SignIn
Kerala Kaumudi Online
Wednesday, 22 September 2021 10.29 AM IST

ഒരു ജനതയുടെ മുറിവുകളിൽ ഉപ്പുപുരട്ടി രസിക്കുന്ന സാഡിസ്റ്റാണ് മോദിയെന്ന് തോമസ് ഐസക്ക്

thomas-isaac

ഉത്തർപ്രദേശ് സർക്കാർ കൊവിഡിനെ കൈകാര്യം ചെയ്ത രീതിയെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുകഴ്ത്തൽ ഒരു ജനതയുടെ മുറിവുകളിൽ ഉപ്പുപുരട്ടി രസിക്കുന്ന സാഡിസ്റ്റിനെ പോലെയെന്ന് സി പി എം നേതാവും മുൻ ധനകാര്യ മന്ത്രിയുമായ തോമസ് ഐസക്ക്. തന്റെ ഫേസ്ബുക്കിലൂടെയാണ് തോമസ് ഐസക്ക് ഈ വിമർശനം ഉന്നയിച്ചത്. മോദിയുടെ ലക്ഷ്യം തിരഞ്ഞെടുപ്പു ജയവും, അതിനുവേണ്ടി ജനങ്ങളെ കബളിപ്പിക്കലുമാണെങ്കിലും ഒരു പ്രധാനമന്ത്രി ഇത്രയ്ക്കു ക്രൂരനാകാൻ പാടില്ലെന്ന് ഐസക്ക് പറഞ്ഞു. പെരുകിക്കയറുന്ന മരണസംഖ്യയ്ക്കു മുന്നിൽ കണ്ണീരു വറ്റി നിൽക്കുന്ന യുപി ജനത പ്രധാനമന്ത്രിയുടെ തമാശകളാസ്വദിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്ന് ബിജെപി മനസിലാക്കണമെന്ന് ഐസക്ക് കൂട്ടിച്ചേർത്തു.

പോസ്റ്റിന്റെ പൂർണരൂപം

ഉത്തർപ്രദേശിന്റെ കോവിഡ് മാനേജ്മെന്റ് തന്ത്രങ്ങൾ കേമമാണെന്ന മോദിയുടെ പുകഴ്ത്തൽ, ഒരു ജനതയുടെ മുറിവുകളിൽ ഉപ്പുപുരട്ടി രസിക്കുന്ന സാഡിസ്റ്റിന്റെ തമാശയാണ്. ലക്ഷ്യം തെരഞ്ഞെടുപ്പു ജയവും, അതിനുവേണ്ടി ജനങ്ങളെ കബളിപ്പിക്കലുമാണ്. എങ്കിൽപ്പോലും ഒരു പ്രധാനമന്ത്രി ഇത്രയ്ക്കു ക്രൂരനാകാൻ പാടില്ല. പെരുകിക്കയറുന്ന മരണസംഖ്യയ്ക്കു മുന്നിൽ കണ്ണീരു വറ്റി നിൽക്കുന്ന യുപി ജനത, പ്രധാനമന്ത്രിയുടെ തമാശകളാസ്വദിക്കാനുള്ള മാനസികാവസ്ഥയിലല്ല എന്ന് ബിജെപിയും മനസിലാക്കണം.

മറച്ചു വെയ്ക്കുന്ന കോവിഡ് മരണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിലേയ്ക്ക് പിന്നെ വരാം. യുപിയിലെ ബിജെപി ഘടകത്തിനുപോലും ബോധ്യപ്പെടുന്നതല്ല മോദിയുടെ പ്രസ്താവന. കോവിഡ് മാനേജ്മെന്റിൽ യോഗി ആദിത്യനാഥ് വരുത്തിവെച്ച പിഴവുകളെ ഉത്തർപ്രദേശിലെ എംഎൽഎമാരും എംപിമാരുമടക്കം തള്ളിപ്പറഞ്ഞതാണ്. എന്തിനധികം, രണ്ടു മന്ത്രിമാരും മൂന്ന് എംഎൽഎമാരും കോവിഡ് ബാധിച്ച് മരിച്ച സംസ്ഥാനമാണ് യുപി. ഏറ്റവുമൊടുവിൽ ബെറേലി എംഎൽഎ കേസർ സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് യുപിയിലെ ആശുപത്രികളിലെ സ്ഥിതി രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെട്ടതാണ്.

പ്രതിപക്ഷവും പത്രങ്ങളുമുയർത്തുന്ന പരാതികളും വെളിപ്പെടുത്തലും മാറ്റിവെയ്ക്കാം. ഉത്തർപ്രദേശ് ആശുപത്രികളിലെ ഓക്സിജൻ ദൌർലഭ്യത്തെയും മെഡിക്കൽ ഉപകരണങ്ങളുടെ വിൽപനയിൽ നടക്കുന്ന തീവെട്ടിക്കൊള്ളയെയും കുറിച്ച് 2021 മെയ് ആറിന് കേന്ദ്ര തൊഴിൽ സഹമന്ത്രി സന്തോഷ് ഗാങു്വർ യുപി മുഖ്യമന്ത്രിയ്ക്കെഴുതിയ കത്തോ? ചികിത്സ തേടിയെത്തുന്ന രോഗികളെ ജില്ലാ ആശുപത്രിയിൽനിന്നുള്ള റെഫറൽ കത്തില്ലെന്നു പറഞ്ഞ് മടക്കി അയച്ച സംഭവങ്ങളെക്കുറിച്ച് ഒരു കേന്ദ്രമന്ത്രിയ്ക്ക് മുഖ്യമന്ത്രിയോട് പരാതി ഉന്നയിക്കേണ്ടി വന്ന സംസ്ഥാനമാണ് യുപി.

ഇത്തരമൊരു പരിതസ്ഥിതിയിൽ ജനങ്ങളെ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിൽ മന്ത്രിയും നേതാവുമായി നടക്കുന്നതിൽ എന്തുകാര്യം എന്ന് രഹസ്യമായും പരസ്യമായും പരിതപിക്കുന്നത് യോഗിയുടെ സഹപ്രവർത്തകരാണ്. മീററ്റിലെ ആശുപത്രികളുടെ ദുസ്ഥിതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയത് തൊഴിൽക്ഷേമമന്ത്രി സുനിൽ ഭരാല.

തന്റെ മണ്ഡലത്തിലെ ആശുപത്രികളുടെ ദയനീയ സ്ഥിതി പരിഹരിക്കണമെന്നാവശ്യപ്പെട്ടത് ബിജെപി എംപി രാജേന്ദ്ര അഗർവാൾ. കോവിഡ് ബാധിച്ച തന്റെ ഭാര്യക്ക് ആഗ്രയിലെ മെഡിക്കൽ കോളജിലെ നിലത്തു കിടക്കേണ്ടി വന്ന സ്ഥിതിയെക്കുറിച്ച് പരിതപിച്ചത് ഫിറോസാബാദ് എംഎൽഎ പപ്പു ലോധി. ഇതൊക്കെ ഈ 2021ൽ നടന്നതാണ്. പഴയ സംഭവങ്ങളല്ല.

യുപി സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് ഉന്നതരായ ബിജെപി നേതാക്കൾക്കു തന്നെ സാക്ഷ്യപത്രം നൽകിക്കഴിഞ്ഞു. ആ നാട്ടിലെ സ്ഥിതി അതീവഗുരുതരമാണ് എന്നാണ് ഇതു തെളിയിക്കുന്നത്. ബിജെപിയ്ക്കു പോലും മറച്ചു പിടിക്കാൻ കഴിയുന്നതിനും എത്രയോ രൂക്ഷമാണ് കാര്യങ്ങൾ. യുപി ജനതയെ കൊന്നൊടുക്കുകയാണ് കോവിഡ്.

യുപിയിലെ 24 ജില്ലകളിലെ യഥാർത്ഥ കോവിഡ് മരണങ്ങളും സർക്കാർ കണക്കിലെ മരണങ്ങളും തമ്മിലുള്ള താരതമ്യം പുറത്തു വന്നിട്ടുണ്ട്. 2021 മാർച്ച് 31 വരെയുള്ള ഒമ്പതുമാസങ്ങളിലെ കണക്കനുസരിച്ച് സർക്കാർ കണക്കിനെക്കാൾ 43 മടങ്ങാണ് യഥാർത്ഥ മരണസംഖ്യ. സർക്കാർ കണക്കിൽ 4537 മരണങ്ങളാണ് റിപ്പോർട്ടു ചെയ്യപ്പെട്ടത്.

കോവിഡ് ബാധയ്ക്കു മുമ്പ് 2019 ജൂലൈ 1നും 2020 മാർച്ച് 31നും ഇടയിൽ ഈ 24 ജില്ലകളിൽ ആകെ റിപ്പോർട്ടു ചെയ്യപ്പെട്ടത് 178000 മരണങ്ങളാണ്. 2020 ജൂലൈ 1നും 2021 മാർച്ച് 31നും ഇടയ്ക്ക് ഇതേ ജില്ലകളിലെ ആകെ മരണം 375000. 197000 അധികം. മരണസംഖ്യയിൽ 110 ശതമാനം വർദ്ധന. ഇതാണ് പ്രധാനമന്ത്രി കൊട്ടിഘോഷിക്കുന്ന യുപി മോഡലിന്റെ യഥാർത്ഥ ചിത്രം.

പത്തു മുതൽ 335 ശതമാനം വരെ അധിക മരണം രേഖപ്പെടുത്തിയ ജില്ലകളുണ്ട്. സർക്കാർ കണക്കു പ്രകാരം അമേതിയിൽ 39 കോവിഡ് മരണങ്ങളാണ് നടന്നത്. ഈ കാലയളവിൽ 2019-20നെക്കാൾ നടന്ന അധികമരണം 13000. ഔദ്യോഗിക കണക്കിനെക്കാൾ 335 മടങ്ങ്. ഉന്നാവയിലും കാൺപൂരിലും ലക്നൌവിലും ബറേലിയിലും ആഗ്രയിലുമൊക്കെ സമാനമാണ് സ്ഥിതി. ഖാസിപ്പൂരിന്റെ കിഴക്കൻ പ്രദേശങ്ങളിലാണ് മൃതദേഹങ്ങൾ ഗംഗയിൽ ഒഴുകി നടന്ന സംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടത്.

പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരണാസി ഉൾപ്പെടുന്ന മേഖല. അവിടെ 2020 ജൂലൈ 1 മുതൽ 2021 മാർച്ച് 31 വരെ രേഖപ്പെടുത്തപ്പെട്ടത് ആകെ 19700 മരണങ്ങൾ. തൊട്ടു മുമ്പ് ഇതേ കാലയളവിൽ നടന്നത് 1600 മരണങ്ങൾ. ഒരു വർഷത്തിനുള്ളിൽ 1136 ശതമാനം വർദ്ധന. ഇതേ കാലയളവിൽ കേരളത്തിൽ വെറും 0.4 ശതമാനമാണ് റിപ്പോർട്ടു ചെയ്യപ്പെട്ട അധിക മരണനിരക്ക്.

സ്വന്തം വീട്ടിലെ മരണം മറച്ചു വെച്ച് അയൽക്കാരുടെ മുന്നിൽ മസിലു പെരുപ്പിച്ചു നിൽക്കുന്ന പ്രത്യേകതരം മാനസികാവസ്ഥയിലാണ് യോഗിയും മോദിയും. ജീവിക്കാനുള്ള അവകാശത്തിനു മേലെ ആത്മവഞ്ചനയുടെയും ഉളുപ്പില്ലായ്മയുടെയും ആഘോഷപ്രകടനങ്ങൾ. യോഗിയുടെ അഹങ്കാരത്തിന്റെയും അലംഭാവത്തിന്റെയും, ഭരണസംവിധാനത്തിന്റെ കെടുകാര്യസ്ഥതയുടെയും ദുരന്തം യുപി ജനതയുടെ കഴുത്തിൽ കാലശാപമായി ചുറ്റി മുറുകുകയാണ്. ആ നാട്ടിലെ ബിജെപി നേതാക്കൾ തന്നെ അടിവരയിട്ട യാഥാർത്ഥ്യം.
വീരവാദങ്ങളും ഗീർവാണങ്ങളും കൊണ്ട് മോദി എത്രകാലമിത് മറച്ചു പിടിക്കും?

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THOMAS ISAAC, POLITICS, UP, MODI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.