SignIn
Kerala Kaumudi Online
Thursday, 25 April 2024 10.54 AM IST

മഴക്കാല വേദനകളെ മറക്കാൻ ശ്രമിക്കാം...

health

ഒരു രോഗവുമില്ലാത്തവർക്കും മഴയും തണുപ്പും കാരണം വേദനകൾ ഉണ്ടാകുമെന്നും നിലവിലെ ബുദ്ധിമുട്ടുകൾ വർദ്ധിക്കുമെന്നും അത് അനുഭവിച്ചവർക്ക് നന്നായി അറിയാം. അതുകൊണ്ടാണ് മഴക്കാലത്ത് ആയുർവേദ ആശുപത്രികളിൽ പതിവിലേറെ തിരക്ക് അനുഭവപ്പെടുന്നത്. മഴക്കാലത്ത് തന്നെയാണല്ലോ കർക്കടക മാസവും. ഇക്കാലത്ത് ആയുർവേദ ചികിത്സയുടെ പ്രസക്തിയേറുന്നതും മറ്റൊന്നും കൊണ്ടല്ല.

മഴക്കാലത്ത് അനുഭവപ്പെടുന്ന വേദനകൾ പലതാകാം. രോഗകാരണങ്ങളും പലതാണ്. അതുപോലെ ചികിത്സയും വ്യത്യാസപ്പെടാം. എങ്കിലും ഏതു ഭാഗത്തുണ്ടാകുന്ന വേദനയായാലും അത് വർദ്ധിക്കാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കാമെന്നുകൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

കൈമുട്ട് വേദനയും

വിരലിലെ പെരുപ്പും

മഴക്കാലത്ത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് തോൾവേദന. കനംകൂടിയ തലയണ ഒഴിവാക്കിയും ഇരിക്കുമ്പോഴും കിടക്കുമ്പോഴും തോൾ അമർന്നിരിക്കുന്ന അവസ്ഥ ഒഴിവാക്കിയും വേദന കുറയ്ക്കാനാകും. വേദനയുള്ള
വശത്തെ കൈ തലയ്ക്ക് വച്ച് കിടക്കുന്നതും ആ വശം ചരിഞ്ഞു കിടക്കുന്നതും ഒഴിവാക്കണം. തോൾ ഭാഗത്ത് അധികം തണുപ്പും കാറ്റും ഏൽക്കാത്തവിധം ഫാനും എ.സിയും നിയന്ത്രിക്കണം. കൈമുട്ടുകളിലെ വേദന കുറയുന്നതിനും ഈ വിധം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇതുകൂടാതെ തുണി പിഴിയുകയോ തറ തുടയ്ക്കുകയോ തേങ്ങ ചുരണ്ടുകയോ ഭാരമുള്ളവ എടുക്കുകയോ ചെയ്യുന്നത് കുറച്ചാലും കൈമുട്ട് വേദനയ്ക്ക് ശനമമുണ്ടാകും.

മണിബന്ധസന്ധിക്ക് അഥവാ റിസ്റ്റ്ജോയിന്റിന് വേദനയുള്ളവർ ശരീരഭാരം താങ്ങുന്ന വിധം കൈ കുത്തി എഴുന്നേൽക്കുന്നതും ഇരിക്കുന്നതും ഒഴിവാക്കണം. വേദനയ്ക്കൊപ്പം വിരലുകളിൽ പെരുപ്പും അനുഭവപ്പെടുന്നുണ്ടെങ്കിൽ ഫ്രിഡ്ജിൽ നിന്ന് തണുത്ത വസ്തുക്കൾ എടുത്ത് തണുപ്പോടെ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. മിക്സി ഓൺ ചെയ്താൽ അതിന്റെ അടപ്പ് തെറിച്ചു പോകാതിരിക്കാൻ പിടിച്ചുകൊണ്ട് നിൽക്കുന്ന ധാരാളം ആൾക്കാരുണ്ട്. ഇത്തരം ബുദ്ധിമുട്ടുള്ളവർക്ക് ഇത് പ്രയാസങ്ങൾ വർദ്ധിക്കാൻ കാരണമാകും. രാത്രിയിൽ പകുതി ഉറക്കത്തിനു ശേഷം കൈവിരലുകൾ പെരുക്കുന്നത് കാരണം ഉണർന്ന് എഴുന്നേൽക്കേണ്ടിവരുന്നവർ കൈ തലയ്ക്ക് വച്ച് കിടക്കുന്നത് ഒഴിവാക്കുകയും റിസ്റ്റ് ജോയിന്റും വിരലുകളും മടങ്ങാതെ നിവർന്നിരിക്കുന്ന വിധം എന്തെങ്കിലുംവച്ചുകെട്ടി കിടക്കുകയും ചെയ്യണം. റിസ്റ്റ് ജോയിന്റിന് ബലക്കുറവ് കാരണം വേദന വർദ്ധിക്കുന്നവർക്ക് ഒരു റിസ്റ്റ് ഗാർഡ് ഉപയോഗിക്കാവുന്നതാണ്. വലിപ്പമുള്ള മൊബൈൽ ഫോൺ കൈവെള്ളയിൽ വച്ച് ഉപയോഗിക്കുന്നത് ഒഴിവാക്കിയാൽ പെരുപ്പ് കുറയും. കഴുത്തിനുകൂടി കുഴപ്പമുള്ളവരിൽ ക്രമേണ മേൽപ്പറഞ്ഞ മറ്റു ഭാഗങ്ങളെ ആശ്രയിച്ചുള്ള ബുദ്ധിമുട്ടുകൾ വർദ്ധിക്കാറുണ്ട്. അതുകൊണ്ട് ഇതുവരെ പറഞ്ഞ കാര്യങ്ങൾക്കൊപ്പം കിടന്നുകൊണ്ടുള്ള വായനയും ടി.വി കാണലും മൊബൈൽ ഫോൺ ഉപയോഗവും ഒഴിവാക്കേണ്ടി വരും. വശംകെട്ടുള്ള കിടപ്പും രാത്രി കുളിക്കുന്നതും വേദനയുടെ കാരണമായേക്കാം.കട്ടിലിന്റെ പടിയിൽ തലവച്ച് കിടക്കുന്നതും ദിവാൻകോട്ടിന്റെ ഉരുണ്ട തലയണയിൽ തല വയ്ക്കുന്നതുമെല്ലാം ഒഴിവാക്കണം.

