SignIn
Kerala Kaumudi Online
Wednesday, 22 September 2021 6.57 AM IST

'യമുനാറാണി വന്നോടേയ്...', വിടപറഞ്ഞത് മലയാളസിനിമയിലെ ചിരിയുടെ കാരണവർ

padannayil

തിരുവനന്തപുരം: നാടകനടനാവുക എന്ന തീവ്രമായ മോഹവുമായി പലരെയും സമീപിച്ചെങ്കിലും നടനാകാനുള്ള രൂപം പോരെന്നു പറഞ്ഞ് തിരിച്ചയച്ചതോടെ വാശി കയറി നാടകം പഠിച്ച ആളാണ് കെ ടി എസ് പടന്നയില്‍ എന്ന കെ ടി സുബ്രഹ്മണ്യന്‍. തൃപ്പൂണിത്തുറ സരസ്വതിവിലാസം സ്‌കൂളിൽ പഠിക്കുമ്പോൾ ക്ലാസിൽ ആറു സുബ്രഹ്മണ്യൻമാർ ഉണ്ടായിരുന്നു. സുബ്രഹ്മണ്യാന്നു വിളിച്ചാൽ ആറുപേരും ഒന്നിച്ച് ഓടിയെത്തും. ഇതോടെ അദ്ധ്യാപകനായ കുര്യൻ മാഷ് കണ്ടെത്തിയ വഴിയാണ് കുടുംബപ്പേരും അച്ഛന്‍റെ പേരും ചേർത്ത് ഇനീഷ്യലിട്ടു വിളിക്കുക എന്നത്. അങ്ങനെ അദ്ദേഹമിട്ട പേരാണ് കെ ടി എസ് പടന്നയിൽ.

ചെറുപ്പം തൊട്ടേ നാടകത്തോട് വലിയ കമ്പമായിരുന്നു പടന്നയിലിന്. വേഷം തേടി പലരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അതോടെ നാടകരംഗത്ത് വരണം എന്നത് വാശിയായി. അങ്ങനെയിരിക്കെ തൃപ്പൂണിത്തുറ ഊട്ടുപുര ഹാളില്‍ ചര്‍ക്ക ക്ലാസില്‍ ചേര്‍ന്നു. വാര്‍ഷികാഘോഷത്തില്‍ അവതരിപ്പിക്കുന്ന നാടകത്തില്‍ അഭിനയിക്കാം എന്നതായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. അങ്ങനെ 65 വര്‍ഷം മുമ്പ് 'വിവാഹദല്ലാൾ' എന്ന നാടകത്തില്‍ ദല്ലാളായി അഭിനയിച്ചായിരുന്നു നാടകത്തിലെ അരങ്ങേറ്റം.

1957ല്‍ സ്വയം എഴുതി 'കേരളപ്പിറവി' എന്ന നാടകം തൃപ്പൂണിത്തുറയിൽ അവതരിപ്പിച്ചു. അതിനുശേഷം അഞ്ചുരൂപ പ്രതിഫലത്തില്‍ അമെച്വര്‍ നാടകങ്ങളില്‍ അഭിനയം തുടര്‍ന്നു. പിന്നീട് പ്രൊഫഷണല്‍ നാടകരംഗത്ത് 50 വര്‍ഷം തിളങ്ങി. വൈക്കം മാളവിക, ചങ്ങനാശേരി ഗീഥ, കൊല്ലം ട്യൂണ, ആറ്റിങ്ങല്‍ പത്മശ്രീ, ഇടക്കൊച്ചി സര്‍ഗചേതന തുടങ്ങി ഒട്ടേറെ സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് സിനിമാ സംവിധായകന്‍ രാജസേനന്‍ നാടകം കാണാന്‍ ഇടയായത് ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവായി. രാജസേനന്‍റെ 'അനിയന്‍ ബാവ, ചേട്ടന്‍ ബാവ' യിലൂടെ പടന്നയില്‍ ആദ്യമായി സിനിമയിലെത്തി. പടം ഹിറ്റായതോടെ കൈനിറയെ ചിത്രങ്ങളായി.'വൃദ്ധന്‍മാരെ സൂക്ഷിക്കുക', 'ശ്രീകൃഷ്‌ണണപുരത്തെ നക്ഷത്രത്തിളക്കം' തുടങ്ങിയ സിനിമകളിലെ തമാശരംഗങ്ങള്‍ ഏറെ പ്രേക്ഷകപ്രീതി നേടി.

'അനിയന്‍ ബാവ, ചേട്ടന്‍ ബാവ'യിലെ ആദ്യ സീൻ ഷൂട്ട് ചെയ്‌ത ശേഷമാണ് ചിത്രത്തിൽ നാല് തലമുറകളുടെ അധിപനാണ് താനെന്ന് പടന്നയിൽ അറിയുന്നത്. സംവിധായകൻ രാജസേനനെ മുറിയിൽ പോയി കണ്ട്, ആ സീൻ വീണ്ടും എടുക്കാമോ എന്ന് പടന്നയിൽ ചോദിച്ചു. 'അയ്യോ. ചേട്ടൻ ശരിയായി ചെയ്‌തല്ലോ..' എന്ന് രാജസേനൻ പറഞ്ഞപ്പോൾ, പടന്നയിൽ തന്‍റെ വയ്‌പ്പുപല്ല് ഊരിയെടുത്ത ശേഷം 'എന്‍റെ മകനാണ് ഇവൻ..' എന്ന് തുടങ്ങുന്ന ഡയലോഗ് പറഞ്ഞ് കാണിച്ചത്. ഒരു നിറഞ്ഞ ചിരിയോടെ രാജസേനൻ സീൻ രണ്ടാമതെടുത്തു. അതിൽപിന്നെ വയ്‌പ്പുപല്ല് വായിലേക്ക് വയ്ക്കാൻ പടന്നയിലിന് പറ്റിയിട്ടില്ല. അങ്ങനെ സ്വാഭാവികമാകാൻ പടന്നയിൽ ഒപ്പിച്ച പണിയാണ് അദ്ദേഹത്തെ സിനിമയിലെ പല്ലില്ലാ കാരണവരാക്കിയത്. ശ്രീകൃഷ്‌ണപുരത്തെ നക്ഷത്രതിളക്കത്തിലെ 'യമുനാറാണി വന്നോടേയ്' അടക്കമുളള സംഭാഷണങ്ങൾ മലയാളികളുടെ മനസിലെ ചിരിയുണർത്തുന്ന ഓർമ്മകളാണ്.

സിനിമയുടെ വെളിവെളിച്ചത്തിൽ നിന്നും എന്നും മാറിനടന്ന നടനായിരുന്നു അദ്ദേഹം. തേച്ചുവച്ച രണ്ടു ജോടി ജുബ്ബയും മുണ്ടും അടങ്ങിയ പെട്ടി അദ്ദേഹത്തിന്‍റെ മുറുക്കാൻകടയുടെ മൂലയിൽ എപ്പോഴുമുണ്ടാകും. ഏതെങ്കിലും സിനിമക്കാരുടെ വിളി വരുന്നതു കാത്തിരിക്കുന്ന പെട്ടിയായിരുന്നു അത്. വിളി എത്തിയാൽ ആ പെട്ടിയുമെടുത്ത് ഒരൊറ്റയിറക്കമാണ്. അത്രമേൽ കലയെയും കലാകാരൻമാരെയും സ്നേഹിച്ചിരുന്നന്ന കെ.ടി.എസ് പടന്നയിൽ അവസാനകാലങ്ങളിലും ജീവിതത്തോട് പടവെട്ടിയാണ് ജീവിച്ചത്.140ലധികം മലയാള സിനിമകളിലും നിരവധി ടെലിവിഷൻ സീരിയലുകളിലും പടന്നയിൽ അഭിനയിച്ചിട്ടുണ്ട്. 'മാനം തെളിഞ്ഞു', 'അവരുടെ വീട്', 'ജമീലാന്‍റെ പൂവന്‍കോഴി' തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KTS PADANNAYIL, KTS PADANNAYIL DEATH, MALAYALA CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.