SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.00 PM IST

കൊഴിഞ്ഞുപോകില്ല ജോസഫ് മുണ്ടശ്ശേരി

joseph-mundasseri

കൊഴിഞ്ഞ ഇലകൾ മുഴുവൻ കാറ്റത്തു പറന്നുപോകില്ലെന്ന് ബാല്യത്തിലെ അറിയാമായിരുന്നു ജോസഫ് മുണ്ടശ്ശേരിക്ക്. കൊഴിഞ്ഞ ഇലകൾ എന്ന ആത്മകഥയിൽ മുണ്ടശ്ശേരി എഴുതിയ ഒരു ഭാഗം വായിക്കാം:

'താരതമ്യേന ദരിദ്രനായിരുന്ന ഞാൻ രണ്ടും കല്‌പിച്ച് എട്ടാം ക്ളാസിൽപോയി ചേർന്നു. ഒരു ദിവസം ചങ്ങാതിമാരൊന്നിച്ചു സ്കൂളിലേക്കുപോകും വഴി അങ്ങാടിയിൽ എന്റെ തറവാട്ടുകാരൻ തന്നെയായ ഒരു പ്രമാണി മാളികയുടെ വരാന്തയിലിരുന്നുകൊണ്ട് ‘ഈ ചെക്കനും മറ്റും ഹൈസ്കൂളിൽ പഠിക്കാൻ എന്തുകാര്യം’ എന്നുറക്കെ പറയുന്നതായി കേട്ടു. ഞാൻ തിരിഞ്ഞുനോക്കി. ആ മനുഷ്യൻ അവിടെയുണ്ട്. വീണ്ടും പറഞ്ഞു അയാൾ ‘അതേ നിന്നെപ്പറ്റിത്തന്ന്യാ പറഞ്ഞത് ’. എന്റെ അസ്ഥിബന്ധങ്ങൾപോലും ഇളകി. അപ്പോൾത്തന്നെ അങ്ങോട്ടുകയറി അയാളോടു തർക്കിച്ചാലോ എന്നു തോന്നി. പക്ഷേ, ഫസ്റ്റ് ബെൽ അടിച്ചുകഴിഞ്ഞിരുന്നതിനാൽ കൂട്ടുകാരുടെ പിന്നാലെ ക്ളാസ്‌മുറിയിലേക്കു നടന്നു. ആ സംഭവം എനിക്കൊരു ഇടിവെട്ടായിരുന്നു. പണമില്ലാത്തവന് ഉയർന്ന ക്ളാസിൽ ചേർന്നു പഠിക്കാൻ വയ്യെന്നോ, ബുദ്ധിയുണ്ടായാൽപ്പോലും? അന്നു ഞാൻ പ്രതിജ്ഞ ചെയ്തു: ഉയർന്നു പഠിച്ചേ ഇരിക്കൂ എന്ന്. മാത്രമല്ല ബുദ്ധിയുണ്ടായാൽ ആർക്കും എവിടെക്കയറിയും പഠിച്ചു പാസാവാൻ ഒക്കണം എന്നുള്ള ഒരു പുതിയ നീതിക്കുവേണ്ടി ഭാവിയിൽ ചെയ്യാവുന്നതൊക്കെ ചെയ്യണം എന്നൊരു വാശി താനേ ഉളവാകുകയും ചെയ്തു. അതിനുശേഷം പണത്തിന്റെപേരിൽ മാത്രം വലിയവന്മാരാകാൻ നോറ്റിട്ടുള്ളവരെ ധിക്കാരികളാക്കുന്ന സാമൂഹ്യനീതിയോട് എനിക്കൊരസഹിഷ്ണുതയും വളർന്നുവശായി.'-

കേരളം കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസമന്ത്രിയായി ജോസഫ് മുണ്ടശ്ശേരി വളർന്നതിനു പിന്നിൽ ഈ വാശികൂടി ഉണ്ടായിരിക്കാം.

1903 ജൂലായ് 17ന് തൃശൂരിലെ കണ്ടശ്ശാംകടവിൽ കഞ്ഞുവറീതിന്റെയും ഇളച്ചിയുടെയും മകനായി ജനിച്ച ജോസഫ് മുണ്ടശ്ശേരി അദ്ധ്യാപകന്റെ സഹായത്താലാണ് സ്കൂൾ വിദ്യാഭ്യാസം നേടിയത്. സ്ഥലംമാറി പോവുകയായിരുന്ന ഹെഡ്‌മാസ്‌റ്റർ എൻ.വി. മഹാദേവ അയ്യർ കണ്ടശ്ശംകടവിൽ നിന്ന് വഞ്ചി കയറുമ്പോൾ ജോസഫിനെ അരികിലേക്ക് വിളിച്ച് ഒരു പണപ്പൊതി നല്‌കി പറഞ്ഞു. ' അടുത്ത വർഷം എട്ടാംക്ളാസിൽ ചേരണം, സ്‌കോളർഷിപ്പ് കിട്ടാതിരിക്കില്ല' നന്ദി പറയാനാവാതെ അന്ന് കണ്ണുകൾ നിറഞ്ഞൊഴുകിയതും മുണ്ടശേരി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രതിരോധവും കണ്ണീരുമാണ് മുണ്ടശേരിയെ കൊച്ചി സംസ്ഥാനത്തിലെ ആദ്യത്തെ മലയാള - സംസ്‌കൃത എം.എക്കാരനും പില്‌ക്കാലത്ത് വിദ്യാഭ്യാസമന്ത്രിയും വൈസ് ചാൻസലറുമൊക്കെയാക്കി മാറ്റിയതെന്ന് പറയാനാവും. എന്നാൽ, അതിനെല്ലാമപ്പുറമുള്ള പ്രതിഭാവിലാസത്തിന്റെ കാന്തികരശ്മികൾ ജോസഫ് മുണ്ടശ്ശേരിയുടെ ഓരോ സഞ്ചാരത്തിലും കാണാനാവും.

മൂന്ന് മുഖങ്ങളുണ്ട് മുണ്ടശ്ശേരിയുടെ കർമ്മലോകത്തിന്. വിദ്യാഭ്യാസം, രാഷ്ട്രീയം, സാഹിത്യവിമർശനം. മൂന്നിലും ഒരുപോലെ വിളങ്ങിയത് അദ്ദേഹത്തിന്റെയുള്ളിൽ ഭദ്രദീപമായി പ്രകാശിച്ചിരുന്ന സാമൂഹിക പ്രതിബദ്ധതയാണ്. സ്കൂൾ മാനേജ്മെന്റുകൾക്ക് മൂക്കുകയർ ഇടണമെന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ ബിൽ അവതരിപ്പിക്കുന്നതെന്ന് നിയമസഭയിൽ പ്രസംഗിച്ചതും കുമാരാനാശാനെ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്ന് വിശേഷിപ്പിച്ചതിനൊപ്പം ജി. ശങ്കരക്കുറുപ്പിന്റെ കവിതയെ പ്രതിരോധിച്ചതും ഉള്ളിൽ തിങ്ങിനിന്നിരുന്ന സാമൂഹിക പ്രതിബദ്ധതയുടെ പ്രേരണായാൽത്തന്നെ.

കേരളപ്പിറവിക്കു ശേഷം 1957 ൽ രൂപീകൃതമായ ആദ്യ ഇ.എം.എസ്. മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായിരിക്കെ കൊണ്ടുവന്ന വിദ്യാഭ്യാസ ബിൽ മന്ത്രിസഭയെ പിരിച്ചുവിടാൻ വരെ ഇടയാക്കിയ പ്രക്ഷോഭമാണ് കേരളത്തിൽ സൃഷ്‌ടിച്ചത്. വൻകിട ഭൂ ഉടമകളെ വിറളി പിടിപ്പിച്ച കാർഷികബന്ധ ബില്ലിനു പിന്നാലെ 1957 ജൂലായ് ഏഴിനാണ് വിദ്യാഭ്യാസബില്ല് അവതരിപ്പിച്ചത്. തീപാറുന്ന എതിർപ്പുകളെ തു‌ടർന്ന് 58 മാർച്ച് 15 ന് രാഷ്ട്രപതി ഭരണഘടനയുടെ 143-ാം വകുപ്പ് പ്രകാരം സുപ്രീം കോടതിയുടെ അഭിപ്രായം ആരായുന്നതിന് ബില്ല് അയച്ചു. ന്യൂനപക്ഷാവകാശങ്ങൾക്ക് വിരുദ്ധമായ വകുപ്പുകൾ ഭേദഗതി ചെയ്യണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഭേദഗതികളോടെയുള്ള ബിൽ 58 ഡിസംബറിൽ നിയമസഭ പാസാക്കി. 1959 ഫെബ്രുവരിയിൽ അത് നിയമമായി. സർക്കാർ സ്കൂളിലെ അദ്ധ്യാപകരുടെ അതേ തോതിൽ സ്വകാര്യ സ്കൂൾ അദ്ധ്യാപകർക്കും ഇന്നും ശമ്പളം കിട്ടുന്നത് അതുകൊണ്ടാണ്. അദ്ധ്യാപക നിയമനം പി.എസ്.സിക്കു വിടണമെന്ന ഇപ്പോഴും മുഴങ്ങുന്ന ആവശ്യം ബില്ലുവഴി അന്നേ നടപ്പിലാകുമായിരുന്നു. പക്ഷേ, പിന്നാലെ അധികാരത്തിലെത്തിയവ‌ർ അതില്ലാതാക്കി.

ഒരു വ്യവസ്ഥയുമില്ലാതെ പ്രവർത്തിച്ചിരുന്ന സ്വകാര്യ വിദ്യാലയങ്ങൾ വ്യവസ്ഥാപിതമാക്കാനും 14 വയസുവരെയുള്ള വിദ്യാഭ്യാസം എല്ലായിടത്തും സൗജന്യവും സാർവത്രികവുമാക്കാനും ലക്ഷ്യമിട്ടിരുന്ന ബില്ലായിരുന്നു അത്. അദ്ധ്യാപക നിയമനം സർക്കാർ നിശ്ചയിക്കുന്ന പാനലിൽനിന്നു മാത്രമേ പാടുള്ളൂ എന്നും ബില്ലിൽ വ്യവസ്ഥചെയ്തിരുന്നു. അതിനെ തകർക്കാനും കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ മറിച്ചിടാനുമായി പ്രക്ഷോഭത്തിനിറങ്ങിയ സമുദായ നേതൃത്വങ്ങളും പ്രതിപക്ഷവും നട്ടാൽകുരുക്കാത്ത നുണകൾകൂടി കലർത്തിയാണ് ബില്ലിനെതിരെ പ്രചാരണം നടത്തിയത്. സ്കൂളുകൾ പിടിച്ചെടുത്ത് കമ്മ്യൂണിസം പഠിപ്പിക്കാൻ പോകുന്നുവെന്നു വരെ കിംവദന്തികൾ ഉണ്ടായി. പക്ഷേ, മുണ്ടശ്ശേരിയുടെ ഇച്ഛാശക്തിയെ തകർക്കാൻ അതൊന്നും മതിയാവുമായിരുന്നില്ല.

അടിയന്തരാവസ്ഥക്കാലത്ത് തൃശ്ശൂർ റൗണ്ടിലൂടെ നടക്കുകയായിരുന്ന മുണ്ടശ്ശേരിയെ പൊലീസ് വിലക്കിയപ്പോൾ പറഞ്ഞ മറുപടി ഇന്നും ഉത്പതിഷ്ണുക്കൾ ആവർത്തിക്കാറുണ്ട്. കാൽനടക്കാർക്കായി വരച്ച വരയ്ക്കുള്ളിലൂടെ നടക്കണം എന്നായിരുന്നു ആജ്ഞ. ‘നിങ്ങൾ വരച്ച വരയിലൂടെ ഞാൻ നടക്കില്ല. ഞാൻ വരച്ചവരയിലൂടെ നിങ്ങളെ നടത്തിക്കും’ -എന്നായിരുന്നു ആ മറുപടി.

രാജാക്കന്മാരുടെയും അവരെ ചുറ്റിപ്പറ്റി നിന്നവരുടെയും കളിത്തട്ടകമായിരുന്ന മലയാളസാഹിത്യത്തെ സ്വാതന്ത്ര്യത്തിന്റെയും ജനകീയതയുടെയും വഴികളിലേക്ക് തിരിച്ചുവിടാനും മുണ്ടശ്ശേരി തന്റെ ഉജ്ജ്വലപ്രതിഭയെ ഉപയോഗിച്ചു. അതേ അവസരത്തിൽത്തന്നെ സാഹിത്യത്തിന്റെ രൂപം ഭദ്രമായിരിക്കണമെന്ന ശാഠ്യവും നിലനിറുത്തി. താത്കാലിക ഭ്രമങ്ങളിൽ നിന്നുതിരുന്ന ഭാവവികാരങ്ങളെ മുണ്ടശ്ശേരി ഇഷ്ടപ്പെട്ടിരുന്നില്ല. രൂപഭദ്രതാ വാദത്തിൽ അങ്ങനെ ഒരു മറുവശംകൂടി ദർശിക്കാനാവും. കവിത സമൂഹത്തെ സംസ്കരിക്കാൻ പാകമായിരിക്കണം എന്ന് അദ്ദേഹം കരുതിയിരുന്നു.
‘എഴുത്തുകാരുടെ അന്തർഭാവങ്ങൾ അതതിന്റെ പാകത്തിൽ ഘടിതരൂപങ്ങളായി പ്രകടീഭവിക്കണം’ എന്ന വാദത്തിനാണ് മുണ്ടശ്ശേരി ഊന്നൽ നൽകിയത്. ആലങ്കാരങ്ങൾ പരിലസിക്കുന്ന ജിയുടെ കവിതകൾ മുണ്ടശ്ശേരി ഇഷ്ടപ്പെടാതെ പോയതും അതുകൊണ്ടാണ്. കവിതയിൽ കുമാരനാശാനും ഗദ്യസാഹിത്യത്തിൽ സി.വി. രാമൻപിള്ളയും സൃഷ്ടിച്ച ഭാഷയുടെ മുഴക്കം അതിനുമുമ്പും ശേഷവും എന്ന സാഹിത്യചിന്തയ്ക്കും പഠനങ്ങൾക്കും വഴിവച്ചിട്ടുണ്ട്. വിമ‌‌ർശനസാഹിത്യത്തിൽ സമാനമായ മുഴക്കം സൃഷ്ടിച്ചത് ജോസഫ് മുണ്ടശ്ശേരിയാണ്. വിമർശനസാഹിത്യത്തിൽ മുണ്ടശ്ശേരിക്കു മുമ്പും ശേഷവും എന്നൊരു പഠനം നടത്തുന്നത് ഈടുറ്റ അനുഭവമായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALLUM NELLUM, JOSEPH MUNDASSERY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.