SignIn
Kerala Kaumudi Online
Thursday, 25 April 2024 12.06 PM IST

'പൂമരം' കഴിഞ്ഞ് എല്ലാം ശരിയാകും

kkk

മലയാളസിനിമാ നിർമ്മാണ രംഗത്ത് പുതിയ പ്രതീക്ഷയുമായി ഡോ.പോൾ വർഗീസ്. 2018ൽ റിലീസ് ചെയ്ത 'പൂമരം' എന്ന കാമ്പസ് സിനിമ നിർമ്മിച്ചു കൊണ്ട് മലയാള ചലച്ചിത്ര രംഗത്തേയ്‌ക്ക് കടന്നുവന്ന നിർമ്മാതാവാണ് ഡോ.പോൾ വർഗ്ഗീസ്. ഔദ്യോഗിക ജീവിതത്തിൽ ഒരു ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന പോൾ വർഗീസ് എറണാകുളം പട്ടിമറ്റം സ്വദേശിയാണ്. മലയാളസിനിമാ മേഖലയിൽ അപ്രതീക്ഷിതമായി കടന്നുവന്ന ഒരാളല്ല ഡോ.പോൾ വർഗീസ്. ചെറുപ്പം മുതൽക്കേ തന്നെ സിനിമയെ വളരെ ഗൗരവ മനോഭാവത്തോടെ നിരീക്ഷിച്ചിരുന്ന,സ്‌കൂൾ കാലഘട്ടം തൊട്ടേ സിനിമകൾ ധാരാളം കണ്ടിരുന്ന, സിനിമയോട് അങ്ങേയറ്റം അഭിനിവേശവും പ്രണയവും ഉളളതിനാൽ സിനിമാ നിർമ്മാണ രംഗത്തേക്ക് കടക്കാൻ തീരുമാനമെടുത്ത വ്യക്തിത്വമാണ്, ഡോ. പോൾ വർഗ്ഗീസ്. അഭിനേതാക്കളുടെ പേരുകൾ നോക്കാതെ, പ്രത്യേകിച്ച് എന്തെങ്കിലും മാനദണ്ഡങ്ങൾ വച്ചുപുലർത്താതെ, നല്ല സിനിമകളെ എപ്പോഴും ആരാധിക്കുന്ന യഥാർത്ഥ സിനിമാസ്വാദകന്റെ മനോഭാവം കാത്തുസൂക്ഷിക്കുന്ന നിർമ്മാതാവ് കൂടിയാണ് ഡോ.പോൾ വർഗീസ്.

തിരക്കഥാകൃത്തും സംവിധായനുമായ എബ്രിഡ് ഷൈനുമായുള്ള സൗഹൃദ ബന്ധമാണ് 'പൂമരം' സിനിമയിലേക്ക് ഡോ.പോളിനെ എത്തിക്കുന്നത്. എബ്രിഡ് ഷൈൻ 'ആക്ഷൻ ഹീറോ ബിജു'വിന് ശേഷം ഒരു കാമ്പസ്‌ സിനിമ ചെയ്യാൻ ആലോചിക്കുന്നതിനെ കുറിച്ച് ഡോ. പോളിനോട് സൗഹൃദ സംഭാഷണം നടത്തുന്ന വേളയിൽ "ഈ കാമ്പസ്‌ സിനിമ നമുക്ക് ഒരുമിച്ച് ചെയ്യാം" എന്ന് ഡോ. പോളും എബ്രിഡ് ഷൈനും ചേർന്ന് തീരുമാനിക്കുകയും അവിടെ നിന്നാണ് 'പൂമരം" എന്ന സിനിമയുടെ പിറവിയെടുക്കുന്നതും. പ്രതീക്ഷിച്ചതുപോലെ ഒരു വിജയം 'പൂമരം' നേടിയില്ലെങ്കിലും 'പൂമരത്തിന്റെ പ്രൊഡ്യൂസർ' എന്ന വിശേഷണം ഡോ.പോൾ വർഗ്ഗീസിന് മലയാള സിനിമയിൽ തന്റെതായ ഒരു മേൽവിലാസം സൃഷ്‌ടിച്ചുകൊടുത്തു. ഡോ.പോൾ വർഗ്ഗീസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ സിനിമയായ 'എല്ലാം ശരിയാകും" ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുകയാണ്. പൂമരത്തിന് ശേഷം അദ്ദേഹം നിർമ്മിക്കുന്ന രണ്ടാമത്തെ സിനിമ കൂടിയാണ് 'എല്ലാം ശരിയാകും." ആസിഫ് അലിയും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ സിനിമയുടെ സംവിധായകൻ ജിബു ജേക്കബാണ്. രാഷ്ട്രീയ സാഹചര്യങ്ങളും കുടുംബ പശ്ചാത്തലങ്ങളും കോർത്തിണക്കി കഥ പറയുന്ന ഈ സിനിമയുടെ തിരക്കഥ ഷാരിസ് നിർവ്വഹിച്ചിരിക്കുന്നു. ശ്രീജിത്ത് നായരാണ് ഛായാഗ്രഹണം.

സംഗീതം ഒരുക്കുന്നത് മലയാളികൾക്ക് പ്രിയപ്പെട്ട ഔസേപ്പച്ചനാണ്. 2021 സെപ്റ്റംബർ 17നാണ് 'എല്ലാം ശരിയാകും' റിലീസ് ചെയ്യാൻ ഉദ്ദേശിച്ചിരിക്കുന്നത്. ഡോ.പോൾ വർഗ്ഗീസിന്റെ നിർമ്മാണത്തിൽ ഇനി വരാൻ പോകുന്നത് ആന്റണി വർഗീസ് നായകനാകുന്ന 'മേരി ജാൻ' എന്ന സിനിമയായിരിക്കും. ഒരുപാട് പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന സിനിമയായിരിക്കും 'മേരി ജാൻ'. അതുകഴിഞ്ഞ് 'തണ്ണീർ മത്തൻ ദിനങ്ങൾ" എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയുടെ സംവിധായകൻ ഗിരീഷ് എ.ഡി 'സൂപ്പർ ശരണ്യ' എന്ന സിനിമയ്‌ക്ക് ശേഷം സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത സിനിമ ഡോ. പോൾ വർഗ്ഗീസാണ് നിർമ്മിക്കുക. ആദ്യ സിനിമയുടെ സംവിധായകൻ എബ്രിഡ് ഷൈനുമായി ചേർന്ന് മറ്റൊരു സിനിമ കൂടി ചെയ്യാനുള്ള സാധ്യതയും, അതോടൊപ്പം മറ്റു പ്രൊജക്‌ടുകളും ഡോ. പോളിന്റെ പരിഗണനയിലുണ്ട്.

''ഒരു സിനിമ ചെയ്‌ത് മലയാള സിനിമയിൽ നിർമ്മാതാവായി' എന്ന് പറയാൻ വന്നയാളല്ല ഞാൻ. ഇനിയും ഒരുപാട് മികച്ച സിനിമകൾ സൃഷ്‌ടിക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുമെന്നുണ്ട് " ഡോ. പോൾ ആത്മവിശ്വാസത്തോടെ പറഞ്ഞു. പുതുമയും വ്യത്യസ്‌തതയും ഒരുപാട് ഇഷ്‌ടപ്പെടുന്ന ഡോ. പോൾ വർഗീസ് സിനിമാ നിർമ്മാണ രംഗത്ത് തന്റെ സാന്നിദ്ധ്യമറിയിക്കാൻ ഒരുങ്ങുകയാണ്. എല്ലാംകൊണ്ടും മികച്ചുനിൽക്കുന്ന സിനിമകളുടെ വക്താവാകാൻ ആഗ്രഹിക്കുന്ന നിർമ്മാതാവ് ഡോ. പോൾ വർഗീസിൽ നിന്നും നല്ലനിലവാരമുള്ള മികച്ച സിനിമകൾ ഭാവിയിൽ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKEND, FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.