SignIn
Kerala Kaumudi Online
Friday, 29 March 2024 12.03 PM IST

റദ്ദാക്കേണ്ട കാലഹരണപ്പെട്ട നിയമം

law

' ദേശസ്‌നേഹം ഉത്പാദിപ്പിക്കപ്പെടുന്നതോ നിയമത്താൽ ഉത്തേജിക്കപ്പെടുന്നതോ അല്ല. ഒരാളോട് എനിക്കിഷ്ടമല്ലെങ്കിൽ, അതിനുള്ള കാരണം ഞാൻ വ്യക്തമാക്കുന്നത് എന്റെ അഭിപ്രായത്തിലൂടെയാണ്. എന്റെ അഭിപ്രായം ഹിംസയ്‌ക്കോ ആക്രമണത്തിനോ ആഹ്വാനം നൽകുന്നതല്ലെങ്കിൽ അതെങ്ങനെ കുറ്റകരമാവും...'

ഗാന്ധിജി തനിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിൽ, ശിക്ഷയെപ്പറ്റി ചോദിച്ച ബ്രിട്ടീഷ് ജഡ്ജ് ബ്രൂംസ് ഫീൽഡിനൊട് പറഞ്ഞതാണിത്.

ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 124 എ ഭരണഘടനാ വിരുദ്ധമാണെന്നും അതിനാൽ അത് അസാധുവാക്കണമെന്നും ആവശ്യപ്പെട്ട്, വിരമിച്ച ഒരു പട്ടാള മേജറും, അരുൺ ഷൗരിയും മറ്റും സുപ്രീംകോടതിയിൽ ഭരണഘടനയുടെ അനുഛേദം 32 പ്രകാരം ഹർജി നൽകിയിരിക്കയാണ്. സർക്കാരിന്റ മറുപടിക്കും വാദത്തിനുമായി കേസ് അടുത്തമാസം പരിഗണിക്കും. 1870 ൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ വകുപ്പ് 124 എ ചേർക്കുമ്പോൾ അതിന്റെ സ്രഷ്ടാവ് ജയിംസ് സ്റ്റീഫൻ പറഞ്ഞത്,
' സർക്കാരിനെ വിമർശിക്കുന്ന ഏതൊരുതരം പദപ്രയോഗവും വേണമെങ്കിൽ രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയിൽ വരുത്താം. അത് തീരുമാനിക്കേണ്ടത് നിർഭയനായ ഒരു പൊലീസ് ഓഫീസറാണ്.' സ്റ്റീഫന്റെ ഈ പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ ബ്രിട്ടീഷ് പൊലീസ് നടപ്പിലാക്കിയിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ രാജ്യദ്രോഹക്കേസ് 1891 ലെ പ്രസിദ്ധമായ ബംഗോബാസി കേസാണ്. ഇന്ത്യയിൽ ബാലവിവാഹം ഹിന്ദുക്കൾക്കിടയിൽ നിലനിന്നിരുന്ന ആചാരമായിരുന്നു. ഈ അനാചാരത്തെ തടയാനായി ബ്രിട്ടൺ ബാലവിവാഹ നിരോധന നിയമം കൊണ്ടു വന്നു. ബംഗാളിലെ ബംഗോബാസി എന്ന മാസിക ഇതിനെതിരെ ഒരു ലേഖനം എഴുതി. ഹിന്ദുക്കളുടെ ആചാരങ്ങളിൽ , ദൈവവിശ്വാസമില്ലാത്ത ബ്രിട്ടീഷുകാർ നിയമം നിർമ്മിച്ച് ഹിന്ദുക്കളെ അവിശ്വാസികളാക്കുകയാണെന്നായിരുന്നു ലേഖനത്തിന്റെ ഉള്ളടക്കം. മാസികയുടെ പത്രാധിപരെ വകുപ്പ് 124 എ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത് സെഷൻസ് കോടതി പത്രാധിപരെ ശിക്ഷിച്ചു. പ്രിവി കൗൺസിൽ വരെ കേസ് പോയെങ്കിലും ശിക്ഷ ശരിവച്ചു.

1897 ലും 1908 ലും ബാലഗംഗാധര തിലകനെയും അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പേരിൽ ബ്രിട്ടീഷ് കോടതി രാജ്യദ്രോഹത്തിന് ശിക്ഷിക്കുകയുണ്ടായി. 1922 ൽ യംഗ് ഇന്ത്യ മാസികയിൽ എഴുതിയ ലേഖനത്തിന് മഹാത്മാഗാന്ധിയും രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെടുകയുണ്ടായി. ഗാന്ധി അപ്പോൾ കോടതിയിൽ പറഞ്ഞത്,
' ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജാവായ വകുപ്പാണിത്. ഒന്ന് നെറ്റിചുളിച്ചാൽ മതി, ഈ വകുപ്പ് ചുമത്തി നിങ്ങളെ പൊലീസ് അകത്താക്കിയേക്കും.' കേരളത്തിൽ 1935 ൽ കോഴഞ്ചേരിയിൽ നിവർത്തന പ്രക്ഷോഭത്തിന്റ പേരിൽ പ്രസംഗം നടത്തിയ സി.കേശവനെ രാജ്യദ്രോഹക്കുറ്റം ചുമത്തി രണ്ടു കൊല്ലം ശിക്ഷിച്ചിരുന്നു.

സ്വതന്ത്ര ഇന്ത്യയിൽ 1962 ൽ ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വെല്ലുവിളിക്കപ്പെട്ടിരുന്നു. അതാണ് പ്രസിദ്ധമായ കേദാർനാഥ് സിംഗ് കേസ് ( 1962). ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 124 എ വെറുതെ ഒന്നു വായിച്ചു നോക്കൂ. അതിൽ നിന്ന് വെളിവാകുന്ന സംഗതി ഇതാണ്,

' ഏതൊരാളും ലിഖിതമോ, വാക്കാലോ, അംഗവിക്ഷേപത്തിലൂടെയോ മറ്റോ സർക്കാരിനെതിരെ വെറുപ്പോ, വിദ്വേഷമോ കൂറില്ലായ്മയോ പ്രകടിപ്പിച്ചാൽ മൂന്നുകൊല്ലം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം.' പ്രസ്തുത വകുപ്പിന് മൂന്ന് വിശദീകരണങ്ങളും നൽകിയിട്ടുണ്ട്. അതായത്, സർക്കാരിന്റെ നയങ്ങളെ ഒരാൾ ശക്തമായി വിമർശിക്കയും തത്ഫലമായി സർക്കാരിനോട് അയാൾക്കോ അയാളുടെ വാക്കുകൾ കേൾക്കുന്നവർക്കോ വെറുപ്പുണ്ടായാൽ അയാളെ വകുപ്പ് 124 എ ചുമത്തി കേസിൽപ്പെടുത്താം. അത് പൊലീസിന്റെ പരമാധികാരത്തിൽ വരുന്നതും ജാമ്യമില്ലാത്ത കുറ്റവുമാണ്. ഒറ്റവായനയിൽ തന്നെ ഈ വകുപ്പ് ഭരണഘടനയുടെ അനുഛേദം 19(1)(എ) യിലടങ്ങിയ ആശയ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റ നഗ്‌നമായ ലംഘനമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഈ വകുപ്പ് അവർക്കാവശ്യമായിരുന്നു. എന്നാൽ, ജനാധിപത്യ ഇന്ത്യയിൽ എന്തിനാണീ വകുപ്പ്?

കേദാർനാഥ് സിംഗ് കേസിൽ എന്നാൽ സുപ്രീം കോടതി ഈ വകുപ്പ് റദ്ദാക്കിയില്ല. മറിച്ച് കോടതി ഈ വകുപ്പിൽ ഇല്ലാത്ത ഒരു ഘടകം ഉണ്ടെന്ന് പ്രഖ്യാപിച്ച് ഭരണഘടനാ സാധുവാക്കുകയാണ് ചെയ്തത്. അതായത് രാജ്യദ്രോഹക്കുറ്റം നിലനില്‌ക്കണമെങ്കിൽ വെറും പ്രസ്താവനയോ, വിമർശനമോ പോര മറിച്ച് ഹിംസയോ, ആക്രമണമോ ആഹ്വാനം ചെയ്തിരിക്കണം. അതില്ലെങ്കിൽ, രാജ്യദ്രോഹക്കുറ്റം നിലനില്‌ക്കില്ല. 2020 ൽ വിനോദ് ദുവ എന്ന പത്രപ്രവർത്തകന്റ കേസിലും ഇതു തന്നെയാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

എന്തിനാണ് നിയമത്തിലില്ലാത്ത ഈ വ്യാഖ്യാനം സുപ്രീം കോടതി കൂട്ടിച്ചേർത്തത്. ഈ വകുപ്പു തന്നെ ഭരണഘടന അനുഛേദം 19 (1)(എ) യുടെ ചാണയിൽ ഉരച്ചു നോക്കുമ്പോൾ നിലനില്‌ക്കുന്നതല്ലെന്ന് നിയമപരിജ്ഞാനമുള്ള ഏതൊരു വ്യക്തിക്കും കാണാം. അതിലേക്ക് ഹിംസ, ആക്രമണം എന്നൊക്കെ ഘടകങ്ങൾ കൂട്ടിചേർക്കുന്നത് നിയമനിർമ്മാണമല്ലേ. അത്തരം നിയമനിർമ്മാണം നടത്താൻ സുപ്രീംകോടതിക്ക് അധികാരമില്ലല്ലോ. അതായത്, പൊലീസിന് ആരുടെ പേരിൽ വേണമെങ്കിലും വകുപ്പ് 124 എ ചുമത്തി കേസെടുക്കാം. ജാമ്യം വേണമെങ്കിൽ,​ ഭരണഘടനാ കോടതിയിൽ ഹർജി നൽകി തന്റെ പ്രസ്താവനയിലോ വിമർശനത്തിലോ ഹിംസയ്ക്കോ ആക്രമണത്തിനോ ആഹ്വാനമില്ലെന്ന് കുറ്റാരോപിതൻ തെളിയിക്കണം. അതുവരെ അകത്തു തന്നെ. ജനാധിപത്യത്തിൽ പൊലീസിന് അമിതാധികാരം നൽകുന്ന വകുപ്പാണിത്. അത് റദ്ദാക്കപ്പെടേണ്ടത് കാലത്തിന്റെ ആവശ്യമാണ്

(ലേഖകൻ മുൻ നിയമസഭ സെക്രട്ടറിയാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIAN PENAL CODE 124A
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.