SignIn
Kerala Kaumudi Online
Thursday, 25 April 2024 11.10 AM IST

ടോക്യോദയം

olympics

ലോകത്തിന് പ്രതീക്ഷയുടെ പൊൻകതിർ ചൊരിഞ്ഞ് ടോക്കിയോ ഒളിമ്പിക്സ് സൂര്യോദയം

ടോക്യോ : ഇനിയും വിട്ടൊഴിഞ്ഞിട്ടില്ലാത്ത മഹാമാരിയെ ദൃഡമനസുകൊണ്ട് പൊരുതിക്കീഴടക്കാനുള്ള ഉൗർജം പകർന്നാണ് ടോക്കിയോയിൽ 32-ാമത് ഒളിമ്പിക്സിന് തിരിതെളിഞ്ഞത്. കൊവിഡ് ഭീതിയിൽ ഓരോരുത്തരും ഒറ്റയായിപ്പോകുന്ന കാലത്ത് ഒരുമയുടെ സന്ദേശമുയർത്തിയ ഉദ്ഘാടനച്ചടങ്ങ് ഇന്ത്യൻ സമയം 4.30നാണ് ആരംഭിച്ചത്.

ജപ്പാൻ ചക്രവർത്തി ഹിരോണോമിയ നരുഹിതോയും ഇന്റർ നാഷണൽ ഒളിമ്പിക് കമ്മറ്റി തലവൻ തോമസ് ബാച്ചും മുഖ്യാതിഥികളായി എത്തിയ ഉദ്ഘാടനചടങ്ങ് പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടു നീങ്ങുക എന്ന ആശയമാണ് ഉയർത്തിപ്പിടിച്ചത്. ട്രെഡ്മില്ലിൽ ഒറ്റയ്ക്ക് പരിശീലനം നടത്തുന്ന ജപ്പാന്റെ മിഡ്‌വെയ്റ്റ് ബോക്‌സറായ അരിസ സുബാട്ടയുടെ ദൃശ്യവുമായാണ് ചടങ്ങുകൾ തുടങ്ങിയത്. മഹാമാരിക്കാലത്ത് അരിസ സുബാട്ട മുന്നണിപ്പോരാളിയായി പ്രവർത്തിച്ചിരുന്നു.നോബൽ സമ്മാനജേതാവായ ബംഗ്ളാദേശുകാരൻ മുഹമ്മദ് യൂനിസിന് ഉദ്ഘാടനച്ചടങ്ങിൽ ഒളിമ്പിക് ലോറൽ അവാർഡ് സമ്മാനിച്ചു.

ലോകമെങ്ങും മഹാമാരിയിൽ ജീവൻ നഷ്ടമായ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യർക്ക് ആദരാഞ്ജലി അർപ്പിച്ചശേഷമാണ് കലാപരിപാടികൾക്ക് തുടക്കമായത്. ജാപ്പനീസ് സംഗീതത്തിന്റെ അകമ്പടിയിലാണ് ആതിഥേയ രാജ്യത്തിന്റെ സാംസ്‌കാരിക തനിമ നിറഞ്ഞുനിന്ന കലാരൂപങ്ങൾ അണിനിരന്നത്. നാഷണൽ സ്റ്റേഡിയത്തെ ദീപപ്രഭയിലാക്കി വെടിക്കെട്ടുമുണ്ടായിരുന്നു. തുടർന്ന് വേദിയിൽ ജപ്പാന്റെ പതാകയുയർത്തി. ഇതിന് പിന്നാലെയാണ് കായിക താരങ്ങളുടെ മാർച്ച് പാസ്റ്റ് നടന്നത്.എല്ലാരാജ്യങ്ങളും പരിമിതമായ എണ്ണം താരങ്ങളെയും ഒഫിഷ്യൽസിനെയും മാത്രമാണ് മാർച്ച് പാസ്റ്റിന് നിയോഗിച്ചത്.

ആദ്യ ഒളിമ്പിക്സിന് വേദിയായ ഗ്രീസിൽ നിന്നുള്ള സംഘമാണ് മാർച്ച് മാസ്റ്റിൽ ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ഒളിമ്പിക് റഫ്യൂജി സംഘത്തിലുള്ള കായിക താരങ്ങൾ ഐ.ഒ.സി പതാകയുമായി എത്തി.യുസ്റ മർദീനിയും തച്ലോവ്നി ഗബ്രിയോസോസുമാണ് പതാകയേന്തിയത്. പിന്നീട് ജാപ്പനീസ് അക്ഷരമാലാ ക്രമത്തിലായിരുന്നു രാജ്യങ്ങളുടെ വരവ്.ഐസ് ലാൻഡും അയർലൻഡും ആദ്യമെത്തിയപ്പോൾ ഇന്ത്യ 21-ാമതായാണ് വേദിയിലേക്ക് എത്തിയത്. ഇന്ത്യൻ സംഘത്തിൽ 25 പേരാണുണ്ടായിരുന്നത്.ബോക്സിംഗ് താരം മേരികോമും ഹോക്കി താരം മൻപ്രീത് സിംഗും ത്രിവർണ പതാകയേന്തി.പുരുഷ താരങ്ങൾ സ്യൂട്ടും ബ്ളേസറും അണിഞ്ഞപ്പോൾ വനിതാതാരങ്ങൾ കുർത്തയ്ക്ക് മുകളിൽ ബ്ളേസറണിഞ്ഞു.

ആതിഥേയ രാജ്യമായ ജപ്പാന്റെ വരോടെയാണ് മാർച്ച് പാസ്റ്റിന് അവസാനമായത്. ഏറ്റവും വലിയ സംഘം ജപ്പാന്റേതായിരുന്നു. തുടർന്ന് സ്റ്റേഡിയത്തിൽ അണിനിരന്ന കായിക താരങ്ങൾ ഒളിമ്പിക് പ്രതിജ്ഞയെടുത്തു. കായിക താരങ്ങളെ അഭിസംബോധന ചെയ്ത തോമസ് ബാച്ച് മഹാമാരിക്കാലത്ത് ഒളിമ്പിക്സിൽ പങ്കാളികളായ എല്ലാവരെയും യഥാർത്ഥ പോരാളികളെന്ന് വിശേഷിപ്പിച്ചു. പുതിയ ദൂരം ,വേഗം,ഒരുമ എന്ന ഒളിമ്പിക് സന്ദേശത്തിനൊപ്പം ഒരുമ കൂട്ടിച്ചേർത്തതിന്റെ പ്രാധാന്യവും ബാച്ച് വിശദീകരിച്ചു. ദുരിതകാലത്തും ഒളിമ്പിക്സ് നടത്താൻ ധീരതയോടെ മുന്നോട്ടുവന്ന ജപ്പാന് അദ്ദേഹം നന്ദി അർപ്പിച്ചു. അതിജീവനത്തിന്റെ പ്രത്യാശ ലോകത്തിന് പകർന്നുനൽകാൻ ഒളിമ്പിക്സിന് കഴിയുമെന്നും ബാച്ച് ചൂണ്ടിക്കാട്ടി. തുടർന്ന് ജാപ്പനീസ് ചക്രവർത്തി നരുഹിതോ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. അതിന് ശേഷം ആറ് കായികതാരങ്ങൾ ചേർന്ന് എത്തിച്ച ഒളിമ്പിക് പതാക വേദിയിൽ ഉയർത്തി. തുടർന്ന് വീണ്ടും കലാപരിപാടികളുടെ ‌ഉൗഴമായി. ഇത്തവണ കായിക ഇനങ്ങളെ പരിചയപ്പെടുത്തുന്ന ദൃശ്യാവിഷ്കാരങ്ങളും കോമഡി സ്കിറ്റുകളുമാണ് നിറഞ്ഞത്.

അതിന് ശേഷമായിരുന്നു ഉദ്ഘാടനവേദിയിലേക്കുള്ള ഒളിമ്പിക് ദീപത്തിന്റെ വരവ്. ജാപ്പനീസ് ബേസ്ബാൾ ഇതിഹാസ താരങ്ങളായ ഹിദേക്കി മത്സൂയി,സദാഹുരു ഒാ,ഷിഗോ നഗാഷിമ എന്നിവർ ചേർന്ന് കൊവിഡ് മുന്നണിപ്പോരാളികളായ ഡോക്ടർക്കും നഴ്സിനും കൈമാറി.അവർ പാരാ അത്‌ലറ്റിക് താരം വക്കാക്ക സുചിതയ്ക്ക് ദീപമെത്തിച്ചു. ആണവ ദുരന്തം നടന്ന ഫുക്കുഷിമയിൽ നിന്നുള്ള കുട്ടികൾക്കാണ് സുചിത ദീപം കൈമാറിയത്. അവരിൽ നിന്ന് ഏറ്റുവാങ്ങിയ ദീപം നവോമി ഒസാക്ക സ്റ്റേഡിയത്തിൽ തെളിഞ്ഞ പടവുകൾ കയറി കോൾഡ്രത്തിലേക്ക് പകർന്നു. ഇതോടെ ഉദ്ഘാടനചടങ്ങുകൾക്ക് സമാപനമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, OLYMPIC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.