SignIn
Kerala Kaumudi Online
Saturday, 20 April 2024 3.44 AM IST

യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം

oxygen

കൊവിഡ് രണ്ടാംതരംഗം മൂർച്ഛിച്ച വേളയിൽ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാവുകയും അനേകം രോഗികൾ പ്രാണവായു ലഭിക്കാതെ മരണപ്പെടുകയും ചെയ്തിരുന്നു. ഉന്നത നീതിപീഠങ്ങളുടെ തുടർച്ചയായ ഇടപെടലുകൾ വരെ വേണ്ടിവന്നു സ്ഥിതിഗതികൾ നേരെയാക്കാൻ. വിദേശത്തു നിന്നുവരെ അടിയന്തരമായി ഇറക്കുമതി ചെയ്താണ് വല്ലവിധേനയും ഓക്സിജൻ ക്ഷാമം പരിഹരിച്ചത്. ആശുപത്രികൾ നേരിടേണ്ടിവന്ന അനിതര സാധാരണമായ ഓക്സിജൻ ക്ഷാമത്തിന്റെ പേരിൽ കേന്ദ്രം ധാരാളം പഴി കേൾക്കേണ്ടിവന്നു. ഓക്സിജൻ ലഭ്യത സുഗമമാക്കാൻ ജില്ലകൾ തോറും പുതിയ പ്ളാന്റുകൾ സ്ഥാപിക്കാൻ കേന്ദ്രസഹായം ലഭിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നിധിയിൽ നിന്നുള്ള പണമാണ് ഇതിനായി വിനിയോഗിച്ചത്. വസ്തുതകൾ ഇതായിരിക്കെ ഓക്സിജൻ ക്ഷാമം മൂലം രാജ്യത്തൊരിടത്തും കൊവിഡ് രോഗികൾ മരിച്ചതായി സംസ്ഥാന സർക്കാരുകളിൽ നിന്ന് റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന പ്രസ്താവനയുമായി കേന്ദ്രം ഇക്കഴിഞ്ഞ ചൊവ്വാഴ്ച പാർലമെന്റിൽ വന്നത് വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. രാജ്യത്തുണ്ടായ കൊവിഡ് മരണങ്ങളുടെ കൃത്യമായ കണക്ക് ലഭ്യമാക്കാത്തതിന്റെ പേരിൽ നേരത്തെ തന്നെ പ്രതിക്കൂട്ടിൽ നിൽക്കുന്ന കേന്ദ്രസർക്കാർ ഓക്സിജൻ ക്ഷാമപ്രശ്നത്തിലും തീർത്തും തെറ്റായ വിവരങ്ങൾ നൽകി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.

ഓക്സിജൻ ലഭിക്കാതെ ഒരു കൊവിഡ് രോഗിയും മരണപ്പെട്ടതായ റിപ്പോർട്ട് ഒരു സംസ്ഥാനത്തുനിന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു രാജ്യസഭയിൽ കേന്ദ്രം നടത്തിയ പ്രസ്താവന. സാങ്കേതികാർത്ഥത്തിൽ മാത്രമേ ഇതു ശരിയാകുന്നുള്ളൂ. കാരണം മരണകാരണം കൊവിഡ് എന്നേ രേഖകളിൽ കാണുകയുള്ളൂ. ഓക്സിജൻ കിട്ടാതെ മരണമടഞ്ഞു എന്ന് രാജ്യത്തെ ഒരു ആശുപത്രിയും മരണസർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുകയില്ല. മാത്രമല്ല കൃത്യമായ മരണ സർട്ടിഫിക്കറ്റ് നൽകുന്നതിൽ പോലും ഗുരുതരമായ വീഴ്ചകളുണ്ടായതിന്റെ പേരിൽ ആരോഗ്യവകുപ്പ് പല സംസ്ഥാനങ്ങളിലും പ്രതിക്കൂട്ടിലുമാണ്. യഥാർത്ഥ മരണങ്ങൾ മറച്ചുവയ്ക്കുകയോ രേഖപ്പെടുത്താതിരിക്കുകയോ ചെയ്തുവെന്ന കടുത്ത ആക്ഷേപവും ഒപ്പമുണ്ട്. ഇന്ത്യയിൽ ഇതിനകം അൻപതുലക്ഷം പേരെങ്കിലും കൊവിഡ് ബാധിച്ചു മരണമടഞ്ഞിട്ടുണ്ടാകാമെന്നാണ് വിദേശത്തെ ചില പഠന സംഘങ്ങളുടെ റിപ്പോർട്ട്. കൊവിഡ് രണ്ടാംതരംഗ സമയത്ത് രാജ്യത്ത് അനവധി പേർ പ്രാണവായു ലഭിക്കാതെ മരണത്തിനു കീഴടങ്ങേണ്ടിവന്നു എന്നത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്. സുപ്രീംകോടതിയും ഹൈക്കോടതികളും സമയോചിതമായി ഇടപെട്ടില്ലായിരുന്നെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമാവുകയും ചെയ്യുമായിരുന്നു. ഇതൊക്കെ മറച്ചുവച്ചതുകൊണ്ട് ഒന്നും നേടാൻ പോകുന്നില്ല. സത്യം സത്യമായി ജനങ്ങൾ അറിയേണ്ടത് ജനാധിപത്യ സംവിധാനം പുലരുന്ന നാട്ടിൽ ആവശ്യവുമാണ്. ഓക്സിജൻ ക്ഷാമം നേരിട്ടത് ഭരണകൂടവീഴ്ച കൊണ്ടാണെന്നു ഏവർക്കും ബോദ്ധ്യമായ കാര്യമാണ്. അതുകൊണ്ടാണല്ലോ ക്ഷാമം നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികളുണ്ടായതും. ഇത്തരം ഘട്ടങ്ങളിൽ സംഭവിക്കുന്ന വീഴ്ചകൾ
അംഗീകരിക്കുന്നത് ഭാവിയിൽ ഇതുപോലുള്ള സാഹചര്യങ്ങൾ ഫലപ്രദമായി തരണം ചെയ്യാൻ കരുത്തു പകരുകയും ചെയ്യും. ഏപ്രിൽ, മേയ് മാസങ്ങളിൽ രാജ്യം ഇന്നേവരെ നേരിട്ടിട്ടില്ലാത്ത തരത്തിലായിരുന്നു കൊവിഡ് വ്യാപനം. അതിനെ നേരിടാൻ അതികഠിനമായി പ്രയത്നിക്കേണ്ടിയും വന്നു. ഓക്സിജനായി രോഗികളുടെ ബന്ധുക്കൾ പരിഭ്രാന്തരായി പാഞ്ഞു നടക്കുന്നതിന്റെയും വരിനിൽക്കുന്നതിന്റെയും പ്രാണവായു ലഭിക്കാതെ പിടഞ്ഞുമരിച്ചവരുടെ ജഡം ഏറ്റുവാങ്ങവെ വിങ്ങിപ്പൊട്ടുന്ന ബന്ധുക്കളുടെയും ചിത്രങ്ങൾ മാലോകർ പലവട്ടം കണ്ടതാണ്. അതൊക്കെ മനസിലുള്ളപ്പോൾ പ്രാണവായു കിട്ടാതെ ആരും മരിച്ചിട്ടില്ലെന്ന കണ്ടെത്തൽ യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OXYGEN SHORTAGE IN INDIA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.