കണ്ണൂർ: പഞ്ചായത്തിന്റെ മുക്കിലും മൂലയിലും നിറഞ്ഞ അക്കേഷ്യയെ തുരത്താനുള്ള പ്രവർത്തനങ്ങൾ ചെറുതാഴം പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുടങ്ങി. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ വനം വകുപ്പ്, കൃഷി വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.
പ്രശസ്ത സസ്യ ശാസ്ത്രജ്ഞനായ വി.സി. ബാലകൃഷ്ണന്റെയും പരിസ്ഥിതി മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെയും പിന്തുണയോടെയാണ് അക്കേഷ്യ ഫ്രീവില്ലേജ് പദ്ധതി തയാറാക്കുന്നത്. അക്കേഷ്യ ഒഴിവാക്കുന്ന ഭൂമിയിൽ കശുമാവ്, ഔഷധ ചെടികൾ, പ്ലാവ്, മാവ് തുടങ്ങിയവയും നാടൻ മരങ്ങളും നട്ടുവളർത്താനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കശുമാവ് കൃഷിക്ക് കശുമാവ് വികസന കോർപറേഷന്റെ സഹായം ലഭ്യമാക്കും. നാടൻ മരങ്ങളുടെ തോട്ടങ്ങൾ ഉണ്ടാക്കാൻ വനം വകുപ്പിന്റെ സഹായവും ലഭ്യമാക്കും.
അക്കേഷ്യ ഫ്രി വില്ലേജ് എന്ന ആശയം സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് സോഷ്യൽ മീഡയയിൽ അഭിപ്രായ രൂപീകരണം നടത്തിയിരുന്നു. അപ്പോൾ ലഭിച്ച നിർദ്ദേശങ്ങളും പ്രതികരണങ്ങളും പരിഗണിച്ചാണ് കർമ്മ പരിപാടി തയാറാക്കുന്നത്. .
അക്കേഷ്യ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഭൂ ഉടമകൾ ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യണം. ഒഴിവാക്കുന്ന ഭൂമിയിൽ പകരം നടീൽ വസ്തുക്കൾ ലഭ്യമാക്കാൻ വേണ്ടിയാണ് രജിസ്ട്രേഷൻ. അതോടൊപ്പം നടീൽപ്രവർത്തനങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതി സാധ്യത ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളും ഗ്രാമപഞ്ചായത്ത് നടത്തും.
ഇ.കെ. സോമശേഖരൻ,
ജില്ലാ കോ- ഓർഡിനേറ്റർ,
ഹരിതകേരളം മിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |