കൊച്ചി: സി.എസ്.ഐ സഭ അബുദാബിയിൽ നിർമ്മിക്കുന്ന മറിയം ഉമ്മുൽ ഈസാ ദേവാലയത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഒരു കോടി രൂപ സംഭാവന നല്കി. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിലെ അബു മുറൈഖയിൽ അനുവദിച്ച 4.37 ഏക്കർ ഭൂമിയിലാണ് ദേവാലയം ഉയരുന്നത്.
എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുള്ള രാജ്യത്ത് വ്യത്യസ്ത മതക്കാർക്ക് സഹകരണത്തോടെ കഴിയാനുള്ള സാഹചര്യമാണ് യു.എ.ഇ ഭരണാധികാരികൾ ഉറപ്പ് നൽകുന്നതെന്ന് എം.എ.യൂസഫലി പറഞ്ഞു.
15,000 ചതുരശ്ര അടി വിസ്തൃതിയും 750 പേർക്ക് പ്രാർത്ഥനാ സൗകര്യവുമുള്ള ദേവാലയം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. യു.എ.ഇ കാബിനറ്റ് അംഗം ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ശിലാസ്ഥാപന കർമ്മം നടത്തി.
അബുദാബി സി.എസ്. ഐ പാരിഷ് വികാരി ലാൽജി എം. ഫിലിപ്പ് യൂസഫലിയിൽ നിന്ന് സംഭാവന ഏറ്റുവാങ്ങി. സി.എസ്. ഐ. മദ്ധ്യകേരള മഹാ ഇടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |