SignIn
Kerala Kaumudi Online
Saturday, 20 April 2024 7.59 AM IST

59 :41 പുതിയ അനുപാതം

minority-scholarship

മേയ് 28 - ാം തീയതിയാണ് ന്യൂനപക്ഷ സ്കോളർഷിപ്പുകൾ സംബന്ധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി പുറത്തു വന്നത്. മുസ്ളിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ 80 : 20 എന്ന അനുപാതത്തിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹൈക്കോടതി കണ്ടെത്തി. സച്ചാർ കമ്മിഷന്റെയും പാലൊളി കമ്മിറ്റിയുടെയും റിപ്പോർട്ടുകൾ അപ്പാടെ നടപ്പാക്കാൻ സാദ്ധ്യമല്ലെന്ന് നിരീക്ഷിച്ചു. ന്യൂനപക്ഷ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതത്തിൽ പുന: ക്രമീകരിക്കണമെന്നും കല്പിച്ചു.

കഴിഞ്ഞ ഒരു വർഷത്തിലധികമായി കേരളത്തിലെ പ്രബല ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ നിലനിൽക്കുന്ന അവിശ്വാസത്തിന്റെയും സ്പർദ്ധയുടെയും ചേരിപ്പോരിന്റെയും ചരിത്രത്തിലെ ഏറ്റവും ഒടുവിലത്തെ അദ്ധ്യായമായിരുന്നു ഹൈക്കോടതിയുടെ മേൽപറഞ്ഞ വിധിന്യായം. ഇസ്താംബൂളിലെ ഹാഗിയ സോഫിയ ദേവാലയം, കേരളത്തിലെ ലൗ ജിഹാദ്, ജസ്‌നയുടെ തിരോധാനം, കേന്ദ്ര സർക്കാർ ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പാക്കിയ സവർണ സംവരണം, ഹലാൽ - ഹറാം ഭക്ഷണ വിവാദം, ഇങ്ങനെ നിരവധി തർക്കവിഷയങ്ങൾ ഇവർ തമ്മിലുണ്ടായിരുന്നു. അതിൽ പലതും ഇപ്പോഴും നീറിപ്പുകഞ്ഞു നിലനിൽക്കുന്നു.

കെ.ടി. ജലീലിനു കീഴിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് മുസ്ളിം ക്ഷേമവകുപ്പു മാത്രമായി ചുരുങ്ങിയെന്നും ന്യൂനപക്ഷാനുകൂല്യം പൂർണമായും ഒരു സമുദായം തട്ടിയെടുക്കുകയാണെന്നും കത്തോലിക്ക മെത്രാന്മാർ പരസ്യമായി ആക്ഷേപമുന്നയിച്ചു. വൈദികരും വിശ്വാസികളും അതു പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു. മാത്രമല്ല, പി.കെ. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിൽ നിന്ന് മടങ്ങിവന്നത് കേരള മുഖ്യമന്ത്രിയാകാനാണെന്നും ഇവർ ഭയപ്പെട്ടു. അങ്ങനെയൊരു സാഹചര്യത്തിലാണ് ജോസ്. കെ. മാണി നയിക്കുന്ന കേരള കോൺഗ്രസ് വിഭാഗം യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിൽ ചേക്കേറിയത്. പഞ്ചായത്ത് - നഗരസഭാ തിരഞ്ഞെടുപ്പുകളിലും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സമുദായവികാരം കൃത്യമായി പ്രതിഫലിച്ചു. മദ്ധ്യകേരളത്തിൽ യു.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടായി. ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. 2016 ൽ നിന്ന് വ്യത്യസ്തമായി വിവിധ ക്രൈസ്തവസഭാ നേതൃത്വങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് ഇത്തവണ പിണറായി വിജയൻ മന്ത്രിസഭ രൂപീകരിച്ചത്. സിറിയൻ കത്തോലിക്ക, ലത്തീൻ കത്തോലിക്ക, സിറിയൻ ഒാർത്തഡോക്സ്, സി.എസ്.ഐ സഭകൾക്ക് മന്ത്രിമാരുണ്ടായി. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന സാഹചര്യത്തിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നൊരു ആവശ്യം ക്രൈസ്തവ സംഘടനകളുടെ ഭാഗത്തു നിന്നുണ്ടായി. അങ്ങനെ വി. അബ്ദുറഹ്മാനെ ഏല്‌പിക്കാൻ ഉദ്ദേശിച്ച ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു. അത് ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരും സംഘടനകളും സ്വാഗതം ചെയ്തു.

2004 ൽ അധികാരമേറ്റ യു.പി.എ സർക്കാരാണ് രാജ്യത്തെ മുസ്ളിങ്ങളുടെ സാമൂഹ്യവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ പഠിക്കാനും പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കാനുമായി 2005 ൽ ജസ്റ്റിസ് രജീന്ദർ സച്ചാറിന്റെ നേതൃത്വത്തിൽ ഏഴംഗ കമ്മിഷനെ നിയമിച്ചത്. അടുത്തവർഷം കമ്മിഷന്റെ റിപ്പോർട്ട് പുറത്തു വന്നു. കമ്മിഷൻ സമർപ്പിച്ച പ്രധാന ശുപാർശകളൊന്നും കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. എങ്കിലും ന്യൂനപക്ഷ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകാൻ തീരുമാനിച്ചു. 2006 ൽ അധികാരത്തിലേറിയ എൽ.ഡി.എഫ് സർക്കാരാണ് സച്ചാർ കമ്മിഷൻ റിപ്പോർട്ടുകൾ കേരളത്തിൽ എങ്ങനെ നടപ്പാക്കാമെന്ന് പഠിക്കാൻ അന്ന് മന്ത്രിയായിരുന്ന പാലൊളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചത്. 2008 ൽ അവരുടെ റിപ്പോർട്ട് പുറത്തുവന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് 80 :20 അനുപാതത്തിൽ മുസ്ളിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകാൻ തീരുമാനമുണ്ടായത്. 2011 ൽ അധികാരമേറ്റ യു.ഡി.എഫ് സർക്കാരാണ് അതു നടപ്പാക്കിയത്. ആ മന്ത്രിസഭയിൽ കെ.എം. മാണി ധനകാര്യമന്ത്രിയും പി.കെ. അബ്ദുറബ് വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു. അപ്പോഴൊന്നും ന്യൂനപക്ഷ സ്കോളർഷിപ്പ് സംബന്ധിച്ച് മുസ്ളിം, ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിൽ യാതൊരു ഭിന്നതയോ തർക്കമോ ഉണ്ടായിരുന്നില്ല. മുമ്പ് സൂചിപ്പിച്ച പോലെ കഴിഞ്ഞ ഒന്നൊന്നര വർഷത്തിനകത്താണ് ഇരുവിഭാഗങ്ങളും തമ്മിൽ പലകാരണങ്ങളാലും ഭിന്നത ഉടലെടുത്ത് സമുദായസ്പർദ്ധയുടെ തലത്തിലേക്കെത്തിയത്. അതിന്റെ തുടർച്ചയായാണ് ജസ്റ്റിൻ പള്ളിവാതുക്കൽ എന്നൊരു സത്യവിശ്വാസി കത്തോലിക്ക മെത്രാൻ സമിതിയുടെ പിന്തുണയോടെ പൊതുതാത്പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. 80 :20 അനുപാതം വിവേചനപരവും ഭരണഘടന ഉറപ്പു നൽകുന്ന സമത്വാവകാശത്തിന്റെ ലംഘനവുമാണെന്ന് ഹൈക്കോടതി കണ്ടെത്തി. സച്ചാർ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ മുസ്ളിം സ്കോളർഷിപ്പല്ല, ന്യൂനപക്ഷ സ്കോളർഷിപ്പുകളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും വിവിധ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ഉപസംവരണം ഏർപ്പെടുത്തുന്നത് നിയമപരമല്ലെന്നും നിരീക്ഷിച്ചു. ഇൗ വിഷയത്തിൽ 2011 മുതൽക്കുള്ള സർക്കാർ ഉത്തരവുകളെല്ലാം റദ്ദാക്കി. ജനസംഖ്യാനുപാതികമായി മാത്രമേ മേലിൽ ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നൽകാവൂ എന്നു നിഷ്കർഷിച്ചു.

സ്വാഭാവികമായും ഇൗ വിധി ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരെ ആഹ്ളാദഭരിതരാക്കി. കത്തോലിക്കസഭ മാത്രമല്ല, യാക്കോബായ, ഒാർത്തഡോക്സ്, മാർത്തോമ, സി.എസ്.ഐ സഭകളും വിവിധ പെന്തക്കോസ്തു ഗ്രൂപ്പുകളും ഹൈക്കോടതി വിധിയെ സഹർഷം സ്വാഗതം ചെയ്തു. വിധി ഉടൻ നടപ്പാക്കണമെന്നും ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പുകൾ വിതരണം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. മറുവശത്ത് മുസ്ളിംലീഗും സമുദായ സംഘടനകളും രോഷാകുലരായി. അവർ ഹൈക്കോടതി വിധിയെ അപലപിച്ചു. സുപ്രീം കോടതിയിൽ അപ്പീൽ പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ലീഗോ മറ്റേതെങ്കിലും സംഘടനയോ സുപ്രീം കോടതിയെ സമീപിച്ചില്ല. സർക്കാർ അപ്പീൽ ബോധിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.

80:20 അനുപാതം തുടരണമെന്ന നിലപാടാണ് ഹൈക്കോടതിയിൽ സർക്കാർ കൈക്കൊണ്ടത്. എന്നാൽ മേയ് 28 ലെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ കേരള സർക്കാർ കൂട്ടാക്കിയില്ല. ഇരുവിഭാഗങ്ങളും തമ്മിൽ അഭിപ്രായ ഐക്യമുണ്ടാക്കാൻ സർവകക്ഷിയോഗം വിളിക്കാനാണ് തീരുമാനിച്ചത്. സർവകക്ഷി യോഗത്തിൽ രാഷ്ട്രീയത്തിന് അതീതമായി സാമുദായിക വികാരം പ്രകടമായി. ഭരണപ്രതിപക്ഷ ഭേദമെന്യേ കേരള കോൺഗ്രസ് ഗ്രൂപ്പുകൾ വിധി നടപ്പാക്കണമെന്നും സാമുദായിക അനുപാതം പുന:നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു. മറിച്ച് മുസ്ളിം ലീഗും ഐ.എൻ.എല്ലും സുപ്രീം കോടതിയിൽ അപ്പീൽ നൽകണമെന്ന് ശഠിച്ചു. ഇടതുപക്ഷ പാർട്ടികൾ പ്രശ്നം പരിഹരിക്കണമെന്നല്ലാതെ പ്രത്യേകിച്ച് അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല. സ്കോളർഷിപ്പിന്റെ എണ്ണത്തിൽ കുറവു വരുത്താതെ ശതമാനം പുന:നിശ്ചയിക്കണമെന്ന നിർദ്ദേശം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് മുന്നോട്ടു വച്ചത്. മുഖ്യമന്ത്രിയും അത് തത്വത്തിൽ അംഗീകരിച്ചു.

സർവകക്ഷിയോഗത്തിൽ സമവായമുണ്ടായില്ലെങ്കിലും പ്രശ്നം പഠിച്ചു പ്രായോഗിക നിർദ്ദേശം നൽകാൻ ഒരു വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തി. വിദഗ്ദ്ധ സമിതിയും സതീശന്റെ നിർദ്ദേശം തന്നെയാണ് ഫലത്തിൽ അംഗീകരിച്ചത്. അങ്ങനെ ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ എണ്ണം കൂട്ടാനും അതിനായി മാറ്റിവെക്കുന്ന തുക വർദ്ധിപ്പിക്കാനും മുസ്ളിം, ക്രിസ്ത്യൻ അനുപാതം 59 : 41 ആയി പുന: ക്രമീകരിക്കാനും തീരുമാനമായി. ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരും സമുദായ സംഘടനകളും ഇൗ തീരുമാനത്തെ സ്വാഗതം ചെയ്തു. മുസ്ളിം ലീഗ് മുതൽ പോപ്പുലർ ഫ്രണ്ട് വരെയുള്ള സംഘടനകൾ സർക്കാർ തീരുമാനത്തെ നിശിതമായി വിമർശിച്ചു. സച്ചാർ കമ്മിഷൻ റിപ്പോർട്ട് ഫലത്തിൽ ഇല്ലാതായെന്ന് അവർ പരിതപിച്ചു. ഇക്കാര്യത്തിൽ താത്വികമായ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുപോലെ സമ്മതിക്കുന്നു. വന്ദ്യവയോധികനായ മുൻ അറ്റോർണി ജനറൽ കെ. പരാശരൻ നൽകിയ നിയമോപദേശവും അതിന് ഉപോൽബലകമായി ചൂണ്ടിക്കാണിക്കുന്നു. മുസ്ളിം സമുദായത്തെ സമാശ്വസിപ്പിക്കാൻ വേണ്ടി ഇൗ താത്വിക പ്രശ്നത്തിൽ മാത്രം സുപ്രീം കോടതിയിൽ അപ്പീൽ ബോധിപ്പിക്കാനാണ് ഏറ്റവും പുതിയ തീരുമാനം.

സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ചിൽ ഇതിനു സമാനമായ മറ്റൊരു വ്യവഹാരം നിലനില്‌ക്കുന്നുണ്ട്. ന്യൂനപക്ഷ സംവരണത്തിൽ ഉപസംവരണം അനുവദനീയമാണോയെന്ന വിഷയം സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പരിഗണിച്ച് അതിൽ തീരുമാനമുണ്ടാകുമ്പോഴേക്കും ഇൗ സർക്കാരിന്റെ കാലാവധി അവസാനിച്ചിരിക്കും. ഇൗ സർക്കാരിന്റേതെന്നല്ല മിക്കവാറും അടുത്ത സർക്കാരിന്റെയും കാലാവധി കഴിഞ്ഞിട്ടുണ്ടാകും. അപ്പോഴേക്കും ഇൗ വിഷയം കെട്ടടങ്ങിയിട്ടുമുണ്ടാകും. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ പ്രശ്നം പരിഹരിച്ചുവെന്ന് തത്കാലം കേരള സർക്കാരിന് ആശ്വസിക്കാം. മുസ്ളിം ലീഗിന് മുറുമുറുപ്പുണ്ടെങ്കിലും വലിയൊരു ഭിന്നിപ്പിൽ നിന്ന് യു.ഡി.എഫിനെ രക്ഷിച്ചുവെന്ന് പ്രതിപക്ഷനേതാവിനും അഭിമാനിക്കാം.

1983 ൽ നിലയ്ക്കൽ പ്രക്ഷോഭമുണ്ടായപ്പോൾ ശബരിമല പൂങ്കാവനത്തിന് പുറത്ത് ആങ്ങമൂഴിയിൽ ക്രിസ്ത്യൻ സഭകൾക്കെല്ലാവർക്കും കൂടി ഒരു പള്ളി സ്ഥാപിക്കാൻ അഞ്ചേക്കർ പതിച്ചുകൊടുത്ത് പ്രശ്നം അവസാനിപ്പിച്ച കെ. കരുണാകരന്റെ പ്രായോഗിക ബുദ്ധിയാണ് ഇവിടെയും നമ്മൾ കാണുന്നത്. ഏതായാലും ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ പ്രശ്നം തത്കാലം ഇവിടെ അവസാനിക്കുന്നു. സർവം ശുഭം മംഗളം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHATHURANGAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.