SignIn
Kerala Kaumudi Online
Sunday, 26 September 2021 12.13 PM IST

ശല്യക്കാരായ കാട്ടുപന്നികളെ നിഗ്രഹിക്കാം; കർഷകപക്ഷം കോടതി

photo

കാട്ടുപന്നികളുടെ ശല്യം ഒഴിവാക്കാൻ അവയെ കൊന്നൊടുക്കാൻ അനുവദിക്കുന്ന ഹൈക്കോടതി വിധി കർഷകർക്ക് വലിയ ആശ്വാസമായി. പത്തനംതിട്ട ജില്ലയിൽ നിന്നുൾപ്പെടെ ആറ് കർഷകർ കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലെ ഉത്തരവിനെ തുടർന്ന് സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്ന് നോക്കുകയാണ് കർഷകർ.

പതിറ്റാണ്ടുകളായി സംസ്ഥാനത്തെ മലയോര മേഖലകളിലെ കർഷകരും അടുത്ത കാലത്തായി വനമില്ലാത്ത മധ്യമേഖലയിലെ ജനങ്ങളും അഭിമുഖീകരിക്കുന്ന വെല്ലുവിളിയാണ് കാട്ടുപന്നി ശല്യം. പെറ്റുപെരുകി മനുഷ്യർക്ക് ഭീഷണിയായി മാറുന്ന കാട്ടുപന്നികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങി നാശം വിതച്ചു തുടങ്ങിയപ്പോൾ തന്നെ കർഷകരും വിവിധ സംഘടനകളും ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ, ഒരു നടപടിയുമെടുക്കാതെ, കാട്ടുപന്നികൾ വന്യജീവി വിഭാഗത്തിൽ പെടുന്നവയാണെന്നും അവയെ തുരത്തുകയോ കെണിവച്ച് കൊല്ലുകയോ ചെയ്താൽ വനം, വന്യജീവി വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും വനംവകുപ്പ് കർഷകരെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. ശല്യം സഹിക്ക വയ്യാതെ കാട്ടുപന്നികളെ കെണിവച്ച് കൊന്നവർക്കെതിരെ അത്തരം വകുപ്പുകൾ ചുമത്തി കേസെട‌ുത്ത് ജയിലിലടയ്ക്കുകയും ചെയ്തിട്ടുണ്ട്.

നിരവധി കർഷകരുടെ വിളകളാണ് കാട്ടുപന്നികൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. കപ്പ, കാച്ചിൽ, ചേന, കിഴങ്ങ്, മധുരക്കിഴങ്ങ്, കൈതച്ചക്ക, തെങ്ങിൻ തൈകൾ, വാഴ, നെല്ല് തുടങ്ങി എല്ലാ വിളകൾക്കും കാട്ടുപന്നികൾ നാശം വരുത്തുന്നു. തിന്നാത്ത വിളകൾ കുത്തിമറിച്ചിടുന്നു. മണ്ണിരകളെ തിന്നുന്നതിനുവേണ്ടി പന്നികൾ മണ്ണ് കുത്തി ഇളക്കുമ്പോൾ പല വിളകളുടെയും വേരുകൾ മുറിഞ്ഞ് പോകുകയും അവ നശിക്കുകയും ചെയ്യുന്നു. വായ്പയെടുത്തും മറ്റുമാണ് കർഷകർ ഉപജീവനമാർഗമായ കൃഷി മുന്നോട്ടു കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്.

കർഷകർ അവരുടേതായ രീതിയിൽ കാട്ടുപന്നികൾക്കെതിരെ ഉപയോഗിച്ച പ്രതിരോധ മാർഗങ്ങളൊന്നും ഫലം കണ്ടില്ല. കൃഷിഭൂമിയുടെ അതിരുകൾ തുണികൊണ്ടും ടിൻ ഷീറ്റുകൾ കൊണ്ടും മറച്ച് സംരക്ഷിക്കുന്നതായിരുന്നു പ്രധാന ഉപായം. പക്ഷെ, അതും തകർത്താണ് പന്നികൾ അകത്തു കയറുന്നത്. മനസ് മടുത്ത കർഷകർ പലരും കൃഷി ഉപേക്ഷിക്കുകയും ചെയ്തു. കാട്ടുപന്നികൾ കൃഷി നശിപ്പിച്ചാൽ നഷ്ടപരിഹാരം നൽകുന്നുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. എന്നാൽ, ചെലവിന്റെ പകുതി പോലും നഷ്ടപരിഹാര തുകയായി ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ വാദം. ചെലവിന്റെ ഇരട്ടി തുക കിട്ടിയാലും നാമ്പ് വന്നതും വിളവെടുക്കാറായതുമായ കൃഷികൾ നശിപ്പിച്ചാൽ ആർക്കാണ് സഹിക്കാനാവുക?.

  • കബളിപ്പിക്കപ്പെട്ട് കർഷകർ

കാട്ടുപന്നികളെക്കൊണ്ട് പൊറുതിമുട്ടിയ കർഷകരെ കബളിപ്പിക്കുന്ന നയമാണ് വനംവകുപ്പ് ഇതുവരെ സ്വീകരിച്ചു പോന്നത്. കൃഷിയെ സംരക്ഷിക്കാനുള്ള കർഷകരുടെ നിരന്തര സമരങ്ങൾക്കും ഫലമില്ലാതെ വന്നു. കേന്ദ്ര വന നിയമം ചൂണ്ടിക്കാട്ടി ജനപ്രതിനിധികളും കർഷകരെ കയ്യൊഴിഞ്ഞു. അതേസമയം, ഒാരോ തിരഞ്ഞെടുപ്പ് വരുമ്പോഴും കാട്ടുപന്നി ശല്യം തടയാൻ നിയമം കൊണ്ടുവരുമെന്ന് വാഗ്ദാനം നൽകി കർഷകരെ അവർ ചതിച്ചുകൊണ്ടുമിരുന്നു.

കാട്ടുപന്നി സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന മൃഗമായതിനാൽ അവയെ നിർമാർജനം ചെയ്യാൻ കേന്ദ്രാനുമതി വേണമെന്നായിരുന്നു സംസ്ഥാന വനംവകുപ്പിന്റെ ഒരു വാദം. പക്ഷെ, ജനവാസ മേഖലകളിലേക്ക് ഇറങ്ങി പെരുകിയ ഇവ വലിയ ഭീഷണിയാണെന്ന് കണ്ടപ്പോൾ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ അവയെ നശിപ്പിക്കാമെന്ന് വനംവകുപ്പ് ഉത്തരവിറക്കി. അതിലെ പ്രായാേഗികമല്ലാത്ത നിർദേശങ്ങളെ കർഷകരും സംഘടനകളും ചോദ്യം ചെയ്തു. ലൈസൻസുള്ള തോക്കുള്ളവർക്ക് കാട്ടുപന്നിയെ വെടിവയ്ക്കാൻ നിശ്ചിത കാലയളവിലേക്ക് അനുവദിക്കുന്നതായിരുന്നു സർക്കാർ ഉത്തരവ്. അതിലെ നിബന്ധനകൾ കാരണം നാശംവിതയ്ക്കുന്ന കാട്ടുപന്നികൾക്ക് നേരെ കർഷകർക്ക് തോക്ക് ചൂണ്ടാനായില്ല. വെടിവയ്ക്കാനുദ്ദേശിക്കുന്ന കാട്ടുപന്നി ഉപദ്രവകാരിയാണെന്ന് ഉറപ്പാക്കണമെന്നായിരുന്നു ഒരു നിബന്ധന. കാട്ടുപന്നികൾ ഒരിടത്തെ വിളകൾ തിന്ന് അടുത്തയിടത്തേക്ക് മാറിമാറി പോകുന്നവയാണ്. കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നി ഉപദ്രവകാരിയാണെന്ന് കർഷകർ മാത്രം ഉറപ്പിച്ചാൽ പോര. ബന്ധപ്പെട്ട മേഖലയിലെ വനപാലകരും തദ്ദേശ സ്ഥാപന പ്രതിനിധികളുടങ്ങുന്ന ജാഗ്രതാ സമിതിയാണ് അത് തീരുമാനിക്കേണ്ടത്. ഒരു കൃഷിയിടം നശിപ്പിക്കുന്ന പന്നിയെ കാണുന്ന കർഷകർ ജാഗ്രതാ സമിതിയെ വിവരം അറിയിച്ച് അവർ എത്തുമ്പോഴേക്കും പന്നികൾ സ്ഥലം വിട്ടിരിക്കും. കർഷകൻ പന്നിയെ കാണുന്ന സമയത്ത് വെടിവച്ചിട്ടാൽ കേസെടുക്കുകയും ചെയ്യും. ഇത്തരം വികലമായ നിബന്ധനകൾ കർഷകരെ നിസഹായരാക്കി.

മനുഷ്യജീവനും ഭീഷണി

റബർ തോട്ടങ്ങളിലും കുറ്റിക്കാടുകളിലും വാസമുറപ്പിച്ച് പെരുകുന്ന കാട്ടുപന്നികൾ കുത്തി മനുഷ്യ ജീവൻ പൊലിഞ്ഞ സംഭവങ്ങൾ റാന്നിയിലുണ്ടായിട്ടുണ്ട്. പുലർച്ചെ റബർ ടാപ്പിംഗിനിറങ്ങിയ നിരവധിയാളുകളെ ആക്രമിച്ച് കുത്തി പരിക്കേൽപ്പിച്ചു. രാത്രിയിൽ റോഡുകളിലൂടെ ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാട്ടുപന്നിയെ ഇടിച്ച് അപകടത്തിൽപെട്ടവരും നിരവധി. നഗരപ്രദേശങ്ങളിലെ ഒഴിഞ്ഞ കുറ്റക്കാടുകളിലും

കാട്ടുപന്നികൾ താവളമുറപ്പിച്ചു കഴിഞ്ഞു. റാന്നി, കോന്നി, കൊടുമൺ, അടൂർ എന്നിവിടങ്ങളിലെ മലയോര മേഖലകളിലും പത്തനംതിട്ട നഗരത്തോട് ചേർന്ന മൈലപ്ര, ഇലന്തൂർ, കോഴഞ്ചേരി തുടങ്ങി വനമില്ലാത്ത മേഖലകളിലും കാട്ടുപന്നികൾ വിഹരിക്കുന്നു.

കേന്ദ്ര വനനിയമത്തിന്റെ മൂന്നാം ഷെഡ്യൂളിൽ പത്തൊൻപതാം നമ്പറിൽ പെട്ട മൃഗമാണ് കാട്ടുപന്നി. ഇവയെ അഞ്ചാം ഷെഡ്യൂളിൽ പെടുത്തി ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഇതു പരിഗണിച്ച് സംസ്ഥാന വനംവകുപ്പ് കേന്ദ്രത്തെ സമീപിച്ചെങ്കിലും സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി തള്ളി. പന്നികളെ നിയന്ത്രിക്കാൻ സംസ്ഥാന നിയമത്തിൽ തന്നെ വ്യവസ്ഥകളുണ്ടെന്ന് കേന്ദ്രം അറിയിക്കുകയും ചെയ്തു. ഇതേത്തുടർന്ന് സംസ്ഥാന വനസംരക്ഷണ നിയമത്തിലെ 62ാം വകുപ്പിൽപ്പെടുത്തി കാട്ടുപന്നികളെ താത്‌കാലികമായി ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചെങ്കിലും കർഷകർക്ക് വെടിവയ്ക്കാൻ കടമ്പകളേറെ കടക്കണമായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കർഷകരും നിയമസഹായ സംഘടനകളും ഹൈക്കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയതും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PTA DIARY, WILD BOAR HUNT IN KERALA
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.