SignIn
Kerala Kaumudi Online
Thursday, 25 April 2024 7.25 PM IST

ഒരിക്കലും മരിക്കാത്ത മാണി പ്രമാണി

vivadavela

മരണാനന്തരവും കേരള രാഷ്ട്രീയത്തിൽ പ്രമാണിയായി വിലസാൻ കെ.എം. മാണിയേയുള്ളൂ എന്നത് അതിശയിപ്പിക്കുന്ന വസ്തുതയാണ്. സമീപകാല സംഭവവികാസങ്ങൾ അക്കാര്യം ബോദ്ധ്യപ്പെടുത്തുന്നു. ബാർകോഴ കേസ് കുറെ പുകപടലങ്ങൾ അവശേഷിപ്പിച്ച് കൊണ്ട് നേരത്തേ തന്നെ കെട്ടടങ്ങിയിരുന്നു. മാണിയും വിട വാങ്ങി. എന്നിട്ടെന്ത് മാണി തന്നെ ഇന്നും പ്രമാണി !

1964ൽ സംസ്ഥാന കോൺഗ്രസിൽ പിളർപ്പുണ്ടായി കേരള കോൺഗ്രസ് ഉദ്ഭവിക്കുമ്പോൾ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു കെ.എം. മാണി. കേരള കോൺഗ്രസ് ഭൂജാതമായി അഞ്ച് മാസവും ഒമ്പത് ദിവസവും പിന്നിടുമ്പോൾ 1965ലെ നിയമസഭാ തിരഞ്ഞെടുപ്പ് സംഭവിച്ചു. ആ തിരഞ്ഞെടുപ്പിൽ പാലായിൽ കെ.എം. മാണി കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി. 1965 മാർച്ച് 15ന് അദ്ദേഹം നിയമസഭാംഗമായി. ആ നിയമസഭ ആർക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാൽ പിരിച്ചുവിടപ്പെട്ടു. അവിടുന്നിങ്ങോട്ടുള്ള തിരഞ്ഞെടുപ്പുകളിൽ, 2019ൽ മരിക്കുന്നത് വരെയും അദ്ദേഹം പാലായുടെ ഭർത്താവും കാരണവരുമൊക്കെയായി.

തുടർച്ചയായി അമ്പത് വർഷം നിയമസഭാംഗമായി ചരിത്രം സൃഷ്ടിച്ച മാണിയെ 2017ൽ കേരള നിയമസഭ ആദരിച്ചപ്പോൾ വാഴ്ത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ കവി പാലാ നാരായണൻ നായരെ കൂട്ടുപിടിച്ചു. മാണിപ്രമാണിയെന്ന് കവിവര്യൻ കെ.എം.മാണിയെ വിശേഷിപ്പിച്ചത് മുഖ്യമന്ത്രി കടമെടുത്തു. രാഷ്ട്രീയജീവിതത്തിൽ മാറ്റി നിറുത്താനാകാത്ത പ്രമാണിയാണ് മാണി എന്ന് അദ്ദേഹം പറഞ്ഞു.

2015 മാർച്ച് 13ന് മാണിയുടെ പേരിൽ കേരള നിയമസഭയിൽ അന്നത്തെ പ്രതിപക്ഷം നടത്തിയ പ്രക്ഷോഭത്തിന്റെ അലയൊലികളെല്ലാം കെട്ടടങ്ങിയിരുന്നു. കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനം അന്നും ഇന്നും എന്നും ആ മാർച്ച് പതിനഞ്ചാണ്.

ധനമന്ത്രി കെ.എം. മാണിയെ ബാർ കോഴക്കാരനെന്ന് അന്നത്തെ പ്രതിപക്ഷമായ ഇടതുപക്ഷം മുദ്രകുത്തി. അന്ന് സി.പി.എമ്മിന്റെ അമരത്ത് ഇന്നത്തെ മുഖ്യമന്ത്രിയായിരുന്നെങ്കിൽ നിയമസഭയിൽ പ്രതിപക്ഷത്തെ നയിച്ചത് വി.എസ്. അച്യുതാനന്ദനാണ്. ബാർകോഴ പ്രക്ഷോഭം കത്തിച്ച പ്രതിപക്ഷം,​ ഒരു വേള മാണി രാജി വയ്ക്കാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹത്തെ നിയമസഭയിൽ ബഹിഷ്കരിക്കുക പോലുമുണ്ടായി. കള്ളത്തരങ്ങളും മോഷണങ്ങളും നടത്തിയാൽ കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തിലേക്ക് നീ പതിക്കും എന്ന് ബൈബിളിലെ മത്തായിയുടെ സുവിശേഷത്തെ ഉദ്ധരിച്ച വി.എസ്. അച്യുതാനന്ദന് മന്ത്രിയായിരുന്ന കെ.എം. മാണി മറുപടി നൽകിയത് ചെകുത്താൻ വേദമോതുന്നത് പോലെ എന്നായിരുന്നു. വി.എസ് അന്തിക്രിസ്തുവാണെന്നും പറഞ്ഞു.

മാണിയുടെ ചിന്തകളിലും പ്രവൃത്തികളിലും അന്തിക്രിസ്തുവും ചെകുത്താനും മാത്രമേയുള്ളൂവെന്നായിരുന്നു അച്യുതാനന്ദന്റെ മറുപടി.

നിയമസഭയിലെ കൈയാങ്കളി

മാണിക്കെതിരായ പ്രക്ഷോഭം പാരമ്യത്തിലെത്തിയ ദിവസമായിരുന്നു 2015 മാർച്ച് 13. ജനാധിപത്യത്തിന്റെ ശ്രീകോവിൽ അതിന്റെ യാതൊരു പരിശുദ്ധിയും കാട്ടിയില്ല. പ്രതിപക്ഷ അംഗങ്ങൾ തലേന്ന് രാവിലെ മുതൽ നിയമസഭയിൽ തമ്പടിച്ച് മാണിയെ അകത്തേക്ക് കടത്താതിരിക്കാൻ പ്രതിരോധം തീർത്തു. അവർ പകലും രാത്രിയിലും പാട്ടും നാടകവുമൊക്കെയായി ഉറക്കമിളച്ച് കാത്തിരുന്നു.

പിറ്റേന്ന് രാവിലെ മാണി ബഡ്ജറ്റവതരണത്തിനായി കനത്ത സുരക്ഷയിലും ഭരണകക്ഷിയംഗങ്ങളുടെ പിൻബലത്തോടെയും സഭയിലേക്കെത്തുന്ന നേരമാണ് അതുവരെ കണ്ടിട്ടില്ലാത്ത സംഘർഷത്തിന് സഭ വേദിയായത്. സഭാതലത്തിലേക്കുള്ള നാല് കവാടങ്ങളിലും പ്രതിപക്ഷാംഗങ്ങൾ ഉപരോധിച്ചു. സുരക്ഷാഭടന്മാരുമായി ഉന്തും തള്ളുമായി. ഭരണ- പ്രതിപക്ഷ അംഗങ്ങൾ കൊമ്പുകോർത്തു. സഭയ്ക്കകത്തെ ഡസ്കുകൾക്ക് മുകളിലൂടെ ഇന്നത്തെ മന്ത്രി വി. ശിവൻകുട്ടിയും മറ്റും ഓടിനടന്ന് തളർന്നുവീണു. സ്പീക്കറുടെ ഡയസിലെത്തിയ ചിലർ മേശമേൽ സ്ഥാപിച്ച മൈക്കുകൾ പറിച്ചെടുത്തെറിഞ്ഞു. കടലാസുകൾ വലിച്ചുകീറി പറത്തി. സ്പീക്കറുടെ പരിപാവനമായ ആ ചെയർ, പിന്നീട് സ്പീക്കറായ പി. ശ്രീരാമകൃഷ്ണനും പിന്നീട് മന്ത്രിയായ കെ.ടി. ജലീലും മറ്റും വലിച്ച് കൊണ്ടുപോയി ഒരു വശത്തേക്ക് നീക്കി. അതിനെ അവിടെനിന്നെടുത്ത് ഡയസിന് മുകളിലൂടെ താഴേക്കെറിഞ്ഞത് പിന്നീട് മന്ത്രിയായ ഇ.പി. ജയരാജനായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കിയിരിക്കെ, പ്രതിപക്ഷത്തിന് വലിയൊരു രാഷ്ട്രീയായുധമായിരുന്നു കെ.എം. മാണിക്കെതിരായ ബാർകോഴക്കേസ്. അതവർ ഏറ്റവും ഫലപ്രദമായിത്തന്നെ വിനിയോഗിച്ചതിന് തെളിവായിരുന്നു ഈ നാളുകളിൽ അരങ്ങേറിയ പ്രക്ഷോഭങ്ങൾ. നിൽക്കക്കള്ളിയില്ലാതെ നവംബറിൽ മാണി രാജിവച്ചൊഴിഞ്ഞു.

ബാർ കോഴക്കേസ്

2014 ഒക്ടോബർ 31ന് ഒരു ചാനൽ ചർച്ചയിൽ തലസ്ഥാനത്തെ പ്രമുഖനായ ബാറുടമ ബിജു രമേശ് ഉയർത്തിയ ആരോപണമാണ് കേരളമാകെ കത്തിപ്പടർന്നത്. യു.ഡി.എഫ് സർക്കാർ 2014ൽ അടച്ചുപൂട്ടിയ 412 ബാറുകൾ തുറന്നു കൊടുക്കുന്നതിന് കെ.എം. മാണിക്ക് ഒരു കോടി രൂപ കോഴ നൽകിയെന്നാണ് അദ്ദേഹം ആരോപിച്ചത്. അങ്ങനെ ഒരു കോടി വാങ്ങിയിട്ടില്ലെന്നാണ് മാണി ആണയിട്ടത്. അതൊരുപക്ഷേ, പരിണിതപ്രജ്ഞനായ മാണിയുടെ തന്ത്രപരമായ പാളിച്ചയായിരുന്നിരിക്കാം. ആരോപണം നിഷേധിക്കുന്തോറും തീവ്രമായി മാറി. തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കൈപ്പറ്റാറുള്ളത് പോലെ കോടികളൊക്കെ സ്വീകരിച്ചിട്ടുണ്ടാവാം എന്ന് പറഞ്ഞാൽ പോരായിരുന്നോ എന്ന് രഹസ്യമായി ചോദിക്കുന്നവർ ഇന്നും കേരള കോൺഗ്രസിലുണ്ട്. കുറ്റം തെളിയിക്കുന്നതുവരെ മാറിനിൽക്കാമെന്ന് പറഞ്ഞ് അദ്ദേഹം മാറി നിന്നിരുന്നെങ്കിൽ ഒരുപക്ഷേ ഇത്രയധികം പഴി കേൾക്കേണ്ടി വരില്ലായിരുന്നു.

ധനകാര്യമന്ത്രിയെന്ന നിലയിൽ പരിശോഭിച്ച മാണിയോട് വിരോധമുള്ളവർ അന്ന് കോൺഗ്രസിനകത്തും ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ പതനത്തിന് ആഴമേറ്റി. പിന്നീട് 2016ൽ യു.ഡി.എഫിന് പ്രതിപക്ഷനിരയിലേക്ക് മാറേണ്ടി വന്നപ്പോൾ സ്വന്തം പാളയത്തിൽ നിന്നുതന്നെ മാണിക്ക് കുത്തേൽക്കേണ്ടി വന്നുവെന്ന തോന്നലിലാണ് മാണിഗ്രൂപ്പ് കുറച്ചുകാലം യു.ഡി.എഫിൽ പ്രത്യേക ബ്ലോക്കായി ഇരുന്നത്.

യു.ഡി.എഫിൽ നിന്ന് മാണിക്കെതിരെ നടന്ന ഗൂഢാലോചന അന്വേഷിക്കാൻ അന്തരിച്ച സി.എഫ്. തോമസ്, ഇപ്പോൾ ജോസഫ് പക്ഷത്തുള്ള കെ. ഫ്രാൻസിസ് ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മാണിഗ്രൂപ്പ് ഒരു ഉപസമിതിയെ നിയോഗിച്ചിരുന്നു. അവർ പക്ഷേ കാര്യമായൊന്നും ചെയ്തില്ല. പിന്നീട് മാണിയും മകൻ ജോസ് കെ.മാണിയും മറ്റും മുൻകൈയെടുത്ത് മറ്റൊരു സ്വകാര്യ ഏജൻസിയെ നിയോഗിച്ച് ഗൂഢാലോചന അന്വേഷിച്ചു. അതിൽ കണ്ടെത്തിയത്, അപ്പോഴേക്കും പ്രതിപക്ഷനേതാവായി മാറിയിരുന്ന രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പുകാരും മാണിക്കൊപ്പമുണ്ടായിരുന്ന പി.സി. ജോർജ്ജും ചേർന്നാണ് ഗൂഢാലോചനയത്രയും നടത്തി, അന്നത്തെ പ്രതിപക്ഷത്തിന് വളം കൊടുത്തത് എന്നാണ്.

വിശുദ്ധ പദവിയിലേക്ക്

ബാർ കോഴക്കേസും സോളാർ കേസും അടക്കമുള്ള അലയൊലികൾക്കൊടുവിൽ 2016ൽ ഇടതുപക്ഷം അധികാരമേറി അധികം വൈകുന്നതിന് മുമ്പേ ബാർകോഴ വിവാദവും കെട്ടടങ്ങിയിരുന്നു. മീനച്ചിലാറിലൂടെ വെള്ളമേറെ ഒഴുകിപ്പോയി.

2015ൽ ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് തന്നെ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കോഴയാരോപണം തെളിയിക്കാനായിട്ടില്ല. എന്നാൽ, ചില ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ പ്രതിപക്ഷത്തിന് ആയുധം നൽകിയിട്ടുമുണ്ട്. ഇന്ത്യൻ പൊലീസ് സേനയിലെ കളങ്കമേൽക്കാത്ത, സത്യസന്ധരായ ഉദ്യോഗസ്ഥരുടെ ഗണത്തിൽ പെടുത്താവുന്ന ഉദ്യോഗസ്ഥനായിരുന്നു എം. ശങ്കർ റെഡ്ഢി. അദ്ദേഹം വിജിലൻസ് ഡയറക്ടറായിരിക്കെ നടത്തിയ സത്യസന്ധമായ അന്വേഷണത്തിൽ മാണിക്കെതിരെ കോഴയാരോപണത്തിന് തെളിവ് കണ്ടെത്താനായില്ല.

എന്നാൽ, അദ്ദേഹത്തിനെതിരെയും തിരിയുന്ന പ്രതിപക്ഷത്തെയാണ് അന്ന് കണ്ടത്. 2016ലെ ഇടതുപക്ഷ സർക്കാർ, ആ ഒറ്റക്കാരണത്താൽ ശങ്കർ റെഡ്ഢിയെ അപ്രധാന തസ്തികയിൽ ഒതുക്കിനിറുത്തി. പിന്നീട്, ജേക്കബ് തോമസ് എന്ന ഉദ്യോഗസ്ഥനെ നിയോഗിച്ച് അവർ നടത്തിയ പരിശോധന എങ്ങുമെത്താതെ നീങ്ങി. അദ്ദേഹം ഒരു ഘട്ടമെത്തിയപ്പോൾ സർക്കാരിന്റെ അപ്രീതിക്കിരയായി മാറിപ്പോയി. വിജിലൻസ് വീണ്ടുമന്വേഷിച്ചിട്ടും ശങ്കർ റെഡ്ഢി കണ്ടെത്തിയതിന് അപ്പുറത്തേക്കൊന്നും കണ്ടെത്താനായിട്ടില്ല. ബാർകോഴക്കേസ് അങ്ങനെ ഊർദ്ധ്വശ്വാസം വലിച്ച് കെട്ടടങ്ങി. മാണിക്ക് ഒരുപക്ഷേ, ബിജുരമേശ് കോഴ നൽകിയിട്ടുണ്ടാവാം. മാണി വാങ്ങുകയോ വാങ്ങാതിരിക്കുകയോ ചെയ്തിട്ടുണ്ടാകാം. മാണിയെ പോലൊരു പരിണിതപ്രജ്ഞനായ നേതാവ് അങ്ങനെ വാങ്ങിയെങ്കിൽത്തന്നെ അതിന് തെളിവുകൾ അവശേഷിപ്പിക്കുമെന്ന് ആരെങ്കിലും കരുതുമോ? യു.ഡി.എഫ് ഈ പഴുതിലൂടെ മാണിയെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്നതിന് പകരം മാണിയെ കൊല്ലുന്നെങ്കിൽ കൊല്ലട്ടെയെന്ന ഭാവത്തിൽ ബഹളം ആസ്വദിച്ച് രസിച്ചുനിന്നു എന്നിടത്താണ് തോൽവി.

മാണിയോടുള്ള പ്രേമം

ഇടതുപക്ഷം രാഷ്ട്രീയലക്ഷ്യം മാത്രമുദ്ദേശിച്ച് ,​ ആത്മാർത്ഥതയുടെ കണിക പോലുമില്ലാതെ നടത്തിയ സമരമായിരുന്നു ബാർകോഴയിലേതെന്ന് പില്‌ക്കാല സംഭവങ്ങൾ തെളിയിച്ചു. 2016ലെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്, മാണി പ്രത്യേക ബ്ലോക്കായപ്പോൾ മുതൽ തന്നെ ഒളിഞ്ഞും തെളിഞ്ഞും മാണിയെ ചാക്കിലാക്കാനുള്ള ശ്രമം സി.പി.എം നടത്തിയിരുന്നു. സി.പി.ഐ, പഴയ ബാർകോഴയുടെ പേരിൽ ചില എതിർപ്പുകളൊക്കെ ഉയർത്തിയതിനാൽ ആ വിവാഹം തത്‌കാലം മുടങ്ങിയെന്നേയുള്ളൂ. എന്തിന്, ബാർ കോഴ പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് നടന്നിട്ടില്ലേ, അത്തരം നീക്കങ്ങൾ?​ പി.സി. ജോർജിന്റെ കാർമ്മികത്വത്തിലായിരുന്നില്ലേ മാണിയെ ഇടതുപിന്തുണയോടെ മുഖ്യമന്ത്രിയാക്കാൻ ശ്രമം നടന്നത്. സി.പി.ഐ നേതാക്കളും അതിന് മുൻകൈയെടുത്തതല്ലേ.

2016ന് ശേഷമുള്ള നീക്കങ്ങളെ സി.പി.ഐയും സി.പി.എമ്മിലെ ഒരു വിഭാഗവും അനുകൂലിക്കാതിരുന്നതാണ് മാണിയെ അടുപ്പിക്കുന്നതിന് ഔദ്യോഗിക നേതൃത്വത്തിന് വിഘാതമായത്. മാണിയോടുള്ള സ്നേഹം മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ സാമാജികത്വ ജൂബിലി ആഘോഷിക്കവേ മറയില്ലാതെ പ്രകടിപ്പിച്ചത് സി.പി.എമ്മിന്റെ മനസ് വ്യക്തമാക്കി.

മദ്ധ്യതിരുവിതാംകൂർ മരീചിക

ബംഗാളിൽ തുടർച്ചയായി ഇടതുമുന്നണി അജയ്യരായി നിൽക്കുമ്പോഴും കേരളത്തിൽ അഞ്ചുവർഷ ഇടവേളകളിൽ ഭരണമാറ്റം സംഭവിക്കുന്നത് സി.പി.എമ്മിനെ എക്കാലവും വലച്ചിരുന്നു. കേരളത്തിൽ ഏത് മുന്നണി വന്നാലും വോട്ട് ശതമാനത്തിൽ നേരിയ വ്യതിയാനമാണ് സംഭവിക്കാറ്. ഇത്തവണയും ഏതാണ്ട് അതുപോലെ. 2016 മുതൽ ബി.ജെ.പി ഒരു മൂന്നാംശക്തിയുടെ സാന്നിദ്ധ്യം കാണിക്കുന്നുണ്ടെങ്കിൽ പോലും. പക്ഷേ, 2016നേക്കാൾ അവർ താഴേക്ക് പോന്നിട്ടുണ്ട്.

ഭരണം നിശ്ചയിക്കപ്പെടുന്ന ആ നേരിയ വോട്ട് മാർജിൻ, കേരളത്തിലെ ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷങ്ങളുടെ പിന്തുണയുടെയും കൂടി വെളിച്ചത്തിലാണ്. ഭരണവിരുദ്ധ തരംഗത്തിലൂടെ മാത്രം യു.ഡി.എഫിനെ മറികടന്നുവരുന്നതാണ് ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ചിരുന്നത്. മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ഏറിയകൂറും യു.ഡി.എഫിനെയാണ് പിന്തുണച്ചു വന്നത്.

മദ്ധ്യതിരുവിതാംകൂറിൽ കേരള കോൺഗ്രസിന്റെ പ്രത്യേകിച്ച്, കത്തോലിക്കനായ കെ.എം. മാണിയുടെ സാന്നിദ്ധ്യം അതിലൊരു നിർണായക ഘടകമായിരുന്നു. 90ന് മുകളിലേക്ക് ഇടതുതരംഗമുണ്ടായ 2016ൽ പോലും കോട്ടയം, എറണാകുളം ജില്ലകളിൽ ഇടതുമേൽക്കൈ ഇല്ലായിരുന്നു. അതിന് മാണിഗ്രൂപ്പിനെ പോലെ പ്രബലമായൊരു കേരള കോൺഗ്രസ് ഒപ്പമുണ്ടാകണമെന്ന് സി.പി.എം പണ്ടുമുതലേ ആഗ്രഹിച്ചു.

ഇടക്കാലത്ത് ജോസഫിനെ ഒപ്പം കൂട്ടിയപ്പോൾ കുറച്ചൊക്കെ നേട്ടമുണ്ടായിട്ടുണ്ട്. ജോസഫ് 2011ൽ മാണിക്കൊപ്പം ചേർന്നു. മാണിയെ വേണമെന്ന് സി.പി.എം ആഗ്രഹിച്ചത് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ അദ്ദേഹത്തിന്റെ പാർട്ടിയുടെ സ്വാധീനത്താലാണ്. ഇത്തവണ 99 സീറ്റുകൾ നേടിയപ്പോൾ കോട്ടയത്തും ഇടുക്കിയിലും ഒരു പരിധിവരെ എറണാകുളത്തും നേട്ടമുണ്ടായെന്ന വിലയിരുത്തൽ സി.പി.എം നടത്തിയിട്ടുണ്ട്. അവലോകന റിപ്പോർട്ടിൽ ജോസ് കെ.മാണിയുടെ പാർട്ടിയുടെ പിന്തുണയെ അവർ എടുത്തുപറഞ്ഞ് അംഗീകരിച്ചു.

സുപ്രീംകോടതി വിവാദം

നിയമസഭാ കൈയാങ്കളിക്കേസിൽ നിന്ന് തടിയൂരാൻ പഠിച്ചപണി പതിനെട്ടും പയറ്റുന്ന സി.പി.എം നേതൃത്വത്തിന്, സുപ്രീംകോടതിയുടെ ഇടപെടലിൽ നിന്ന് രക്ഷപ്പെടാൻ മാണിയുടെ പേര് തന്നെ പറയേണ്ടി വന്നു. മാണിക്കെതിരായ ആരോപണമാണ് നിയമസഭാസംഘർഷത്തിന് ആധാരമെന്ന്, മാണിയുടെ പേര് പറയാതെ അന്നത്തെ ധനമന്ത്രിയെന്ന വിശേഷണത്തോടെ അഭിഭാഷകൻ അവതരിപ്പിച്ചു. കുട്ട്യോളുടെ അച്ഛൻ എന്ന് ചില ഭാര്യമാർ ഭർത്താക്കന്മാരെ വിശേഷിപ്പിക്കുന്നത് പോലെയായിരുന്നു അത്. ജോസ് കെ.മാണിയെയും കൂട്ടരെയും അത് അസ്തിത്വ പ്രതിസന്ധിയിലാക്കി. കോൺഗ്രസുകാരും പി.ജെ. ജോസഫും അതിൽ സുവർണാവസരം ദർശിച്ചു. അവർ ചാടിയിറങ്ങി. ജോസ് മാണി നിലപാട് വ്യക്തമാക്കി തിരിച്ചെത്തണമെന്ന് അവരാഗ്രഹിച്ചതും നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയുടെ വെളിച്ചത്തിലായിരുന്നു. മാണിയില്ലാത്ത മുന്നണിക്കാണല്ലോ ഇക്കുറി ഒരു തിരിച്ചുവരവ് അസാദ്ധ്യമായത്.

പക്ഷേ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അപകടം പെട്ടെന്ന് തിരിച്ചറിഞ്ഞു. ജോസ് കെ. മാണിയെ കൈയൊഴിഞ്ഞാലത് മീനച്ചിലാറിൽ ചാടി ആത്മഹത്യ ചെയ്യലാണെന്ന ബോദ്ധ്യം അവരെയുണർത്തി. സി.പി.എം സംസ്ഥാനസെക്രട്ടേറിയറ്റ് വിഷയം അടിയന്തര ചർച്ചയ്ക്കെടുത്ത ശേഷമാണ് മാണിയെ വീണ്ടും സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ ചുമതലയിലുള്ള എ. വിജയരാഘവൻ വാഴ്ത്തിപ്പറഞ്ഞത്. അതിനെ ജോസ് കെ.മാണി സ്വാഗതം ചെയ്തപ്പോഴാണ് ശ്വാസം നേരെ വീണതും.

1965ൽ തുടങ്ങി, 1976ൽ കേരള കോൺഗ്രസിന്റെ സ്ഥാപക ചെയർമാനോട് ഇടഞ്ഞ് കേരള കോൺഗ്രസ്-എം രൂപീകരിച്ച് ആ കത്തോലിക്കാ പാർട്ടിയെ കൈപ്പിടിയിലാക്കിയത് മുതൽ കേരള രാഷ്ട്രീയത്തിലെ അതികായനായി വിലസിയ കെ.എം. മാണി അങ്ങനെ മരണാനന്തരവും പ്രമാണിയായിത്തന്നെ വിലസുന്ന കൗതുകമാണ് ഇതിലൂടെ വെളിവാകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA, MANI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.