SignIn
Kerala Kaumudi Online
Tuesday, 28 September 2021 12.38 AM IST

മുസ്ലീങ്ങൾ എല്ലാം മുസ്ലീം ലീഗല്ലെന്ന് കോൺഗ്രസ് മറന്നുപോയി, ജമാ അത്ത് ഇസ്ലാമിക്കെതിരെ നിലപാടെടുത്തത് ബുദ്ധിശൂന്യത; തുറന്നടിച്ച് യൂത്ത് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ

nusoor

​മുസ്ലീങ്ങൾ എല്ലാം മുസ്ലീം ലീഗ് അല്ലെന്നത് കോൺഗ്രസ് മറന്നുപോയെന്ന് തുറന്നടിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ എൻ എസ് നുസൂർ. നേമത്ത് കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കിയാൽ ബി ജെ പിക്കെതിരെയുള്ള പോരാട്ടത്തിന് കോൺഗ്രസ്‌ മാത്രമേയുള്ളു എന്ന് വരുത്തിതീർക്കാൻ കഴിയുമെന്നും ഇതുവഴി മുസ്ലീങ്ങളെ കൂടെ നിർത്താൻ കഴിയുമെന്നും നേതൃത്വം കരുതിയെങ്കിൽ തെറ്റുപറ്റിയെന്നും നുസൂർ ഫേസ്ബുക്കിൽ കുറിച്ചു. ബി ജെ പി അല്ലായിരുന്നു കോൺഗ്രസിന്‍റെ എതിരാളിയെന്നും പിണറായിക്കെതിരെ എന്തുകൊണ്ട് ശക്തനായ സ്ഥാനാർത്ഥിയെ കണ്ടെത്താൻ കോൺഗ്രസിനു കഴിഞ്ഞില്ലെന്നും നുസൂർ ചോദിക്കുന്നു.

യു ഡി എഫ് സർക്കാരിന്‍റെ സമയത്തുണ്ടായ അഞ്ചാം മന്ത്രി വിവാദവും രമേശ്‌ ചെന്നിത്തലയെ ആർ എസ് എസ് ആക്കാനുള്ള സി പി എം ബുദ്ധികേന്ദ്രങ്ങളുടെ തീവ്ര ശ്രമവുമെല്ലാം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതലായുള്ള ക്രിസ്ത്യൻ സമൂഹവും എ പി, മുജാഹിദ്, ജമാ അത്ത് ഇസ്ലാമി അടക്കം ഉള്ള മുസ്ലീം വിഭാഗവുമെല്ലാം ഇനി കാര്യം കാണാൻ ലീഗ് ഹൗസിന് മുമ്പിൽ കാവൽ കിടക്കണം എന്ന് ചിന്തിച്ചാൽ തെറ്റ് പറയാൻ കഴിയുമോയെന്ന് ചോദിക്കുന്ന യൂത്ത് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ ജമാ അത്ത് ഇസ്ലാമി അകറ്റിനിർത്തപ്പെടേണ്ട സംഘടനയാണെന്ന് കോൺഗ്രസ്‌ നേതാക്കൾ പരസ്യനിലപാട് എടുത്തത് രാഷ്ട്രീയ ബുദ്ധിശൂന്യത അല്ലേയെന്നും ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

"ഇസ്ലാംമത വിശ്വാസികൾ വിവേകത്തെക്കാളും വികാരത്തിന് അടിമപ്പെടുന്നവരായി മാറി ".

ലോകത്തെ മിക്കരാജ്യങ്ങളിലും ഇസ്ലാമിക സമൂഹം പീഡനത്തിന് ഇരയാക്കപ്പെടുന്നുണ്ട്. എന്നാൽ ഇസ്ലാമിക രാജ്യങ്ങളിൽ എന്ത് കൊണ്ടാണ് ഇതേ സമൂഹം പരസ്പരം പീഡനത്തിന് ഇരയാകുന്നത്? . ഈ വിഷയം പലപ്പോഴായി പലരും ചർച്ച ചെയ്തതാണ്. .ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിൽ ഇസ്ലാമിക സമൂഹം വഹിച്ച പങ്ക് വിസ്മരിച്ചാൽ ഇന്ത്യൻ ചരിത്രം പൂർണമാകുമോ? ജിന്നയുടെ നേതൃത്വത്തിൽ പാക്കിസ്ഥാൻ രൂപം കൊണ്ടപ്പോൾ രാജ്യത്തുള്ള മുഴുവൻ മുസ്ലീങ്ങളും പാക്കിസ്ഥാനിലേക്ക് പോയില്ല. കാരണം പിറന്ന നാടിന് വേണ്ടിയുള്ള പോരാട്ടത്തിൽ ശഹീദായവരുടെ രക്തത്തിന്റെ ഗന്ധം അവരെ മാതൃരാജ്യവുമായി അത്രയേറെ ബന്ധിപ്പിക്കപ്പെട്ടിരുന്നു.

ഈ രാജ്യം ആരുടേതാണ്..

ചോദ്യം പ്രസക്തമല്ലേ...

ശിവസേനതലവൻ ഉദ്ധവ് താക്കറെ യോഗി ആദിത്യനാഥിന്റെ നിലപാടിനോട് പൊരുത്തപ്പെട്ടുകൊണ്ട് കഴിഞ്ഞദിവസം പ്രസ്താവന നടത്തിയിരുന്നു. ആ നിലപാട് ചിലപ്പോൾ അംഗീകരിക്കേണ്ടി വരും. കാരണം മുസൽമാന് അവന്റെ മതപഠനം നടത്താനുള്ള സ്വാതന്ത്ര്യം ഈ രാജ്യത്തുണ്ട്. ക്രിസ്ത്യൻ സമൂഹത്തിന് അവന്റെ മതപഠനം നടത്താനുള്ള അവകാശവും ഇവിടെയുണ്ട്. പിന്നെ എന്തുകൊണ്ട് ഹൈന്ദവന്റെ ആചാരങ്ങളെയും അനുഷ്ഠാങ്ങളേയും ചോദ്യം ചെയ്യപ്പെടുന്നു എന്നൊരു ചിന്താഗതി ഇവിടെ ഉടലെടുക്കപ്പെടുന്നു. മതേതരത്വം അവർ മാത്രം പാലിക്കപ്പെടണം എന്ന തോന്നൽ എന്ത് കൊണ്ട് അവർക്കുണ്ടാകുന്നു.

എന്റെ മതം എനിക്കുള്ളതെങ്കിൽ മറ്റുള്ളവന്റെ മതവും മതസ്വാതന്ത്ര്യം അവനുള്ളതല്ലേ? മതപരിവർത്തനം അവസാനിപ്പിക്കാനുള്ളത് തന്നെയാണ്. ഇസ്ലാമിലേക്ക് പുറത്തുനിന്ന് ആളുകളെ കൊണ്ട് വന്ന് പരിപോഷിപ്പിക്കേണ്ട ആവശ്യകതയുണ്ടോ? എന്നാൽ ഇത് പ്രത്യേക ദൗത്യമായി

ഏറ്റെടുത്തിരിക്കുന്നത് പ്രൊട്ടസ്റ്റന്റുകളാണ്. എന്ത് കൊണ്ട് അവർ രാജ്യത്തിന് അനഭിമതരാകുന്നില്ല. അവിടെയാണ് ഇസ്ലാമിക സമൂഹം തിരിച്ചറിയപ്പെടേണ്ട ഗൗരവതരമായ കാര്യങ്ങൾ ഉള്ളത്.

ഇസ്ലാമിനെപ്പറ്റി അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നവർക്ക് രാഷ്ട്രീയമുണ്ട്. ആ ചിന്താഗതിയോടെ സംസാരിക്കുന്നവർ സുരക്ഷിതരുമാണ്. എന്നാൽ ഇതൊന്നുമില്ലാതെ സംസാരിച്ചാൽ ഇഹലോകവാസം വെടിയും എന്നതും മറക്കരുത്. ബാബറി മസ്ജിദ് തകരുമ്പോൾ അതിന്റെ പ്രതിഫലനം ഉണ്ടായത് രാജ്യത്തെ മുസൽമാന്മാരുടെ മനസുകളിലാണ്. ആ സംഭവത്തിൽ നിന്നും ഉത്തരവാദിത്തപ്പെട്ടവർക്ക് മുഖം തിരിക്കാനാകുമോ? എന്നാൽ കാലഘട്ടം മാറി. ബിജെപി എംഎൽഎ മാർ എല്ലാം വിജയിച്ചത് ഹിന്ദു വോട്ട് കൊണ്ട് മാത്രമല്ല. മുസ്ലീം ഭൂരിപക്ഷ മേഖലയിലും അവർ വിജയിച്ചെങ്കിൽ തർക്കത്തിനായി ഭയപ്പെടുത്തി നേടിയതാണ് ആ വിജയം എന്ന് പറയാം. സത്യം അതല്ല എന്ന് അവർക്കും നമ്മുക്കും മനസിലാകും . കേരളത്തിൽ എന്ത് കൊണ്ട് ബിജെപി എംഎൽഎ ആയി രാജഗോപാൽ തിരഞ്ഞെടുക്കപ്പെട്ടു. മുസ്ലീം ഭൂരിപക്ഷ ബൂത്തുകളിൽപോലും അദ്ദേഹം ലീഡ് ചെയ്തിരുന്നു. കേരളത്തിൽ എന്ത് കൊണ്ട് രണ്ടാമതും പിണറായി അധികാരത്തിൽ വന്നു. കാരണം മുസ്ലീം വോട്ടുകളുടെ ഏകീകരണം സിപിഎമ്മിന് അനുകൂലമായി എന്നത് പ്രധാന ഘടകം തന്നെയാണ്. അവിടെയാണ് ഇസ്‌ലാമിന്റെ വൈകാരികതയെ മാർക്കറ്റ് ചെയ്യാൻ സിപിഎമ്മിന് കഴിഞ്ഞു എന്നുള്ളതിന്റെ പ്രസക്തി. കേരളമുസ്ലീം ഇന്നും കടുത്ത ആർ എസ് എസ് വിരുദ്ധത വച്ച് പുലർത്തുന്നവരാണ്. പൗരത്വഭേദകഗതി ബില്ലുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളിൽ സിപിഎം എടുത്ത ശക്തമായ നിലപാടുകൾ സമുദായം സസൂഷ്മം വീക്ഷിച്ചിരുന്നു എന്ന് വേണം കരുതാൻ .അത്‌ കപട സ്നേഹം അല്ല എന്ന് വരുത്തി തീർക്കാൻ സാന്ദർഭികവശാൽ റിയാസ് -വീണ ദമ്പതികളുടെ വിവാഹം കാരണവുമായി. പിണറായിയുടെ മതേതര മുഖം ശക്തമാകുന്ന തീരുമാനം ആയിരുന്നു ഇത്. മറിച്ച് ഒരു സാധാരണപ്പെട്ടവൻ ഈ വിവാഹം നടത്തിയാൽ ഊര് വിലക്ക് നടത്താൻ കാത്ത് നിൽക്കുന്ന കാലഘട്ടമാണ് ഇതെന്നത് നമ്മൾ ഓർക്കണം. പക്ഷെ അപ്പോഴും മുസ്ലീങ്ങളെ പാർട്ടിയിൽ അടുപ്പിക്കാൻ കോൺഗ്രസ്‌ കണ്ടെത്തിയത് "യാന്ത്രികമായി വോട്ട് ചെയ്യും" എന്ന കാലഹരണപ്പെട്ട ചിന്താഗതി മാത്രമാണ്.

"മുസ്ലീങ്ങൾ എല്ലാം മുസ്ലീം ലീഗ് അല്ല"

എന്നത് കോൺഗ്രസ്‌ മറന്നുപോയിരിക്കുന്നു. നേമത്ത് കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കിയാൽ ബിജെപി ക്കെതിരെയുള്ള പോരാട്ടത്തിന് കോൺഗ്രസ്‌ മാത്രമേയുള്ളു എന്ന് വരുത്തിതീർക്കാൻ കഴിയും എന്നതും ഇത് വഴി മുസ്ലീങ്ങളെ കൂടെ നിർത്താൻ കഴിയും എന്ന് നേതൃത്വം കരുതിയെങ്കിൽ തെറ്റുപറ്റി. കാരണം ബിജെപി അല്ലായിരുന്നു കോൺഗ്രസ്സിന്റെ എതിരാളി. മറിച്ച് എന്ത് കൊണ്ട് പിണറായി വിജയനെതിരെ ശക്തനായ സ്ഥാനാർത്ഥിയെ കണ്ടെത്താൻ കോൺഗ്രസ്സിനു കഴിഞ്ഞില്ല എന്നതായിരുന്നു പ്രധാന ചോദ്യം. പിണാറായിക്കെതിരെ മത്സരിക്കാൻ പോലും ആളില്ല എങ്കിൽ അജയ്യനാണ് വിജയൻ എന്ന് നമ്മൾ ആദ്യമേ സമ്മതിച്ചു കൊടുത്തതല്ലേ?. ഒരേ സമയം ഇസ്ലാമിക സംഘടനകളുടെയും മൃദു ആർ എസ് എസ് വോട്ടുകളും സമാഹരിക്കാൻ കോൺഗ്രസ്‌ സിപിഎമ്മിന് അവസരമൊരുക്കി നൽകി എന്നതാണ് യാഥാർത്ഥ്യം.യുഡിഎഫ് ഗവൺമെന്റിന്റെ സമയത്തുണ്ടായ അഞ്ചാം മന്ത്രി വിവാദവും രമേശ്‌ ചെന്നിത്തലയെ ആർ എസ് എസ് ആക്കാനുള്ള സിപിഎം ബുദ്ധികേന്ദ്രങ്ങളുടെ തീവ്ര ശ്രമവുമെല്ലാം ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലേ ? വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതലായുള്ള ക്രിസ്ത്യൻ സമൂഹവും എ പി, മുജാഹിദ്, ജമാ അത്ത് ഇസ്ലാമി അടക്കം ഉള്ള മുസ്ലീം വിഭാഗവുമെല്ലാം ഇനി കാര്യം കാണാൻ ലീഗ് ഹൌസിന് മുൻപിൽ കാവൽ കിടക്കണം എന്ന് ചിന്തിച്ചാൽ തെറ്റ് പറയാൻ കഴിയുമോ? ജമാ അത്ത് ഇസ്ലാമി അകറ്റിനിർത്തപ്പെടേണ്ട സംഘടനയാണെന്ന് കോൺഗ്രസ്‌ നേതാക്കൾ പരസ്യനിലപാട് എടുത്തത് രാഷ്ട്രീയ ബുദ്ധിശൂന്യത അല്ലെ?

കേരളത്തിലെ മുസ്ലിം സമൂഹം കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ ആശയങ്ങളെ സ്വീകരിക്കുന്നവരാണ്. അത് കൊണ്ടാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും എന്ന് പ്രചരണം ഉണ്ടായപ്പോൾ വലിയ ഒരു ഏകീകരണം കേരളത്തിൽ ഉണ്ടായതും. പക്ഷെ ദേശീയ രാഷ്ട്രീയത്തിലെ കോൺഗ്രസ്സിന്റെ പാകപ്പിഴകൾ അവർക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തിയിരിക്കുന്നു.അത്‌ തിരികെ കൊണ്ടുവരാൻ നേതൃത്വം ശക്തമായില്ലയെങ്കിൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കോൺഗ്രസ്‌ പ്രസ്ഥാനത്തിന് കീറാമുട്ടി തന്നെയാകും.

ഇപ്പോൾ മാലിക് സിനിമയുടെ പേരിൽ വിവാദം ഉണ്ടാക്കി മുസൽമാന്റെ വികാരങ്ങളെ കച്ചവടവൽക്കരിക്കാൻ മഹേഷ്‌ നാരായണൻ കാണിച്ച ബുദ്ധി അംഗീകരിക്കണം. ഈ സമൂഹം ഇനിയും പഠിക്കാനേറെയുണ്ട്. ബീമാപ്പള്ളി വെടിവെപ്പിൽ ആറ് പേർ പിടഞ്ഞുവീണ് മരിച്ചപ്പോൾ അന്നത്തെ ഭരണകൂടം എവിടെയായിരുന്നു? അബ്ദുൾ നാസർ മദനിയെ കൂടെ നിർത്തിയതും കാട്ടിക്കൊടുത്തതും ഇവരല്ലേ? മാപ്പിളമാരെ സംരക്ഷിക്കാൻ വന്ന് ഇരുട്ടിന്റെ മറവിൽ മുസ്‌ലിംവിരുദ്ധത പ്രകടിപ്പിച്ചത് ഇവരല്ലേ? എന്നിട്ടും പഠിച്ചില്ല. ഇപ്പോൾ സച്ചാർ കമ്മിറ്റി റിപ്പോർട്ട്‌ പ്രകാരം നഷ്ടങ്ങളുടെ കണക്കും ഈ സമുദായത്തിന് തന്നെയാകും . ആശ്വസിപ്പിക്കാൻ വരുന്നവർക്കും അനുകൂല അഭിപ്രായം പറയുന്നവർക്കും ഉള്ളിൽ ഒറ്റനിലപാടെ ഉണ്ടാവുകയുളൂ. അത്‌ മനസിലാക്കാൻ സമുദായ നേതാക്കൾ ഇനിയും പഠിക്കാനുണ്ട്...

ഇത് പരസ്യമായി പറഞ്ഞാൽ വർഗീയവാദിയാകും എന്നുള്ളത് കൊണ്ട് ആരും പറയാറില്ല .. ത്യാഗനിർഭരമായ ജീവിതം പഠിപ്പിച്ച മഹാന്മാരുടെ പിൻഗാമികൾക്ക് വിവേകപൂർവ്വം ചിന്തിക്കാനെങ്കിലും ഈ ദിവസം ഗുണകരമാകട്ടെ...

ഈദ് മുബാറക്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NS NUSOOR, CONGRESS, LEAGUE, YOUTH CONGRESS, KPCC
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.