SignIn
Kerala Kaumudi Online
Thursday, 25 April 2024 6.26 PM IST

ശ്രീരാമന്റെ കഥാകഥനം

ramayanam

രാമായണ മാസാചരണത്തിന് ഇന്ന് തുടക്കം

..................................

സാർവലൗകികമായ ധർമബോധത്തിന്റെ നിത്യപ്രസക്തി വിളംബരം ചെയ്യുന്ന സമ്പൂർണ സാഹിത്യ സമുച്ചയമാണ് രാമായണം. വിശ്വസാഹിത്യത്തിനും മനുഷ്യനന്മയിൽ അധിഷ്ഠിതമായ സംസ്‌‌കാരത്തിനും ഭാരതം നല്കിയ അനശ്വര സംഭാവന; ആദ്ധ്യാത്മികവും സാംസ്‌കാരികവും ഭാഷാപരവും കലാപരവുമായ
എക്കാലത്തെയും ഊർജസ്രോതസ്. രാമായണത്തെക്കാൾ ശുദ്ധവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യ സംസ്‌കാരചരിത്രത്തിലുണ്ടായിട്ടില്ല എന്നാണ് സ്വാമി വിവേകാനന്ദൻ രാമായണത്തെക്കുറിച്ച് പറഞ്ഞത്. പ്രൊഫ.എം.കെ.സാനു ഒരു പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടിയതു പോലെ ആസ്വാദക മാനസങ്ങളെ ലൗകിക മേഖലയിൽ നിന്ന് ആത്മീയ വിശുദ്ധിയാർന്ന അതീത ലോകത്തിലേക്ക് ഉയർത്താൻ അദ്ധ്യാത്മരാമായണത്തിന് ഐന്ദ്രജാലികമായ കഴിവാണുള്ളത്. അനുഭവത്തിലൂടെ മാത്രമേ ആ സത്യം ഏതൊരാൾക്കും ബോദ്ധ്യമാവൂ. വാല്‌മീകി മഹർഷി രചിച്ച മൂലഗ്രന്ഥത്തിൽ നിന്ന് രാമായണത്തിന് കാവ്യരൂപത്തിൽ തന്നെ മുന്നൂറിലധികം പരിഭാഷകളും വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു. അസംഖ്യം വ്യാഖ്യാനങ്ങളും കഥാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. ഓരോ രാമായണത്തിന്റെയും മാഹാത്മ്യം ഓരോ പ്രകാരത്തിലാണ്. എന്നാൽ പണ്ഡിതരും പാമരരും ഒരുപോലെ ഹൃദയത്തിൽ ആവാഹിച്ച മറ്റൊരു കൃതി ഭാരതീയ സാഹിത്യത്തിലുണ്ടായിട്ടുണ്ടോ എന്ന് സംശയം.
മാ നിഷാദ പ്രതിഷ്‌ഠാം ത്വ / മഗമത് ശാശ്വതീ സമാ / യത്
ക്രൗഞ്ച മിഥുനാത് ഏക / മവധീം കാമമോഹിതം' '. എന്ന
ഒറ്റശ്ലോകത്തിൽ നമുക്ക് രാമായണത്തിന്റെ ആത്യന്തിക സന്ദേശം
വായിച്ചെടുക്കാം . അരുത് കാട്ടാളാ അരുത് ! അത് ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ അമ്പെയ്തു വീഴ്ത്തിയതു കണ്ട മഹർഷിയുടെ ഹൃദയവേദനയിൽ നിന്നുടലെടുത്ത കേവല വികാരവിക്ഷോഭമല്ല, മറിച്ച് സകലവിധ തിന്മകളോടും ഹിംസകളോടുമുള്ള വിലക്കാണ്. ക്രൂരതയ്‌ക്കെതിരായ
ഉദ്‌ബോധനമാണ്.
'അഴീക്കോട് മുതൽ അയോദ്ധ്യ വരെ' എന്ന പുസ്തകത്തിൽ സുകുമാർ അഴീക്കോട് എഴുതി: സാഹിത്യത്തിലൂടെയാണ് ഗാന്ധിജി
ശ്രീരാമസത്യം സാക്ഷാത്‌കരിച്ചതെന്ന് ധരിച്ചാൽ അത് വലിയ തെറ്റായിത്തീരും. ഗാന്ധിജിക്ക് രാമൻ വാല്മീകിയുടെയോ തുളസീദാസിന്റെയോ ഭാവനാസൃഷ്ടിയല്ല. ചരിത്രസൃഷ്ടിയുമല്ല. രാമൻ
ഓരോ വ്യക്തിയുടെയും ഉള്ളിന്റെയുള്ളിൽ ഉയിർകൊള്ളേണ്ട സത്യമാണ്. 1928 മാർച്ച് 30 ന് രാമനവമി ദിവസം ആശ്രമത്തിലെ അന്തേവാസികളോട് ഗാന്ധിജി ഇങ്ങനെ പ്രസംഗിച്ചു: 'ആരെക്കുറിച്ച്
നാം പറയുന്നുവോ ആ രാമൻ വാല്മീകിയുടെയോ തുളസിയുടെതു പോലുമോ അല്ല. ഈ രാമൻ ദശരഥപുത്രനോ മനോസീതയുടെ പതിയോ അല്ല. സത്യത്തിൽ ബാഹ്യരൂപമുള്ളവനല്ല ആ രാമൻ. നമ്മുടെ ഹൃദയത്തിലുള്ള രാമന് ഭൗതികരൂപമില്ല. ആ രാമൻ ലോകനായകനാണ്. ജഗൽസ്രഷ്ടാവ്. നാം ഓർക്കേണ്ട രാമൻ നമ്മുടെ മാത്രം സങ്കല്‌പത്തിലെ രാമനായിരിക്കണം. മറ്റൊരാളുടെ
സങ്കല്‌പത്തിലെ രാമനായിരിക്കരുത്. നിഷ്‌കളങ്കനും അനുരൂപനുമായ രാമനെയാണ് നാം ആരാധിക്കുന്നത് ' ഗാന്ധിജിയുടെ രാമൻ റഹിം കൂടിയായ രാമനാണ്. 1937
ജനുവരി രണ്ടിലെ ഹരിജനിൽ അദ്ദേഹം കൂട്ടിച്ചേർത്തു: രാമരാജ്യം
കൊണ്ട് ഞാനുദ്ദേശിക്കുന്നത് 'ഹിന്ദുരാജ് ' അല്ല. രാമരാജ്യം ദൈവീകമാണ്, ദൈവത്തിന്റെ രാജ്യമാണ്. ധാർമികതയുടെ ആധാരത്തിലുള്ള ജനങ്ങളുടെ പരമാധികാരമാണത്. എന്നെ
സംബന്ധിച്ച് രാമനും റഹീമും ഒന്നാണ്, ഒരു ദൈവമാണ്. സത്യത്തിന്റെയും നീതിയുടെയും ഒരേയൊരു ദൈവത്തെയല്ലാതെ
മറ്റൊരു ദൈവത്തെയും ഞാനംഗീകരിക്കുന്നില്ല.' 1946 ഏപ്രിൽ 28 ന്റെ 'ഹരിജനി'ൽ അദ്ദേഹം എഴുതി: . 'എന്റെ രാമൻ, എന്റെ പ്രാർത്ഥനാരൂപനായ രാമൻ ദശരഥപുത്രനും അയോദ്ധ്യാപതിയുമായ ചരിത്രപുരുഷനല്ല. അദ്ദേഹം അനശ്വരനാണ്, ജന്മരഹിതനാണ്, അദ്വിതീയനാണ് '
ജീവിതത്തിലെ ഏറ്റവും തീവ്രമായ അന്വേഷണ, പരീക്ഷണങ്ങളിലൂടെ കടന്നുപോയ ഭരണാധികാരിയായിരുന്നു കഥാപുരുഷനായ ശ്രീരാമൻ. സത്യധർമാദിമൂല്യങ്ങളിൽ നിന്ന് അണുവിട വ്യതിചലിക്കാതെ പ്രതിസന്ധികളെ അതിജീവിച്ച ശ്രീരാമന്റെ കഥാകഥനം ഏതു കാലഘട്ടത്തിലും ആത്മസംഘർഷങ്ങളിൽപ്പെട്ടുഴലുന്നവർക്ക് ശുഭപ്രതീക്ഷയും
ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നതാണ്. ധർമത്തിന്റെയും നീതിയുടെയും അന്തിമവിജയം ഉദ്‌ഘോഷിക്കുന്നവയാണ് ഓരോ രാമായണപാഠവും. രാമന്റെ രാജ്യഭാരഫലത്തെപ്പറ്റി അദ്ധ്യാത്മരാമായണത്തിൽ എഴുത്തച്ഛൻ എഴുതിയത് നോക്കുക:
'......വിശ്വപവിത്രയാം കീർത്തിയും പൊങ്ങിച്ചു /
നിശേഷസൗഖ്യം വരുത്തി പ്രജകൾക്കു /വിശ്വമെല്ലാം
പരിപാലിച്ചരുളിനാൻ /വൈധവ്യദുഃഖം വനിതമാർക്കില്ലൊരു /
വ്യാധിഭയവുമൊരുത്തർക്കുമില്ലല്ലോ / സസ്യപരിപൂർണയല്ലോ
ധരിത്രിയും / ദസ്യുഭയവുമൊരേടത്തുമില്ലല്ലോ / ബാലമരണമകപ്പെടുമാറില്ല / കാലേ വരിഷിക്കുമല്ലോ ഘനങ്ങളും /
രാമപൂജാപരന്മാർ നരന്മാർ ഭുവി / രാമനെ ധ്യാനിക്കുമേവരും
സന്തതം / വർണാശ്രമങ്ങൾ തനിക്കു തനിക്കുള്ള / തൊന്നുമിളക്കം
വരുത്തുകയില്ലാരുമേ /എല്ലാവനുമുണ്ടനുകമ്പ മാനസേ /
നല്ലതൊഴിഞ്ഞുള്ള ചിന്തയില്ലാർക്കുമേ / നോക്കുമാറില്ലാരുമേ
പരദാരങ്ങ / ളോർക്കയുമില്ല പരദ്രവ്യമാരുമേ /
ഇന്ദ്രിയനിഗ്രഹമെല്ലാവനുമുണ്ടു / നിന്ദയുമില്ല പരസ്പരമാർക്കുമേ /
നന്ദനന്മാരെപ്പിതാവു രക്ഷിക്കുന്ന / വണ്ണം പ്രജകളെ രക്ഷിച്ചു
രാഘവൻ....'

ഇതാണല്ലോ ശരിയായ രാമരാജ്യസങ്കല്‌പത്തിന്റെ വൃദ്ധിയും സത്തയും.


(സംസ്‌‌കാര സാഹിതി മുൻ ചെയർമാനും മുൻ ഡെപ്യൂട്ടിസ്പീക്കറുമാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMAYANAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.