ദുബായ്: ഒമാനും യു.എ.ഇയും വേദിയാകുന്ന ട്വന്റി-20 ലോകകപ്പിന്റെ ഗ്രൂപ്പുകൾ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പിൽ ആണെന്നുള്ളതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
ഒക്ടോബർ 17 മുതൽ നവംബർ 14വരെ നടക്കുന്ന ലോകകപ്പിൽ രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് മത്സരിക്കുന്നത്. മാർച്ച് 20ലെ ട്വന്റി-20 റാങ്കിംഗ് അനുസരിച്ചാണ് രണ്ട് ഗ്രൂപ്പുകളായി ടീമുകളെ തിരിച്ചത്.
സൂപ്പർ 12 ഘട്ടത്തിലാണ് 12 ടീമുകൾ രണ്ട് ഗ്രൂപ്പുകളായി തിരഞ്ഞ് മത്സരിക്കുക. റാങ്കിംഗിൽ ആദ്യ എട്ട് സ്ഥാനത്തുള്ള ടീമുകൾ നേരിട്ട് സൂപ്പർ 12ൽ എത്തും.
ആദ്യ റൗണ്ടിൽ വിജയിച്ചെത്തുന്ന നാല് ടീമുകൾക്ക് കൂടി സൂപ്പർ 12ൽ അവസരം ലഭിക്കും. മുൻ ചാമ്പ്യൻമാരായ ശ്രീലങ്കയ്ക്ക് ഇത്തവണ ആദ്യറൗണ്ട് മത്സരം കളിച്ച് ജയിച്ചാലെ സൂപ്പർ 12ൽ എത്താനാകൂ. നേരത്തേ ഇന്ത്യയിൽ നടത്താൻ നിശ്ചയിച്ച ടൂർണമെന്റാണ് കൊവിഡ് പ്രതിസന്ധി മൂലം ഒമാനിലും യു.എ.ഇയിലുമായി നടത്താൻ തീരുമാനിച്ചത്.
ആദ്യ റൗണ്ട്
ഗ്രൂപ്പ് എ: ശ്രീലങ്ക, അയർലൻഡ്, ഹോളണ്ട്, നമീബിയ.
ഗ്രൂപ്പ് ബി:ബംഗ്ലാദേശ്, സ്കോട്ട്ലാൻഡ്, പപ്പുവ ന്യൂ ഗിനിയ, ഒമാൻ.
ആദ്യ റൗണ്ടിൽ ഇരു ഗ്രൂപ്പുകളിൽ നിന്നും മുന്നിലെത്തുന്ന ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ 12ൽ എത്തും.
സൂപ്പർ 12:
ഗ്രൂപ്പ് 1: ഇംഗ്ലണ്ട്, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, ഗ്രൂപ്പ് എ വിജയികൾ, ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാർ.
ഗ്രൂപ്പ്2: ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, ഗ്രൂപ്പ് ബി വിജയികൾ, ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |