SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.54 AM IST

കർക്കടകവും പഥ്യവും

ayurveda

രോഗങ്ങളെ അകറ്റി ആരോഗ്യമുണ്ടാക്കാൻ കർക്കടകത്തിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. അധികം പണച്ചെലവില്ലാതെ ചെയ്യാവുന്ന നിരവധി ആരോഗ്യ സംരക്ഷണ ഉപാധികൾ ആയുർവേദത്തിലുണ്ട്. അതിലൊന്നാണ് ഔഷധക്കാപ്പി.

തുളസിയില, പനികൂർക്കയില, മല്ലി, ജീരകം, ചുക്ക്,കരുപ്പെട്ടി ഇവ ചേർത്തുണ്ടാക്കിയ ഔഷധക്കാപ്പി കഫരോഗങ്ങളെ അകറ്റാൻ വളരെ നല്ലതാണ്. ഔഷധങ്ങൾ ഉണക്കി പൊടിച്ചെടുത്ത് തേയില, കാപ്പിപ്പൊടി എന്നിവയ്ക്ക് പകരം ഇട്ട് തിളപ്പിച്ച് വറ്റിച്ചാൽ മതിയാകും. ഇലകൾ ഉണക്കാതെയും ചേർക്കാം. ഗ്രീൻടീ, ചായ, കാപ്പി എന്നിവയ്ക്കു പകരമായി രാവിലെയും വൈകുന്നേരവും ചെറുചൂടോടെ ഔഷധക്കാപ്പി ഉപയോഗിക്കാം. എരിവ് കുറച്ചാണ് കുട്ടികൾക്ക് വേണ്ടി തയ്യാറാക്കേണ്ടത്.
അസിഡിറ്റി കൂടുതലുള്ളവർ ആഹാരശേഷമേ കുടിക്കാവൂ. അല്ലാത്തവർ ആഹാരത്തിന് അര മണിക്കൂർ മുമ്പ് കുടിച്ചാൽ കൂടുതൽ പ്രയോജനം ലഭിക്കും. തണുപ്പും ദഹനക്കേടും അകറ്റി ശരീരത്തിൽ ആവശ്യത്തിന് ചൂട്, വിശപ്പ് എന്നിവയുണ്ടാക്കുന്നു. അതിനൊപ്പം പകർച്ചവ്യാധികളെ അകറ്റാൻ ആവശ്യമായ രോഗപ്രതിരോധശേഷി മെച്ചപ്പെടുന്നു. ഔഷധക്കാപ്പിക്ക് ചുക്ക്കാപ്പി, പനിക്കാപ്പി, കരുപ്പെട്ടിക്കാപ്പി എന്നൊക്കെ പേരുണ്ട്. നെയ്യ് ചേർത്ത് ഉപയോഗിക്കുകയും ചെയ്യാം.

ഔഷധക്കാപ്പി അഥവാ പനിക്കാപ്പി

തൊണ്ടവേദന, ജലദോഷം, പനി, ചുമ എന്നിവയ്ക്ക് കാലങ്ങളായി കേരളീയരുടെ പ്രാഥമിക ഔഷധമാണ് പനിക്കാപ്പി. കൊവിഡ് പശ്ചാത്തലത്തിൽ ഈ ലക്ഷണങ്ങളെ വിലയിരുത്തേണ്ടതുമുണ്ട്. കൊവിഡിനെ തുരത്താൻ ചികിത്സയേക്കാൾ പ്രതിരോധമാണ് ആവശ്യം. കൊവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധി പ്രതിരോധത്തിന് ഉത്തമമായ ഏറ്റവും ചെലവു കുറഞ്ഞ ഔഷധ പാനീയമാണ് ചുക്ക് കാപ്പി. അമൃതോത്തരം കഷായ ചൂർണ്ണം, ദശമൂല കടുത്രയം കഷായചൂർണ്ണം, ഷഡംഗചൂർണ്ണം എന്നീ ഔഷധങ്ങളുപയോഗിച്ച് മധുരം ആവശ്യമുള്ളവർ കരുപ്പെട്ടി ചേർത്ത് കുടിച്ചാലും ഔഷധക്കാപ്പിയുടെ പ്രയോജനം ലഭിക്കും.

പഥ്യവും അപഥ്യവും

കർക്കടകത്തിൽ പൊതുവെ പഥ്യത്തിന് വലിയ പ്രാധാന്യം നൽകണം.
ആയുർവേദ ചികിത്സയ്ക്ക് പോകുന്നവർ വളരെ വിഷമത്തോടെ കേൾക്കുന്ന ഒരു വാക്കാണ് പഥ്യം. കർക്കടകത്തിൽ ഇത്തിരി കഞ്ഞിവച്ചു കുടിക്കാം എന്ന് കരുതിയാലും പഥ്യം നോക്കണമെന്ന് പറഞ്ഞ് വിഷമിപ്പിച്ചു കളയുമെന്ന പരാതി പൊതുവേയുണ്ട്.
പഥ്യപ്പിഴവ് കാട്ടിയാൽ രോഗം മറുത്തെടുക്കും എന്ന് കൂടി കേൾക്കുന്ന ഒരാൾ, അങ്ങനെയെങ്കിൽ പഥ്യവും വേണ്ട, ആയുർവേദവും വേണ്ട എന്ന് തീരുമാനിക്കുകയാണ് പതിവ്. എന്നാൽ ആയുർവേദക്കാർ മാത്രമല്ല പഥ്യം പറയുന്നത്. എല്ലാ ചികിത്സാ വിഭാഗങ്ങളും പഥ്യം പറയുന്നുണ്ട്.
എന്തൊക്കെ ഉപയോഗിക്കാനും കഴിക്കാനും പാടില്ല എന്ന് പറയുന്നതല്ല പഥ്യം.ഓരോ രോഗാവസ്ഥയിലും എന്തൊക്കെ ഉപയോഗിക്കണമെന്ന് പറയുന്നതാണ് പഥ്യം. ഉപയോഗിക്കാൻ പാടില്ലാത്തവയെ അപഥ്യം എന്നാണ് പറയുന്നത്.

രോഗത്തിലും രോഗാവസ്ഥയിലും ആരോഗ്യത്തിലും ഉപയോഗിച്ചാൽ സുഖം ലഭിക്കുന്നതിനെ പഥ്യമെന്നും അസുഖം വർദ്ധിക്കാൻ തക്കവിധം ദോഷമുണ്ടാക്കുന്നവയെ അപഥ്യമെന്നും പറയുന്നു.

പഥ്യവും അപഥ്യവും രണ്ടുവിധമുണ്ട്. പഥ്യാഹാരം, അപഥ്യാഹാരം എന്നതുപോലെ പഥ്യവിഹാരം, അപഥ്യവിഹാരം എന്നിവയുമുണ്ട്. വിഹാരത്തെ തൽക്കാലം ശീലം എന്നു മനസ്സിലാക്കണം.

ഉദാഹരണത്തിന് പ്രമേഹരോഗികൾക്ക് മധുരമില്ലാത്തവ പഥ്യാഹാരവും മധുരമുള്ളത് അപഥ്യ ആഹാരവുമാണ്. അതുപോലെ വ്യായാമം പഥ്യവിഹാരവും ശരീരം അനങ്ങാതെ ഇരുന്നുളള ജോലി അപഥ്യവിഹാരവുമാണ്.
അതുപോലെയാണ് കർക്കടകത്തിൽ എളുപ്പം ദഹിക്കുന്നതേ കഴിക്കാവു എന്നത് പഥ്യമാണ്.

എല്ലാ രോഗത്തിലും പഥ്യമായ ആഹാരവും വിഹാരവും ശീലിച്ചാൽ രോഗം കുറയുമെന്നു മാത്രമല്ല ചികിത്സയും വേഗം അവസാനിപ്പിക്കാം. ഏതെങ്കിലും രോഗത്തിന് ഹിതകരമല്ലാത്തത് അതായത്,​ അപഥ്യമായ ആഹാരമോ വിഹാരമോ ഉപയോഗിച്ചാൽ അത് രോഗവർദ്ധനയ്ക്ക് കാരണമാകുകയും ചികിത്സ ഫലിക്കാതെ വരികയും അല്ലെങ്കിൽ ഫലം ലഭിക്കാൻ താമസിക്കുകയെങ്കിലും ചെയ്യും.

എന്തിനും മരുന്നു മാത്രം മതി, പഥ്യാപഥ്യങ്ങൾ നോക്കണ്ട എന്ന് വിചാരിച്ചാൽ രോഗശമനത്തിനായി ഉപയോഗിക്കേണ്ട മരുന്നിന്റെ അളവ് സ്വാഭാവികമായും കൂടുതൽ വേണ്ടിവരും.

അഗ്നിബലം നഷ്ടമാകരുത്

ചില ആയുർവേദ മരുന്ന് ഉപയോഗിക്കുന്നതിന് പ്രത്യേക നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ എല്ലാ ആയുർവേദ മരുന്നുകൾക്കും കർശന നിർദ്ദേശങ്ങൾ അനിവാര്യമാണെന്ന് പറയാനാകില്ല. അത് തീരുമാനിക്കേണ്ടത് ശാസ്ത്രം ശരിയായി പഠിച്ച് ചികിത്സ നിശ്ചയിക്കുന്നവരാണ്. എന്നാൽ,​ ഇന്ന് ചികിത്സ തേടിയെത്തുന്നവരെ കാത്തിരിക്കുന്ന, മുൻകൂട്ടി പ്രിൻറ് ചെയ്ത നീണ്ട ലിസ്റ്റ് വെട്ടിയും തിരുത്തിയും ഭക്ഷണം കഴിക്കാൻ പോലും രോഗിയെ അനുവദിക്കാതെ, ചികിത്സകൻ എന്നവകാശപ്പെടുന്ന ഒരു കൂട്ടം ആൾക്കാർ നമുക്കിടയിലുണ്ട്. നിർഭാഗ്യവശാൽ വിദ്യാഭ്യാസവും വിവേകവുമുള്ള ചിലരെങ്കിലും ഇത്തരം വ്യാജചികിത്സാ കേന്ദ്രങ്ങളിലൊക്കെ ചെന്നുപെടാറുമുണ്ട്.

മത്സ്യമാംസാദികൾ പൂർണ്ണമായി ഉപേക്ഷിച്ച് സസ്യാഹാരം മാത്രം നിർദ്ദേശിക്കുന്ന രീതിയൊന്നും ആയുർവേദത്തിലില്ല,​ കർക്കടകത്തിൽ പോലും. ചില പ്രത്യേക പാചക രീതികളിലൂടെ എളുപ്പം ദഹിക്കാനിടയില്ലാത്ത ഒന്നിനെ എളുപ്പം ദഹിക്കുന്നതാക്കി മാറ്റാനാകും. ഇറച്ചി വറുത്തു കഴിക്കുന്നതിനേക്കാൽ കറിവച്ചു കഴിച്ചാൽ ദഹിക്കും. വീണ്ടും വീണ്ടും എണ്ണയിൽ വഴറ്റി പാകം ചെയ്താൽ ഒട്ടും ദഹിക്കാത്തതായി മാറുകയും ചെയ്യും. എളുപ്പം ദഹിക്കുന്നതാണെന്ന് കരുതി പനിയുള്ളവർ പോലും കഴിക്കുന്ന ബിസ്കറ്റ്, ബ്രഡ്, റസ്ക്, ബൺ എന്നിവ ദഹിക്കാൻ യഥാർത്ഥത്തിൽ വളരെ പ്രയാസമാണ്. അവ ദഹനക്കുറവും പനിയുമുള്ളപ്പോൾ ഒഴിവാക്കുന്നതാണ് ബുദ്ധി.

ചില രോഗങ്ങളുള്ളവർ ചില മത്സ്യങ്ങൾ കഴിക്കരുത്. മറ്റ്ചിലർക്ക് ചില മാംസവിഭവങ്ങൾ നിർദ്ദേശിച്ചിട്ടുമുണ്ട്. സസ്യാഹാരത്തിൽ തന്നെ പലതും കഴിക്കാനും മറ്റ് ചിലത് ഒഴിവാക്കാനും പറയുന്നുണ്ട്.

ചുരുക്കത്തിൽ,​ പഥ്യമായവ പാലിക്കേണ്ടതും അപഥ്യമായവ ഒഴിവാക്കേണ്ടതുമാണ്. അതെന്താണെന്ന് തീരുമാനിക്കുന്നത് രോഗത്തിന്റെയും രോഗിയുടെയും അവസ്ഥയും ചികിത്സാ സാധ്യതകളും മനസ്സിലാക്കിയാണ്. അവ ശരിയായി നിർദ്ദേശിക്കാൻ ശരിയായ ചികിത്സകർക്ക് സാധിക്കും. കർക്കടകത്തിൽ വളരെ സൂക്ഷിച്ചു മാത്രം ഭക്ഷണം കഴിക്കുക. അഗ്നിബലം അഥവാ ദഹനശക്തി നഷ്ടമാകാതെ സൂക്ഷിക്കുക. അപ്രകാരമായാൽ ആരോഗ്യം വേഗത്തിൽ വീണ്ടെടുക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.