Kerala Kaumudi Online
Monday, 27 May 2019 5.00 PM IST

കന്നുകാലി കനേഷുമാരി: അരുളും പൊരുളും

editorial-feature-

'ആത്മാവ് ഉണ്ടാവുക എന്നതിനർത്ഥം സ്നേഹവും വിശ്വസ്തതയും നന്ദിയും പ്രകടിപ്പിക്കാനുള്ള കഴിവുണ്ടാവുക എന്നാണെങ്കിൽ പല മനുഷ്യരേക്കാളും ഭേദം മൃഗങ്ങളാണ്. " എന്ന് പറഞ്ഞത് വിശ്രുത ബ്രിട്ടീഷ് വെറ്ററിനറി സർജനും എഴുത്തുകാരനുമായ ജെയിംസ് ഹെരിയറ്റാണ്. മൃഗങ്ങളുടെ അനിതര സാധാരണമായ കഥകളുടെ അത്ഭുത പ്രപഞ്ചം വായനക്കാർക്ക് സമ്മാനിച്ച എഴുത്തുകാരനാണ് ഹെരിയറ്റ്. വികാര വിചാരങ്ങളിൽ മനുഷ്യനോട് കിടപിടിക്കുന്നവർ എന്ന നിലയിൽ മൃഗങ്ങളുടെ ജീവിതത്തിനും അതിന്റേതായ സത്തയും സാംഗത്യവും ഉണ്ടല്ലോ. അതുകൊണ്ടുതന്നെ മനുഷ്യജീവിതത്തിന്റെ സർവതലങ്ങളിലുമുള്ള പ്രവർത്തനങ്ങൾക്കും പ്രവണതകൾക്കും സമാന്തരമാണ് മൃഗങ്ങളുടെ ജീവിതവും എന്നു പറയാം.

ഇത്തരമൊരു പശ്ചാത്തലത്തിലാണ് കന്നുകാലി കനേഷുമാരി പ്രസക്തമാകുന്നത്. സാധാരണ പത്തുവർഷത്തിലൊരിക്കൽ രാജ്യത്ത് നടക്കുന്ന ജനസംഖ്യാകണക്കെടുപ്പാണ് കനേഷുമാരി എന്നുകേൾക്കുമ്പോൾ നമ്മുടെ മനസിൽ തെളിയുക. മനുഷ്യനെയും അവന്റെ ജീവിതത്തെയും പ്രത്യക്ഷത്തിൽ സ്വാധീനിക്കുന്ന കന്നുകാലികളെ സംബന്ധിച്ച് കണക്കെടുപ്പ് പൊതുവിൽ നാം ശ്രദ്ധിക്കാറില്ല. ജനസംഖ്യാകണക്കെടുപ്പ് നമ്മുടെ നാടിന്റെ സാമൂഹ്യ-സാമ്പത്തിക- ആരോഗ്യരംഗങ്ങളെ ചിട്ടപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും എങ്ങനെയാണോ സഹായകമാവുക, അത്രത്തോളംതന്നെ പ്രയോജനപ്പെടുന്നതാണ് കന്നുകാലികളുടെ കണക്കെടുപ്പും. അതുകൊണ്ട് കന്നുകാലി കനേഷുമാരി ഒരു ചെറിയ കാര്യമല്ല എന്നർത്ഥം. ജനസംഖ്യാ കണക്കെടുപ്പ് പത്തുവർഷത്തിലൊരിക്കലാണെങ്കിൽ, കന്നുകാലി കണക്കെടുപ്പ് അഞ്ചുവർഷം കൂടുമ്പോഴാണ്. ഇതും ഒരുതരത്തിൽ കന്നുകാലി കനേഷുമാരിയുടെ പ്രാധാന്യം വിളിച്ചോതുന്നതാണ്.

1919 -20 കാലത്താണ് നമ്മുടെ രാജ്യത്ത് പ്രഥമ കന്നുകാലി കനേഷുമാരി നടത്തിയത്. അതിനുശേഷം ഇപ്പോൾ ഒരു നൂറ്റാണ്ടാകുന്നു. കനേഷുമാരിക്ക് തുടക്കംകുറിച്ച കാലത്തെ കന്നുകാലി സമ്പത്തല്ല ഇപ്പോഴത്തേത്. അത് നിലനിറുത്തുന്നതിനും അവയുടെ നിലനില്പു കൂടുതൽ ഫലപ്രദമായി നമ്മുടെ സാമൂഹ്യ ജീവിതത്തിന് മുതൽക്കൂട്ടാക്കുന്നതിനുമുള്ള മാർഗങ്ങളിലും സംവിധാനങ്ങളിലും അത്‌ഭുതകരമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.

ഇൗ വർഷം മാർച്ച് ഒന്നിന് കനേഷുമാരി ആരംഭിച്ചുകഴിഞ്ഞു. മേയ് 31 വരെ നീളുന്ന മൂന്നുമാസമാണ് ഇതിന്റെ കാലദൈർഘ്യം. ഇരുപതാമത് കന്നുകാലി കനേഷുമാരിയാണ് ഇത്തവണ നടക്കുന്നത്. കഴിഞ്ഞതവണത്തെ കനേഷുമാരി 2012 ലായിരുന്നു. അങ്ങനെ വരുമ്പോൾ 20-ാമത് കനേഷുമാരി 2017 ൽ നടക്കേണ്ടതായിരുന്നു. എന്നാൽ സാങ്കേതികമായ ചില കാരണങ്ങളാൽ അന്ന് നടന്നില്ല. മൃഗസംരക്ഷണ മേഖലയിൽ വർഷങ്ങളുടെ പരിജ്ഞാനവും വൈദഗ്ദ്ധ്യവുമുള്ള ഉദ്യോഗസ്ഥരാണ് കനേഷുമാരി കണക്കെടുപ്പിന് നിയോഗിക്കപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്ത് പ്രാദേശിക തലത്തിൽ ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാർഡുകൾ കേന്ദ്രീകരിച്ച് കണക്കെടുപ്പ് നടത്തും. കുടുംബങ്ങൾ, സംരംഭങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ എല്ലാ പക്ഷിമൃഗാദികളുടെയും ഇനം തിരിച്ചുള്ള വിവരങ്ങൾ കനേഷുമാരി വഴി ശേഖരിക്കും. പശു, കാള തുടങ്ങിയ 15 ഇനം മൃഗങ്ങൾ, കോഴി, താറാവ് മുതലായ എട്ടുതരം പക്ഷികൾ എന്നിവയുടെ വിവരങ്ങൾ ഇതിലൂടെ ശേഖരിക്കും. ഒപ്പം മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളും (മത്സ്യബന്ധനം , വിപണനം തുടങ്ങിയവ) ഇതുവഴി സമാഹരിക്കും.

മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണത്തെ കനേഷുമാരിയോടൊപ്പം പക്ഷികളുടെയും മൃഗങ്ങളുടെയും വർഗം തിരിച്ചുള്ള കണക്കെടുപ്പും നടക്കും. വാർഡുതോറുമുള്ള മൃഗങ്ങളുടെയും പക്ഷികളുടെയും വർഗംതിരിച്ചുള്ള എണ്ണം, അവയുടെ പ്രായം, ലിംഗഭേദം, ഉപയോഗം എന്നിങ്ങനെ സമഗ്രമായ വിവരശേഖരണമാണ് നടത്തുന്നത്.ഇതുവഴി ഏതെങ്കിലും ഒരുപ്രത്യേക വർഗത്തിന്റെ ഉന്നമനത്തിനുവേണ്ടി സർക്കാരിന് സവിശേഷതയാർന്ന പദ്ധതികൾക്ക് രൂപം നൽകാൻ കഴിയും.

കന്നുകാലികർഷകർ, പൗൾട്രി കർഷകർ, മത്സ്യത്തൊഴിലാളികൾ, മത്സ്യക്കച്ചവടക്കാർ എന്നിവരുടെ തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിലാണ് വിവരശേഖരണം നടക്കുന്നത്. ഇത്തരം കർഷകരുടെ ആധാർ നമ്പർ, ഇൻഷ്വറൻസ് ഐ.ഡി നമ്പർ, മത്സ്യത്തൊഴിലാളികളുടെ ബയോ മെട്രിക് ഐ.ഡി നമ്പർ, ഫോൺ നമ്പർ എന്നിവയും കനേഷുമാരി കണക്കെടുപ്പിലൂടെ ശേഖരിക്കും. കൂടാതെ ഇത്തരം കർഷക കുടുംബത്തിന്റെ തൊഴിൽ, കൈവശ കാർഷിക ഭൂമി, വിദ്യാഭ്യാസ യോഗ്യത, ജാതി, വാർഷിക വരുമാനം, സാമ്പത്തിക സഹായലഭ്യത തുടങ്ങിയ വിവരങ്ങളും കനേഷുമാരിയിലൂടെ ശേഖരിക്കും.

ഉടമസ്ഥരില്ലാത്തതും അലഞ്ഞുതിരിയുന്നതുമായ കന്നുകാലികളെയും തെരുവു നായ്‌ക്കളെയും കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ ശേഖരിക്കുന്നുണ്ട്.

നമ്മുടെ സംസ്ഥാനത്ത് അടുത്ത അഞ്ചുവർഷത്തിനിടയിൽ പാൽ, മുട്ട, മാംസ്യം എന്നിവയുടെ സീസൺ അടിസ്ഥാനത്തിലുള്ള കണക്കുകൾ ശേഖരിക്കുന്നതിനായി നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് സാമ്പിൾ സർവെ കന്നുകാലി കനേഷുമാരിയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. കനേഷുമാരിയിലൂടെ ലഭിക്കുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും വർദ്ധനവ്, അല്ലെങ്കിൽ കുറവ് മനസിലാക്കാൻ വേണ്ടിയാണ് ഇന്റഗ്രേറ്റഡ് സാമ്പിൾ സർവെ വിഭാവന ചെയ്തിട്ടുള്ളത്.

ഇത്തവണത്തെ കനേഷുമാരി കണക്കെടുപ്പ് ഹൈടെക്കാണ് എന്ന സവിശേഷതയുമുണ്ട്. ഒാൺലൈനായി ടാബ്‌ലറ്റ് സോഫ്ട്‌വെയറിലൂടെയാണ് വിവര ശേഖരണം നടത്തുന്നത്. ഇതിന് ആവശ്യമായ ടാബ്‌ലറ്റുകൾ കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ മൃഗസംരക്ഷണ വകുപ്പുദ്യോഗസ്ഥർക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ഇതുവഴി ശേഖരിക്കുന്ന വിവരങ്ങൾ വെറ്ററിനറി ഡോക്ടർമാരും ഫീൽഡ് ഒാഫീസർമാരും വീണ്ടും സൂക്ഷ്മ പരിശോധന നടത്തി അംഗീകരിച്ചാൽ മാത്രമേ ഇവ കേന്ദ്ര ഗവൺമെന്റിന് ലഭിക്കുകയുള്ളൂ. ഇങ്ങനെ അന്തിമമായി രൂപപ്പെടുത്തുന്ന വിവരങ്ങൾ പദ്ധതി ആസൂത്രണത്തിന് മാത്രമേ ഉപയോഗപ്പെടുത്തു എന്ന സവിശേഷതയുമുണ്ട്. വ്യക്തിഗത വിവരങ്ങൾ, ഒൗദ്യോഗികമോ അനൗദ്യോഗികമോ ആയ ഒരു കാര്യത്തിനും ഉപയോഗിക്കുകയില്ല എന്ന വസ്തുത പക്ഷിമൃഗാദികളുടെ ഉടമസ്ഥർ ഒാർക്കണം. അതുകൊണ്ടുതന്നെ കനേഷുമാരിയുമായി ബന്ധപ്പെട്ട് എത്തുന്ന മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്ക് കൃത്യമായ കണക്കുകളും വിവരങ്ങളും നൽകാൻ ജനങ്ങൾ ശ്രദ്ധിക്കണം. ഇത് കേവലമോ സാങ്കേതികമോ ആയ കണക്കെടുപ്പിനപ്പുറം , സാമൂഹ്യ പുരോഗതിക്കും രാഷ്ട്ര നിർമ്മാണത്തിനുമായുള്ള വലിയൊരു സംരംഭമാണ്.

(സർക്കാർ സർവീസിൽ വെറ്ററിനറി സർജനാണ് ലേഖിക).

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL, FEATURE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY