SignIn
Kerala Kaumudi Online
Friday, 29 March 2024 12.26 PM IST

കരുവന്നൂർ സർവീസ് സഹകരണ  ബാങ്ക് തട്ടിപ്പ്: നിക്ഷേപകർ ആശങ്കയിൽ

karuvannur

ഇരിങ്ങാലക്കുട: കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകർ പണം എന്ന് തിരിച്ച് ലഭിക്കുമെന്ന ആശങ്കയിൽ. കോടികളുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തൽ. നിരവധി പേരുടെ ആധാരത്തിലെടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതടക്കം വൻ തട്ടിപ്പുകളാണ് ബാങ്കിൽ നടന്നത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. ബാങ്ക് അധികൃതരോട് സഹകരണ ജോയിന്റ് രജിസ്ട്രാർ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ബാങ്കിൽ വായ്പ എടുക്കാനായി പലരും വീടിന്റെയും മറ്റും ആധാരവും അനുബന്ധ രേഖകളുമെല്ലാം നൽകിയിരുന്നു. ഈ ആധാരം ഉപയോഗിച്ച് വായ്പയെടുത്തിട്ടാണ് തട്ടിപ്പ് നടന്നത്. അങ്ങനെ ഒരു ആധാരത്തിൻമേൽ മൂന്നും നാലും തവണ വായ്പ നൽകിയിട്ടുണ്ട്. ഭൂവുടമകൾ അറിയാതെയാണ് ഇത്തരം തട്ടിപ്പ് നടന്നത്.

ജീവനക്കാരുടെയും ബാങ്കിലെ ഭരണസമിതിയുടെയും ഒത്താശയോടെയാണ് ഈ തട്ടിപ്പ് നടന്നതെന്നാണ് കരുതുന്നത്. അന്വേഷണവും മറ്റുമായി നാളുകൾ കടന്നുപോയാൽ വിവിധങ്ങളായ ആവശ്യങ്ങൾക്കായി ബാങ്കിൽ നിക്ഷേപം നടത്തിയ സാധാരണക്കാരായ നിക്ഷേപകരാണ് ആശങ്കയിലായത്. പെൻഷനായ ലഭിച്ച തുകയും, കാർഷിക ആവശ്യങ്ങൾക്കും, മക്കളുടെ വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി കരുതിയ പണമാണ് ബാങ്കിൽ നിക്ഷേപമായി നൽകിയത്. എപ്പോൾ വേണമെങ്കിലും തിരിച്ചുകിട്ടുമെന്ന ധാരണയിൽ കരുതിയിരുന്ന നിക്ഷേപങ്ങൾ ഇനി എന്ന് തിരിച്ച് ലഭിക്കുമെന്നാണ് ഇവർ ചോദിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി ദിനംപ്രതി നിരവധി നിക്ഷേപകരാണ് നിക്ഷേപം പിൻവലിക്കാൻ ബാങ്കിലെത്തിയിരുന്നത്. ആഴ്ചയിൽ പതിനായിരം രൂപ വീതം മാത്രം നൽകിയിരുന്ന ബാങ്ക് അധികൃതർ ഈ മാസം അവസാനത്തോടെ ജില്ലാ ബാങ്കിൽ നിന്നും 150 കോടി രൂപ വായ്പ ലഭ്യമാകുമെന്നും, നിക്ഷേപകർക്ക് പണം നൽകാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നുമാണ് ധരിപ്പിച്ചിരുന്നത്. ഇക്കാര്യം ഇനി നടക്കുമോയെന്നതാണ് നിക്ഷേപകരുടെ ആശങ്ക.

കോൺഗ്രസ് പ്രതിഷേധ ധർണ്ണ

ഇരിങ്ങാലക്കുട: സി.പി.എം ഭരിക്കുന്ന കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ കോടികളുടെ തട്ടിപ്പിനെതിരെ കോൺഗ്രസും ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്തെത്തി.

കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാങ്കിന്റെ ഹെഡ് ഓഫീസിന് മുമ്പിൽ നടന്ന ധർണ്ണ ഡി.സി.സി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. കരുവന്നൂർ സഹകരണ ബാങ്കിന്റെ ഹെഡ്ഓഫീസിനു മുൻപിൽ ബി.ജെ.പി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് പ്രതിഷേധത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി സതീഷ് വിമലൻ,കെ.കെ അബ്ദുള്ള കുട്ടി, പി.എൻ സുരേഷ്, കെ.സി ജെയിംസ്, നിഷ അജയൻ, മണ്ഡലം ഭാരവാഹികളായ സിന്ധു അജയൻ തുടങ്ങിയവർ നേതൃത്വം നൽകി. ബി.ജെ.പി പ്രതിഷേധത്തിൽ ഷൈജു കുറ്റിക്കാട്ട്, കെ.സി വേണുമാസ്റ്റർ, ബിജോയ് തോമസ്, അജിഘോഷ് , സുനിൽ തളിയപറമ്പിൽ, മനോജ് കല്ലിക്കാട്ട്, സന്തോഷ് ബോബൻ തുടങ്ങിയവർ പങ്കെടുത്തു.

ഭരണ സമിതി പിരിച്ചുവിട്ട് അന്വേഷണം നടത്തണം

ഇരിങ്ങാലക്കുട : കേരളത്തിലെ സഹകരണ ബാങ്കുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിൽ വലിയ തട്ടിപ്പു നടത്തിയ കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. നാളെ രാവിലെ 10 ന് കരുവന്നൂർ ബാങ്ക് ഓഫീസിന് മുന്നിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തും. സമരം കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി കുര്യാക്കോസ് അദ്ധ്യക്ഷത വഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, ONLINE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.