SignIn
Kerala Kaumudi Online
Thursday, 25 April 2024 9.15 PM IST

ഫോണിലെ ചാരപ്പണി

jj

വർഷകാല സമ്മേളനം തുടങ്ങിയ ദിവസം തന്നെ പാർലമെന്റിനെ ഇളക്കിമറിച്ചത് ഫോൺ ചോർത്തൽ വിവാദമാണ്. ഇസ്രയേലിലെ ഒരു കമ്പനിയുടെ ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് മൂന്ന് കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷത്തെ മൂന്ന് നേതാക്കൾ, ഒരു സുപ്രീംകോടതി ജഡ്‌ജി, 40 ലേറെ മാദ്ധ്യമ പ്രവർത്തകർ തുടങ്ങിയവരുടെ ഫോൺ ചോർത്തിയെന്ന വിദേശ മാദ്ധ്യമങ്ങളായ വാഷിംഗ്‌‌‌ടൺ പോസ്റ്റ്, ദി ഗാർഡിയൻ എന്നിവരും ഇന്ത്യയിലെ അവരുടെ പങ്കാളിയായ ദി വയർവെബ് മാദ്ധ്യമവുമാണ് റിപ്പോർട്ട് ചെയ്തത്. പെഗാസസിന്റെ ഡേറ്റാ ബേസിൽ ഈ നമ്പരുകളുണ്ടെന്നാണ് അവർ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലേതു കൂടാതെ 50 രാജ്യങ്ങളിലായി ഒട്ടേറെ നേതാക്കളുടെയും മാദ്ധ്യമപ്രവർത്തകരുടെയും ഫോണുകൾ നിരീക്ഷിക്കപ്പെട്ടതായും അവർ വെളിപ്പെടുത്തിയിട്ടുണ്ട്.

മുതിർന്ന ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യൻ സ്വാമിയാണ് ഇത്തരത്തിൽ വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന സൂചന ആദ്യം പുറത്തുവിട്ടത്.

ഇതിന്റെ പേരിൽ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിറുത്തുന്ന തരത്തിലാണ് പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഇത് കാള പെറ്റെന്ന് കേൾക്കുന്നതിന് മുമ്പേ കയറെടുക്കുന്നതിന് തുല്യമാണ്. വിശദമായ അന്വേഷണത്തിനു ശേഷം പുറത്തുവരുന്ന വസ്തുതാപരമായ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമെ ആരെ പ്രതിക്കൂട്ടിൽ നിറുത്തണം എന്നത് തീരുമാനിക്കാവൂ.

ഫോൺ ചോർത്തൽ ഒരു പുതിയ സംഗതിയല്ല. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ചാര സംഘടനകളും മറ്റ് ഏജൻസികളും വർഷങ്ങൾക്ക് മുന്നേ ഇത് നടത്തിയിട്ടുണ്ട്. ഇപ്പോഴും നിയമവിധേയമായി കുറ്റവാളികളുടെയും മറ്റും ഫോൺ ചോർത്തൽ കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും നടന്നുവരുന്നുമുണ്ട്. ആധുനിക സാങ്കേതികവിദ്യ വളർന്ന ഇക്കലത്താണ് സോഫ്‌റ്റ്‌‌വെയറുകൾ ഉപയോഗിച്ചുള്ള ചോർത്തലുകൾ നടക്കുന്നത്. ഹാക്കർമാർ സൈന്യത്തിന്റെ രഹസ്യങ്ങൾ വരെ ചോർത്താൻ ഇതൊക്കെ ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ ആരുടെയെങ്കിലും ഫോൺ ചോർത്തിയാൽ അത് ഗുരുതരമായ തെറ്റാണ്. സ്വാഭാവികമായി അത് വലിയ വിവാദമായി മാറുകയും ചെയ്യും.

പെഗാസസ് എന്ന ചാര സോഫ്‌റ്റ്‌വെയർ വികസിപ്പിച്ചെടുത്തത് 2016ലാണ്. ഇസ്രയേലി കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പാണ് ഇത് വികസിപ്പിച്ചത്. ഇത് വ്യക്തികൾക്ക് ലഭ്യമല്ലെന്നും സർക്കാർ ഏജൻസികൾക്കാണ് സാധാരണ നൽകാറുള്ളതെന്നുമാണ് വിവരം. ഇതിലൊക്കെ കൂടുതൽ വ്യക്തത ആവശ്യമാണ്. ഇത്തരം സോഫ്‌റ്റ്‌വെയറുകൾ കൂടുതൽ പണം നൽകി മൾട്ടിനാഷണൽ കമ്പനികളും ശതകോടീശ്വരന്മാരും മറ്റും കൈവശമാക്കാറുണ്ടെന്നത് മുൻ അനുഭവങ്ങളിൽ നിന്ന് നമുക്ക് മനസിലാക്കാവുന്നതാണ്. പണം നൽകി അല്ലാതെയും കോപ്പി അടിച്ച് സോഫ്‌റ്റ്‌വെയറുകൾ സ്വന്തമാക്കുന്ന സംഘങ്ങളും ലോകത്ത് വ്യാപകമായി പ്രവർത്തിക്കുന്നുണ്ട്. സമഗ്രമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ ഇത്തരം കാര്യങ്ങളിൽ വ്യക്തത ഉണ്ടാകൂ. അതുവരെ ഉൗഹാപോഹങ്ങളുടെ പേരിൽ കോലാഹലം കൂട്ടാമെന്നല്ലാതെ മറ്റ് പ്രയോജനമൊന്നും ഉണ്ടാകാൻ സാദ്ധ്യതയില്ല.

സാങ്കേതികത വളർന്ന് വരുന്നതനുസരിച്ച് അതിന്റെ നെഗറ്റീവ് വശവും വളരും. ആധുനിക കാലത്ത് സാങ്കേതിക വിനിമയ ഉപകരണങ്ങൾ പൂർണമായും സുരക്ഷിതമാകില്ല. എന്നാൽ മാനവരാശിയുടെ മുന്നോട്ടുള്ള ഗമനത്തിന് ഇനിയുള്ള കാലത്ത് അത് അനിവാര്യവുമാണ്. മുഖാമുഖം പറയുന്നതു മാത്രമേ ഇക്കാലത്ത് കുറച്ചെങ്കിലും രഹസ്യമായി അവശേഷിക്കൂ.

ചോർത്തൽ നടന്നിട്ടില്ലെന്നാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്. ജനങ്ങളുടെ സ്വകാര്യത മൗലികാവകാശമായി കണ്ടുതന്നെ ഉറപ്പുവരുത്തുമെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ ഇത് സംബന്ധിച്ച സ്വതന്ത്രമായ ഒരു അന്വേഷണം അനിവാര്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.