കാൽമുട്ടുവേദനയും

വെരിക്കോസ് വെയിനും

മുട്ടുവേദനയുള്ളവർ കാലിന്റെ പുറത്ത് കാലു കയറ്റിവച്ചിരിക്കുന്നതും കാലുകൾ വിലങ്ങത്തിൽ വെച്ചോ ചമ്രം പടഞ്ഞോ ഇരിക്കുന്നതും ഒഴിവാക്കണം. മുട്ട് വേദനയും നടുവേദനയുമുള്ളവർക്ക് വണ്ണക്കൂടുതലുണ്ടെങ്കിൽ നിന്ന് ജോലി ചെയ്യുന്നത് കുറയ്ക്കേണ്ടിവരും. ക്രമേണ വണ്ണവും കുറച്ചു കൊള്ളണം. നീര് അധികമില്ലാത്ത മുട്ട് വേദനകളിൽ മുട്ടിന്റെ അളവിനനുസരിച്ചുള്ള നീക്യാപ്പ് ഉപയോഗിക്കണം. ഇത് ഉപയോഗിച്ചിരിക്കുന്ന അവസരത്തിൽ കാൽ മടക്കി വച്ച് ഇരിക്കുന്നത് രക്തചംക്രമണത്തിന് തടസ്സമുണ്ടാക്കുമെന്ന കാര്യവും മുട്ടിനു താഴേക്ക് നീര് വരാമെന്നകാര്യവും ശ്രദ്ധിക്കണം.

വെരിക്കോസ് വെയിനിന്റെ വേദനയുള്ളവർ നിന്നുകൊണ്ടുള്ള ജോലി ഏതുവിധേനയും കുറയ്ക്കണം. തണുത്ത തറയിൽ ചെരുപ്പിടാതെ ചവിട്ടരുത്. നനഞ്ഞ് നിന്ന് തുണി കഴുകുന്നതും മഴ നനയുന്നതും മറ്റും വേദനയെ വർദ്ധിപ്പിക്കും.

നടുവേദനയുള്ളവർ മഴ നനയുകയോ അമിതഭാരമുയർത്തുകയോ അധികനേരം നിൽക്കുകയോ ചെയ്യരുത്. പ്രത്യേകിച്ചും തണുപ്പടിക്കുന്ന രീതിയിൽ തറയിൽ കിടക്കരുത്. നടുവേദനയ്ക്കൊപ്പം കാലിലേക്ക് കഴപ്പും പെരുപ്പുമുണ്ടെങ്കിൽ ആ വശം വച്ച് കിടക്കരുത്. നീണ്ടുനിവർന്ന് മലർന്നു കിടക്കുന്നതും നല്ലതല്ല. വേദനയില്ലാത്തവശം മുകളിൽ വരുന്നവിധം ചരിഞ്ഞുകിടന്ന് മുകളിലെ കാല് മടക്കി മുട്ടിനുതാഴെ ഒരു തലയണ വച്ച് സപ്പോർട്ട് കൊടുക്കുന്നത് നല്ലതാണ്. നടുവിനൊപ്പം കഴുത്ത് വേദനയുമുണ്ടെങ്കിൽ മലർന്നുകിടന്ന് കാൽമുട്ടിനടിയിൽ ഇരുകാലിനും സപ്പോർട്ട് കിട്ടുന്ന വിധം ഒരു തലയണ വച്ച് കാൽമുട്ട് ഉയർത്തിവയ്ക്കുക.

ഉപ്പൂറ്റിവേദനയും

സൈനസൈറ്റിസും

ഉപ്പൂറ്റിവേദനയുള്ളവർ രാത്രി ഭക്ഷണം നേരത്തെ തന്നെ കഴിക്കുക. കിടക്കുന്നതിന് മുമ്പ് ചുക്ക് വെള്ളം കുടിക്കുക. ശരിയായ ചെരുപ്പ് ഉപയോഗിക്കുക. ഉപ്പൂറ്റിയുടെ ഭാഗം പൊങ്ങിനിൽക്കുന്ന വിധമുള്ളവ ഒഴിവാക്കുക. കാൽപാദത്തിന് മേലെ അടുത്ത കാൽപാദം കയറ്റിവച്ച് കിടക്കുന്ന രീതി ഒഴിവാക്കുക.

മൂക്കടപ്പ്, സൈനസൈറ്റിസ്, തലവേദന എന്നിവ മഴക്കാലത്ത് സാധാരണയായി കാണാറുണ്ട്. ഇവയുള്ളവർ മൂക്ക് ശക്തിയായി ചീറ്റുകയോ വലിക്കുകയോ ചെയ്യരുത്. തൈരും തണുത്തവയും കഴിക്കരുത്. മഴനനയുകയോ തണുപ്പേൽക്കുകയോ അരുത്. ദീർഘനാളായി സൈനസൈറ്റിസുള്ളവർക്ക് അക്യുട്ട് ഇൻഫക്ഷൻ ഉണ്ടാകാവുന്ന കാലമാണ് മഴക്കാലമെന്ന് തിരിച്ചറിയുക. മുറിക്കുള്ളിലെ തണുപ്പ് കുറയ്ക്കാനുള്ള മാർഗ്ഗങ്ങളും സ്വീകരിക്കാവുന്നതാണ്. പകലുറക്കം മൂക്കടപ്പിനേയും തുടർന്ന് തലവേദനയേയും ഉണ്ടാക്കാം.

പല സന്ധികളിൽ വേദന അനുഭവപ്പെടുന്നവർ അവരുടെ ദഹന കാര്യങ്ങൾ ശരിയായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രത്യേക ശ്രദ്ധിക്കണം. ദഹനത്തെ കുറയ്ക്കുന്ന ആഹാരങ്ങൾ തന്നെയാകും വയറുവേദനയ്ക്കും കാരണമാകുന്നത്.

അധികമായി തണുപ്പടിക്കുന്നത് കൊണ്ടും യാത്ര ചെയ്യുമ്പോഴും കാറ്റ് ശക്തിയായി ഏൽക്കുന്നതും മഴ നനയുന്നത് കൊണ്ടും ജലദോഷത്തിന്റെ അണുബാധ കൊണ്ടും ചെവിവേദനയുണ്ടാകാം.

കാലിലെ തള്ളവിരൽ ചേരുന്ന ഭാഗത്തും മറ്റു സന്ധികളിലും വേദനയും അനക്കാനും കാൽ ചവിട്ടി ഉറപ്പിക്കാനും പ്രയാസവും അനുഭവപ്പെടുന്നുണ്ടെങ്കിൽ മാംസാഹാരം താൽക്കാലികമായി ഉപേക്ഷിക്കുകയും ഇലക്കറികൾ കുറയ്ക്കുകയും ആവശ്യത്തിന് വെള്ളം ഇടയ്ക്കിടെ കുടിക്കുകയും വേണം.

വെള്ളം കുടിക്കണം

ചൂടുള്ളത് കഴിക്കണം

മഴക്കാലത്ത് ആവശ്യത്തിന് വെള്ളം കുടിക്കാത്തവരിൽ മൂത്രപഥ അണുബാധ കാരണമുള്ള വേദനയും വൃക്കയിലെ കല്ല് കാരണമുള്ള വേദനയും ഉണ്ടാകാം. തണുപ്പ് അധികമേറ്റാൽ മാംസപേശികൾക്ക് മുറുക്കവും അത് കാരണമുള്ള വേദനയുമുണ്ടാകാം. ചൂടുള്ളവ കഴിക്കാനും ചൂട് വയ്ക്കാനും ശ്രമിക്കുന്നത് ആശ്വാസമാകും.

മഴകാരണം അന്തരീക്ഷത്തിൽ തണുപ്പ് വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന വേദന ഒട്ടും സഹിക്കാൻ വയ്യേ എന്ന് വിലപിച്ച് അപകടം പിടിച്ച വേദനാസംഹാരികൾക്കും ഉറക്കഗുളികകൾക്കും പുറകേ പോകാതെ,​ ശരീരം ചൂടായിരിക്കാനാവശ്യമായ ആഹാരരീതികൾ ശ്രദ്ധിക്കുകയും കൃത്രിമമായി പരിസരവുംകൂടി ചൂട് നിലനിൽക്കുന്ന വിധം ക്രമീകരിക്കുകയും ശരീരോഷ്മാവ് വർദ്ധിക്കുന്ന തരത്തിലുള്ള ആയുർവേദ ഔഷധങ്ങൾ ഉപയോഗിക്കുകയും ചെയ്താൽ വാതവർദ്ധനവിനെയും അത് കാരണമുള്ള വിവിധ വേദനകളേയും ഒഴിവാക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, MONSOON
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.