SignIn
Kerala Kaumudi Online
Saturday, 20 April 2024 9.07 AM IST

കളം നിറയെ നമ്പറുകളുമായി 'ചിന്നമ്മ'

v-k-sasikala

എല്ലാം നിറുത്തി എന്ന് തിരഞ്ഞെടുപ്പിന് മുമ്പ് ജയലളിതയുടെ തോഴി വി.കെ. ശശികല പറഞ്ഞത് പലരേയും അത്ഭുതപ്പെടുത്തിയെങ്കിലും അണ്ണാ ഡി.എം.കെ നേതാക്കൾ അത് വിശ്വസിച്ചിരുന്നില്ല. ശശികലയുടെ വാക്കും പ്രവൃത്തിയുമൊക്കെ പലവട്ടം കണ്ടും അനുഭവിച്ചും അറിഞ്ഞ എടപ്പാടി പളനിസാമിയും ഒ.പന്നീർശെൽവവും ഉൾപ്പെടെയുള്ള നേതാക്കൾ കരുതലോടെ കാത്തിരിക്കുകയായിരുന്നു. അവർ പ്രതീക്ഷിച്ചതുപോലെ തന്നെ മാളത്തിൽ നിന്നും ശശികല പുറത്തേക്കു വന്നിരിക്കുന്നു. പാർട്ടി പിടിച്ചെടുക്കുകയെന്ന ലക്ഷ്യവുമായി പ്രവർത്തനം തുടങ്ങിയിരിക്കുന്നു. കൊവിഡ് കഴിഞ്ഞാൽ റാലി നടത്തി പാർട്ടി വരുതിയിലാക്കുകയാണ് ലക്ഷ്യം.

അണ്ണാ ഡി.എം.കെ പാർട്ടിയും രണ്ടില ചിഹ്നവും നേടിയെടുക്കാനുള്ള പോരാട്ടത്തിൽ വി.കെ.ശശികല ജയിച്ചാൽ തമിഴ്നാട് രാഷ്ട്രീയം ഒന്നു കലങ്ങുമെന്നുറപ്പ്. ചിഹ്നം ആവശ്യപ്പെട്ട് ശശികല സമർപ്പിച്ച കേസ് 23ന് മദ്രാസ് ഹൈക്കോടതി പരിഗണിച്ചേക്കും.

തമിഴ്‌നാട്ടിൽ ആസന്നമായ തദ്ദേശതിരഞ്ഞെടുപ്പ് തന്റെ ശക്തി തെളിയിക്കാനുള്ള അവസരമായി 'ചിന്നമ്മ' കണ്ടിട്ടുണ്ട്. അണികളെ കൂട്ടാനുള്ള പ്രവർത്തനം ശക്തമാക്കുകയാണ് ശശികല. ഇതിനു മുന്നോടിയായി പ്രവർത്തകരെ നേരിട്ടു വിളിക്കുന്നുമുണ്ട്. മനസിലുള്ള പദ്ധതിയും ലക്ഷ്യവും പാർട്ടി പ്രവർത്തകരോടു മാത്രം പറയുകയാണെന്ന മട്ടിൽ വെളിപ്പെടുത്തുമ്പോഴും കൃത്യമായി ഈ ഓഡിയോ ക്ലിപ്പുകൾ പുറത്തുവിടാനും ശശികലയുടെ അണികൾ ശ്രദ്ധിക്കുന്നു!

അനന്തരവൻ ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം, അണ്ണാ ഡി.എം.കെ എന്നീ പാർട്ടികളിൽ നിന്നു ഡി.എം.കെയിലേക്കു ചാടാൻ നിൽക്കുന്നവരെ പിടിച്ചു നിറുത്താനുള്ള നീക്കങ്ങളും ശശികല തുടങ്ങിയിട്ടുണ്ട്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.

വി.കെ.ശശികലയുമായി ആശയവിനിമയം നടത്തുന്നവരുടെ പേരിൽ അച്ചടക്ക നടപടിയെടുത്താണ് അണ്ണാ ഡി.എം.കെ പ്രതിരോധിക്കുന്നത്. ശശികലയുമായി സംസാരിച്ചതിന് പാർട്ടി വക്താവ് വി.പുകഴേന്തി ഉൾപ്പെടെ 17 പേരെ പുറത്താക്കുകയും ചെയ്തു. ശശികലയുമായി സംസാരിക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന പ്രമേയം ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന എ.ഐ.എ.ഡി.എം.കെ നിയമസഭാംഗങ്ങളുടെ യോഗത്തിൽ ഏകകണ്ഠമായാണു പാസാക്കിയത്.

ഇതിനാലൊന്നും ശശികല അടങ്ങില്ല.

പ്രതീക്ഷിച്ചതുപോലെ വൻ തിരിച്ചടിയൊന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാകാത്തതാണ് അണ്ണാ ഡി.എം.കെയുടെ ഇപ്പോഴത്തെ നേതൃത്വത്തിന്റെ കരുത്ത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ഒതുങ്ങിയപ്പോൾ നിയമസഭാ തിര‌ഞ്ഞെടുപ്പിൽ നിശ്ശേഷം തകരുമെന്നാണ് എതിരാളികൾ കരുതിയത്. എന്നാൽ 75 അംഗങ്ങളുള്ള പ്രതിപക്ഷത്തിന്റെ നേതാവായിട്ടാണ് എടപ്പാടി നിൽക്കുന്നത്. എം.എൽ.എമാരിൽ നല്ലൊരു ശതമാനത്തെ നേതൃത്വത്തിൽ നിന്നും അടർത്തി മാറ്റിയാൽ മാത്രമെ ശശികലയുടെ ലക്ഷ്യം നിറവേറുകയുള്ളൂ.

തന്ത്രശാലിയാണ് ശശികല. ജയലളിതയെ തമിഴ്നാട് മുഴുവൻ 'അമ്മ' എന്ന് വിളിച്ചപ്പോൾ സ്വന്തം അണികളെക്കൊണ്ട് തന്നെ 'ചിന്നമ്മ' എന്നുതന്നെ ശശികല വിളിപ്പിച്ചു. അതിലൂടെ മുന്നിൽക്കണ്ട ലക്ഷ്യമാണ് നാലുവർഷം മുമ്പ് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായത്. ജയലളിതയുടെ മരണശേഷം അണ്ണാ ഡി.എം.കെയുടെയും തമിഴ്നാടിന്റെയും പരമാധികാരമായിരുന്നു ആ ലക്ഷ്യം. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ പോയി. ഒ.പി.എസും ഇ.പി.എസും ഒരുമിച്ചതോടെ ശശികല പുറത്തായി. അടിക്ക് തിരിച്ചടി കൊടുക്കാൻ പകയോടെ കാത്തിരുന്ന ശശികല നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങി. പാർട്ടി പിടിക്കാനായി ചെന്നൈയ്ക്ക് പുറപ്പെട്ടതാണ്. പക്ഷെ, പെട്ടെന്ന് പ്ളാൻ മാറ്റി. രാഷ്ട്രീയം വിടുന്നെന്ന് സൂചിപ്പിച്ച് പിൻവാങ്ങി.

ജയലിൽ പോകുന്നതിനു മുമ്പ് ജയലളിത സമാധിയിലെത്തി ശശികല ആഞ്ഞടിച്ച് ശപഥം ചെയ്തിരുന്നു. അത് അണ്ണാ ഡി.എം.കെ അണികളെ സ്വാധീനിക്കാനായി മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചായിരുന്നെന്ന് ആക്ഷേപവും ഉയർന്നിരുന്നു. ഇത്തരം സീനുകൾ തമിഴ്നാട് രാഷ്ട്രീയത്തിൽ ഒഴിവാക്കാൻ കഴിയാത്തതാണ്.

വാക്ക് പാലിക്കാത്ത തോഴി

പതിറ്റാണ്ടുകൾ ജയലളിതയ്ക്കൊപ്പം തോഴിയായും മാസ്റ്റർ ബ്രെയിനായും പ്രവർത്തിച്ചയാളാണ് ശശികല.

തിരുവാരൂർ മന്നാർഗുഡിയിലെ മണലി കുറുമ്പൻ ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിലാണ് ശശികലയുടെ ജനനം. 1974ൽ സർക്കാർ അസി. പി.ആർ.ഒ എം.നടരാജനെ വിവാഹം ചെയ്തു. ചെന്നൈയിലെത്തിയ കാലത്ത് ആൾവാർപേട്ടിൽ വീഡിയോ കട തുടങ്ങി. അണ്ണാ ഡി.എം.കെയുടെ പ്രചാരണ പരിപാടികളുടെ വീഡിയോ ചിത്രീകരണത്തിന് അനുമതി തേടിയാണ് ആദ്യമായി ജയയെ കണ്ടത്. പ്രചാരണ പരിപാടികളിൽ ജയയെ അനുഗമിച്ച ശശികല പിന്നീട് സന്തതസഹചാരിയായി. ഒടുവിൽ പോയസ് ഗാർഡനിലേക്ക് താമസം മാറ്റി. 1991ൽ ജയലളിത ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ പോയസ് ഗാർഡനിലിരുന്ന് ഭരണം നിയന്ത്രിച്ചത് ശശികലയാണ്. ഭരണത്തിൽ നിറഞ്ഞു നിന്നിരുന്ന ശശികലയും ബന്ധുക്കളും മന്നാർഗുഡി മാഫിയ എന്ന കുപ്രസിദ്ധി നേടി. സ്വന്തം പേരിലും ബിനാമി പേരുകളിലും ശതകോടികളുടെ സ്വത്തുക്കൾ വാങ്ങിക്കൂട്ടി. ജയലളിത രാഷ്ട്രീയ ജീവിതത്തിൽ നേരിട്ട ഭൂരിഭാഗം കേസുകളിലും ശശികലയും പങ്കാളിയാണ്. തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് 1996 ലും പാർട്ടിയിൽ മറ്റൊരു അധികാര കേന്ദ്രമായതോടെ 2011ലും ജയ ശശികലയെ അകറ്റി നിറുത്തി.

പാർട്ടിയിൽ നിന്നും വസതിയിൽ നിന്നും അവരെ പുറത്താക്കി. പക്ഷെ, ബന്ധുക്കളുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന വാക്കു നൽകിയാണ് ശശികല പോയസ് ഗാർഡനിലേക്ക് മടങ്ങിയെത്തിയത്. പക്ഷെ, ജയലളിത അന്തരിച്ച അന്നുതന്നെ ആ വാക്ക് തെറ്റിച്ചു

ജയലളിത പുറത്താക്കിയ മന്നാർകുടി കൂട്ടം പോയസ് ഗാർഡനിൽ തിരിച്ചെത്തിയത് തമിഴകത്തെ ഞെട്ടിച്ചിരുന്നു. പാർട്ടിയുടെയോ വീടിന്റെയോ പരിസരത്തു പോലും അടുപ്പിക്കരുതെന്ന് ജയ പറഞ്ഞ നടരാജനും സംഘവും പുരുട്ചി തലൈവിയുടെ മൃതശരീരം പൊതുദർശനത്തിനു വച്ചപ്പോഴും മരണാനന്തര ചടങ്ങുകളിലും വീട്ടുകാരായി നിറഞ്ഞു നിന്നു. അങ്ങനെ മന്നാർഗുഡി സംഘം നിറഞ്ഞാടാൻ തുടങ്ങിയപ്പോഴാണ് ശശികലയും സുധാകരനും ഇളവരശിയും ബംഗളൂരു ജയിലിലേക്ക് പോകേണ്ടി വന്നത്. പിന്നാലെ നടരാജന്റെ മരണം. കോടികളുടെ പിഴ. ശശികല തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് എടുത്തെറിയപ്പെട്ടു. അപ്പോഴും ഒന്നു മാത്രം ബാക്കി. അവർ അഭ്യാസം പഠിച്ചത് ജയയുടെ കളരിയിൽ നിന്നാണ്. പയറ്റിത്തെളിഞ്ഞത് അവർക്കൊപ്പമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SASIKALA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.