പാലക്കാട്: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണം കിറ്റ് വിതരണം ഈ മാസം 31 മുതൽ ആരംഭിക്കും. റേഷൻ കടകൾ വഴിയുള്ള കിറ്റ് വിതരണം ആഗസ്റ്റ് 16നു മുമ്പ് പൂർത്തിയാക്കാനാണ് നിർദ്ദേശം. ഇതുകൂടാതെ കഴിഞ്ഞ മാസത്തെ കിറ്റ് വിതരണം നാളെയോടെ പൂർത്തിയാക്കാനും ഭക്ഷ്യ സിവിൽ സപ്ലൈസ് ഡയറക്ടർ റേഷൻ കടകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
റേഷൻ കാർഡ് ഉടമകൾക്ക് 17 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റാണ് ലഭിക്കുക. ജൂലായ് 31 മുതൽ ആഗസ്റ്റ് രണ്ടുവരെ മഞ്ഞ കാർഡുടമകൾക്കും ആഗസ്റ്റ് 4 മുതൽ 7വരെ പിങ്ക് കാർഡുടമകൾക്കും, നീല കാർഡുടമകൾക്ക് ഓഗസ്റ്റ് 9 മുതൽ 12 വരെയും, വെള്ള കാർഡുകാർക്ക് ഓഗസ്റ്റ് 13, 14, 16 തീയതികളിലുമാണ് കിറ്റ് വിതരണം ചെയ്യുക. സംസ്ഥാനത്തെ 86 ലക്ഷം കാർഡ് ഉടമകൾക്കാണ് ഓണം കിറ്റ് വിതരണം ചെയ്യുക.
കിറ്റിൽ 17 ഇനം സാധനങ്ങൾ
നെയ്യ്
കശുവണ്ടിപ്പരിപ്പ്, ഏലക്ക, സേമിയ (18 രൂപയുടെ ഒരു കവർ)
മിഠായി ( 20 എണ്ണം ഒരു രൂപ വീതം വിലയുള്ളത്)
ഗോതമ്പ് നുറുക്ക് / ആട്ട (ഒരു കിലോ, വില 43 രൂപ)
വെളിച്ചെണ്ണ / തവിടെണ്ണ (അരലിറ്റർ 106 രൂപ)
പഞ്ചസാര (ഒരു കിലോ, വില 39 രൂപ)
തേയില (100 ഗ്രാം 26.50 രൂപ)
സാമ്പാർ പൊടി (100 ഗ്രാം 28 രൂപ)
മുളക് പൊടി (100 ഗ്രാം വില 25 രൂപ)
മല്ലിപ്പൊടി (100 ഗ്രാം വില 17 രൂപ)
മഞ്ഞൾപ്പൊടി (100 ഗ്രാം വില 18 രൂപ)
ചെറുപയർ/ വൻപയർ (അരക്കിലോ 44 രൂപ)
ശബരി വാഷിംഗ് സോപ്പ് ( ഒന്ന് 22 രൂപ),
ശബരി ബാത്ത് സോപ്പ് ( ഒന്ന് 21 രൂപ)
തുണി സഞ്ചി (12 രൂപ).
ക്ഷേമ പെൻഷനുകൾ ആഗസ്റ്റ് ആദ്യവാരം
ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെൻഷനുകൾ അടുത്തമാസം ആദ്യവാരം വിതരണം ചെയ്യും. രണ്ടു മാസത്തെ പെൻഷൻ തുകയായി ചുരുങ്ങിയത് 3200 രൂപ ലഭിക്കും. 55 ലക്ഷത്തിലധികം പേർക്ക് പെൻഷൻ വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചെലവ് വരുന്നത്.
7,81,959 കാർഡ് ഉടമകൾക്ക് ഓണക്കിറ്റ്
പാലക്കാട്: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ 7,81,959 കാർഡ് ഉടമകൾക്ക് സ്പെഷ്യൽ ഓണക്കിറ്റ് വിതരണം ചെയ്യും. ആലത്തൂർ താലൂക്കിൽ 1,23,593, ചിറ്റൂർ 1,25,569, മണ്ണാർക്കാട് 1,10,503, ഒറ്റപ്പാലം 1,28,179, പാലക്കാട് 1,74,688, പട്ടാമ്പി 1,19,427 കാർഡ് ഉടമകളാണ് ഉള്ളത്.
ജില്ലയിൽ അന്ത്യോദയ അന്നയോജന വിഭാഗത്തിൽ (മഞ്ഞ കാർഡ്) 47,633 ഗുണഭോക്താക്കളും പ്രയോറിറ്റി ഹൗസ് ഹോൾഡ് വിഭാഗത്തിൽ (പിങ്ക് കാർഡ് ) 3,17,610 പേരും മുൻഗണനേതര നോൺ സബ്സിഡി വിഭാഗത്തിൽ (വെള്ള കാർഡ്) 2,33,012 പേരും മുൻഗണനേതര സബ്സിഡി വിഭാഗത്തിൽ (നീല കാർഡ്) 1,82,827 പേരും എൻ.പി.ഐ വിഭാഗത്തിൽ 877 കാർഡുമാണ് ഉൾപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |