SignIn
Kerala Kaumudi Online
Friday, 19 April 2024 10.07 PM IST

ഉത്തരവിലെ അവ്യക്തതയും ജനങ്ങളുടെ പെടാപ്പാടും

secretariate

സെക്രട്ടേറിയറ്റിലെ നിയമവകുപ്പ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിൽ കനത്ത ശമ്പളം പറ്റുന്ന നിരവധി ഉദ്യോഗസ്ഥരുണ്ടെങ്കിലും അവിടെ നിന്നും ഇറങ്ങുന്ന ചില ഉത്തരവുകൾക്ക് വ്യക്തത കാണില്ല. മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിലെ അവ്യക്തതയും അതു തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന കൂട്ടിച്ചേർക്കലും പലരും മുതലെടുത്തത് അടുത്തിടെ നമ്മൾ കണ്ടതാണ്. എന്നാൽ പൊതുവെ ജനങ്ങൾക്ക് വളരെ പ്രയോജനപ്പെടേണ്ട ചില ഉത്തരവുകളിലെ അവ്യക്തത ഒട്ടേറെപ്പേർക്ക് കുരുക്കായി മാറും. സംസ്ഥാനത്ത് 25 സെന്റ് വരെ വിസ്തീർണമുള്ള പാടമോ വയലോ ഫീസ് സൗജന്യത്തോടെ പറമ്പോ പുരയിടമോ ആക്കി മാറ്റുന്നതിന് ഇലക്‌ഷന് മുമ്പ് തിടുക്കത്തിൽ ഫെബ്രുവരിയിൽ സർക്കാർ ഒരു ഉത്തരവിറക്കിയിരുന്നു. ലക്ഷക്കണക്കിനാളുകൾക്ക് പ്രയോജനപ്പെടേണ്ടതായിരുന്നു ഇത്. എന്നാൽ ഉത്തരവിലെ അവ്യക്തത കാരണം ആർ.ഡി.ഒമാർ സൗജന്യം നൽകാൻ മടിച്ചു. അതിനാൽ ആയിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. പണ്ടുകാലത്ത് ആധാരത്തിൽ നിലമെന്ന് കാണിച്ചിട്ടുള്ള സ്ഥലം പുരയിടമാക്കി മാറ്റാനുള്ള പാട് അതിന് ശ്രമിച്ചവർക്കേ അറിയൂ. എത്രയോ വർഷം മുമ്പേ ഇറങ്ങേണ്ട ഉത്തരവായിരുന്നു ഇത്. കഴിഞ്ഞ പിണറായി സർക്കാർ അധികാരത്തിലെത്തിയ ഉടനെ ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയിരുന്നെങ്കിൽ നിരവധിപേർ അത്തരം ഭൂമികളിൽ വീടുവച്ച് താമസം തുടങ്ങിയേനെ. ഇലക്‌ഷൻ പ്രഖ്യാപനത്തിന്റെ തലേന്നാണ് ഉത്തരവിറക്കിയതെങ്കിലും ബന്ധപ്പെട്ട ഉത്തരവാദിത്തമുള്ളവർ അത് നേരെയല്ല ഇറക്കിയത്. ഇങ്ങനെ അവ്യക്തമായി ഉത്തരവിറക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ആരും ഒരു നടപടിയും എടുക്കാറില്ല. അതിനാലാണ് ഇത്തരം അവ്യക്തജടിലമായ ഉത്തരവുകൾ വീണ്ടും ഇറങ്ങുന്നത്. ഉത്തരവിൽ വരുന്ന അവ്യക്തതയ്ക്ക് പകരമായി ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങൾ പിടിക്കുമെന്ന മട്ടിൽ ഒരു വകുപ്പുകൂടി സർക്കാർ കൊണ്ടുവരേണ്ടതാണ്. കാരണം ഉത്തരവിലെ അവ്യക്തത കാരണം വലയുന്നത് സാധാരണക്കാരാണ്. പ്രമുഖ സിനിമാ സംവിധായകനായിരുന്ന അരവിന്ദന്റെ ഭാര്യ തൃശൂരിലുള്ള ഭൂമിയുടെ തരംമാറ്റലിന് അപേക്ഷിച്ചിട്ട് കാത്തിരുന്നത് കാൽനൂറ്റാണ്ടോളമാണ്. അതുസംബന്ധിച്ച് വാർത്തകൾ വന്നതോടെയാണ് ഉന്നതതല ഇടപെടൽ കാരണം പ്രശ്നം പരിഹരിക്കപ്പെട്ടത്. സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിയുടെ ഭാര്യയ്ക്ക് ഇതാണ് അനുഭവമെങ്കിൽ സാധാരണക്കാരന്റെ കാര്യം പറയേണ്ടതില്ല. അത്തരം പ്രശ്നങ്ങൾക്കുള്ള ഒറ്റമൂലി പരിഹാരമായിരുന്നു ഈ ഉത്തരവ്. നെൽവയൽ തണ്ണീർത്തട നിയമപ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത 25 സെന്റ് വരെയുള്ള പാടമോ വയലോ, പുരയിടമോ പറമ്പോ ആക്കി മാറ്റാൻ ഫീസ് വേണ്ടെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. 2017 ഡിസംബർ 30 വരെ പുരയിടമോ പറമ്പോ (സ്വാഭാവിക വ്യതിയാനം അഥവാ തരം മാറ്റൽ) ആയി മാറ്റപ്പെട്ട ഭൂമിയ്‌ക്കാണ് ഈ ഫീസ് സൗജന്യമെന്നും ജനുവരി 21നുള്ള ഹൈക്കോടതിയുടെ ഇടക്കാല വിധി അനുസരിച്ചാണ് ഉത്തരവെന്നും വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഈ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആർ.ഡി.ഒമാർ ഫീസ് സൗജന്യം അനുവദിക്കാൻ മടിച്ചത്. ഇനിയെങ്കിലും മിനിമം വ്യക്തതയോടെ വേണം പുതുക്കിയ ഉത്തരവ് ഇറക്കാൻ. ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ അവരുടെ ജോലി കൃത്യതയോടെയും വ്യക്തതയോടെയും ചെയ്തില്ലെങ്കിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് വോട്ടർമാരായ സാധാരണക്കാരാണെന്ന യാഥാർത്ഥ്യം സർക്കാർ വിസ്മരിക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.