SignIn
Kerala Kaumudi Online
Sunday, 19 September 2021 3.42 PM IST

ടെക്നോളജി മുഖമുദ്ര ആകും

muhammed-riyas

സാങ്കേതികവിദ്യയുടെ നൂതനസാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയും വേഗത്തിൽ കാര്യങ്ങൾ ചെയ്യുകയുമാണ് തന്റെ പ്രവർത്തനശൈലിയെന്ന് സംസ്ഥാന പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറയുന്നു. നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കുകയും മന്ത്രിയെന്ന നിലയിൽ നേരിട്ട് മോണിട്ടറിംഗ് നടത്തുകയും ചെയ്യും. എല്ലാ മണ്ഡലങ്ങളിലും പോവുകയും കക്ഷി രാഷ്ട്രീയഭേദമന്യെ എം.എൽ.എ മാരുമായി ചർച്ചകൾ നടത്തി അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കുമെന്നും കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ മന്ത്രി റിയാസ് പറ‌ഞ്ഞു. പ്രസക്തഭാഗങ്ങളിൽ നിന്ന്.

മന്ത്രിയായശേഷം വിശ്രമമില്ലാത്ത ഓട്ടത്തിലാണല്ലോ?

സംഘടനാ രംഗത്ത് നിൽക്കുമ്പോഴും രാവിലെ മുതൽ രാത്രിവരെ

സജീവമായിരുന്നു .സംഘടനാരംഗത്ത് നിന്ന് ആർജ്ജിച്ച അനുഭവം മന്ത്രിയെന്ന നിലയിൽ പ്രയോജനപ്പെടുന്നുണ്ട്.

രണ്ടും പ്രധാന വകുപ്പുകളാണ്. ഭാരിച്ച ഉത്തരവാദിത്വമല്ലേ?

ഏത് വകുപ്പിന്റെയും ഉത്തരവാദിത്തം ഭാരിച്ചതു തന്നെയാണ്. ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസമുണ്ടാവില്ല. എനിക്ക് ആത്മവിശ്വാസമുണ്ട്. അത് സംഘടനാ പ്രവർത്തനത്തിൽ നിന്ന് ലഭിച്ചതാണ്.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനം വളരെ പ്രശംസ നേടിയിരുന്നു. അപ്പോൾ താരതമ്യം ഉണ്ടാകില്ലേ?

ഞാൻ അതൊന്നും നോക്കുന്നില്ല. മുമ്പ് നന്നായി ചെയ്തിട്ടുണ്ട്. മുൻ മന്ത്രിയെന്ന നിലയിൽ ജി.സുധാകരനെ സന്ദർശിച്ചിരുന്നു. അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുള്ളയാളാണ്. അദ്ദേഹത്തിന്റെ അനുഭവങ്ങളെക്കുറിച്ചും ഓൺ ഗോയിംഗ് പ്രോജക്ടുകളെക്കുറിച്ചും ചോദിച്ചു മനസിലാക്കി.

പൊതുമരാമത്ത് വകുപ്പിനെക്കുറിച്ചുള്ള പൊതു പ്രതിശ്ചായ താപ്പാനകളായ കുറെ കോൺട്രാക്ടർമാരും അഴിമതിക്കാരായ കുറെ ഉദ്യോഗസ്ഥരുമുണ്ടെന്നതാണ്. ഇവരെ വരച്ചവരയിൽ നിറുത്താൻ മുൻമന്ത്രി ജി.സുധാകരൻ ശ്രമിച്ചിരുന്നു. താങ്കളുടെ സമീപനം എന്തായിരിക്കും?

ടെക്നോളജി പരമാവധി ഉപയോഗിക്കുക എന്ന സമീപനമാണ് ഞാൻ സ്വീകരിച്ചിട്ടുള്ളത്. അതുവഴി ഈ കാലത്തിനു പറ്റിയ പലകാര്യങ്ങളും വേഗത്തിൽ ചെയ്യാൻ കഴിയും. ഇപ്പോൾ 'പി.ഡബ്ള്യു.ഡി ഫോർ യൂ ' എന്ന ആപ്പ് ജൂൺ ആദ്യം ആരംഭിച്ചു. ഒരു മാസത്തിനിടെ ഏഴായിരത്തോളം പരാതികളാണ് ലഭിച്ചത്. അവ തരംതിരിച്ച് ഉടൻ തീർപ്പ് കല്‌പിക്കാവുന്നവ ഉടൻ തീർപ്പാക്കി. അല്ലാത്തവ സമയബന്ധിതമായി തീർക്കാൻ നടപടി സ്വീകരിച്ചു. മറ്റു വകുപ്പുകൾക്കു കൈമാറേണ്ടവ കൈമാറി. പരാതി തന്നവർക്ക് കൃത്യമായ മറുപടി നൽകി. റോഡിൽ കുഴിയുണ്ടെന്ന് ഒരു പൗരൻ അറിയിച്ചാൽ ഉടൻ നടപടി സ്വീകരിക്കും. മന്ത്രിയുടെ ഓഫീസ് അത് മോണിട്ടർ ചെയ്യും. ഇത് ജൂലായ് മുതൽ സെപ്‌തംബർ വരെ മൂന്നുമാസം ട്രയൽ റണ്ണാണ്. ഇപ്പോൾ സ്റ്റേറ്റ് ഹൈവേയിൽ നാലായിരം കിലോമീറ്ററാണ് ഡിജിറ്റലൈസ് ചെയ്തിട്ടുള്ളത്. ബാക്കി മുപ്പതിനായിരം കിലോമീറ്റർകൂടി ഡിജിറ്റലൈസ് ചെയ്താൽ ആപ്പിലൂടെ വലിയ ഇടപെടൽ നടത്താൻ കഴിയും. ശ്രമം തുടങ്ങിയിട്ടുണ്ട്. കൺട്രോൾ റൂം സംവിധാനം ഫലപ്രദമാക്കിയിട്ടുണ്ട്. ടോൾ ഫ്രീ നമ്പരിൽ ആർക്കും പരാതി നൽകാം. മന്ത്രിയെന്ന നിലയിൽ നേരിട്ട് പരാതി കേൾക്കുന്നുമുണ്ട്. ജനം കാവൽക്കാരാകുമ്പോൾ നമ്മൾ ശക്തരാവുകയാണ്.

വിഴിഞ്ഞം-പാരിപ്പള്ളി റിംഗ് റോഡടക്കം മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനത്തിലൂടെ ഒട്ടേറെ പദ്ധതികളിൽ കേരളത്തിന് കേന്ദ്ര പിന്തുണ ലഭിച്ചിട്ടുണ്ട്. ഇവയുടെ പ്രാരംഭ പ്രവർത്തനങ്ങൾ എപ്പോൾ തുടങ്ങും?

ഉടൻതന്നെ ആരംഭിക്കാനാണ് തീരുമാനം. വൈകാതെ സമയബന്ധിതമായി പൂർത്തീകരിക്കും. മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം വലിയ തോതിൽ കേരളത്തിലെ ജനങ്ങൾക്ക് ഗുണം ചെയ്തു. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി കേരളത്തോട് പൊതുവെ അനുഭാവപൂർണമായ സമീപനമാണ് സ്വീകരിക്കാറുള്ളത്.

റോഡുകൾ അനാവശ്യമായി വെട്ടിപ്പൊളിക്കുന്നതിലൂടെ മൂവായിരം കോടി രൂപയുടെ അധികബാദ്ധ്യത ഉണ്ടാകുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇതെങ്ങനെ പരിഹരിക്കും?

ചുമതലയേറ്റപ്പോൾ തന്നെ ആലോചിച്ച പ്രധാന കാര്യങ്ങളിൽ ഒന്നാണിത്. ജനങ്ങളുടെ ആവശ്യത്തിനു വേണ്ടിയായാലും, നല്ല രീതിയിൽ ടാർ ചെയ്ത റോഡുകൾ വൈകാതെ, വെട്ടിപ്പൊളിക്കുന്നു. ടെക്നോളജി കൊണ്ട് ഇത് പരിഹരിക്കാനാണ് ആലോചിച്ചത്. ഒരു പോർട്ടൽ ഡെവലപ്‌ ചെയ്തു. വിദഗ്ദ്ധരുമായി ചർച്ച ചെയ്തു. കുടിവെള്ളത്തിനു വേണ്ടി വാട്ടർ അതോറിട്ടിക്ക് ഒരു പണി ചെയ്യണം. അതിന് ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കെ.എസ്.ഇ.ബി ആയാലും രജിസ്റ്റർ ചെയ്യണം. ഒറ്റയ്ക്കു ചെയ്യാനാവില്ല. ഏകോപനം വേണം. ചീഫ് സെക്രട്ടറിയുമായി ചർച്ച ചെയ്തു. ഇനി റോഡ് കുത്തിപ്പൊളിക്കാതെ ടെക്നോളജി ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാനാകും. ചുമതലയേറ്റ് രണ്ട് മാസത്തിനകം ഈ പ്രശ്നത്തിൽ ഒരു തീരുമാനമുണ്ടാക്കാൻ കഴിഞ്ഞു. റീ ബിൽഡ് കേരളയുടെ റോഡ് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രിയുടെ പ്രശംസ നേടി. വകുപ്പിനെ സംബന്ധിച്ചിടത്തോളം ചാരിതാർത്ഥ്യമുള്ള കാര്യമാണ്.

റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണം വൈകാറുണ്ടല്ലോ?

കാസർകോട് മുതൽ തിരുവനന്തപുരം വരെ തടസങ്ങളില്ലാതെ സുഗമമായി സഞ്ചരിക്കാനുള്ള പാതയൊരുക്കുകയാണ് ലക്ഷ്യം. റെയിൽവേ ഗേറ്റുകൾ ഉള്ളയിടങ്ങളിൽ മേൽപ്പാലങ്ങൾ പണിയും. 26000 കോടിരൂപയുടെ ഓൺഗോയിംഗ് പ്രോജക്ടുകളാണ് വകുപ്പിൽ പുരോഗമിക്കുന്നത്. റോഡുകളുടെയും മറ്റും കാര്യത്തിൽ എം.എൽ.എ മാർക്കു പറയാനുള്ളത് കേൾക്കും. മന്ത്രിയെന്ന നിലയിൽ ഞാനും ഒപ്പം ജില്ലാ കളക്ടറും പങ്കെടുക്കും. പത്ത് ജില്ലകളിൽ ഇത് പൂർത്തീകരിച്ചു. എം.എൽ.എമാർ പങ്കെടുക്കുന്ന ഇത്തരം യോഗങ്ങൾ വർഷത്തിൽ മൂന്നുതവണ നടത്തും. മന്ത്രിയുടെ ഓഫീസിൽ നിന്ന് ഒരു ഗൂഗിൾ ഷീറ്റ് ലിങ്ക് നൽകും. സ്റ്റാറ്റസ് റിപ്പോർട്ട് എഴുതും. കൃത്യമായ ഫോളോ അപ്പ് ഉണ്ടാകും.

പൊതുമരാമത്ത് വകുപ്പിന്റെ വക ഒട്ടേറെ സ്ഥലങ്ങൾ കൈയ്യേറിയിട്ടുണ്ട്. പലയിടത്തും പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു?

ഇത്തരം സ്ഥലങ്ങൾ ഒഴിപ്പിക്കും.കോഴിക്കോട് ഇതിനു തുടക്കമിട്ടു. ഇത്തരം സ്ഥലങ്ങളിൽ കംഫർട്ട് സ്റ്റേഷൻ സ്ഥാപിക്കും. എല്ലാ ജില്ലകളിലും ഇതാരംഭിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും വലിയൊരു ആശ്വാസമായി മാറും .

ഗസ്റ്റ് ഹൗസുകളും റെസ്റ്റ് ഹൗസുകളും നവീകരിക്കുമോ?

പൊതുമരാമത്ത് വകുപ്പിനു കീഴിൽ 154 റെസ്റ്റ് ഹൗസുകൾ ഉണ്ട്. ഇവയെല്ലാം നവീകരിക്കും. പൊതുജനങ്ങൾക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ അവസരമുണ്ടാക്കും. പരീക്ഷയെഴുതാൻ പോകുന്ന ഉദ്യോഗാർത്ഥികൾക്ക് കൺസഷൻ നൽകും. രണ്ട് വർഷത്തിനകം ഇവയെല്ലാം നവീകരിച്ചിരിക്കും.

ആഭ്യന്തര ടൂറിസം എങ്ങനെ മെച്ചപ്പെടുത്തും?

ആഭ്യന്തര ടൂറിസത്തിനാണ് കൊവിഡ് സാഹചര്യത്തിൽ സാദ്ധ്യത കൂടുതൽ. കേരളത്തിലെ ഓരോ പഞ്ചായത്തിലും ഒന്നിൽക്കൂടുതൽ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ ഉണ്ടാകും. പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ച് ചർച്ച നടത്തുകയാണ്. പ്രകൃതി രമണീയത, മാത്രമല്ല ചരിത്ര, കലാ സാംസ്കാരിക പ്രാധാന്യമുള്ള ഇടങ്ങളും ഉണ്ടാകും. സംസ്ഥാനത്ത് ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ മാപ്പ് പ്രസിദ്ധീകരിക്കും. ഇതിനോടൊപ്പം ഒരു ആപ്പും വരും. അൺ എക്സ്‌പ്ളോർഡ് ഡെസ്റ്റിനേഷനുകൾ കണ്ടെത്തും. ലോകത്ത് ഇങ്ങനെ കണ്ടെത്താൻ കഴിയാതെ പോയ പത്ത് ഡെസ്റ്റിനേഷനുകളിൽ ഒന്ന് മലബാറാണ്. ഡെസ്റ്റിനേഷനുകളുടെ പ്രത്യേകത ഈ ആപ്പിലൂടെ ലോകമറിയും. ഈ ആപ്പിൽ പൗരന്മാർക്ക് തങ്ങളുടെ അടുത്തുള്ള സ്ഥലത്തെക്കുറിച്ച് വീഡിയോ പോസ്റ്റ് ചെയ്യാം. ഒരു വിനോദസഞ്ചാരി വന്നാൽ കേരളത്തിൽ എവിടെയൊക്കെ പോകാം, വാഹനസൗകര്യം, താമസസൗകര്യങ്ങൾ...ഇതെല്ലാം ഉൾപ്പെടുന്ന സമ്പൂർണ വിവരങ്ങൾ ആപ്പിലുണ്ടാകും. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത രീതിയിൽ ആഭ്യന്തര ടൂറിസം രംഗം മാറ്റിമറിക്കും.

സാധാരണക്കാർക്കായുള്ള പാക്കേജ് ഉണ്ടാകുമോ?

തീർച്ചയായും. കേരളത്തിന് പുറത്തുള്ളവർക്ക് പതിനഞ്ച് ദിവസമെങ്കിലും താമസിക്കാനുള്ള പാക്കേജ് ഉണ്ടാകും . ഇപ്പോൾ വരുന്നവർ മൂന്നോ നാലോ ദിവസം കൊണ്ട് ഏതാനും സ്ഥലങ്ങൾ മാത്രം കണ്ട് മടങ്ങുകയാണ്. അതുപോലെ കേരളത്തിലുള്ളവർക്ക് ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് പോകാനുള്ള ടൂറിസം പാക്കേജും ഉണ്ടാകും.

കേരളത്തിന്റെ വാസ്തുശില്‌പ സൗന്ദര്യ വേണ്ടരീതിയിൽ

പ്രയോജനപ്പെടുത്തുന്നില്ലല്ലോ?

അതിലൊരു ഏകോപന സമീപനം ഉണ്ടാകും. പൊതുമരാമത്ത് വകുപ്പ് ഒരു ആർക്കിടെക്‌ചറൽ പോളിസി പ്രഖ്യാപിക്കാൻ പോവുകയാണ്.

എല്ലാ ജില്ലകളിലും ഒരു റൗണ്ട് പര്യടനം പൂർത്തിയാക്കിയോ?

പൊതുമരാമത്ത് പണിനടക്കുന്ന ഇടങ്ങൾ ,ടൂറിസം പ്രോജക്ടുകൾ നടക്കുന്ന സ്ഥലങ്ങൾ ഇവയൊക്കെ നേരിട്ടു സന്ദർശിച്ചു. ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി. ചില ജില്ലകളിൽ ഒന്നിലധികം തവണ പോയി. ഇപ്പോൾ ഒരു റോഡ് പ്രവർത്തനം നടക്കുന്ന സ്ഥലത്ത് പോയാൽ ജീവനക്കാർ അലർട്ടാകും. അഭിനന്ദിക്കേണ്ടവരെ അഭിനന്ദിക്കണം. പരമാവധി സ്പോട്ടിലെത്താനാണ് ആലോചിക്കുന്നത്.

ഓഫീസിലിരിക്കില്ലേ?

ഒരു നിശ്ചിതസമയം ഓഫീസിലും ഇരിക്കണം. ഹാർഡ് വർക്ക് ചെയ്യണം. നേരിട്ടു പോകുമ്പോൾ കിട്ടുന്ന ഫീഡ് ബാക്ക് സുപ്രധാനമാണ്.

മന്ത്രിയെന്ന നിലയിൽ, മുഖ്യമന്ത്രിയിൽ നിന്നും

ഒരു എക്സ്ട്രാ കെയർ ലഭിക്കുന്നുണ്ടോ?

ഒരിക്കലുമില്ല.അങ്ങനെയൊരു കെയർ കിട്ടുകയുമില്ല.ഞാനങ്ങനെ ചോദിക്കുന്നയാളുമല്ല. അനാവശ്യമായ ഒരുകാര്യം അദ്ദേഹത്തോട് പറയാനും പറ്റില്ല.

( അഭിമുഖത്തിന്റെ പൂർണരൂപം കൗമുദി യൂട്യൂബിൽ )

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MUHAMMED RIYAS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.