Kerala Kaumudi Online
Monday, 20 May 2019 12.05 PM IST

പൊള്ളാച്ചി പീഡനം; ഓരോ വീഡിയോയിലും ഉണ്ടായിരുന്നത് 10 മുതൽ 12 വരെ പെൺകുട്ടികൾ,​ പ്രതികളുടെ കുറ്റസമ്മത വീഡിയോ പുറത്ത്

chennai-

ചെന്നൈ: പീഡനത്തിനിരയായ പെൺകുട്ടിയുടെ മുഖം മറച്ചുള്ള വീഡിയോ പുറത്തു വിട്ടതിനു തൊട്ടുപിന്നാലെ പൊളളാച്ചി പീഡനക്കേസിലെ പ്രതികളുടെ കുറ്റസമ്മത വീഡിയോ പുറത്തു വിട്ട് തമിഴ് മാദ്ധ്യമങ്ങൾ. പെൺകുട്ടിയെ എങ്ങനെയാണ് വലയിലാക്കിയതെന്നും പീഡിപ്പിച്ചതെന്നും അറസ്റ്റിലാകുന്നതിനു തൊട്ടുമുമ്പ് പ്രതികൾ കുറ്റസമ്മതം നടത്തുന്നതാണ് വിഡിയോയിലുള്ളത്. പൊലീസിനു കൈമാറുന്നതു തൊട്ടുമുമ്പ് ഇരയായ പെൺകുട്ടിയുടെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ചിത്രീകരിച്ചതാണ് ഈ വീഡിയോയെന്നും ഇതിന്റെ ആധികാരികതയെ പറ്റി ഉറപ്പില്ലെന്നും ദേശീയ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി 16ന് പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് ശബരീരാജനെ പിടികൂടി മർദ്ദിച്ചതോടെയാണ് തമിഴ്നാടിനെ നടുക്കിയ പെൺവാണിഭ സംഘത്തിന്റെ വിവരങ്ങൾ പുറത്തു വരുന്നത്. നൂറോളം വീഡിയോകളാണ് പ്രതികളുടെ ഫോണിൽ നിന്ന് കണ്ടെടുത്തത്. എല്ലാ വീഡിയോയിലും പ്രതിയായ സതീഷ് ഉണ്ടായിരുന്നു. 10- 12 പെൺകുട്ടികൾ ഓരോ വിഡിയോയിലും ഉണ്ടായിരുന്നതായി പെൺകുട്ടിയുടെ സഹോദരൻ പറയുന്നു. ബ്ലാക് മെയിൽ ചെയ്തായിരുന്നു പീഡനം. പ്രതികളുടെ മൊബൈൽ ഫോൺ പൊലീസിനു ഈ യുവാക്കൾ കൈമാറിയതോടെയാണ് പെൺവാണിഭ സംഘത്തിലെ വൻ കണ്ണികളാണ് ഇവരെന്ന് മനസിലായത്. തുടർന്ന് ഇവർ ഫോൺസഹിതം പൊള്ളാച്ചി പൊലീസിൽ പരാതി നൽകുകയായിരുന്നു. കൊച്ചു പെൺകുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ ഇവരുടെ കെണിയിൽ പെട്ടിരുന്നു.

കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടി തനിക്കൊപ്പം കാറിൽ വരാൻ തയ്യാറാകുകയായിരുന്നുവെന്ന് പ്രതികളിൽ ഒരാൾ വീഡിയോയിൽ പറയുന്നു. 'പുറത്തേക്കു വരുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ അവൾ ഞങ്ങളുടെ കൂടെ കാറിൽ കയറി വരികയായിരുന്നു. അവളെ ഞാൻ ചുംബിച്ചപ്പോൾ എതിർത്തിരുന്നില്ല. വസ്ത്രം ഉരിഞ്ഞെടുത്തപ്പോൾ 'നോ' എന്ന് പറഞ്ഞ് പ്രതിഷേധിച്ചു. ചുംബിക്കുമ്പോൾ എതിർക്കാതിരുന്നിട്ട് ഇപ്പോൾ പ്രതിഷേധിക്കുന്നത് എന്താണെന്നും ചോദിച്ചുവെന്നും പ്രതികളിലൊരാൾ പറഞ്ഞു.

പൊള്ളാച്ചി സ്വദേശിയായ ശബരീരാജൻ സിവിൽ എൻജിനീയറാണ്. ഇരുപത്തിയഞ്ചുകാരനായ ഇയാളാണ് പെൺകുട്ടികളെ ആളൊഴിഞ്ഞ വീടുകളിലേക്കോ ഹോട്ടൽ മുറിയിലേക്കോ വശീകരിച്ച്‌ എത്തിക്കുന്നത്. ഇതിനിടെ ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കും. ചിലരോടു പ്രണയം നടിച്ചും ശബരീരാജ് തട്ടിപ്പു നടത്തിയിരുന്നു. പീഡനദൃശ്യങ്ങൾ ഒളിക്യാമറകളിലൂടെ പകർത്താനുള്ള സംവിധാനം നേരത്തേ തയ്യാറാക്കി വച്ചിട്ടുണ്ടാകും. ഇതിന് ഹോട്ടൽ ഉടമകൾ ഉൾപ്പെടെ ഒത്താശ നൽകിയിരുന്നതായും സൂചനയുണ്ട്.

സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ചതിനു ശേഷം പെൺകുട്ടികളെ ദീർഘദൂര യാത്രകൾക്കോ ഭക്ഷണത്തിനു ക്ഷണിച്ചു അടുപ്പം സ്ഥാപിക്കുകയും ക്രമേണ ലൈംഗിക പീഡനത്തിനു ഇരയാക്കുകയുമാണ് ചെയ്യുന്നത്. എം.ബി.എക്കാരനായ കെ.തിരുനാവുക്കരശ് ആണ് പീഡനങ്ങളുടെ ബുദ്ധികേന്ദ്രം. സ്വകാര്യസ്ഥാപന ജീവനക്കാരായ സതീഷ്, ടി.വസന്തകുമാർ എന്നിവർ ഇവർക്കു കൂട്ടുനിന്നു.

കേസിൽ അറസ്റ്റിലായ ശബരീരാജൻ വാട്സ്‌ആപ്പ് വഴിയാണ് 19 കാരിയുമായി അടുത്തത്. പെൺകുട്ടിയുടെ സഹോദരനുമായുളള പരിചയവും സീനിയറായി സ്കൂളിൽ പഠിച്ച പരിചയവും ഇയാൾഉപയോഗിച്ചു. ഫെബ്രുവരി 12ന് അത്യാവശ കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ ബസ്‍ സ്റ്റോപ്പിലേയ്ക്ക് വിളിച്ചു വരുത്തുന്നു. നിർബന്ധിച്ചു കാറിൽകയറ്റി. പരിചയമുള്ള ഒരു റസ്റ്റാറന്റിൽ ഭക്ഷണം കഴിക്കാമെന്നു പറഞ്ഞാണു പോയതെങ്കിലും വണ്ടി അവിടവും കടന്നു പോയപ്പോൾ പെണ്‍കുട്ടിക്ക് സംശയമായി. എതിർത്തപ്പോൾ മര്‍ദിച്ചു. അതിനിടെ അതുവഴി പോയ രണ്ട് ബൈക്ക് യാത്രികർ ഇതു കണ്ടതോടെ പെൺകുട്ടിയെ റോഡിലേക്കു വലിച്ചെറിയുകയായിരുന്നുവെന്നാണ് മൊഴി. ഈ സംഭവത്തിനു ശേഷം തിരുനാവക്കരശും വസന്തകുമാറും ശബരീരാജനും പെൺകുട്ടിക്ക് മെസേജുകൾ അയയ്ക്കാന്‍ തുടങ്ങി. ശബരീരാജനൊപ്പമുള്ള കാറിലെ ദൃശ്യങ്ങൾ ഇന്റർനെറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്നായിരുന്നു ഭീഷണി. സഹികെട്ടപ്പോഴാണ് വിവരം സഹോദരനോടു പറഞ്ഞത്.

ഉപദ്രവിക്കപ്പെട്ട പെൺകുട്ടികൾ പരാതി നൽകാൻ മുന്നോട്ടുവരണമെന്നു ദേശീയ വനിതാ കമ്മിഷൻ അടക്കം ആവശ്യപ്പെട്ടതിനു പിന്നാലെ പേരും വിവരങ്ങളും വെളിപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങിയതും വിവാദമായി. തന്റെ പേരും വിവരങ്ങളും ഉപയോഗിക്കുന്നതിൽ നിന്നു മാദ്ധ്യമങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും സന്നദ്ധ സംഘടനകളെയും വിലക്കണമെന്ന് ആവശ്യപ്പെട്ടു യുവതി കോയമ്പത്തൂർ ജില്ലാ കളക്ടർക്കു പരാതി നൽകിയിരുന്നു. സംഭവത്തിനു പിന്നാലെ പെൺകുട്ടിയുടെ വിവരങ്ങളും വിഡിയോകളും പ്രചരിപ്പിക്കരുതെന്നു പൊലീസ് പൊതുജനങ്ങൾക്കു നിർദ്ദേശം നൽകി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: POLLACHI SEX SCANDAL, POLLACHI, SEXUAL ABUSE, CHENNAI, TAMILNADU
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY