SignIn
Kerala Kaumudi Online
Friday, 19 April 2024 7.31 PM IST

തമിഴ്‌നാടിനെ എന്തിനു വിഭജിക്കണം

kk

തമിഴ്‌നാടിനെ രണ്ടായി വിഭജിച്ച് ഒരു ഭാഗം കേന്ദ്രഭരണപ്രദേശമാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി അഭ്യൂഹം പ്രചരിക്കുന്നു. സമാധാനാന്തരീക്ഷം പുലരുന്ന സംസ്ഥാനത്ത് ഇത്തരം കിംവദന്തികൾ സൃഷ്ടിക്കാനിടയുള്ള ഭീഷണി ചെറുതല്ല. ഏതു വിഷയത്തിലും വൈകാരികമായും സ്തോഭജനകമായും പ്രതികരിക്കുന്ന സ്വഭാവക്കാരാണ് തമിഴ്‌നാട്ടിലുള്ളതെന്ന് അറിയാതെയാണോ ഇതു നടക്കുന്നത് ?​ കേട്ട കാര്യങ്ങൾ കിംവദന്തിയായിത്തന്നെ അന്തരീക്ഷത്തിൽ അലിയട്ടെ എന്നു പ്രത്യാശിക്കാം.

ഭരണപരമോ പ്രാദേശികമോ ആയ ഏതെങ്കിലും പ്രശ്നങ്ങൾ തമിഴ്‌നാടിനെ രണ്ടായി വിഭജിക്കാൻ നിർബന്ധിക്കുന്നതായി അറിഞ്ഞിട്ടില്ല. തികച്ചും രാഷ്ട്രീയ ലക്ഷ്യമാണ് ഈ നീക്കത്തിനു പ്രേരിപ്പിക്കുന്നതെന്നാണ് സൂചനകൾ. തമിഴ്‌നാടിന്റെ വടക്കുകിഴക്കൻ ജില്ലകളിൽ മുൻ ഭരണകക്ഷി എ.ഐ.എ.ഡി.എം.കെ യ്ക്കാണ് കൂടുതൽ സ്വാധീനം. കേന്ദ്രഭരണം നടത്തുന്ന ബി.ജെ.പിക്കും നേരിയ തോതിൽ അവിടെ വേരോട്ടമുണ്ട്. ഇതാകാം വിഭജന ആലോചനയ്ക്കു പിന്നിലുള്ളവരുടെ രാഷ്ട്രീയ ലക്ഷ്യമെന്നാണ് കേൾക്കുന്നത്. എന്നാൽ ദുഷ്‌കരമായ അനവധി കടമ്പകൾ കടന്നുള്ള വിഭജനം സാദ്ധ്യമാക്കുക ലഘുവായ ദൗത്യമല്ല. ഇത്തരമൊരു ആശയത്തിനെതിരെ ഉയരാനിടയുള്ള രോഷവും പ്രതിഷേധവും ഏത് തലങ്ങളിൽ കത്തിപ്പടരുമെന്നും തീർച്ചയില്ല.

പുനഃസംഘടനാ സൂചന വന്നപ്പോൾ മുതൽ അങ്ങിങ്ങ് പ്രതിഷേധം ഉയർന്നുതുടങ്ങി. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങൾ വലിയ കലാപത്തിലും നശീകരണത്തിലുമാണ് കലാശിക്കാറുള്ളത്. വിഷയത്തിൽ കേന്ദ്ര നിലപാട് വ്യക്തമാക്കാൻ ഉത്തരവാദപ്പെട്ടവർ അടിയന്തരമായി മുന്നോട്ടുവരേണ്ടത് അത്യാവശ്യമാണ്. കലാപത്തിന് ഒരുക്കം നടത്തുന്നവർ അവസരം കാത്തിരിക്കുകയാണ്. അവസരം മുതലെടുക്കാനും ജനങ്ങളെ കഷ്ടത്തിലാക്കി സ്വാർത്ഥലാഭം നേടാനും ധാരാളം പേർ കാണും.

'കൊങ്കുനാട് " എന്ന പേരിൽ പുതിയ സംസ്ഥാനത്തിനാണ് ആലോചനയത്രേ. കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം, ധർമ്മപുരി, നീലഗിരി, കരൂർ, കൃഷ്ണഗിരി എന്നീ ജില്ലകളും ഇവയ്ക്കു തൊട്ടടുത്തുള്ള മറ്റേതാനും ജില്ലകളും ഉൾപ്പെടുത്തി കൊങ്കുനാട് രൂപീകരിക്കാനാണു നീക്കം. നിലവിൽ ഒൻപതു വടക്കൻ ജില്ലകളിൽ 61 നിയമസഭാ മണ്ഡലങ്ങളും പത്തു ലോക്‌സഭാ മണ്ഡലങ്ങളുമാണുള്ളത്. കേന്ദ്ര ഭരണപ്രദേശമായി മാറ്റുമ്പോൾ 90 നിയമസഭാ മണ്ഡലങ്ങളാണ് ഉദ്ദേശിക്കുന്നത്. സമീപ ജില്ലകളിൽ നിന്നാകും മുപ്പതോളം മണ്ഡലങ്ങൾ കണ്ടെത്തുക. അടുത്ത പൊതുതിരഞ്ഞെടുപ്പിനു മുൻപ് പുനഃസംഘടന സാദ്ധ്യമാക്കാനാണത്രെ കേന്ദ്ര ആലോചനയെന്നും വാർത്തകളുണ്ട്. ഈയിടെ നടന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ കൊങ്കുനാട്ടിൽ നിന്നുള്ള ബി.ജെ.പി നേതാവ് എൽ. മുരുകനു ഇടം നൽകിയത് ഈ ലക്ഷ്യം വച്ചാണത്രെ.

സാധാരണയിൽ കവിഞ്ഞ ഭൂവിസ്‌തൃതി, ഭരണപരമായ കടുത്ത അസൗകര്യങ്ങൾ, വികസന മുരടിപ്പ്, ഭാഷാപരമായ ഭിന്നത, പിന്നാക്കാവസ്ഥ തുടങ്ങിയവയാണ് സാധാരണഗതിയിൽ സംസ്ഥാന വിഭജന വാദം ഉയരാനുള്ള കാരണങ്ങൾ. എന്നാൽ ഇതിലേതെങ്കിലുമൊരു കാരണം തമിഴ്‌നാട് വിഭജന നീക്കത്തിനു പിന്നിലുള്ളതായി കേട്ടിട്ടില്ല. മാത്രമല്ല സമ്പന്നമായ ജില്ലകളാണ് ഇവയിലേറെയും. പ്രാദേശിക അസന്തുലിതാവസ്ഥയും ചൂണ്ടിക്കാട്ടാനില്ല. ഭാഷയുടെ കാര്യത്തിലുമില്ല വേർതിരിവ്. വിഭജന ആവശ്യവുമായി ജനങ്ങളും മുന്നോട്ടു വന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

എല്ലാ നിലയിലും സമാധാനം നിലനിൽക്കുന്ന സംസ്ഥാനത്ത് വെറുതേ പ്രശ്നം സൃഷ്ടിക്കാനുള്ള സമീപനം സ്വീകരിക്കാതിരിക്കുന്നതാണ് ബുദ്ധി. അത്തരത്തിലുള്ള ലക്ഷ്യമുണ്ടെങ്കിൽ പലവട്ടം ആലോചിച്ച ശേഷമേ ഒരുമ്പെട്ടിറങ്ങാവൂ. രാജ്യത്ത് സമാധാനാന്തരീക്ഷം തകർക്കുന്ന പ്രശ്നങ്ങൾ ആവശ്യത്തിലേറെയുണ്ട്. ഒരെണ്ണം കൂടിയിരിക്കട്ടെ എന്ന മനോഭാവം ഉപേക്ഷിക്കുകയാവും നല്ലത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.