SignIn
Kerala Kaumudi Online
Wednesday, 22 September 2021 2.08 PM IST

ജസ്നയുടെ തിരോധാനം സി.ബി.ഐ അന്വേഷണത്തിൽ ചുരുളഴിയുമോ?​

jasna

പത്തനംതിട്ട : മൂന്നുവർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ബിരുദവിദ്യാർത്ഥിനി ജസ്നമരിയയുടെ തിരോധാനത്തിൽ സി.ബി.ഐ അന്വേഷണത്തിൽ പ്രതീക്ഷയർപ്പിച്ച് നാട്ടുകാർ. ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും മൂന്നുവർഷത്തോളം അന്വേഷിച്ച കേസിൽ തുമ്പൊന്നും കിട്ടാത്ത അവസ്ഥയിലാണ് ഹൈക്കോടതി നിർദേശാനുസരണം സി.ബി.ഐയ്ക്ക് കേസ് കൈമാറിയത്. ജസ്നയുടെ തിരോധാനത്തിലെ ദുരൂഹനീക്കാൻ സി.ബി.ഐക്ക് കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് കൊല്ലമുളയിലെ കുന്നത്ത്‍വീടും നാട്ടുകാരും.

2018 മാർച്ച് 22നാണ് വെച്ചൂച്ചിറ സ്വദേശി ജെയിംസ് ജോസഫിന്റെ മകൾ ജസ്ന മരിയയെ (20) കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായിരുന്നു ജസ്ന. സാമ്പത്തിക ശേഷിയുള്ള കുടുംബം. മൂത്ത സഹോദരി ജെഫിമോളും സഹോദരൻ ജെയ്‌സും. അമ്മ മരിച്ചു. മലയോര മേഖലയായ കൊല്ലമുളയിലെ സന്തോഷ് കവലയ്ക്ക് അടുത്തുള്ള വീട്ടിൽ നിന്ന് മാർച്ച് 22ന് രാവിലെ പിത‍ൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെൺകുട്ടി പിന്നെ തിരിച്ചെത്തിയില്ല.

യാത്ര അവസാനിച്ചതെവിടെ?​

കോൺട്രാക്ടറായ പിതാവ് ജെയിംസ് മുണ്ടക്കയത്തിന് അടുത്തുള്ള ജോലി സ്ഥലത്തേക്കും സഹോദരൻ ജയ്‌സ് കോളേജിലേക്കും പോയി. ഒമ്പതു മണിയോടെ മുണ്ടക്കയം പുഞ്ചവയലിലെ പിത‍ൃസഹോദരിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് അയൽക്കാരോട് പറഞ്ഞശേഷം ജസ്‌ന വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. പഠിക്കാനുള്ള പുസ്തകങ്ങളല്ലാതെ മറ്റൊന്നും എടുക്കാതെയാണ് പോയത്. വീട്ടിൽ നിന്ന് മൂന്നര കിലോമീറ്റർ അകലെയുള്ള മുക്കൂട്ടുതറയിൽ നിന്നാണ് ബസ് കയറി മുണ്ടക്കയത്തേക്ക് പോകുന്നത്. ഒരു ഓട്ടോറിക്ഷയിലാണ് കോട്ടയം ജില്ലയിൽപ്പെടുന്ന മുക്കൂട്ടുതറ ടൗണിൽ ജസ്ന എത്തിയത്. അവിടെ നിന്ന് ഏഴു കിലോമീറ്റർ അകലെയുള്ള എരുമേലി വഴി പോകുന്ന ബസിൽ ജസ്‌ന കയറിയതായി മാത്രമാണ് പൊലീസിന് ലഭിച്ച തെളിവ്. പിന്നീട് ജസ്‌നയെക്കുറിച്ച് വിവരമൊന്നും ഇല്ല. ജസ്‌നയെ കാണാതായതോടെ അന്നു രാത്രി ഏഴരയോടെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്‌റ്റേഷനിലും പിന്നീട് വെച്ചൂച്ചിറ പൊലീസിലും പരാതി നൽകി.

മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞു പോയ ജസ്നയെ പിന്നീട് കണ്ടിട്ടില്ല. ജസ്ന ബസിൽ കയറി പോകുന്നതിന് ദൃക്സാക്ഷികൾ പലരുമുണ്ടായിരുന്നെങ്കിലും ആ യാത്ര അവസാനിച്ചതെവിടെയെന്ന് ഇനിയും വ്യക്തമല്ല. മാൻമിസിംഗിന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഒരാഴ്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി എവിടേക്കെങ്കിലും മാറി നിൽക്കുന്നതായിരിക്കാമെന്നും പരീക്ഷ കഴിഞ്ഞാൽ മടങ്ങിവരുമെന്നുമുള്ള പ്രതീക്ഷയിൽ ആദ്യ ഒരാഴ്ച പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമൊന്നുമുണ്ടായില്ല. അതിന് ശേഷവും ജസ്നയെപ്പറ്രി സൂചനയില്ലാതായപ്പോഴാണ് പൊലീസ് കൂടുതൽ അന്വേഷണത്തിന് മുതി‌ർന്നത്. പരീക്ഷയിൽ ജസ്ന പങ്കെടുത്തില്ലെന്ന് ഉറപ്പായപ്പോഴാണ് പൊലീ

സ് അൽപ്പമെങ്കിലും ഉണർന്നത്. ജസ്ന കയറിയ ബസിനെയും അതിലുണ്ടായിരുന്ന യാത്രക്കാരെയും ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിനൊടുവിൽ എരുമേലി വരെ ജസ്ന യാത്രചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു.

കൈയിൽ പുസ്തകം മാത്രം


അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ് ജസ്‌നയുടേത്. അതുകൊണ്ടുതന്നെ അടുത്ത സുഹൃത്തുക്കളും കുറവായിരുന്നു. കാണാതാവുന്ന സമയം ജസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്ന് രാവിലെ എട്ടു മണിയോടെ ജസ്‌ന വീടിന്റെ വരാന്തയിലിരുന്ന് പഠിക്കുന്നത് അയൽക്കാർ കണ്ടിരുന്നു. പരീക്ഷക്ക് വേണ്ടി സ്വസ്ഥമായിരുന്നു വായിക്കാനും പഠിക്കാനും അപ്പന്റെ പെങ്ങളുടെ വീട്ടിലേക്ക് പോയതാണ് ഈ ഇരുപതുകാരി എന്നായിരുന്നു എല്ലാവരും കരുതിയതെങ്കിലും കാണാതായതോടെ അധികം കൂട്ടുകാർ ഇല്ലാത്ത, പ്രണയമോ മറ്റ് സൗഹൃദങ്ങളോ ഇല്ലാത്ത ഒതുങ്ങിക്കഴിഞ്ഞിരുന്ന ജസ്നയെക്കുറിച്ച് എല്ലാവർക്കും ആധിയായി.

പഠിക്കാനുള്ള പുസ്തകങ്ങൾ അല്ലാതെ വസ്ത്രങ്ങളോ എ.ടി.എം കാർഡോ എടുത്തിട്ടില്ലായിരുന്നു. ഉപയോഗിക്കുന്ന സാദാഫോൺ വീട്ടിൽ തന്നെയുണ്ടായിരുന്നു.


ജസ്ന ആരുടെ തടങ്കലിൽ?​


ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. തെളിവുകളൊന്നും ബാക്കി വയ്ക്കാതെ തിരഞ്ഞ പൊലീസ്,​ ജസ്നയുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളും മൊബൈൽ ഫോണുമൊക്കെ പരിശോധിച്ചിരുന്നു. അസ്വാഭാവികമായി അവയിലൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബംഗളുരു, മംഗലാപുരം, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ പൊലീസ് വിവരശേഖരണപ്പെട്ടികൾ സ്ഥാപിച്ചു. വിവരം നൽകുന്നവർക്ക് ഡി.ജി.പി അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയും ജസ്നയ്ക്കായുള്ള തെരച്ചിൽ ഊർജ്ജിതമായിരുന്നു.

മുണ്ടക്കയം പുഞ്ചവയലിലെ സുഹൃത്തിനൊപ്പം പോയതാണെന്നുളള പ്രചാരണത്തെ തുടർന്നു സഹപാഠിയെ ചോദ്യം ചെയ്‌തെങ്കിലും കാര്യമില്ലെന്ന് ബോദ്ധ്യപ്പെട്ടു. അതിനിടെ ജസ്നയുടെ തിരോധാനത്തിന് ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് കരാറുകാരനായ പിതാവ് നിർമ്മാണമേറ്റെടുത്ത് നടത്തിയ വീട്ടിൽ പൊലീസ് തെരച്ചിൽ നടത്തി. ജസ്നയെ അപായപ്പെടുത്തി കുഴിച്ചുമൂടിയെന്ന അഭ്യൂഹത്തെ തുടർന്നായിരുന്നു ഇത്.

സൈബർ വിദഗ്ദ്ധരുടെ സഹായത്തോടെ പതിനായിരക്കണക്കിന് ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഫലമുണ്ടായില്ല. തിരോധാനം നിയമസഭയിലും കോലാഹലങ്ങൾക്ക് വഴിവച്ചു.

ബംഗളുരു, പൂനൈ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷിച്ചു. സി.സി ടി.വി ദൃശ്യങ്ങൾ മുൻനിർത്തിയായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. എരുമേലി വരെ ജെസ്ന പോയതായി സി.സി ടി.വി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു.

ജസ്‌നയെന്ന് കരുതുന്ന പെൺകുട്ടി നടന്നു വരുന്ന ദൃശ്യങ്ങളിൽ സംശയാസ്പദമായി മറ്റു രണ്ടുപേർ കൂടി ഉണ്ടെന്നത് വ്യക്തമാണ്. എന്നാൽ ഈ ദൃശ്യങ്ങൾ ആരുടേതെന്ന് ഇന്നും തിരിച്ചറിഞ്ഞിട്ടില്ല. കേസിൽ ശുഭവാർത്തയുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് മുൻ എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയും, പത്തനംതിട്ട മുൻ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണും വെളിപ്പെടുത്തിയെങ്കിലും അതിനപ്പുറം എന്തെങ്കിലും സൂചന നൽകാൻ ഇരുവരും തയാറായിട്ടില്ല. ജസ്ന ജീവനോടെയുണ്ടെന്നതിന്റെ സൂചനകളാണ് ഇവരുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നതെങ്കിലും തന്റെ തിരോധാനത്തെപ്പറ്റിയുള്ള വാർത്തകളും അന്വേഷണവും അറിയാനിടയുണ്ടായിട്ടും അന്വേഷണ ഉദ്യോഗസ്ഥരെയോ, വീട്ടുകാരെയോ ബന്ധപ്പെടാൻ അവൾ തയ്യാറാകാത്തതാണ് സംശയങ്ങൾക്കിടയാക്കുന്നത്. ജസ്ന ആരുടെയോ തടങ്കലിലാണെന്ന സംശയം ബലപ്പെടുത്തുന്ന കാര്യങ്ങളാണിത്. ജസ്നയുടെ സഹോദരനും ആക്ഷൻ കൗൺസിലും സമർപ്പിച്ച ഹർജിയെ തുടർന്ന് കേസ് ഏറ്റെടുത്ത സി.ബി.ഐ ക്രൈംബ്രാഞ്ച് കൈമാറിയ കേസ് ഡയറിയും മറ്റു ഫയലുകളും അടിസ്ഥാനമാക്കി തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജസ്നയുടെ തിരോധാനത്തിന് പിന്നിൽ ഗൗരവകരമായ എന്തോ വിഷയം ഉണ്ടെന്നും അന്തർ സംസ്ഥാന ഇടപെടൽ ഉണ്ടെന്നും സി.ബി.ഐ വ്യക്തമാക്കി. കേസിൽ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണവും മൊഴികളും പരിശോധിച്ചുകൊണ്ടിരിക്കുന്ന സംഘം ഉടൻ വിശദമായ അന്വേഷണവുമായി കളത്തിലിറങ്ങുമെന്നാണ് സൂചന. ഡിവൈ.എസ്.പി നന്ദകുമാരൻനായരുടെ മേൽനോട്ടത്തിലാണ് അന്വേഷണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.