SignIn
Kerala Kaumudi Online
Thursday, 25 April 2024 5.27 AM IST

കർക്കടകക്കഞ്ഞിയും പത്തിലക്കറിയും

ayurveda

കർക്കടകത്തിൽ പഞ്ചകർമ്മചികിത്സ ചെയ്യുന്നതിന് ബുദ്ധിമുട്ടുള്ളവർ നിർബന്ധമായി ഉപയോഗിക്കേണ്ടതാണ് കർക്കടകക്കഞ്ഞി.
പഞ്ചകർമ്മ ചികിത്സ ചെയ്യാൻ സാമ്പത്തിക ശേഷിയില്ലാത്തവരും കൊവിഡ് പോലുള്ള പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ അതിന് സാധിക്കാത്തവരും കർക്കടകക്കഞ്ഞി ഉപയോഗിക്കുകയെങ്കിലും വേണം.
ഒരു നേരത്തെ സാധാരണ ഭക്ഷണത്തിന് പകരമായി കർക്കടകക്കഞ്ഞി ഉപയോഗിക്കണം. 7, 14, 21 ദിവസങ്ങൾ വരെയാണ് ഉപയോഗിക്കാവുന്നത്. ഒരു നേരമാണ് കഴിക്കുന്നതെങ്കിൽ പ്രഭാതത്തിലാണ് നല്ലത്. പ്രഭാതത്തിലും രാത്രിയിലുമായി രണ്ട് നേരമാക്കിയാൽ അത്രയും നല്ലത്.

ശരീരപോഷണം ആവശ്യമുള്ളവർ ഞവരയരിക്കൊപ്പവും അല്ലാത്തവർ ഉണക്കലരിക്കൊപ്പവും ചെറുപയറും ആശാളിയുമോ പഞ്ചകോല ചൂർണ്ണമോ (തിപ്പലി, തിപ്പലിവേര്, കാട്ടുമുളകിൻ വേര്, ശുദ്ധി ചെയ്ത കൊടുവേലിക്കിഴങ്ങ്, ചുക്ക് ) ദശപുഷ്പങ്ങളോ (മുക്കുറ്റി,ചെറൂള അഥവാ ബലിപ്പൂവ്, ഉഴിഞ്ഞ,തിരുതാളി, പൂവാംകുറുന്നൽ, കറുക, നിലപ്പന, വിഷ്ണുക്രാന്തി, കയ്യുണ്യം അഥവാ കയ്യോന്നി, മുയൽചെവിയൻ)ചേർത്ത് കഞ്ഞിയുണ്ടാക്കി ഉപയോഗിക്കാം. ദശപുഷ്പങ്ങളിൽ ഏതെങ്കിലും ഒന്നു വീതം ചേർത്ത് കഞ്ഞി വയ്ക്കുന്നവരും ഒന്നിൽ കൂടുതൽ മരുന്നുകൾ ചേർക്കുന്നവരും പത്തെണ്ണവും ചേർത്ത് കഞ്ഞിവയ്ക്കുന്നവരുമുണ്ട്.
ഇതിന് സൗകര്യമില്ലാത്തവർക്ക് മാർക്കറ്റിൽ റെഡിമെയ്ഡായി പായ്ക്കറ്റിൽ കഞ്ഞിക്കൂട്ട് ലഭിക്കും. അതിലുള്ള നിർദ്ദേശമനുസരിച്ച് അവ ഉപയോഗിക്കാം. ചിലയിടങ്ങളിൽ കഞ്ഞി തന്നെ റെഡിമെയ്ഡായി കിട്ടാറുമുണ്ട്.
തേങ്ങാപ്പാൽ ചേർത്തോ അല്പം നെയ്യ് താളിച്ച് ചേർത്തോ ചെറുചൂടോടെ വേണം കഞ്ഞി കുടിക്കാൻ. ചുവന്നുള്ളി, ജീരകം തുടങ്ങിയവ കൂടി ചേർത്താൽ ദഹനം വർദ്ധിക്കും. കർക്കടക കഞ്ഞിയ്ക്കൊപ്പമോ അവ സേവിക്കുന്ന ദിവസങ്ങളിലോ മത്സ്യമാംസാദികൾ ഒഴിവാക്കുന്നതാണ് നല്ലത്. കർക്കടകത്തിൽ കഴിക്കുന്നവ എളുപ്പം ദഹിക്കുന്നതും ക്രമേണ നമ്മുടെ ദഹനശേഷി വർദ്ധിപ്പിക്കുന്നതും അതിലൂടെ രോഗങ്ങളെയകറ്റി ആരോഗ്യമുണ്ടാക്കുന്നതുമായിരിക്കണം.

നന്നായി കഴിക്കാനും കഴിച്ചത് ദഹിക്കാനും

കേരളത്തിൽ കർക്കടകമാസത്തിൽ ഇലകൾ കൊണ്ടുള്ള കറികൾ, തോരൻ തുടങ്ങിയവ കൂടുതലായി ഉപയോഗിച്ചു വരുന്നു. മത്സ്യ മാംസാദികൾ കുറയ്ക്കുകയും ചെയ്യും. കർക്കടകത്തിലെ പഥ്യമെന്ന നിലയിലാണ് ഇലക്കറികൾക്ക് പ്രാധാന്യം നൽകിയിരിക്കുന്നത്. ചില ഔഷധ ഗുണമുള്ള ഇലകൾ നിർബന്ധമായും ഉപയോഗിക്കണമെന്ന് കേരളീയ ആയുർവേദ ചികിത്സകർ ഉപദേശിക്കുന്നു.

അതിനായി ഉപയോഗിക്കുന്ന ഇലകളെ പൊതുവെ പത്തിലകൾ എന്ന് വിളിക്കുന്നു. കേരളത്തിൽ പലയിടത്തും പത്തിലകൾ എന്ന പേരിലറിയപ്പെടുന്നത് ഒരേ തരം ഇലകളല്ല.എന്നാൽ എല്ലായിടത്തും പത്തോളം ഇലകൾ ഇതിനായി ഉപയോഗിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ,​ കേരളത്തിലാകമാനം ഉപയോഗത്തിലിരിക്കുന്ന ഇലകൾ പത്തെണ്ണത്തിലധികം വരുമെന്ന് മനസ്സിലാക്കണം.
നമുക്ക്ചുറ്റും പ്രാദേശികമായി സാധാരണയായി കാണുന്ന കുമ്പളം, മത്തൻ, ചേമ്പിന്റെയും ചേനയുടെയും താള്, തകര, തഴുതാമ, പയർ, ചുവന്ന ചീര, വെളുത്ത ചീര, കോവൽ, ഐവിരലിക്കോവൽ , (നെയ്യുണ്ണി /നെയ്യുർണി ),​ വെള്ളരി തുടങ്ങിയ ഇലകൾ തോരൻ വച്ച് ഉപയോഗിക്കാം. ഇവയാണ് പത്തിലകൾ എന്നറിയപ്പെടുന്നവയിൽ പ്രമുഖമായിട്ടുള്ളവ.

പത്തിലയിൽപ്പെടാത്ത മറ്റ് പല ഇലകളും പലവിധത്തിൽ ഉപയോഗിച്ച് വരുന്നുണ്ട്. മുരുക്ക്,വട്ട, വാഴ,പൂവരശ്,ചീലാന്തി, കറുവ എന്നിവയുടെ ഇലകളിൽ അട ഉണ്ടാക്കി കഴിക്കുന്നതും നല്ലതാണ്.

ഭക്ഷണത്തിന് രുചി കിട്ടുന്നതിനും നന്നായി വിശപ്പുണ്ടാകുന്നതിനും കഴിക്കുന്നതെന്തും ദഹിക്കുന്നതിനും ഗ്യാസിന്റെ അസുഖം കുറയുന്നതിനും രക്തചംക്രമണം ശരിയാക്കുന്നതിനും മലശോധന ശരിയായി ലഭിക്കുന്നതിനും
സന്ധികൾക്ക് അയവുണ്ടാകുന്നതിനും ശരീരത്തിലെ നീര് കുറയുന്നതിനും ശരിയായ ഉറക്കം ലഭിക്കുന്നതിനും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ഇലകൾ ചേർത്ത ആഹാരം നല്ലതാണ്. തളിരിലകളാണ് ഉപയോഗിക്കേണ്ടത്.
കട്ടിയുള്ള ഇലകൾ വെള്ളത്തിൽ പുഴുങ്ങി അല്പം പിഴിഞ്ഞ ശേഷം ചെറുതായി നുറുക്കി തേങ്ങയും ജീരകവും പച്ചമുളകും ചേർത്ത് തോരൻ വച്ച് കഴിക്കാം. ചൊറിയണം( ആനക്കൊടിത്തൂവ) സൂക്ഷിച്ച് പറിച്ചെടുത്ത് വെള്ളത്തിൽ പുഴുങ്ങിയാൽ പിന്നെ ചൊറിയുകയില്ല. ഏറ്റവും പോഷണവും രുചികരവും ആണ് ചൊറിയണത്തിന്റെ ഇല.

വാതരോഗമോ, ദഹന സംബന്ധമായ ബുദ്ധിമുട്ടുകളുള്ളവരോ സ്ഥിരമായി ഇലകൾ കഴിക്കേണ്ടതില്ല. രക്തത്തിൽ ഹീമോഗ്ലോബിൻ കുറഞ്ഞ് വിളർച്ച രോഗം ഉള്ളവർക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഇരുമ്പുചട്ടിയിൽ ചുവന്ന ചീര പാകപ്പെടുത്തി കഴിക്കാം. ഇതുപോലെ മറ്റ് ഇലകളും പല രീതിയിൽ പാകം ചെയ്യാം.

തോരനും കറിയും മാത്രമല്ല അട,കട്ലറ്റ്, പായസം തുടങ്ങി പലതും ഉണ്ടാക്കി കഴിക്കാം. വിലകൂടിയ മറ്റെന്തു വാങ്ങി ഉപയോഗിക്കുന്നതിനേക്കാളും ഗുണമേന്മയുള്ള ഇലകളെ ബുദ്ധിപൂർവ്വം ഉപയോഗിക്കാനായി വീട്ടിലെ തന്നെ മുതിർന്നവരോട് പഴയകാല അറിവുകളെ കുറിച്ച് അന്വേഷിച്ചാൽ മതിയാകും.

ചുരുക്കത്തിൽ,​ കർക്കടകത്തിൽ പ്രത്യേകം ശ്രദ്ധിച്ചാൽ നിലവിലുള്ള രോഗങ്ങളെ ശമിപ്പിക്കാനും ആരോഗ്യത്തിന് നവോന്മേഷമുണ്ടാക്കാനും സാധിക്കും. അതിനായി പഞ്ചകർമ്മ ചികിത്സകളാണ് ഏറ്റവും പ്രയോജനപ്പെടുന്നത്. അത് ചെയ്യുവാൻ സാധിക്കാത്തവർ കർക്കടകക്കഞ്ഞി ഉപയോഗിക്കണം. അതിനും സാധിക്കാത്തവർ പത്തിലക്കറികളെങ്കിലും ഉപയോഗിക്കണം. എന്തായാലും,​ കർക്കടകത്തിൽ മഴക്കാല രോഗങ്ങളേയും പകർച്ചവ്യാധികളേയും തടയുന്നതിന് പ്രത്യേക പഥ്യക്രമങ്ങൾ ആവശ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, KARKKIDAKAM
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.