SignIn
Kerala Kaumudi Online
Friday, 19 April 2024 2.22 PM IST

വികസനം കാത്ത് വില്ലേജ് ടൂറിസം

v

കൊല്ലം: പച്ചപ്പും നീലജലാശയവും കണ്ടൽക്കാടുകളും മായക്കാഴ്ചകൾ തീർക്കുന്ന മൺറോത്തുരുത്തിൽ ഒളിഞ്ഞുകിടക്കുന്നത് വില്ലേജ് ടൂറിസത്തിന്റെ അനന്തസാദ്ധ്യതകൾ. ഭൂരിഭാഗം തുരുത്ത് നിവാസികളുടെയും വരുമാനം ടൂറിസത്തെ ആശ്രയിച്ചാണെന്നതും ശ്രദ്ധേയമാണ്.

ശാഖോപശാഖകളായി പടർന്നുകിടക്കുന്ന തുരുത്തുകൾക്കിടയിലൂടെ ഒഴുകുന്ന ചെറുതോടുകളിലെ തോണിയാത്രയും നാടൻ ഭക്ഷണവും സഞ്ചാരികളുടെ മനംകവരും. നെൻമേനി തെക്ക് എസ് വളവും ബണ്ട് റോഡും മൺറോ സായിപ്പിന്റെ ബംഗ്ളാവും മീൻ കുളങ്ങളുമാണ് തുരുത്തിലെ പ്രധാന ആകർഷണീയതകൾ.

പരിസ്ഥിതിക്ക് ഇണങ്ങുംവിധം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ വില്ലേജ് ടൂറിസത്തിന്റെ മഹനീയകേന്ദ്രമായി തുരുത്ത് മാറും. വള്ളങ്ങൾക്ക് ലൈസൻസ് ഫീസും സഞ്ചാരികൾക്ക് എൻട്രിഫീസും ഏർപ്പെടുത്തിയാൽ തുരുത്തിൽ വേണ്ട സൗകര്യങ്ങളൊരുക്കാൻ പഞ്ചായത്തിന് കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.

മായക്കാഴ്ചകൾ ആസ്വദിക്കാൻ

ഓഗസ്റ്റ് മുതൽ മാർച്ച് വരെയുള്ള സീസണിൽ പ്രതിദിനം നൂറിലധികം വിദേശ സഞ്ചാരികളെയാണ് ഗ്രാമം വരവേൽക്കുന്നത്. ഓൺലൈൻ ബുക്കിംഗിലൂടെയാണ് വിദേശികൾ കൂടുതലായുമെത്തുന്നത്. കൊവിഡ് വ്യാപനത്തിന് മുമ്പ് 500 മുതൽ 1000 വരെ പ്രാദേശിക സഞ്ചാരികളും ദിനംപ്രതി തുരുത്ത് സന്ദർശിച്ചിരുന്നതായാണ് കണക്ക്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തുരുത്ത് തേടിയെത്തുന്നവരുടെ എണ്ണവും കുറവല്ല.

സഞ്ചാരികളെ കാത്ത്

 32 ഹോം സ്റ്റേ സൗകര്യങ്ങൾ

 3 റിസോർട്ടുകൾ

 100ൽ അധികം വള്ളങ്ങൾ

 20ഓളം ശിക്കാരി വള്ളങ്ങൾ

നിരക്കുകൾ

 മുറിവാടക: 1200 - 2000 രൂപ

 വള്ളത്തിൽ യാത്ര:

3 മണിക്കൂറിന് 1200 - 1500 രൂപ

ഒരു മണിക്കൂർ 400 - 500 രൂപ

1000 രൂപയുടെ പാക്കേജും

തുരുത്തിലെത്തുന്ന സഞ്ചാരികൾക്കായി താമസവും ഭക്ഷണവും ചേർത്തുള്ള പാക്കേജ് നൽകുന്നവരുണ്ട്. ഗ്രൂപ്പായി വരുന്നവർക്ക് ഭക്ഷണവും തോണിയാത്രയും വിശ്രമസൗകര്യവും അടക്കം ഒരാൾക്ക് ആയിരം രൂപ നിരക്കിൽ ഒരു ദിവസത്തെ പാക്കേജും ലഭ്യമാണ്.

നട്ടെല്ലൊടിച്ച് കൊവിഡ്

തെങ്ങുകൃഷിയും ചെത്തും കയർ വ്യവസായവുമായായിരുന്നു ഒരുകാലത്ത് തുരുത്ത് നിവാസികളുടെ വരുമാനമാർഗം. രോഗങ്ങൾ മൂലം തെങ്ങുകൾ വ്യാപകമായി കൂമ്പടച്ചപ്പോൾ അവർക്ക് പ്രതീക്ഷയേകിയത് തുരുത്തിലെ വില്ലേജ് ടൂറിസം സാദ്ധ്യതകളായിരുന്നു. തുരുത്തുകാരുടെ വയറ്റത്തടിച്ചാണ് കൊവിഡിന്റെ വരവ്. 2020 മാർച്ച് മുതൽ വിനോദസഞ്ചാരികളുടെ വരവുനിലച്ചു. ഇതോടെ ഹോം സ്റ്റേകൾക്കും റിസോർട്ടുകൾക്കും താഴുവീണു. വള്ളക്കാരുൾപ്പെടെ ടൂറിസത്തെ ആശ്രയിച്ച് കുടുംബം പുലർത്തിയിരുന്നവർ ഇന്ന് പട്ടിണിയുടെ വക്കിലാണ്.

സൗകര്യങ്ങളെത്തണം

01. കണ്ടൽക്കാടുകൾ കേന്ദ്രീകരിച്ച് ബയോ ഡൈവേഴ്സിറ്റി പാർക്ക്

02. തുരുത്തിലേക്കുള്ള പ്രവേശന കവാടത്തിൽ ഗേറ്റ് വേ

03. ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ

04. നാടൻ കലകളുടെ പ്രദർശന കേന്ദ്രം

05. പ്രാദേശിക ഉത്പന്ന വിപണന കേന്ദ്രം

06. ഹൗസ് ബോട്ടുകൾ അടുപ്പിക്കുന്ന വിധം ജെട്ടികളുടെ നവീകരണം

07. തോടുകളുടെ നവീകരണം

08. ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണം

09. ടൂറിസ്റ്റ് സ്പോട്ടുകളിൽ ടോയ്‌ലെറ്റ് സൗകര്യം

10. ബണ്ട് റോഡുകളുടെ പുനർനിർമ്മാണവും നടപ്പാതകളും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.