SignIn
Kerala Kaumudi Online
Friday, 29 March 2024 5.43 AM IST

ജി. സുധാകരനിൽ പാ‌ർട്ടി പിടിമുറുക്കുമ്പോൾ

g-sudhakaran

ഉത്സവപ്പറമ്പു പോലെയാണ് പുതിയകാലത്തെ രാഷ്ട്രീയരംഗം. ആന വിരണ്ടെന്നു കേട്ടാൽ പൂജാരിയെന്നോ പൂക്കച്ചവടക്കാരനെന്നോ പൂർണഗർഭിണിയെന്നോ ഭേദമില്ല. എല്ലാത്തിനെയും ചവിട്ടിമെതിച്ച് ഭക്തജനങ്ങൾ ഓടും. വീണുകിടക്കുന്നവരെ പിന്നാലെ വരുന്നവരെല്ലാം ചവിട്ടും. ചവിട്ടിക്കടന്നുപോന്നത് കൂടെപ്പിറപ്പിനെയാണെന്ന് മറക്കും. എം.വി.രാഘവനും കെ.ആർ. ഗൗരിഅമ്മയും അത് നേരിട്ടവരാണ്. അവർ മൺമറഞ്ഞു. നമ്മുടെ പാ‌ർട്ടിയെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം എന്ന് ചോദിക്കുന്നതിന് തെളിവായി ചൂണ്ടിക്കാട്ടാൻ, ജീവിക്കുന്ന ഒരു രക്തസാക്ഷിയെങ്കിലും വേണം. അതാണ് കീഴ്‌വഴക്കം. എല്ലാംകൊണ്ടും അതിനു പറ്റിയ ആൾ ജി. സുധാകരൻ തന്നെ. എം.വി. ആറിനെയും ഗൗരിഅമ്മയെയും പോലെ എന്തും വെട്ടിത്തുറന്നു പറയും. പെറ്റിക്കേസിന് അഞ്ച് രൂപ പിഴ ചുമത്തിയപ്പോൾ കോടതിയെ പുച്ഛിച്ച് അത് 500 ആക്കി വാങ്ങിയ ഒരു നാട്ടുമല്ലനെക്കുറിച്ച് പഴയ ലോ കോളേജ് വിദ്യാത്ഥികൾ പറയാറുണ്ടായിരുന്നു. അതുപോലെ തനിക്കുനേരെ വരുന്ന വെട്ടുക്കിളികളെ അശനിപാതമാക്കി മാറ്റാൻ ജി.സുധാകരനോളം മിടുക്ക് മറ്റാർക്കും കാണില്ല. നാവുവഴക്കം ഉണ്ടെങ്കിലും മെയ് വഴക്കം കുറവാണ്. പണി പറ്റിച്ചവരെല്ലാം പതിനെട്ടടവും തറവേലയും പഠിച്ചവരാണ്. അവരെല്ലാം ചേർന്നതാണ് നമ്മുടെ പാർട്ടി എന്ന് ജി. സുധാകരൻ പറഞ്ഞിട്ടില്ലെങ്കിലും പാർട്ടിയിൽ പൊളിറ്റിക്കൽ ക്രിമിനലുകളുണ്ടെന്ന് വിളിച്ചുപറഞ്ഞു. ആലപ്പുഴയിലെ മൂവർസംഘം നയിക്കുന്ന പ്രതിയോഗികൾക്ക് അങ്കക്കലി മൂക്കാൻ അതിനപ്പുറം എന്തു വേണം.

ജി. സുധാകരൻ തിരഞ്ഞെടുപ്പിനായി സമാഹരിച്ച പണം പൂർണമായി നൽകിയില്ലെന്നാണ് അമ്പലപ്പുഴയിൽനിന്നു ജയിച്ച എച്ച്. സലാമിന്റെ പരാതി. മുഹമ്മദ് റിയാസിനൊപ്പം ഡി.വൈ.എഫ്.ഐ നേതൃത്വത്തിലുണ്ടായിരുന്ന സലാം തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന ജില്ലാക്കമ്മിറ്റിയിൽ ജി. സുധാകരൻ തനിക്ക് ഒമ്പതുലക്ഷം രൂപ മാത്രമാണ്‌ നൽകിയതെന്നും പറഞ്ഞു. അഴിമതിയുടെ കറപുരളാത്ത സുധാകരന്റെ പ്രതിച്ഛായ തകർക്കുക എന്ന ലക്ഷ്യമാണ് അതിനു പിന്നിലുള്ളതെന്ന് മനസിലാക്കാൻ പാഴൂർപ്പടിവരെ പോകേണ്ടതില്ല. വോട്ട് ചോർച്ചയാണ് മറ്റൊരു വിഷയം. കഴിഞ്ഞ മന്ത്രിസഭയിലെ മികച്ച മന്ത്രിമാരിൽപ്പെട്ട മേഴ്സിക്കുട്ടിഅമ്മ തോറ്റിടത്ത് പ്രശ്നമാകാത്ത വോട്ട് ചോർച്ച എങ്ങനെ അമ്പലപ്പുഴയിൽ വിചാരണയിലേക്ക് നീങ്ങി?

അമ്പലപ്പുഴയിൽ 2016 ൽ ജി. സുധാകരൻ നേടിയത് 63,069 വോട്ടാണ്. അതിൽ 1704 വോട്ട് മാത്രമാണ് എച്ച്.സലാമിന് കുറഞ്ഞത്. ആലപ്പുഴയിൽ 2016 ൽ ഡോ. തോമസ് ഐസക് 83,211 വോട്ട് നേടിയിരുന്നു. ഇക്കുറി പി.പി. ചിത്തരഞ്ജന് 73,412 വോട്ടാണ് ലഭിച്ചത്. 9799 വോട്ടിന്റെ കുറവ്. 2016 നേക്കാൾ 6.96ശതമാനം വോട്ട് ആലപ്പുഴയിൽ എൽ.ഡി.എഫിന് കുറഞ്ഞപ്പോൾ അമ്പലപ്പുഴയിൽ 2.53 ശതമാനമേ കുറഞ്ഞുള്ളൂ. ഭൂരിപക്ഷം പരിശോധിച്ചാലും അമ്പലപ്പുഴയിലെ പ്രകടനമാണ് മികച്ചത്. ആലപ്പുഴയിൽ ഭൂരിപക്ഷത്തിൽ 19,388 വോട്ടിന്റെ കുറവുണ്ടായപ്പോൾ അമ്പലപ്പുഴയിൽ 11,496 വോട്ടിന്റെ കുറവാണുണ്ടാത്. ഇപ്പോൾ ജയിച്ചവരേക്കാൾ വ്യക്തിപ്രഭാവത്തിൽ എത്രയോ മുന്നിലാണ് സുധാകരനും ഐസക്കും. സ്വാഭാവികമായും ഇരുവർക്കും രാഷ്ട്രിയത്തിനതീതമായി വോട്ടുകൾ ലഭിക്കും. അത് പരിഗണിച്ചാൽ രണ്ടിടത്തും ഇതിനേക്കാൾ വോട്ട് കുറയേണ്ടതാണ്. സീറ്റു കിട്ടാത്ത കൊതിക്കെറുവിൽ വോട്ട് മറിച്ചു എന്ന ആരോപണം ഉണ്ടാകാനിടയുണ്ട് എന്ന് ഇരുവരും മനസിലാക്കിയിരുന്നു. അതൊഴിവാക്കാൻ കൂടുതൽ പ്രവർത്തിച്ചു എന്നാണ് ഇരുവരെയും അറിയാവുന്നവർ പറയുന്നത്. പ്രത്യേകിച്ച് ജി. സുധാകരൻ. പാർട്ടിക്ക് ദോഷം വരുന്നതൊന്നും സംഭവിക്കാതിരിക്കാൻ സമുദായ നേതാക്കളെയടക്കം വിളിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. എന്നിട്ടും എന്താണ് പ്രശ്നം? ജി.സുധാകരന്റെ പി.എ ആയിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകൻ നൽകിയ പരാതിയും നിലവിലുണ്ട്. പ്രണയിച്ച്‌ മിശ്രവിവാഹിതരായ തന്നെയും ഭാര്യയെയും ജാതീയമായി അധിക്ഷേപിച്ചു എന്നാണ് പരാതി. പാർട്ടിയുടെ അന്വേഷണക്കമ്മിഷനു മുന്നിൽ ഈ പരാതിയും എത്താം. പക്ഷേ,​ ജി.സുധാകരനെ അറിയാവുന്നവർക്ക് അത് വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്.

സ്വയം ക്ലീനാവുക എന്നതു മാത്രമല്ല, തന്റെ വകുപ്പുകളിലുള്ള എല്ലാവരെയും ക്ലീനാക്കിയേ അടങ്ങൂ എന്ന വാശിയുമുള്ള മന്ത്രിയായിരുന്നു ജി.സുധാകരൻ. ദേവസ്വം മന്ത്രിയായിരിക്കെ നടന്ന പുകിലുകൾ നമുക്കറിയാം. പൊതുമരാമത്തിൽ അദ്ദേഹം ശുദ്ധികലശത്തിനിറങ്ങിയപ്പോൾ സാരമായി പരിക്കേറ്റ ചിലരെങ്കിലും പാർട്ടിക്ക് മുറിച്ചുരിക എറിഞ്ഞു കൊടുക്കുന്നവരാകാതിരിക്കാൻ തരമില്ല. അവരെല്ലാം തക്കംപാർത്തിരിപ്പുണ്ടാവും. മന്ത്രിയായിരിക്കെ സ്വന്തം വകുപ്പിനെ ഇത്രയധികം ചടുലമാക്കിയവർ വിരളമാണ്. അഴിമതിയെ മണത്തുപിടിക്കുന്ന സ്വഭാവം കൂടി വശമായിരുന്നു ജിക്ക്. സഹധർമ്മിണിയുടെ ഉദ്യോഗവുമായി ബന്ധപ്പെട്ട് ആരോപണമുണ്ടായപ്പോൾ തന്നെ അവർ കൈയൊഴിഞ്ഞു. ഉദ്യോഗത്തേക്കാൾ വലുതാണ് തനിക്ക് ഭർത്താവും അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതവുമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ പിൻമാറ്റം. പാർട്ടിയിലും ഭരണത്തിലുമുള്ള പലരും നിയമവ്യവസ്ഥകെളെ തകിടംമറിച്ചുകൊണ്ട് ഭാര്യയ്ക്കും അവരുടെ സിൽബന്ധികൾക്കും കൂടി സ്ഥാനമാനങ്ങൾ ഒപ്പിച്ചെടുത്ത് വാഴുന്നുണ്ട്. അത്തരക്കാർക്കെങ്ങനെയാണ് കവി ഹൃദയംകൂടിയുള്ള ജി. സുധാകരനെ താങ്ങാൻ കഴിയുക. അവർക്കായി ഒരു വന്ദനകാവ്യം എഴുതാമായിരുന്നു ജിക്ക്. എങ്കിൽ അദ്ദേഹമിപ്പോൾ വേണമെങ്കിൽ പാർട്ടി സെക്രട്ടറിയും ആവുമായിരുന്നു. 'എന്നുടെ തലേവിധി മായ്ക്കുവാൻ കൈലേസില്ല' എന്നു പറഞ്ഞ മട്ടായി.

മത്സരരംഗത്തുനിന്ന് മാറ്റിനിറുത്തപ്പെട്ടതോടെ ജില്ലാഘടകത്തിന്റെ നിയന്ത്രണം സുധാകരൻ ചൊൽപ്പടിക്കാക്കുമെന്ന ഭീതികൂടിയുണ്ട് അദ്ദേഹത്തിനെതിരായ നീക്കത്തിലെന്നാണ് അണികൾക്കിടയിലെ മർമ്മരം. എന്നാൽ, പാർട്ടിയിൽ നിന്നുതന്നെ പുകയ്ക്കാനുള്ള സംഘടിത നീക്കമുണ്ടെന്ന സംസാരത്തിന് എണ്ണ പകരാതിരിക്കാൻ ജി. സുധാകരൻ ശ്രദ്ധിക്കുന്നുണ്ട്. അമ്പലപ്പുഴ വിഷയം ചർച്ചചെയ്യാൻ വിളിച്ച കമ്മിറ്റികൾക്കു മുന്നിൽ പോയി കുമ്പസരിക്കാൻ തന്റെ വ്യക്തിത്വം അനുവദിച്ചില്ലെങ്കിലും സി.പി.എം കമ്മിഷനു മുന്നിൽ പറയാനുള്ളതെല്ലാം വിശദ റിപ്പോർട്ടായിത്തന്നെ അദ്ദേഹം നൽകും. വസ്തുതകളും കണക്കുകളും വച്ചുള്ള മറുപടിയാവും അത്. വ്യക്തിപരമായ പരാതിയോ ആക്ഷേപമോ അതിലുണ്ടാകാനിടയില്ല. വാക്കുകൾ കൈവിട്ടുപോകാതിരിക്കാനും ഉൾപ്പാർട്ടി അച്ചടക്കം കർശനമായി പാലിക്കാനുമാവും സുധാകരൻ ശ്രമിക്കുക. ഇനിയൊരു പരസ്യപ്രതികരണത്തിന് മാദ്ധ്യമങ്ങൾക്കുമുന്നിലൊ അല്ലാതെയോ നിൽക്കാനും സാദ്ധ്യതയില്ലെന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ പ്രതീക്ഷ.

പലതരം ഇവന്റ് മാനേജുമെന്റുകളിലൂടെ കടന്നുപോകുന്ന പുതിയകാല രാഷ്ട്രീയത്തിന് വഴങ്ങുന്ന ഒരാളല്ല ജി.സുധാകരൻ. കമ്മ്യൂണിസ്റ്റുകാരൻ ആയിരിക്കെത്തന്നെ തന്റെ ശരികളെ സ്ഥാപിക്കാനുള്ള തന്റേടം കൂടി പ്രകടിപ്പിക്കുന്ന നേതാവാണ് അദ്ദേഹം. ഏതൊ ഒരുതരം അസംഹിഷ്ണുത ജിയെ പിന്തുടരുന്നതായി തോന്നിയിട്ടുണ്ട്. അതുകൊണ്ടാവാം കവിത എഴുതുകയും കവിയാകാൻ ആഗ്രഹിക്കുകയും ചെയ്യുന്നത്. ന്യൂജൻ രാഷ്ട്രീയത്തിനു വേണ്ടത് കവിത്വമല്ല കാപട്യമാണെന്ന് ഈ ഏകാന്തതയിൽ അദ്ദേഹം വായിക്കുന്നുണ്ടാവും.

ജി.സുധാകരനു നേരിടേണ്ടി വരുന്ന രാഷ്ട്രീയ പ്രതിസന്ധിയെ വിളിച്ചറിയിക്കുന്ന ഒരു കഥ വരുന്നുണ്ട്. ടി.പത്മനാഭന്റെ ആ കഥയിൽ നേരിട്ടല്ല ജി കടന്നുവരുന്നത്. 1971-ൽ എസ്.എഫ്.ഐ.യുടെ ആദ്യ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് ജി.സുധാകരൻ. പന്തളം എൻ.എസ്.എസ് കോളേജിലെ വിദ്യാർത്ഥിയായിരിക്കെ 1977 ഡിസംബർ ഏഴിന് കെ.എസ്.യു പ്രവർത്തകരാൽ കൊല്ലപ്പെട്ട ഭുവനേശ്വരന്റെ ജ്യേഷ്ഠനാണ് ജി. സുധാകരനെന്നും മറക്കാതിരിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALLUM NELLUM, G SUDHAKARAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.