കോഴിക്കോട്: ചേളന്നൂർ പഞ്ചായത്തിലെ ഒളോപ്പാറ കേന്ദ്രീകരിച്ച് ഏറെ വൈകാതെ പുഴയോര ടൂറിസം പദ്ധതി നിലവിൽ വരും. ഇവിടം സന്ദർശിച്ച ശേഷം ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രദേശത്തെ ടൂറിസം സാദ്ധ്യതകൾ വിലയിരുത്തിയ ശേഷമായിരുന്നു തീരുമാനം.
കക്കോടി, ചേളന്നൂർ, തലക്കുളത്തൂർ ഗ്രാമപഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ഒളോപ്പാറയിൽ ടൂറിസം പദ്ധതിയ്ക്കായി സംയുക്ത പരിശോധന നടക്കും. ഒളോപ്പാറയിലെ കണ്ടൽകാടുകൾ ഉൾപ്പെടെ പുഴയുടെ സ്വാഭാവികത നിലനിറുത്തിക്കൊണ്ട് ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ പുഴയോരം സംരക്ഷിച്ചുള്ള വികസന പ്രവർത്തനങ്ങളും നടപ്പാക്കും. 24 ന് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ഡി.ടി.പി.സി സാരഥികൾ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, ആർക്കിടെക്ടുമാർ എന്നിവർ യോഗം ചേർന്ന് കരടു രൂപരേഖ തയ്യാറാക്കും.
അവലോകന യോഗത്തിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽ കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീർ, ജില്ലാ പഞ്ചായത്ത് അംഗം ഇ.ശശീന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, ഡി.ടി.പി.സി സെക്രട്ടറി സി.പി ബീന തുടങ്ങിയവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |