പിറവം: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ കീഴിൽ എറണാകുളം ജില്ലയിലെ നാലമ്പല ദർശനത്തിന് തുടക്കമായി. ലോകത്തിലെ ഏക ഹനുമത് പൂജിത ശ്രീരാമസ്വാമി ക്ഷേത്രമായ തിരുമറയൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നും ഈ വർഷത്തെ നാലമ്പല യാത്ര എം. എൽ. എ. അനൂപ് ജേക്കബ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ 7 ന് രാമായണ പാരായണത്തിന് ചിന്മയ അന്തർ ദേശീയ കേന്ദ്രത്തിൽ നിന്നും ബ്രഹ്മചാരിണി ദേവകി ചൈതന്യ തുടക്കം കുറിച്ചു. കൊവിഡ് മാനദന്ധങ്ങൾ പാലിച്ച് ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജന്മനക്ഷത്ര വൃക്ഷത്തൈ നടീൽ എടക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. ജയകുമാർ നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് റെജിമോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർമാരായ ആദർശ് സജികുമാർ, എം. ആശിഷ്, ക്ഷേത്രം സെക്രട്ടറി പി. കെ. മോഹനൻ, ജോയിന്റ് സെക്രട്ടറി അജീഷ് രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്രം ഊരാഴ്മ പ്രതിനിധി പടുതോൾ മന ഗുപ്തൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ നടന്ന ക്ഷേത്രാചാര ചടങ്ങിന് കൺവീനർ എം. എ കുഞ്ഞുമോൻ, വൈസ് പ്രസിഡന്റ് ടി. കെ. രാജൻ എന്നിവർ നേതൃത്വം നൽകി. തിരുമറയൂർ ശ്രീരാമസ്വാമി ക്ഷേത്രം, മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, മേമുറി ഭരത സ്വാമി ക്ഷേത്രം, മാമലശ്ശേരി ശത്രുജ്ഞ സ്വാമി ക്ഷേത്രം എന്നിവയാണ് നാലമ്പല ദർശനത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |