SignIn
Kerala Kaumudi Online
Monday, 02 August 2021 5.28 PM IST

അതിവേഗ റെയിലും അധിക ഭാരവും

photo

തിരുവനന്തപുരം - കാസർകോട് അതിവേഗ റെയിൽ പദ്ധതിയുടെ വായ്‌പാഭാരം ഏറ്റെടുക്കാൻ തയാറാണെന്ന് കേന്ദ്രത്തെ അറിയിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് സ്വാഗതാർഹമാണ്. സെമി ഹൈസ്പീഡ് റെയിലിനായെടുക്കുന്ന 33,700 കോടി വിദേശവായ്പാ തിരിച്ചടവ് ബാദ്ധ്യത സംബന്ധിച്ച് ഉറപ്പ് വേണമെന്ന് കേന്ദ്രധനമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ വായ്പ ഏറ്റെടുക്കാൻ സന്നദ്ധമാണെന്ന് അറിയിച്ചുകൊണ്ട് കേന്ദ്രത്തിന് സത്യവാങ്‌മൂലം നൽകാൻ തീരുമാനിച്ച വിവരം ഞങ്ങൾ വാർത്തയായി നൽകിയിട്ടുണ്ട്.

സാധാരണഗതിയിൽ വായ്‌പയുടെ ഉറപ്പ് സംബന്ധിച്ച് കേന്ദ്രത്തിന്റെ ചോദ്യത്തിന് ഉരുണ്ടുകളിക്കുന്ന മറുപടികളാണ് നൽകാറുള്ളത്. പദ്ധതി വർഷങ്ങൾ നീളാനും അടങ്കൽ തുക ഇരട്ടിയാക്കാനും ഇത് ഇടയാക്കും. പദ്ധതി വിജയിച്ചില്ലെങ്കിൽ നൂറുശതമാനം തിരിച്ചടവും സംസ്ഥാനം വഹിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഫെഡറൽ സംവിധാനത്തിൽ എല്ലാ ബാദ്ധ്യതയും സംസ്ഥാനം വഹിക്കണമെന്നാവശ്യപ്പെടുന്നത് ശരിയല്ല. കേരളത്തിൽ നിന്ന് പിരിക്കുന്ന ജി.എസ്.ടിയിൽ നിശ്ചിത ശതമാനം മാത്രമാണ് കേരളത്തിന് തിരികെ നൽകുന്നത്. ബാക്കി തുക കേന്ദ്രത്തിന്റെ പക്കലാണ്. അത് കേരളത്തിന്റെ വികസനത്തിന് കൂടി ചെലവഴിക്കേണ്ടതാണ്. അപ്പോൾ പദ്ധതി പരാജയപ്പെട്ടാൽ പൂർണമായി മാറിനില്‌ക്കുമെന്ന നിലപാട് കേന്ദ്രം സ്വീകരിക്കരുത്. ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥ തലത്തിലാണ് ഇത്തരം ഉപാധികൾ വന്നിട്ടുള്ളത്. രാഷ്ട്രീയതല ഇടപെടലിൽ ഇതിലൊക്കെ മാറ്റം വരും. ബാദ്ധ്യത കേന്ദ്രം കൂടി വഹിക്കണമെന്നാവശ്യപ്പെട്ട് കേരളം കത്തയച്ചാൽ അനന്തമായ തർക്കങ്ങൾ ഉടലെടുക്കും. അതിനാലാണ് ബാദ്ധ്യതയേറ്റെടുക്കാൻ തയാറാണെന്ന് കേരളം ധൈര്യപൂർവം നിലപാടെടുത്തത്.

കേരളത്തിന്റെ വികസനം അടിമുടി മാറ്റുന്ന പദ്ധതിയാണിത്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചിടത്തൊക്കെ വികസനവും വന്നിട്ടുണ്ട്. കഴക്കൂട്ടം - കോവളം ബൈപാസ് വരുന്നതിന് മുമ്പ് ആ ഭാഗങ്ങളിൽ ചൂണ്ടിക്കാട്ടാൻ വികസനമൊന്നുമില്ലായിരുന്നു. ടെക്നോപാർക്കിന് വേണ്ടി ബൈപാസ് വന്നപ്പോൾ റോഡിന്റെ ഇരുവശങ്ങളിലുമായി സ്വകാര്യമേഖല കോടികളുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ആയിരങ്ങൾക്ക് ജോലിയും ലഭിച്ചു. സർക്കാരിന്റേതായി ടെക്നോപാർക്ക് മാത്രമാണുള്ളത്. അവിടെയും പ്രവർത്തിക്കുന്നത് സ്വകാര്യ കമ്പനികളാണ്.

നാല് മണിക്കൂർ കൊണ്ട് തലസ്ഥാനത്തു നിന്ന് കാസർകോട്ടെത്താവുന്ന സെമി ഹൈസ്‌പീഡ് റെയിലിനെ തകർക്കാൻ പല കേന്ദ്രങ്ങളും ശ്രമം തുടങ്ങിയിട്ടുണ്ട്. ഏത് പദ്ധതിയെയും തകർക്കാനുള്ള ഏറ്റവും എളുപ്പമാർഗം ആദ്യം തന്നെ ആശങ്കകളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുകയാണ്. പല പദ്ധതികളും മാറ്റിവച്ചിട്ട് വർഷങ്ങൾ കഴിഞ്ഞ് പത്തിരട്ടി പണച്ചെലവിൽ നടപ്പിലാക്കിയിട്ടുമുണ്ട്. കൊച്ചി മെട്രോ പദ്ധതി അനാവശ്യമാണെന്ന് പറഞ്ഞവരുമുണ്ട്. ഇത്തരം വിമർശനങ്ങൾ കണക്കിലെടുക്കാൻ സർക്കാർ തയാറല്ലെന്നതിന്റെ സൂചനയാണ് ബാദ്ധ്യത ഏറ്റെടുക്കാൻ തയാറാണെന്ന സമ്മതപത്രം.

ഭൂമിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ചെലവ് വേണ്ടിവരുന്നത്. സിൽവർ ലൈൻ പദ്ധതിക്കായി ജില്ലകളിൽ ഭൂമിയേറ്റെടുക്കാൻ മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. 8,656 കോടി ഇതിന് വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഭൂമിക്ക് വിപണി വിലയുടെ നാലിരട്ടി നഷ്ടപരിഹാരം നൽകാനാണ് തീരുമാനം. അതിനാൽ ഭൂമി വിട്ടുകൊടുക്കുന്നവർക്ക് നഷ്ടം സംഭവിക്കില്ലെന്ന് മാത്രമല്ല അവരുടെ ജീവിതസാഹചര്യങ്ങൾ കൂടുതൽ പുരോഗമിക്കാനുള്ള സാദ്ധ്യതയാവും തുറക്കുക.

അതിവേഗ റെയിലിന് തത്വത്തിലുള്ള അനുമതിയേ ലഭിച്ചിട്ടുള്ളൂ. റെയിൽവേ, ധനമന്ത്രാലയങ്ങളുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും കേന്ദ്ര കാബിനറ്റിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. അതെല്ലാം ലഭ്യമാക്കി കേരളം ഈ പദ്ധതി നടപ്പാക്കുക തന്നെ വേണം. കാരണം കേരളത്തിന്റെ തലവര മാറ്റുന്ന പദ്ധതിയാണിത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SEMI HIGH SPEED RAIL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.