SignIn
Kerala Kaumudi Online
Saturday, 20 April 2024 9.02 AM IST

ചില ഐ.എൻ.എൽ വീരഗാഥകൾ

vivadavela

ഇന്ത്യൻ നാഷണൽ ലീഗിൽ അനിവാര്യമായ പിളർപ്പ് സംഭവിച്ചു. ഇടതു ജനാധിപത്യ മുന്നണി ഇതൊരുപക്ഷേ മുൻകൂട്ടി തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കുമോ ഈ അഖിലേന്ത്യാ ലീഗിനെ കാൽനൂറ്റാണ്ടുകാലം എ.കെ.ജി സെന്ററിന്റെ വരാന്തയിൽ മാത്രം നിറുത്തിയത്?​ അതേയെന്ന് സംശയിക്കാൻ ന്യായമായ കാരണമാണ് ജൂലായ് 25ന് കൊച്ചിയിൽ നടന്ന ഐ.എൻ.എൽ പ്രവർത്തകസമിതിയിലെ കൂട്ടത്തല്ലും പിന്നാലെയുണ്ടായ പിളർപ്പും. കാൽനൂറ്റാണ്ടുകാലം ഒരു മുന്നണിയിലും അകത്തേക്ക് പ്രവേശനമില്ലാതെ കഴിയേണ്ടി വരുന്ന ഏതൊരു പാർട്ടിയും കുറേക്കാലം കഴിയുമ്പോൾ സടകൊഴിഞ്ഞ സിംഹമാകുമെന്ന് ചിന്തിക്കാൻ സാമാന്യബുദ്ധി മതി.

മുന്നണിയുടെ കാര്യം അവിടെ നിൽക്കട്ടെ. പാർലമെന്ററി ജനാധിപത്യത്തിൽ തുടർച്ചയായി പത്തോപതിനഞ്ചോ വർഷം അധികാരകേന്ദ്രത്തിന് പുറത്ത് നിൽക്കേണ്ടി വരുന്ന രാഷ്ട്രീയ കക്ഷിയിലുമുണ്ടാവില്ലേ,​ മുല്ലപ്പെരിയാർ അണക്കെട്ടിലേത് പോലുള്ള ചോർച്ചകളും ശോഷണവും. പത്ത് പോയിട്ട് ഏഴ് കൊല്ലം അധികാരത്തിന് പുറത്ത് നിൽക്കേണ്ടി വന്ന കോൺഗ്രസിന്റെ അവസ്ഥ നോക്കൂ. ഒരു അഖിലേന്ത്യാ അദ്ധ്യക്ഷനില്ലാതെ രണ്ട് വർഷമാകുന്നു ദേശീയ പാർട്ടിയായ കോൺഗ്രസിന്റെ സഞ്ചാരം. താത്‌കാലിക അദ്ധ്യക്ഷയായി,​ അനാരോഗ്യം അലട്ടുന്ന സോണിയഗാന്ധി തുടരുകയാണ്,​ മറ്റ് മാർഗമില്ലാത്തത് കൊണ്ടു മാത്രം. എന്നാൽ,​ സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ അദ്ധ്യക്ഷനെ ആ പാർട്ടിക്ക് കണ്ടെത്താനാവുന്നുമില്ല. ചില മുതിർന്ന നേതാക്കൾ വിമതസ്വരമുയർത്തിയപ്പോൾ സംഘടനയ്ക്കകത്ത് അതിന് മേൽക്കൈ കിട്ടുന്നുമില്ല. രാഹുൽഗാന്ധി വേണം,​ എന്നാലദ്ദേഹം വരുന്നില്ല എന്നതാണ് അവസ്ഥ. രാഹുൽഗാന്ധി വരുന്നില്ലെങ്കിൽ അദ്ദേഹം മുൻകൈയെടുത്ത് മറ്റൊരു ക്രിയാത്മക സംവിധാനത്തിന് വഴിയൊരുക്കുന്നുമില്ല. അദ്ദേഹത്തിലേക്ക് എല്ലാവരും നോക്കിക്കൊണ്ട് നിൽക്കുന്നു. എന്തൊരു ദുര്യോഗമാണത് !

അതവിടെ നിൽക്കട്ടെ. ഐ.എൻ.എല്ലിലേക്ക് വരാം. 1994ൽ മുസ്ലിംലീഗിൽ കലാപമുണ്ടാക്കി വർദ്ധിതവീര്യത്തോടെ പുറത്തുവന്ന കൂട്ടരാണവർ. ഇടതുമുന്നണി പ്രവേശനം സ്വപ്നംകണ്ട് പാർട്ടിയുണ്ടാക്കിയപ്പോൾ,​ മതേതരമുഖം പ്രകടമാക്കാൻ മുസ്ലിം എന്ന പദം പോലും പാർട്ടി പേരിൽ നിന്നൊഴിവാക്കി. മുസ്ലിംലീഗുമായി സഖ്യമുണ്ടാക്കാനുള്ള ബദൽരേഖ അവതരിപ്പിച്ച എം.വി. രാഘവനും കൂട്ടരും സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടതിന്റെ ആരവം കെട്ടടങ്ങാതെ നിൽക്കുന്ന കാലത്ത്,​ ഐ.എൻ.എല്ലിന് ഇടതുമുന്നണിയിൽ പ്രവേശിക്കാൻ അങ്ങനെ ചില വിട്ടുവീഴ്ചകളൊക്കെ ചെയ്തേ മതിയാവുമായിരുന്നുള്ളൂ. അവരത് ചെയ്തിട്ടും ഇടതുമുന്നണിയുടെ അകത്തേക്ക് കയറിയിരിക്കാനുള്ള പായ കരഗതമായില്ല.

കാൽനൂറ്റാണ്ട് കടന്നുപോയി. അതിനിടയിൽ മുന്നണിയുടെ ഭാഗമായി ഐ.എൻ.എൽ ചില സീറ്റുകളിലൊക്കെ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചുവന്നു. കോഴിക്കോട്ട് നിന്ന്,​ ഇപ്പോൾ മുസ്ലിംലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.എം.എ. സലാം ഒരുതവണ എം.എൽ.എയുമായി. 2006 ലായിരുന്നു സലാം എം.എൽ.എയായത്. രണ്ടാംതവണ ഐ.എൻ.എൽ അക്കൗണ്ട് തുറന്നത് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ്. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്ന് അഹമ്മദ് ദേവർകോവിലിലൂടെ. അദ്ദേഹം ഐ.എൻ.എല്ലിന്റെ അഖിലേന്ത്യാ ജനറൽസെക്രട്ടറിമാരിൽ ഒരാളാണ്. അദ്ദേഹം ജയിച്ചപ്പോൾ മന്ത്രിയാകാനുള്ള ഭാഗ്യവും സിദ്ധിച്ചു. കാരണം,​ അദ്ദേഹം ജയിക്കുമ്പോഴേക്കും ഐ.എൻ.എല്ലിന് മുന്നണിക്കകത്ത് പായ വിരിച്ചിരിക്കാൻ അവസരം കിട്ടിക്കഴിഞ്ഞിരുന്നു. 2006ൽ സലാമിന് കിട്ടാതിരുന്ന അവസരം ദേവർകോവിലിന് കിട്ടിയപ്പോഴാണ്,​ തമ്മിൽത്തല്ലും ചെളി വാരിയേറും ഒടുവിൽ പിളർപ്പും. എന്തു ചെയ്യാനാണ് ! ആലിൻകായ പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ് തന്നെ! അധികാരവും സ്ഥാനവും കിട്ടുമ്പോൾ തനിസ്വരൂപം പുറത്തുകാട്ടുകയായിരുന്നു ഐ.എൻ.എൽ. ഇത്രയും കാലം അവരെ പുറത്ത് നിറുത്തിയത് വെറുതെയല്ല എന്ന് ഇടതുമുന്നണിക്ക് ഇനി പറയാനാകും.

കൊച്ചിയിൽ ഐ.എൻ.എല്ലിൽ കൂട്ടത്തല്ല് നടക്കുമ്പോഴും പിളരുമ്പോഴും ഒരു പാർട്ടിയുടെ മനസ്സിൽ ലഡ്ഡു പൊട്ടിയിരുന്നു. അത് ഐ.എൻ.എല്ലിന്റെ മാതൃപാർട്ടിയായ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിലാണ്.

ഐ.എൻ.എല്ലിന്റെ രൂപീകരണം

1992ൽ ബാബ്റി മസ്ജിദ് സംഘപരിവാർ കർസേവകർ തകർക്കുമ്പോൾ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് കോൺഗ്രസിന്റെ ഏറ്റവും ശക്തരായ സഖ്യകക്ഷിയാണ്, കേന്ദ്രത്തിലും അതെ, കേരളത്തിലും അതെ. ബാബറി മസ്ജിദ് അയോദ്ധ്യയിൽ തകർക്കപ്പെടുമ്പോൾ പ്രഗല്‌ഭനായ പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായി കോൺഗ്രസ് ഇന്ത്യ ഭരിക്കുകയായിരുന്നു. അന്നത്തെ വിവാദങ്ങളിൽ പ്രധാനമന്ത്രിയുടെ മൗനമാണ് പലരും വിമർശനവിധേയമാക്കിയത്.

മുസ്ലിം ലീഗിനകത്ത്, ഒരു വിഭാഗത്തിന് കോൺഗ്രസ് സർക്കാരിന്റെ നിസംഗതയോടും അതുവഴി കോൺഗ്രസിനോടും ശക്തമായ അമർഷമുണ്ടായി. ആ അമർഷം മൂർച്ഛിച്ചു വന്ന്, 1994 ഏപ്രിൽ 23ന് അനിവാര്യമായ പിളർപ്പ് സംഭവിച്ചു. ഏത് നിമിഷവും പിളർപ്പ് സംഭവിച്ചേക്കുമെന്ന് ഉറപ്പായിരുന്നു. ദീർഘകാലം മുസ്ലിംലീഗിന്റെ സമുന്നത നേതാവും 35 കൊല്ലം ഇന്ത്യൻ പാർലമെന്റിൽ അംഗവുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേഠ് ആണ് കോൺഗ്രസിന്റേതും മുസ്ലിംലീഗിന്റേതും വഞ്ചനാപരമായ സമീപനമെന്ന് കുറ്റപ്പെടുത്തി പാർട്ടിയെ പിളർത്തി പുതിയ പാർട്ടിക്ക് രൂപം നൽകിയത്. ആധികാരികമായിരുന്നു പിളർപ്പ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി എഴുന്നൂറോളം പ്രതിനിധികളാണ് മുസ്ലിംലീഗിൽ നിന്ന് രാജിവച്ച് ഡൽഹിയിലെ ഐവാനെ ഗാലിബ് ഹാളിൽ വച്ച് പുതിയ പാർട്ടിക്ക് രൂപം നൽകിയത്.

ഇന്ത്യയുടെ മതേതരത്വത്തിനേറ്റ പോറലാണ് ബാബറി മസ്ജിദ് ധ്വംസനമെന്നും മതാധിഷ്ഠിത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും പ്രഖ്യാപിച്ചാണ് അദ്ദേഹം സെക്കുലർ രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ ലീഗിന് രൂപം നൽകുന്നത്. ഇടതുമുന്നണിയുടെ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ ആശീർവാദത്തോടെയാകുമ്പോൾ, സെക്യുലർ രാഷ്ട്രീയം ഉയർത്തിപ്പിടിക്കണം. സ്വത്വാധിഷ്ഠിതമായ വേലിക്കെട്ട് മറികടക്കണം. അങ്ങനെ മുസ്ലിംലീഗ് പിളർന്ന് ഇന്ത്യൻ നാഷണൽ ലീഗ് വന്നു.

പക്ഷേ, സേഠ് പ്രതീക്ഷിച്ചിടത്ത് കാര്യങ്ങളെത്തിയില്ല. ഐ.എൻ.എല്ലിന് ഇടതുമുന്നണി പ്രവേശനം കീറാമുട്ടിയായി. സ്വത്വരാഷ്ട്രീയത്തോട് മുഖം തിരിച്ചു നിൽക്കുന്നതും വർഗസമരത്തെ ഉയർത്തിപ്പിടിക്കുന്നതുമായ കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിന്, ആ ഘട്ടത്തിൽ അങ്ങനെയൊരു നിലപാടെടുക്കേണ്ടി വന്നു. മുസ്ലിംലീഗിൽ നിന്ന് തെറ്റിപ്പിരിഞ്ഞെത്തിയവർ, അതും ലീഗിനേക്കാൾ തീവ്രനിലപാട് ബാബറി പ്രശ്നത്തിൽ കൈക്കൊണ്ടവർ, വരുമ്പോൾ മുസ്ലിം എന്ന പേര് നീക്കിയാലും ആ സ്വത്വം മാഞ്ഞുപോകില്ലെന്ന് സി.പി.എം വിലയിരുത്തി. അത് മാഞ്ഞ് മാഞ്ഞില്ലാതാവട്ടെ എന്ന് കരുതിയാവണം ഐ.എൻ.എല്ലിനെ എ.കെ.ജി സെന്ററിന്റെ പടിക്ക് പുറത്ത് മാത്രം നിറുത്തിയത്.

പുള്ളിപ്പുലിയുടെ പുള്ളി മാഞ്ഞില്ല. പകരം ആരോഗ്യം ക്ഷയിച്ചു. കാൽനൂറ്റാണ്ട് ഒരു ചെറിയ കാലമല്ല. 2018 ഡിസംബർ അവസാനം ഐ.എൻ.എല്ലിന് ഇടതുമുന്നണിക്കകത്തേക്കുള്ള വാതിൽ തുറന്നുകിട്ടിയപ്പോൾ പാർട്ടിക്ക് ജനിച്ചപ്പോഴത്തെ വീര്യം ഇല്ലായിരുന്നു. 2006ൽ പാർട്ടി എം.എൽ.എ ആയിരുന്ന പി.എം.എ. സലാം 2011ൽ തന്നെ പാർട്ടിക്ക് പുറത്തായി. അദ്ദേഹം ഐ.എൻ.എല്ലിനെ മുസ്ലിംലീഗിനോട് ചേർത്തുകെട്ടാൻ ശ്രമിക്കുന്നുവെന്ന പഴി പാർട്ടിക്കുള്ളിൽ ശക്തമായി ഉയർന്നു. അദ്ദേഹം ചെറുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അങ്ങനെ അദ്ദേഹം ലീഗ് പാളയത്തിൽ തന്നെ അഭയം തേടി. ഐ.എൻ.എല്ലിന്റെ ചോര ഊറ്റിക്കുടിക്കാൻ ലീഗ് എപ്പോഴും കരുക്കൾ നീക്കിക്കൊണ്ടിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.

സലാമിന്റെ പുറത്താകലിന് കാരണമായത്, ഐ.എൻ.എല്ലിന്റെ അഖിലേന്ത്യാ നേതൃത്വത്തിന്റെ പിന്തുണയില്ലായ്മ ആയിരുന്നു. അഖിലേന്ത്യാ നേതൃത്വം ആരുടെ കൂടെ നിൽക്കുന്നോ അവർക്കേ സംസ്ഥാനപാർട്ടിയിലും അതിജീവനമുള്ളൂ. പ്രവർത്തകരുടെ എത്ര വലിയ പിന്തുണ അവകാശപ്പെട്ട് നിന്നാലും മറുപക്ഷത്തിന് വേറെ പാർട്ടിയോ, അല്ലെങ്കിൽ മാതൃസംഘടനയായ ലീഗോ തന്നെയാവും അഭയകേന്ദ്രം. ഇപ്പോഴത്തെ പിളർപ്പിൽ ജനറൽ സെക്രട്ടറിയായിരുന്ന കാസിം ഇരിക്കൂറിനൊപ്പമാണ് അഖിലേന്ത്യാ പ്രസിഡന്റ് ഉത്തർപ്രദേശുകാരനായ മുഹമ്മദ് സുലൈമാൻ. സംസ്ഥാന കമ്മിറ്റിയിൽ ഭൂരിപക്ഷ പിന്തുണ പ്രൊഫ.എ.പി. അബ്ദുൾ വഹാബ് അവകാശപ്പെടുന്നുണ്ട്. അതുകൊണ്ട് ഇനിയെന്തെങ്കിലും പ്രയോജനമുണ്ടാകുമോയെന്ന് കണ്ടറിയണം. സംസ്ഥാന മന്ത്രി അഹമ്മദ് ദേവർകോവിലും കാസിം പക്ഷത്തോടൊപ്പമാണ്. അദ്ദേഹം അത് പരസ്യമാക്കിയില്ലെങ്കിലും.

സി.പി.എം ഇച്ഛിച്ചതും

ഐ.എൻ.എൽ നൽകുന്നതും

ഐ.എൻ.എല്ലിനെ ഒടുവിൽ മുന്നണിയിൽ എടുക്കാൻ തീരുമാനിച്ചപ്പോൾ മുസ്ലിംലീഗ് കോട്ടകളിൽ വിള്ളൽ വീഴ്ത്തി അതിനെ ശോഷിപ്പിക്കുകയെന്ന ദൗത്യം കൂടിയാണ് ഇടതുമുന്നണിയിൽ ഐ.എൻ.എല്ലിന് വന്നുചേർന്നത്. ഇടത് തുടർഭരണം സംഭവിക്കുകയും അപ്രതീക്ഷിതമായി കോഴിക്കോട് സൗത്തിൽ വിജയിച്ചെത്തിയ അഹമ്മദ് ദേവർകോവിൽ മന്ത്രിയാവുകയും ചെയ്തതോടെ, ഐ.എൻ.എല്ലിലേക്ക് ലീഗിൽ നിന്നടക്കം ഒഴുക്ക് തുടങ്ങിയതുമാണ്. മുസ്ലിംലീഗിന്റെ പരമ്പരാഗത നേതൃത്വത്തോട് അതൃപ്തിയുള്ളവർ ധാരാളമാണ്. അത് മുതലെടുക്കാൻ ഐ.എൻ.എല്ലിന് കിട്ടിയ മികച്ച അവസരമാണിപ്പോഴുണ്ടായിരിക്കുന്നത്. ഐ.എൻ.എല്ലിന്റെ മുന്നണി പ്രവേശനത്തിന് ശേഷമുണ്ടായ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ മലപ്പുറത്തെ പെരിന്തൽമണ്ണയും മങ്കടയുമടക്കമുള്ള ലീഗ് കോട്ടകളിൽ ലീഗ് സ്ഥാനാർത്ഥികൾക്ക് കടുത്ത പരീക്ഷണം നേരിടേണ്ടി വന്നിട്ടുണ്ട്. ഇവിടങ്ങളിൽ മത്സരിച്ചത് സി.പി.എം സ്ഥാനാർത്ഥികളായിരുന്നെങ്കിലും പഴയ ലീഗ് വിമതരുമാണ്. എന്തിനേറെ സി.പി.ഐ മത്സരിച്ച തിരൂരങ്ങാടിയിൽ ലീഗിന്റെ മുതിർന്ന നേതാവ് കെ.പി.എ. മജീദിന്റെ വിജയം പോലും കടുത്ത വെല്ലുവിളിയെ അതിജീവിച്ചിട്ടായിരുന്നു! മലപ്പുറം ജില്ലയിൽ ലീഗിനെ തളയ്ക്കാൻ സി.പി.എം പരീക്ഷിച്ചുവരുന്ന പുതിയ രീതിയാണ് ലീഗ് വിമതരെ അടർത്തിയെടുത്ത് കളത്തിലിറക്കുക എന്നത്. ഐ.എൻ.എല്ലിന്റെ മുന്നണിയിലെ സാന്നിദ്ധ്യം അതിന് അവർക്കൊരു ഉത്തേജനമാണ്.

ഐ.എൻ.എല്ലിനെ തളർത്തി മെരുക്കിയില്ലാതാക്കാൻ മുസ്ലിംലീഗും ആഗ്രഹിച്ച് പോകുന്നത് ഇത്തരം രാഷ്ട്രീയ കാരണങ്ങളാലാണ്. ഐ.എൻ.എല്ലിലെ തമ്മിലടിയിൽ ലീഗ് നേതൃത്വം നിഗൂഢമായി ആനന്ദിക്കുന്നതും അതിനാലാണ്. പിളർപ്പിന് പിന്നിൽ ഇരുപക്ഷവും കഴിഞ്ഞദിവസം പഴി ചാരിയതും ലീഗിനെയാണെന്ന് ശ്രദ്ധിക്കുക.

മുസ്ലിം സമുദായത്തിന്റെ പിൻബലം ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നന്നായി ലഭിച്ചിട്ടുണ്ട്. അതിന് ഐ.എൻ.എല്ലിന്റെ സാന്നിദ്ധ്യത്തേക്കാളുപരി, പൗരത്വ ഭേദഗതി വിഷയത്തിലുൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയൻ നേടിയെടുത്ത സ്വീകാര്യതയും അദ്ദേഹത്തിന്റെ സോഷ്യൽ എൻജിനിയറിംഗ് മികവും കാരണമായിട്ടുണ്ട്. ഐ.എൻ.എല്ലിനെ മുൻനിറുത്തിയാണെങ്കിലും ലീഗ് കോട്ടകളിലേക്ക് കടന്നുകയറാൻ സി.പി.എമ്മിന് ഇതിനകം സാധിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി അവിടെയുള്ള സ്വാധീനം ബലപ്പെടുത്തേണ്ട ആവശ്യമേയുള്ളൂ. അതിന് ഇനി ഐ.എൻ.എൽ ഇല്ലെങ്കിലും സാധിക്കും എന്നതാണ് അവസ്ഥ.

ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദം ചെറിയ അസ്വാരസ്യങ്ങൾ ഉയർത്തിയെങ്കിലും അതിനെ മാറ്റിയെടുക്കാനുള്ള ചികിത്സയൊക്കെ മുഖ്യമന്ത്രിക്കും സി.പി.എം നേതൃത്വത്തിനുമറിയാം. കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ ഹാജിയുമായി കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ കൂടിക്കാഴ്ച ഒന്നാന്തരം ദൃഷ്ടാന്തമാണ്. അതിനാൽ, ഐ.എൻ.എൽ തമ്മിലടിയൊക്കെ അവസാനിപ്പിച്ചും, അവരുടെ നേതാക്കൾക്കെതിരെ ഉയരുന്ന അഴിമതിയാരോപണങ്ങൾക്ക് മേലിൽ അവസരമുണ്ടാക്കിക്കൊടുക്കാതിരിക്കുകയും ഒക്കെ ചെയ്താൽ അവർക്ക് നന്ന്. ഇല്ലെങ്കിൽ സി.പി.എം അവരുടെ പാട്ടിന് പോകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA, INL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.