SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.58 PM IST

സ്‌ത്രീധനം; ശിക്ഷ വാക്കിലല്ല, നടപ്പിലാക്കി കാണിക്കണം

dowry

സ്‌ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണെന്ന് പറയാൻ തുടങ്ങിയിട്ട് കാലം കുറെയായി. സ്‌ത്രീധന നിരോധന നിയമവും ചട്ടങ്ങളും നിലനിൽക്കുന്ന ഈ നാട്ടിൽ സ്‌ത്രീധന പീഡനങ്ങൾക്ക് മാത്രം ഒരു കുറവുമില്ല. സ്‌ത്രീധന സമ്പ്രദായം അതേപടി തുടരുന്നു. സ്‌ത്രീയ്ക്ക് വിലയിടുകയും പണം നൽകി പെൺകുട്ടികളെ ഒഴിവാക്കണമെന്ന ചിന്തയും സമൂഹത്തിൽ കൂടിവരുമ്പോൾ കാലഹരണപ്പെട്ട സ്‌ത്രീധന നിരോധനം നിയമം പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചു. ചടയമംഗലം സ്വദേശി വിസ്‌മയയുടെ മരണം നാടു മുഴുവൻ നോവായി പടരുന്നതിനിടയിലും അതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഓർക്കണം. പുറംലോകമറിഞ്ഞതും അറിയാതെയുമുള്ള സ്‌ത്രീധന, ഗാർഹിക പീഡനങ്ങൾ പറഞ്ഞറിയിക്കാനാവാത്ത വിധം സമൂഹത്തെ കാർന്നു തിന്നുന്നു.

വിസ്‌മയുടെ മരണം നീതിപീഠത്തിന്റെയും സർക്കാരിന്റെയും കണ്ണു തുറപ്പിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. കാലഹരണപ്പെട്ട സ്‌ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യേണ്ടതിനെക്കുറിച്ച് ചർച്ച തുടങ്ങിയെന്നത് ശുഭസൂചകമാണ്. സർക്കാരിന്റെ നിലപാട് എന്താണെന്നുള്ളത് ആകാംക്ഷയുളവാക്കുന്നു.

സ്‌ത്രീധന നിരോധന നിയമവും ചട്ടങ്ങളും എന്തുകൊണ്ട് കർശനമായി നടപ്പാക്കുന്നില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിനോട് കഴിഞ്ഞ ദിവസം ഹൈക്കോട‌തിയുടെ ചോദ്യം. 2017 മുതൽ മേഖല സ്‌ത്രീധന നിരോധന ഓഫീസർമാരെ നിയമിക്കാത്തതിന്റെ കാരണം എന്താണ്?.

സ്‌ത്രീധനം വാങ്ങിയിട്ടില്ലെന്ന് സർക്കാർ ജീവനക്കാർ സത്യവാങ്മൂലം നൽകണമെന്നതുൾപ്പെടെ 2004 മുതൽ സംസ്ഥാനത്ത് നിലവിലുള്ള സ്‌ത്രീധന നിരോധന ചട്ട വ്യവസ്ഥകൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ സർക്കാർ അറിയിക്കണം. സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണമെന്നതടക്കം ആവശ്യപ്പെട്ട് പെരുമ്പാവൂർ സ്വദേശിനിയും അദ്ധ്യാപികയുമായ ഡോ. ഇന്ദിരാ രാജൻ നൽകിയ പൊതുതാത്‌പര്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങൾ.
കേന്ദ്ര സ്ത്രീധന നിരോധന നിയമത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന ചട്ടം കർശനമായി നടപ്പാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. മേഖല സ്‌ത്രീധന നിരോധന ഓഫീസർമാരെയും ഉപദേശക സമിതിയേയും നിയമിക്കണമെന്ന് നിയമത്തിൽ വ്യവസ്ഥയുണ്ട്. സ്ത്രീധന മരണങ്ങൾ തുടർച്ചയായി ആവർത്തിച്ചിട്ടും 2017 മുതൽ ഓഫീസർമാർക്ക് ചുമതല നൽകുന്നില്ല. നിയമ ലംഘകർക്കെതിരെ നടപടിക്ക് ഇവർക്ക് ഉത്തരവാദിത്തമുണ്ട്. സർക്കാർ ജീവനക്കാർ സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥയും കർശനമായി പാലിക്കുന്നില്ല. പെൺകുട്ടികൾക്ക് വിവാഹസമ്മാനമായി പണവും വസ്തുക്കളും മറ്റും നൽകാൻ അനുവദിക്കുന്ന ഇളവ് സ്ത്രീധന നിരോധനമെന്ന ലക്ഷ്യം നിറവേറ്റുന്നതിന് തിരിച്ചടിയായി. ഈ സാഹചര്യത്തിൽ വിവാഹ രജിസ്‌ട്രേഷൻ നടത്തണമെങ്കിൽ പണമായും മറ്റും പെൺകുട്ടിക്ക് നൽകിയ സമ്മാനം സംബന്ധിച്ച പട്ടിക വിവാഹ സമയത്തെടുത്ത ഫോട്ടോയ്‌ക്കൊപ്പം സമർപ്പിക്കണം. വധൂവരൻമാരുടേയും മാതാപിതാക്കളുടേയും ഒപ്പും ഇതിൽ രേഖപ്പെടുത്തിയിരിക്കണം. വിവാഹം നടന്ന് നിശ്ചിത ദിവസത്തിനകം പട്ടിക നൽകണമെന്ന് നിയമഭേദഗതി വരുത്തണം. പട്ടിക നൽകാത്തവർക്ക് കേരള വിവാഹ നിയമപ്രകാരം രജിസ്‌ട്രേഷൻ അനുവദിക്കരുത്.
സ്ത്രീധന പീഡന മരണത്തിന് ഇരയായ സ്ത്രീയുടെ കുടുംബത്തിന് പ്രതികളുടെ ആസ്തിയിൽ നിന്ന് തുക ഈടാക്കി ആശ്വാസ ധനസഹായം നൽകാൻ ഉത്തരവിടണം. സ്ത്രീധനത്തിനെതിരായ ബോധവത്കരണം കുട്ടികൾക്ക് ചെറുപ്പം മുതലേ വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. സെലിബ്രിറ്റികളെ അംബാസഡർമാരാക്കുന്നത് ചടങ്ങാക്കി മാറ്റാതെ വർഷത്തിൽ ഒരു ദിവസം സ്ത്രീധനവിരുദ്ധ ദിനാചരണം നടത്തണം തുടങ്ങി ഹർജിയിലെ ആവശ്യങ്ങൾ ഗൗരവത്തിൽ പരിഗണിക്കേണ്ടതാണെന്ന് ഹൈക്കോടതി വിലയിരുത്തിക്കഴിഞ്ഞു.

സ്‌ത്രീധന മരണങ്ങളിൽ ഏറെയും ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ളാദേശ്, ഇറാൻ എന്നിവിടങ്ങളിലാണ്. അതിൽ ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്. 2005 - 2010 കാലയളവിൽ 85, 609 പേർ സ്ത്രീധവുമായി ബന്ധപ്പെട്ട് മരണമടഞ്ഞതായാണ് സ്‌റ്റാറ്റിസ്‌റ്റിക് ഡിപ്പാർട്ടുമെന്റിന്റെ കണക്ക്. 2010 ൽ മാത്രം ഇന്ത്യയിൽ 8391 സ്‌ത്രീധന മരണങ്ങളുണ്ടായി. രാജ്യത്ത് സ്‌ത്രീകളുടെ അസ്വാഭാവിക മരണങ്ങളിൽ 60 ശതമാനവും സ്‌ത്രീധനവുമായി ബന്ധപ്പെട്ടവയാണ്. സ്‌ത്രീധനം ഒരു നിർബന്ധിത ആചാരമായി മാറിയിട്ടും കേസുകൾ വിരലിലെണ്ണാവുന്നത് മാത്രമാണ്. കുടുംബകോ‌ടതികളിലെ ഭൂരിഭാഗം കേസുകളിലെ തർക്കങ്ങൾ വിവാഹവേളയിൽ നൽകിയ സ്വർണാഭരണങ്ങളും പണവുമായി ബന്ധപ്പെട്ടുള്ളതാണ്.

സ്‌ത്രീധന പീഡനമില്ലാത്തൊരു കേരളം കണികണ്ടുണരുന്ന കാലമെന്നു വരുമെന്നാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കാരണം ഓരോ ദിവസവും ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. വിവാഹ രജിസ്‌ട്രേഷനൊപ്പം സമ്മാനമായി എന്തൊക്കെ നൽകിയെന്ന വിവരം കൂടി നിയമം മൂലം നിർബന്ധമാക്കേണ്ടത് അനിവാര്യമാണ്. കുടുംബവസ്‌തുക്കൾ മകനും മകൾക്കും തുല്യമായി വീതം വയ്‌ക്കുന്നതും പരിഗണനാ വിഷയമായി മാറണം. അംഗീകൃത വിവാഹപൂർവ കൗൺസിലിംഗിൽ പങ്കെടുത്തവർക്ക് മാത്രമേ സർട്ടിഫിക്കറ്റ് നൽകൂ എന്ന് നിയമം വഴി ഉറപ്പാക്കാം. കൗൺസിലിംഗ് നടത്തുന്നവർ പുതിയ കാലത്തിനൊത്ത് സഞ്ചരിക്കുന്നവരായിരിക്കണം. അതിനായി സർക്കാർ തലത്തിൽ ഒരു കോ- ഓർഡിനേഷൻ കൊണ്ടുവരുന്നത് ഉചിതമായിരിക്കും. വനിതാ കമ്മിഷനിൽ കാര്യങ്ങൾ കേൾക്കാൻ സഹാനൂഭൂതിയുള്ളവരെ നിയമിക്കണമെന്നത് അടുത്തകാലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഗൗരവമായി പരിഗണിക്കണം. അവിടെ എത്തിയാൽ ആശ്രയമുണ്ടാകും എന്ന തോന്നൽ വലിയൊരു ഘടകമാണ്. കമ്മിഷനിൽ അംഗങ്ങളായവർ പരാതിക്കാരിയെ പൂർണമായി കേൾക്കാൻ സന്നദ്ധരായാൽ മാത്രമേ അവർക്ക് കാര്യങ്ങൾ തുറന്നു പറയാൻ കഴിയൂ. അതിന് ഉതകുന്ന വിധത്തിൽ കമ്മിഷനെ രാഷ്‌ട്രീയ അതിപ്രസരം അകറ്റി ഉടച്ചുവാർക്കേണ്ടിയിരിക്കുന്നു. സ്‌ത്രീധനം, ഗാർഹിക പീഡനം എന്നിവ നടക്കുന്നുണ്ടോയെന്ന് അറിയാൻ തദ്ദേശസ്ഥാപന തലങ്ങളിൽ ഒരു സമിതിയുണ്ടായാൽ ഗുണകരമായിരിക്കും.

സ്‌ത്രീധന നിരോധന നിയമഭേദഗതി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഗൗരവതരമാണെന്ന് ഹൈക്കോടതി വിലയിരുത്തിയതോടെ പുതിയൊരു മാറ്റത്തിന് തുടക്കമാകുമെന്ന പ്രതീക്ഷയുണ്ട്. ഇക്കാര്യത്തിൽ സർക്കാർ എന്തു പറയുന്നുവെന്നതാണ് പ്രസക്‌തം. അതിനായി കേസ് പരിഗണിക്കുന്ന മൂന്നാഴ്ച വരെ കാത്തിരിക്കണം. ചർച്ചകൾക്ക് തുടക്കമായതോടെ പലവിധത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നു കഴിഞ്ഞു. അടുത്തകാലത്ത് കേരളത്തിലുണ്ടായ ഗാർഹിക പീഡനങ്ങൾ ആഴത്തിൽ പരിശോധിച്ചാൽ വില്ലൻ സ്‌ത്രീധനമാണെന്ന് വ്യക്തമാകും. മാനക്കേട് ഭയന്ന് എല്ലാം ഉള്ളിലൊതുക്കി നിരവധി വിസ്‌മയമാർ നമ്മുടെ നാട്ടിൽ കഴിയുന്നുണ്ട്. അവരുടെ ഗതിയെന്താകുമെന്ന് പറയാനാവില്ല. എന്നാൽ, അക്കൂട്ടത്തിലേക്ക് ഇനിയുമൊരാൾ കടന്നുവരരുത്. അതിനായി സ്‌ത്രീധന നിരോധന ചട്ടങ്ങളിൽ കാലോചിതമായ മാറ്റങ്ങളും കോടതി ഇ‌ടപെടലുകളും അനിവാര്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DOWRY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.