനന്തപുരത്ത് . മികച്ച കഥാപാത്രം ലഭിച്ചാൽ മകൾ ദേവി അഭിനയരംഗത്ത് ചുവടുവയ്ക്കാനുള്ള തീരുമാനത്തിൽ.രണ്ടാവരവിലെ അമ്മയുടെ കഥാപാത്രത്തെ കാണാനുള്ള ആകാംക്ഷയിലാണ് ദേവി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |