SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.38 AM IST

ബബ്‌ലുവിന്റെ ചിരിയും ഒരു പാഠവും

child

'World Population Review ' നടത്തിയ ഒരു പഠനത്തിൽ ജനങ്ങളുടെ ശരാശരി IQ അടിസ്ഥാനമാക്കി രാജ്യങ്ങളെ റാങ്ക് ചെയ്തു. ഏറ്റവും ഉയർന്ന സ്‌കോർ 108 ആണ്. സിംഗപ്പൂരും ഹോംഗ്‌കോങ്ങുമാണ് ആദ്യ സ്ഥാനക്കാർ. ദക്ഷിണകൊറിയ രണ്ടാംസ്ഥാനത്തും ജപ്പാനും ചൈനയും മൂന്നാംസ്ഥാനത്തുമാണ്. ഭാരതം 126-ാം സ്ഥാനത്താണ്... പാകിസ്ഥാനെക്കാളും ബംഗ്ലാദേശിനെക്കാളും പല ആഫ്രിക്കൻ രാജ്യങ്ങളെക്കാളും താഴെ...നമുക്ക് 82 മാർക്കാണ്. കുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ സമ്പൂർണ വികസനം എന്നീ കാര്യങ്ങളിൽ വളരെയേറെ ശ്രദ്ധ നമുക്ക് ആവശ്യമുണ്ടെന്നതിലേക്ക് ഒരു സൂചനയാണിത്. കൊവിഡ് കാലത്ത് ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് ഏറിവരിക കൂടി ചെയ്യുന്ന സ്ഥിതി ലോകം മുഴുവനുമുണ്ട്. ബുദ്ധിവികാസത്തിന് ചെറുപ്രായത്തിൽ പോഷകാഹാരവും വളർച്ചയ്ക്ക് സഹായകമായ അന്തരീക്ഷവുമുണ്ടാകണം. സാർവത്രിക വിദ്യാഭ്യാസം അവകാശമാണെന്നിരിക്കെ നമ്മുടെ നാട്ടിലെ മുക്കിലും മൂലയിലും, കുപ്പിവള നിർമ്മാണ ഫാക്ടറിയോ പടക്കനിർമ്മാണ ഫാക്ടറിയോ ക്വാറിയോ ഹോട്ടലോ എന്തുമാവട്ടെ പണിയെടുക്കുന്ന കുട്ടികളെ കാണാം. അവരെ പൂർണമായി പണിചെയ്യുന്നതിൽ നിന്ന് ഒഴിവാക്കാനാവാത്ത സാമ്പത്തിക സ്ഥിതിയാണ് മാതാപിതാക്കൾക്ക്. അത്തരം സാഹചര്യങ്ങളിൽ തൊഴിലും പഠനവും പോഷകാഹാരവും ഒരുപോലെ ഉറപ്പിക്കാനായിരുന്നെങ്കിലെന്നു ഞാൻ ചിന്തിച്ചു പോയിട്ടുണ്ട്. ഉത്തർപ്രദേശിലെ ഹമീർപൂരിൽ ഒരു വിളവെടുപ്പു കാലം... തണുപ്പുകാലം അവസാനിക്കാറായി... കുട്ടികൾ ഉത്സാഹത്തോടെ കറ്റമെതിക്കുകയും അവ കെട്ടുകയുമൊക്കെ ചെയ്യുന്ന പണിയിൽ ഏർപ്പെട്ടിരിക്കുന്നു. സ്‌കൂളിലെ അദ്ധ്യാപകർ നിസഹായതയോടെ പറഞ്ഞു. ഈ സമയത്ത് കുട്ടികൾ പണിയെടുക്കാതെ നിവൃത്തിയില്ല... വെയിൽ കനക്കുന്ന ഉച്ചനേരത്ത് അവർക്കുള്ള ഭക്ഷണം വരമ്പത്തു കിട്ടുകയും ഇടയ്ക്ക് ഒന്നോ രണ്ടോ മണിക്കൂർ പഠിപ്പിക്കുകയും ചെയ്തിരുന്നെങ്കിൽ എത്രയോ നന്നായിരുന്നു... ഒരു സീസൺ മുഴുവനും സ്‌കൂളിൽ പോകാതിരിക്കുന്നതിലും എത്രയോ ഭേദമായിരുന്നു... അഭിരുചിയുള്ള ഒരു തൊഴിലും അക്ഷരാഭ്യാസവും ആത്മവിശ്വാസവും കുട്ടികൾക്ക് നൽകാൻ കഴിഞ്ഞാൽ നമ്മുടെ പുതുതലമുറ എത്ര മെച്ചപ്പെട്ടേനെ... യാഥാർത്ഥ്യങ്ങളോട് ഏറെ പൊരുത്തപ്പെട്ടുകൊണ്ട് നമ്മുടെ ഭരണഘടന ഉദ്‌ഘോഷിക്കുന്ന സ്വാതന്ത്ര്യത്തിലേക്ക് നാം ചുവടു വയ്‌ക്കേണ്ടതുണ്ട്... ഇങ്ങനെ മനസിൽ ചിന്തിച്ചുകൊണ്ട് മനോഹരിയായ യമുനയുടെ തീരത്ത് സ്വർണനിറമാർന്ന കറ്റകൾ കൊയ്തുകൂട്ടുന്ന ഗ്രാമീണരെ നോക്കി വെയിൽ ചാഞ്ഞു തുടങ്ങിയ സമയത്ത് ഇരിക്കുകയായിരുന്നു ഞാൻ. ഫോണിന്റെ ക്യാമറയിൽ ഈ ഗ്രാമീണചിത്രം പകർത്തിക്കൊണ്ടിരുന്ന എന്റെ മുഖത്ത് മുതിർന്ന ആളിന്റെ ഭാവത്തോടെ മാതാപിതാക്കളെ സഹായിച്ചു കൊണ്ടിരുന്ന ഏഴുവയസ് പ്രായം തോന്നിക്കുന്ന ഒരു കുട്ടി പാളി നോക്കി. ഞാൻ വിളിച്ചപ്പോൾ കൗതുകത്തോടെ ഓടി അരികിലെത്തി... ഞാനവനോടു പേര് ചോദിച്ചു...

'ബബ്‌ലു'...

'നല്ല പേര് നീ സ്‌കൂളിൽ പോകുന്നുണ്ടോ? '

ഗൗരവത്തിൽ മറുപടി 'ഉണ്ടുണ്ട്..' വിളവെടുപ്പ് കഴിഞ്ഞാൽ ഞാൻ ഒന്നാം ക്ലാസിൽ പോകും.' ഞാൻ ബബ്‌ലുവിന് അവന്റെ ഫോട്ടോ കാട്ടിക്കൊടുത്തു. ബാഗിൽ നിന്ന് ഒരു ബിസ്‌കറ്റ് പായ്‌ക്കറ്റും രണ്ടു മൂന്നു ചോക്കലേറ്റും നീട്ടി. പെട്ടെന്നു മുതിർന്ന ഭാവം മാറി അവന്റെ മുഖത്ത് കൊച്ചുകുട്ടിയുടെ ഭാവം വന്നു. ചോക്കലേറ്റ് പെട്ടെന്നു തന്നെ പൊളിച്ച് വായിലിട്ട് ആസ്വദിച്ചു ചിരിച്ചു... അടുത്ത നിമിഷം വീണ്ടും മുതിർന്ന ഭാവം...

ബിസ്‌കറ്റ് പാക്കറ്റ് അമ്മയെ ഏല്പിക്കട്ടെ.... 'കുട്ടികൾക്കും' കൊടുക്കണ്ടേ... ഇളയ സഹോദരങ്ങളോടുള്ള കടപ്പാട് മിഠായി മധുരം നുണയുമ്പോഴും അവന്റെ മനസിലോടിയെത്തി. ഗ്രാമത്തിലെ സ്‌കൂളിൽ കുട്ടികളെ കാണാതിരുന്നപ്പോൾ അവരെ പാടത്തു ചെന്നാൽ കാണാമെന്നു പറഞ്ഞ് വഴികാട്ടിത്തന്നത് അദ്ധ്യാപകൻ തന്നെയാണ്. യമുനയിൽ
വഞ്ചി തുഴയുന്ന ചിലർ മീൻപിടിക്കുന്നു. അവരുടെ വഞ്ചിയിലും ഒരു

കുട്ടിയെ ഞാൻ കണ്ടു. ഞാൻ ബബ്‌ലുവിനോട് ചോദിച്ചു.

'ബബ്‌ലൂ... മീൻ പിടിക്കാനും കുട്ടികളുണ്ടല്ലോ'... ബബ്‌ലുവിന്റെ മുഖത്ത് പെട്ടെന്നു ജ്ഞാനിയുടെ ഭാവം.

'ദീദീ, അതു നിഷാദന്മാരാണ്. ഈ ഗ്രാമത്തിലെ മീൻപിടുത്തക്കാർ. നിഷാദന്മാരുടെ കുട്ടികൾ എന്നും മീൻപിടിക്കുകയേയുള്ളൂ... അവർ സ്‌കൂളിൽ പോവില്ല. ഞാൻ വിളവെടുപ്പു കഴിഞ്ഞാൽ തീർച്ചയായും സ്‌കൂളിൽ പോകും.'

ഗ്രാമീണ യാഥാർത്ഥ്യം ഒരു മുള്ളായി മനസിൽ അവശേഷിച്ചു. പിരിയുമ്പോൾ നിറഞ്ഞ നിഷ്‌കളങ്കമായ ചിരിയോടെ ബബ്‌ലു ടാറ്റാ കാട്ടി നിന്നു. ബബ്‌ലുവിനെപ്പോലെയുള്ള,​ നമ്മുടെ നാടിന്റെ സ്വത്തായ പല കുട്ടികളും വൈകാരിക ഘടകങ്ങളിലും ബുദ്ധിശക്തി ഘടകങ്ങളിലും മറ്റേതു കുട്ടികളെക്കാളും പിന്നിലാകേണ്ട ഒരു കാര്യവുമില്ല.

അത്രയ്ക്കു കഴിവും കാരുണ്യവും നിറഞ്ഞ മനസുള്ളവരുമാണവർ. ജീവിതത്തെ ധൈര്യമായി നേരിടാനും ഏതെങ്കിലുമൊരു തൊഴിൽ വൈദഗ്ദ്ധ്യത്തോടെ ചെയ്യാനും അതിനു മാന്യമായ പ്രതിഫലം ലഭിക്കാനും അവസരമുണ്ടായാൽ മതി. നമ്മുടെ ഗ്രാമങ്ങളിലെ... പട്ടണച്ചേരികളിലെ കുട്ടികളെ നാം ശരിയായി 'കണ്ടെത്തിയാൽ' മതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MIZHIYORAM, CHILD
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.