SignIn
Kerala Kaumudi Online
Sunday, 19 September 2021 1.37 AM IST

ബി കോമിന് പഠിക്കുന്ന 'മിസിന്' ശിഷ്യർ അരലക്ഷം, പേരുകേട്ട അദ്ധ്യാപകർ പോലും അന്തംവിടുന്ന നേട്ടത്തിനുപിന്നിൽ ഒരു രഹസ്യമുണ്ട്

online

തൃശൂർ: കോളേജിൽ എടുക്കുന്ന പാഠഭാഗം വീട്ടിൽ ഇരുന്ന് പഠിക്കുമ്പോൾ കൃഷ്ണേന്ദു നോട്ട് തയ്യാറാക്കും. സിലബസിന് പുറമെയുള്ള അറിവുകൾ ഗൂഗിളിൽ പരതും. വീഡിയോയാക്കും. ആരുടെയും സഹായമില്ലാതെ അത് എഡിറ്റ് ചെയ്യും. പതിയെ പതിയെ ആരുമറിയാതെ കൃഷ്ണേന്ദു യു ട്യൂബ് ടീച്ചറായി. അരലക്ഷം ശിഷ്യർ അഥവാ സബ്സ്ക്രൈബേഴ്സുമായി, അങ്ങനെ താണിശ്ശേരി തരണനെല്ലൂർ കോളേജിലെ മൂന്നാം വർഷ ബി.കോം വിദ്യാർത്ഥിനി ഏവരുടെയും "മിസായി".

സഹപാഠികളുടെ സ്വന്തം കാപ്സൂൾ !

സർവകലാശാല പരീക്ഷയ്ക്ക് ഏതാനും ദിവസം മുമ്പ് ഒരു സുഹൃത്തിന്റെ അഭ്യർത്ഥന പ്രകാരം വരാനിരിക്കുന്ന പരീക്ഷയുടെ പാഠഭാഗങ്ങൾ കാപ്സ്യൂൾ ഓഡിയോ ആയി അയച്ചുകൊടുത്തതായിരുന്നു കൃഷ്ണേന്ദു. പരീക്ഷയുടെ തലേന്ന് മറ്റൊരു കോളേജിലെ കുട്ടി അതേ ഓഡിയോ അയച്ചു തന്നു.. കൂടെ ഒരു ഉപദേശവും..!! ഇതിൽ പറയുന്നത് പഠിച്ചാൽ മതി.. സിമ്പിളായി പാസാകാം...!! . ആ ഞെട്ടൽ ഒരു എഡ്യുക്കേഷണൽ യു ട്യൂബ് ചാനലിലേക്കെത്തി. അദ്ധ്യാപികയാകുകയെന്ന മോഹം ആ ചാനലിന്റെ ഇന്ധനമായി. കൃഷ് ടോക്സ് എന്ന പേരും നൽകി.

പരീക്ഷയ്ക്ക് വരാൻ സാദ്ധ്യതയുള്ള പാഠഭാഗങ്ങൾ കാപ്സ്യൂൾ പരുവത്തിൽ വീഡിയോ രൂപത്തിലാക്കും. പെട്ടെന്ന് ഓർത്തിരിക്കാൻ ചില കുറുക്കുവഴികളും ചേർക്കും. വിദ്യാർത്ഥിയും ടീച്ചറും ഒരാളായതിനാൽ സഹപാഠികളുടെ മനസറിയും വിധമാണ് ഇവ തയ്യാറാക്കുക. ആദ്യം ഡിഗ്രി കോഴ്സിലെ മലയാളം പേപ്പറിന്റെ ഭാഗങ്ങളാണ് അപ്‌ലോഡ് ചെയ്തത്. പരീക്ഷാ സമയമായതിനാൽ ചാനലിലെ വീഡിയോകളെല്ലാം കൂട്ടുകാ‌ർ മറ്റുള്ളവർക്കായി ഷെയർ ചെയ്തു. ചാനൽ വൈറലായി. പിന്നീട് കാഴ്ചക്കാരുടെ എണ്ണം കൂടിയതോടെ മറ്റ് വിഷയങ്ങളും ഏറ്റെടുത്തു. പതിയെ നോട്ട് തയ്യാറാക്കാനും സംശയം ദുരീകരിക്കാനും കോളേജിലെ അദ്ധ്യാപകർ തന്നെ സഹായത്തിനെത്തി. ചില അദ്ധ്യാപകർ അവരുടെ ശബ്ദത്തിൽ ക്ലാസെടുത്തു. ചാനലിനെ ആശ്രയിച്ച് പഠിച്ചവരെല്ലാം പരീക്ഷകളിൽ നല്ല വിജയം നേടിയതോടെ ചാനലിന്റെ പേരിൽ ട്രോളും ഇറങ്ങി. വീഡിയോകളിൽ ഒരിക്കൽ പോലും മുഖം കാണിക്കാത്തതിനാൽ പല ജില്ലകളിൽ നിന്നായി ക്ലാസ് കാണുന്നവരെല്ലാം മിസേ എന്ന വിളിയുമായാണ് തന്നെ സമീപിക്കുന്നതെന്ന് കൃഷ്ണേന്ദു പറയുന്നു. പലരും നന്ദി വാക്കുകളായി മെസേജുകളും അയക്കും. എടത്തിരുത്തി കുമ്പളപറമ്പിൽ തൊട്ടിപ്പുള്ളി വീട്ടിൽ കൃഷ്ണപ്രസാദിന്റെയും വിനീതയുടെയും മകളാണ് കൃഷ്ണേന്ദു. യദുകൃഷ്ണ സഹോദരനാണ്.

ചാനൽ വിശേഷങ്ങൾ

തുടങ്ങുന്നത് 2020 ഒക്ടോബറിൽ

ചെലവഴിക്കുക ഒരു മണിക്കൂർ

വീഡിയോ ദൈർഘ്യം പത്ത് മിനിറ്റ്

ആകെ അപ്‌ലോഡ് ചെയ്തത് 205 വീഡിയോ

പരമാവധി കാഴ്ചക്കാർ ഒരു ലക്ഷം വരെ

വരുമാനം : വീഡിയോ കാണുന്നതിനനുസരിച്ച് ചെറിയ വരുമാനം

ഒരു വിദ്യാർത്ഥിനിയാണ് ഞാനെന്ന് ക്ലാസ് കാണുന്ന ആ‌ർക്കും അറിയില്ല. ശബ്ദത്തിലൂടെ മാത്രമാണ് അവർ എന്നെ അറിയുന്നത്. പലപ്പോഴും മിസ്സേ എന്ന് വിളിച്ചുകൊണ്ട് പലരും മെസേജ് അയക്കാറുണ്ട്. പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ഒരു അദ്ധ്യാപികയാകാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് ഏറെയും.

- കൃഷ്ണേന്ദു

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ONLINE TEACHER, COLLEGE STUDENT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.