Kerala Kaumudi Online
Monday, 27 May 2019 5.20 PM IST

എസ്.ഡി.പി.ഐ ചർച്ച; മുഖം മങ്ങി മുസ്ലീം ലീഗ്

muslim-league-demands-thi

മലപ്പുറം:എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി യു.ഡി.എഫ് സ്ഥാനാർത്ഥികളായ ഇ.ടി.മുഹമ്മദ് ബഷീറും പി.കെ. കുഞ്ഞാലിക്കുട്ടിയും രഹസ്യ ചർച്ച നടത്തിയെന്ന വിവാദം പ്രതിരോധിക്കാനാവാതെ മുസ്ലീം ലീഗ് വിയർക്കുന്നു. എസ്.ഡി.പി.ഐയുമായി ഒരുബന്ധവുമില്ലെന്നും ചർച്ച നടത്തിയിട്ടില്ലെന്നും ലീഗ് നേതാക്കൾ ആവർത്തിക്കുമ്പോൾ രാഷ്ട്രീയ ചർച്ച നടത്തിയെന്നതിൽ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജിദ് ഫൈസി ഉറച്ചുനിന്നത് ലീഗിനെ വെട്ടിലാക്കി.

മുൻകൂട്ടി നിശ്ചയിച്ച ചർച്ചയെന്നത് മയപ്പെടുത്തിയ എസ്.ഡി.പി.ഐ നേതാക്കൾ ആസൂത്രണം ചെയ്യാത്ത ചർച്ചയെന്നും രാഷ്ട്രീയസാഹചര്യം മനസ്സിലാക്കി പിന്തുണ അഭ്യർത്ഥിച്ചെന്നുമാണ് വെളിപ്പെടുത്തുന്നത്. പൊന്നാനിയിലും മലപ്പുറത്തും എസ്.ഡി.പി.ഐ ബന്ധം ഇടതുമുന്നണി മുഖ്യപ്രചരണായുധമാക്കിയത് ലീഗിന് കടുത്ത ക്ഷീണമായിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എളമരം, എസ്.ഡി.പി.ഐ സംസ്ഥാന അദ്ധ്യക്ഷൻ അബ്ദുൽ മജീദ് ഫൈസി എന്നിവരുമായി ബുധനാഴ്ച രാത്രി എട്ടരയോടെ കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലിലെ 105ാം മുറിയിലാണ് ചർച്ച നടന്നതെന്നാണ് വിവരം. ഇ.ടി. മുഹമ്മദ് ബഷീറാണ് ആദ്യം ഹോട്ടലിലെത്തിയത്. പിന്നാലെ എസ്.ഡി.പി.ഐ നേതാക്കളുമെത്തി. അവസാനമാണ് കുഞ്ഞാലിക്കുട്ടി എത്തിയത്. ഇവർ ഹോട്ടൽ മുറിയിലേക്ക് പോവുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങളാണ് പുറത്തായത്. പത്തുമിനിറ്റിൽ താഴെ ചിലവിട്ട കുഞ്ഞാലിക്കുട്ടി തിരിച്ചുപോവുന്നതും ദൃശ്യങ്ങളിലുണ്ട്.

ഇടതുസ്വതന്ത്രനായി മുൻകോൺഗ്രസുകാരൻ പി.വി. അൻവ‌ർ എം.എൽ.എ രംഗത്തുവന്നതോടെ പൊന്നാനിയിൽ മത്സരം കടുത്തിട്ടുണ്ട്. കോൺഗ്രസ്- ലീഗ് പോര് ശക്തമായ മണ്ഡലത്തിൽ കഴിഞ്ഞ തവണ ഇ.ടിയുടെ ഭൂരിപക്ഷം മണ്ഡല ചരിത്രത്തിലെ തന്നെ ഏറ്റവും കുറവായിരുന്നു.

ഇത്തവണ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പുതന്നെ ഇ.ടിയെ വേണ്ടെന്ന വിവാദ പ്രമേയവും യൂത്ത് കോൺഗ്രസ് ഇറക്കി. കഴിഞ്ഞദിവസം മണ്ഡലത്തിലെ ഡി.സി.സി ഭാരവാഹിയുമായി പി.വി.അൻവർ രഹസ്യകൂടിക്കാഴ്ച്ച നടത്തിയെന്ന വിവരം പുറത്തുവന്നതും ലീഗ് കേന്ദ്രങ്ങളെ ആശങ്കയിലാഴ്‌ത്തി. കോൺഗ്രസ് വോട്ടുകളിൽ വലിയ ചോർച്ചയുണ്ടാവുമെന്ന് വിലയിരുത്തുന്ന ലീഗ് നേതൃത്വം ഈ വിടവ് പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ്. 2014ൽ എസ്.ഡി.പി.ഐ സ്ഥാനാ‌ർത്ഥി 26,640 വോട്ടാണ് നേടിയത്. എസ്.ഡി.പി.ഐ കേഡർ പാർ‌ട്ടിയായതിനാൽ അണികളെ നേതൃത്വത്തിന് സ്വാധീനിക്കാനാവുമെന്നതിലാണ് ലീഗിന്റെ നോട്ടമെന്നാണ് ആക്ഷേപം.

ഗസ്റ്റ് ഹൗസിൽ ആരെങ്കിലും രഹസ്യ ചർച്ച നടത്തുമോയെന്നും തന്നെ കാണാനാണ് ഇ.ടി മുഹമ്മദ് ബഷീർ കാത്തിരുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇ.ടിയെ കണ്ട് ഉടനെ താൻ തിരിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐയുമായി ചർച്ച നടത്തേണ്ട കാര്യം ലീഗിനില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തിയപ്പോൾ യാദൃശ്ചികമായാണ് നേതാക്കളെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MUSLIM LEAGUE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY