Kerala Kaumudi Online
Monday, 20 May 2019 12.05 PM IST

ഇനിയും കളിച്ചാൽ പണി ഉറപ്പാണെന്ന് അമേരിക്ക,​ ഷി ചിൻപിങ്ങിനെ ഊഞ്ഞാലാട്ടിയ മോദിക്ക് ചൈനയെ പേടിയാണെന്ന് രാഹുൽ

modi

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് നേതാവുമായ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം യു.എൻ രക്ഷാസമിതിയിൽ വീണ്ടും പരാജയപ്പെട്ടു. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞമാസം 27നാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം രക്ഷാസമിതിയിൽ യു.എസ്, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ കൊണ്ടുവന്നത്. എന്നാൽ രക്ഷാസമിതിയിൽ സ്ഥിരാംഗമായ ചൈന വീറ്റോ അധികാരം പ്രയോഗിക്കുകയായിരുന്നു.

ഇതിനെ തുടർന്ന് ചൈനയ്‌ക്ക് മുന്നറിയിപ്പുമായി അമേരിക്കയടക്കമുള്ള ലോകരാഷ്ട്രങ്ങൾ രംഗത്തെത്തി. ചൈന ഇതേ നടപടി തുടരുകയാണെങ്കിൽ മസൂദിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ഇത്തരം സാഹചര്യം ഉണ്ടാവാതിരിക്കുന്നതാണ് ചൈനയ്ക്ക് നല്ലത്. മസൂദിനെ പോലുള്ള ഭീകരവാദികളെ സംരക്ഷിക്കാൻ ചൈനയെ സമീപിക്കുന്ന പാകിസ്ഥാൻ ഭരണകൂടത്തിനും അമേരിക്ക മുന്നറിയിപ്പ് നൽകി. രക്ഷാസമിതിയിൽ നിക്ഷിപ്തമായ ചുമതല നിർവഹിക്കുന്നതിനെ തടസപ്പെടുത്തുന്ന നീക്കം ചൈന അവസാനിപ്പിക്കണമെന്നും അമേരിക്കൻ നയതന്ത്രഞ്ജർ യു.എൻ രക്ഷാസമിതിയെ അറിയിച്ചു. ദക്ഷിണേഷ്യൻ മേഖലയിൽ വളർന്നുവരുന്ന ഭീകരവാദത്തെ ഇല്ലാതാക്കാൻ ചൈന ശ്രമങ്ങൾ നടത്തണമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.

അതേസമയം, മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിൽ യു.എന്നിൽ ചൈനയെടുത്ത നിലപാടിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി മിണ്ടാത്തതെന്താണെന്നു കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ചോദിച്ചു. മോദിക്ക് ചൈനയെ ഭയമാണ്. അദ്ദേഹത്തിന്റെ വിദേശനയം പരാജയമാണ്. ചൈനീസ് പ്രധാനമന്ത്രി ഷി ചിൻപിങ്ങിനെ നമസ്കരിക്കുന്നതും ഊഞ്ഞാലാട്ടുന്നതുമാണ് മോദിയുടെ നയതന്ത്രമെന്നും രാഹുൽ ആരോപിച്ചു.

മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം പരാജയപ്പെട്ടതിൽ കടുത്ത നിരാശയുണ്ടെന്നും എന്നാൽ ഇത്തരം ഭീകരൻമാരെ നിയമത്തിന് മുന്നിൽ കൊണ്ട്‌വരാൻ സാദ്ധ്യമായതെല്ലാം ഇനിയും ചെയ്യുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പ്രമേയത്തിന്മേൽ അംഗങ്ങളുടെ നിലപാട് അറിയിക്കാൻ അംഗരാജ്യങ്ങൾക്ക് യു.എൻ പത്തുദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇത് ബുധനാഴ്ച രാത്രി 12.30ന് അവസാനിച്ചതിനെത്തുടർന്നാണ് വോട്ടെടുപ്പ് നടന്നത്. എന്നാൽ രക്ഷാസമിതിയിൽ പ്രമേയം പരാജയപ്പെട്ടുവെങ്കിലും മസൂദ് അസ്ഹർ ആഗോളഭീകരൻതന്നെയെന്ന് യു.എസ് ആവർത്തിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: US DIPLOMAT, ​ WARNS OF OTHER ACTIONS, ​ AS CHINA BLOCKS MOVE ON MASOOD AZHAR
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY