SignIn
Kerala Kaumudi Online
Friday, 19 April 2024 4.34 AM IST

താലിബാൻ കവർന്നെടുത്ത 'കണ്ണ് '

danish-siddiqui

റോയിട്ടേഴ്സ് ചീഫ് ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിയുടെ ഓർമ്മയ്ക്ക് മുന്നിൽ ശിരസ് നമിക്കുന്നു

.............................................

''വാക്കുകൾകൊണ്ട് വരച്ചിടാനാകാത്ത ജീവിതയാഥാർത്ഥ്യമാണ് ഫോട്ടോഗ്രാഫി' എന്ന് പറഞ്ഞത് ഡെസ്റ്റിൻ സ്പാർക്സാണ്. അക്ഷരാർത്ഥത്തിൽ ഡാനിഷ് സിദ്ദിഖിയുടെ ജീവിതവും അതായിരുന്നു.

സ്വന്തം രക്തം വീണ് ചുവന്ന കാമറ യുദ്ധഭൂമിയിൽ ഉപേക്ഷിച്ച് വേദനകൾക്ക് മീതെ പറന്നു പൊങ്ങിയവൻ. ഡാനിഷ് സിദ്ദിഖി!.

ലോകം അദ്ദേഹത്തെ 'മനുഷ്യത്വം' ഒപ്പിയെടുത്ത ഫോട്ടോഗ്രാഫർ എന്ന് രേഖപ്പെടുത്തും.

ദുരന്തമുഖങ്ങളിലെ നിസഹായരായ മനുഷ്യരുടെ വേദന നിഴലിക്കുന്ന നേർകാഴ്ചകൾ എത്രയെഴുതിയാലും അതേ വികാര തീവ്രതയോടെ മറ്റൊരാളിലെത്തിക്കാനാവില്ല. എന്നാൽ ഡാനിഷിന്റെ ചിത്രങ്ങൾ നിസ്സഹായരുടെ ജീവിതത്തെക്കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞു. മനുഷ്യ മനസാക്ഷിയെ ആ നൊമ്പരകാഴ്ചകൾ കീറിമുറിച്ചു. മുറിവേറ്റ ജനത നീതിയ്‌ക്കായി കേഴുന്ന ചിത്രങ്ങൾ പലപ്പോഴും അധികാരികളുടെ ഉറക്കം കെടുത്തി. പക്ഷേ, ഡാനി പതറിയില്ല. യുദ്ധമുഖത്ത് നിന്ന് ദുരന്തമുഖങ്ങളിലേക്ക്, താഴ്വരകളും പർവതങ്ങളും അതിർത്തികളും താണ്ടി ഡാനി സഞ്ചരിച്ചു. നിമിഷാർദ്ധത്തിൽ വിരിയുന്ന ജീവിതകാഴ്ചകൾ കൃത്യതയോടെ, മൂർച്ചയോടെ തന്റെ കാമറയിൽ ഒപ്പിയെടുത്തു . ഡാനിയുടെ ചിത്രങ്ങളോരോന്നും ജീവന്റെ, ജീവിതത്തിന്റെ നേർകാഴ്ചങ്ങളായി.

മനുഷ്യരെ പ്രണയിച്ചവൻ

മാദ്ധ്യമ പ്രവർത്തനം ലഹരിയായിരുന്നു ഡാനിഷ് സിദ്ദിഖിക്ക്. ബിസിനസ്,​ രാഷ്ട്രീയം, സ്പോർട്സ് എല്ലാ മേഖലകളിലും അദ്ദേഹം പ്രതിഭ തെളിയിച്ചു. റോയിട്ടേഴ്സിന്റെ സൈറ്റിലെ പേജിൽ സുഹൃത്തുക്കളുടെ ഡാനി ഇങ്ങനെ കുറിച്ചു.

'രാഷ്ട്രീയം മുതൽ സ്പോർട്സ് വരെ നീളുന്ന അസൈൻമെന്റുകളിൽ ‌ഞാനേറ്റവും ആസ്വദിക്കുന്നത് ദുരന്തമുഖങ്ങളിലെ നിസഹായരായ മനുഷ്യമുഖം പകർത്തുമ്പോഴാണ്.' ഇത് തന്നെയായിരുന്നു ഡാനിഷിനെ സംബന്ധിച്ച് ഓരോ ഫോട്ടോഗ്രാഫുകളും. ബ്രേക്കിംഗ് സ്റ്റോറികളായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചിത്രവും.

വർത്തമാനകാല യാഥാർത്ഥ്യങ്ങളെ കൃത്യതയോടെ പകർത്തി ലോകത്തിന് മുന്നിൽ ജീവിതത്തിന്റെ നേർമുഖം തുറന്നു കാട്ടിയ പ്രതിഭ. സംഘർഷ-ദുരന്തഭൂമികളിൽ ജീവൻ പണയം വച്ച് ചിത്രങ്ങൾ പകർത്തുന്നത് അദ്ദേഹത്തിന് ലഹരിയായിരുന്നു. അത്തരമൊരു അസൈൻമെന്റിനിടയിലാണ് ആ കാമറ കണ്ണുകൾ എന്നന്നേക്കുമായി മിഴി പൂട്ടിയതും. റോയിട്ടേഴ്സ് ചീഫ് ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് സിദ്ധിഖി കാണ്ഡഹാറിലെ സ്പിൻ ബോൾഡാക് ജില്ലയിലെ താലിബാൻ സംഘർഷത്തിലാണ് കൊല്ലപ്പെട്ടത്. താലിബാന്റെ അപ്രതീക്ഷിത ആക്രമണത്തിൽ ഡാനിഷും ഒരു അഫ്​ഗാൻ സൈനികനും തൽക്ഷണം മരിച്ചു.

രണ്ടുദിവസം മുമ്പ് താലിബാൻ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ വീഡിയോ ഡാനിഷ് ട്വീറ്റ് ചെയ്തിരുന്നു. ഈ ആക്രമണത്തിൽ ഷെല്ലിന്റെ കഷണം ഡാനിഷിന്റെ കൈത്തണ്ടയിൽ തറച്ചിരുന്നു. എന്നിട്ടും അദ്ദേഹം പതറിയില്ല. പൂർവാധികം ശക്തിയോടെ യുദ്ധമുഖത്ത് നേരിട്ടെത്തി ചിത്രങ്ങൾ പകർത്തുകയായിരുന്നു അദ്ദേഹം.


ഖേദം പ്രകടിപ്പിച്ച് താലിബാൻ

ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് താലിബാന്റെ വാദം. ഡാനിഷിന്റെ മരണത്തിൽ താലിബാൻ ഖേദിക്കുന്നുവെന്നും അദ്ദേഹം കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടലിനെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നും താലിബാൻ വക്താവ് സാബിനുള്ള മുജാഹിദ് ഇന്നലെ വ്യക്തമാക്കി. യുദ്ധമേഖലയിലേക്ക് ഏതെങ്കിലും മാദ്ധ്യമപ്രവർത്തകർ പ്രവേശിച്ചാൽ അക്കാര്യം ഞങ്ങളെ അറിയിക്കാറുണ്ട്. അവർക്ക് ആവശ്യമുള്ള സുരക്ഷ നൽകാറുണ്ടെന്നും വക്താവ് വ്യക്തമാക്കി.

അഫ്ഗാൻ സേനയും താലിബാനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശമാണ് പാകിസ്ഥാൻ അഫ്ഗാൻ അതിർത്തിയിലുള്ള സ്പിൻ ബൊൽദാക്. ജയിലിലുള്ള ഏഴായിരം പേരെ വിട്ടയയ്‌ക്കാതെ വെടി നിറുത്തില്ലെന്ന് നിലപാടിലാണ് താലിബാൻ. യുദ്ധമേഖലകളിൽ പലായനം തുടരുകയാണ്. ഈ സംഘർഷത്തിന്റെ ചിത്രങ്ങൾ റോയിട്ടേഴ്സിനായി പകർത്താനാണ് ഡാനിഷ് അഫ്ഗാനിലെത്തിയത്.

ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയിൽ നിന്നാണ് ഡാനിഷ് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയത്. തുടർന്ന് ജാമിയയിലെ എ.ജെ.കെ. മാസ് കമ്യൂണിക്കേഷൻ റിസർച്ച് സെന്ററിൽനിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടി. ടെലിവിഷൻ വാർത്താ ലേഖകനായാണ് സിദ്ദിഖി തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ഫോട്ടോ ജേർണലിസത്തിലേക്ക് കളംമാറി. 2010ലാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിൽ ചേർന്നത്.

നൊമ്പരകാഴ്ചകളെ തേടിയെത്തിയ പുലിറ്റ്സർ


റോയിട്ടേഴ്സിന്റെ ഇന്ത്യയിലെ മൾട്ടിമീഡിയ ടീമിനെ നയിച്ചിരുന്ന ഡാനിഷ്, 2018ൽ റോഹിൻഗ്യൻ അഭയാർത്ഥികളുടെ ദുരിതം പകർത്തിയ റിപ്പോർട്ടുകൾക്ക് പുലിറ്റ്സർ ലഭിച്ചു. സഹപ്രവർത്തകനായ അദ്നാൻ അബീദിയോടൊപ്പം അവാർഡ് പങ്കിട്ടപ്പോൾ ഡാനിഷ് പുലിറ്റ്സർ പുരസ്‌കാരം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായി.

'തളർച്ച ബാധിച്ച ഒരു സ്ത്രീയുടെ നിസഹായത ഈ ചിത്രത്തിലൂടെ നിങ്ങൾക്ക് കാണാം. പുകപടലങ്ങളുടെ പശ്ചാത്തലത്തിൽ പിന്നിൽ എന്താണ് സംഭവിക്കുന്നതെന്നറിയാതെ... ഇതാണ് ലോകത്തെ കാണിക്കാൻ ഞാൻ ആഗ്രഹിച്ച ഫ്രെയിം'.- അവാർഡിനിടയാക്കിയ റോഹിംഗ്യൻ അഭയാർത്ഥി സീരീസിലെ ഒരു ചിത്രത്തെക്കുറിച്ച് അദ്ദേഹം കുറിച്ചു.

2019-2020ലെ റോഹിംഗ്യൻ വംശഹത്യയിൽ നിന്നുണ്ടായ അഭയാർത്ഥി പ്രവാഹത്തെക്കുറിച്ചുള്ള ഡാനിഷിന്റെ ഫോട്ടോകൾ ലോകമെങ്ങും ചർച്ച ചെയ്യപ്പെട്ടു. സ്വന്തം ജന്മനാട്ടിൽനിന്ന് അപകടകരമായ തോണിയാത്രയിലൂടെ ബംഗാൾ ഉൾക്കടൽ കടന്ന് ബംഗ്ലാദേശ് അതിർത്തിയിലുള്ള ഷാ പൊറിഡ് ദ്വീപിലെത്തിയ അവശരായ അഭയാർത്ഥികളുടെ ചിത്രങ്ങൾ ഹൃദയഭേദകമായിരുന്നു.

ഇന്ത്യയിലെ രണ്ടാം കൊവിഡ് തരംഗത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെ ചിതകൾ കൂട്ടത്തോടെ എരിയുന്ന ഡാനിഷിന്റെ ചിത്രം ലോക മന:സാക്ഷിയെ മുറിവേൽപ്പിക്കുന്നതായിരുന്നു. 2016ലെ മൊസുൾ യുദ്ധം, 2015 ഏപ്രിലിലെ നേപ്പാൾ ഭൂകമ്പം തുടങ്ങിയ സംഭവങ്ങളുടെ ഫോട്ടോകൾ മികവോടെ ഡാനിഷ് പകർത്തി.

2020ലെ ഡൽഹി കലാപത്തിൽ അദ്ദേഹം ക്ലിക്കുചെയ്ത ഒരു ഫോട്ടോ റോയിട്ടേഴ്സ് 'ആ വർഷത്തെ നിർവചിക്കുന്ന' ഫോട്ടോഗ്രാഫുകളിലൊന്നായി അവതരിപ്പിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ മുസ്ലിം യുവാവിനെ ഒരു കൂട്ടം അക്രമികൾ കൂട്ടം ചേർന്ന് മർദ്ദിക്കുന്നതിന്റെ ദൃശ്യവും ഡാനിഷ് തന്റെ കാമറകളിൽ പകർത്തി. ഇത് രാജ്യമൊട്ടാകെ ചർച്ചയായി. സി.എ.എ വിരുദ്ധ സമരം ചെയ്യുന്ന ജാമിയ മിലിയയിലെ വിദ്യാർത്ഥികൾക്കുനേരെ അക്രമി തോക്കുചൂണ്ടുന്ന ദൃശ്യങ്ങൾ പകർത്തിയതും ഡാനിഷ് ആയിരുന്നു.

ലോക്ക്ഡൗണിൽ കുടിയേറ്റത്തൊഴിലാളികളുടെ പലായനവുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ പല ചിത്രങ്ങളും ട്വിറ്ററിലും മറ്റു സോഷ്യൽ മീഡിയകളിലും വൈറലായിരുന്നു. ദ്യാരം ഖുഷ്വാ എന്ന അതിഥി തൊഴിലാളി, തന്റെ ചുമലിൽ അഞ്ച് വയസുകാരനായ ശിവം എന്ന കുട്ടിയെയും കൊണ്ട് ഡൽഹിയിൽ നിന്ന് സ്വദേശത്തേക്ക് പോകുന്ന ചിത്രം പലായനത്തിന്റെ നൊമ്പരകാഴ്ചയായി.

യുദ്ധഭൂമിയിൽ സ്വന്തം ജീവൻ തൃണവത്ഗണിച്ച് പോരാടുന്നവർക്കൊപ്പം നടന്നയാളാണ് ഡാനിഷ്. അപകടകരമായ സാഹചര്യങ്ങളിലേക്ക് സധൈര്യം കടന്നു ചെന്ന് ഹൃദയത്തിൽ തൊടുന്ന ചിത്രങ്ങൾ പകർത്തി.താലിബാനെതിരെ ഒറ്റക്ക് പോരാട്ടം നയിച്ച പോലീസ് ഓഫീസറെ രക്ഷിക്കാൻ ശ്രമിക്കുന്ന അഫ്ഗാൻ പ്രത്യേക സേനയുടെ ദൗത്യത്തെക്കുറിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS SCAN, DANISH SIDDQI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.