SignIn
Kerala Kaumudi Online
Thursday, 25 April 2024 6.32 PM IST

ജനവിശ്വാസം നിലനിറുത്തുന്ന അന്വേഷണം വേണം

photo

സംസ്ഥാനത്ത് സഹകരണ ബാങ്കുകളിൽ നടന്നിട്ടുള്ളതിൽ വച്ചേറ്റവും വലിയ തട്ടിപ്പാണ് കരുവന്നൂർ സഹകരണബാങ്കിൽ നടന്നതെന്നാണ് ഇതിനകം പുറത്തുവന്ന വിവരം. ഏതാനും ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്നു നടത്തിയ തീവെട്ടിക്കൊള്ളയുടെ ഞെട്ടിക്കുന്ന വിശദാംശങ്ങൾ വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. പ്രാഥമികാന്വേഷണത്തിൽ തട്ടിപ്പ് മുന്നൂറു കോടി രൂപയും കവിഞ്ഞേക്കുമെന്നാണു സൂചന. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തുകഴിഞ്ഞു. തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുൻ സെക്രട്ടറിയും മുൻ മാനേജരും കമ്മിഷൻ ഏജന്റും സി.പി.എം പ്രാദേശിക നേതാക്കളുമടക്കം നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. . നാലുപേരെ ഒളിസങ്കേതത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത വിവരം പോലും ക്രൈംബ്രാഞ്ച് ഔദ്യോഗികമായി വെളിപ്പെടുത്തിയുമില്ല. നാലുപതിറ്റാണ്ടായി സി.പി.എം ഭരണസമിതി ഭരിക്കുന്ന ബാങ്കിൽ അരങ്ങേറിയ സമാനതകളില്ലാത്ത കൂട്ടക്കവർച്ച വെറുമൊരു ക്രമക്കേടായി വിശേഷിപ്പിക്കാൻ ശ്രമിക്കുന്നവരുണ്ട്. എന്നാൽ ക്രമക്കേടോ സാധാരണ പണാപഹരണമോ അല്ല അതീവഗുരുതര സ്വഭാവത്തിലുള്ള കൊടിയ കുറ്റകൃത്യമാണിതെന്ന യാഥാർത്ഥ്യം സർക്കാർ അംഗീകരിക്കുകയാണു ആദ്യം വേണ്ടത്.

ക്രൈംബ്രാഞ്ച് അന്വേഷണത്തിനു പുറമെ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന തിരിമറികളെക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞ ദിവസം സർക്കാർ ഉന്നത ഉദ്യോഗസ്ഥ സമിതിയെയും നിയമിച്ചിട്ടുണ്ട്. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയോട് പത്തുദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും ഒരു മാസത്തിനകം വിശദറിപ്പോർട്ടും നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്കിൽ വർഷങ്ങളായി നടന്നുവന്ന തട്ടിപ്പുകളെക്കുറിച്ച് മേലധികാരികൾ അറിയാതിരുന്നില്ല എന്ന വിവരവും പുറത്തായിട്ടുണ്ട്. അറിഞ്ഞിട്ടും ഉത്തരവാദപ്പെട്ടവരാരും ചെറുവിരലനക്കിയില്ലെന്നതാണ് ഞെട്ടലുളവാക്കുന്നത്. ക്രമക്കേടുകൾ കണ്ടെത്തുന്നതിൽ സഹകരണവകുപ്പിന്റെ ഗുരുതരമായ വീഴ്ചകളെന്തൊക്കെയെന്നു കണ്ടുപിടിക്കാൻ വിദഗ്ദ്ധസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതുവിധത്തിലുള്ള ക്രമക്കേടുകളും കണ്ടുപിടിക്കാൻ വേണ്ടിയാണ് സഹകരണ ഓഡിറ്റിംഗ് സംവിധാനം പ്രവർത്തിക്കുന്നത്. അവർ തങ്ങളുടെ ചുമതല സ്വതന്ത്രവും നിഷ‌്‌പക്ഷവും സത്യസന്ധവുമായി നിറവേറ്റിയിരുന്നെങ്കിൽ കരുവന്നൂരിലെ തട്ടിപ്പുകൾ പണ്ടേ കണ്ടെത്തി തടയാൻ കഴിയുമായിരുന്നു. രണ്ടുവർഷം മുൻപ് ഓഡിറ്റ് സംഘം ചിലതൊക്കെ വിശദമാക്കി മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയിട്ടും തുടർ നടപടികളുണ്ടായില്ലെന്നാണ് കേൾക്കുന്നത്. ഭരണകക്ഷിക്കാർ ഉൾപ്പെട്ട ഏതു കേസും ഒതുക്കിത്തീർക്കുന്നത് പതിവായ നാട്ടിൽ ഇത്തരത്തിലുള്ള കൊള്ളകളും കൊള്ളമുതൽ പങ്കുവയ്ക്കലും സർവസാധാരണമായിരിക്കുന്നു. മാറിമാറി അധികാരത്തിലേറുന്ന ഇരുമുന്നണികളും വിഷയത്തിൽ ഒരുപോലെ തന്നെയാണ്.

ക്രൈംബ്രാഞ്ച് അന്വേഷണം കുറ്റവാളികൾക്ക് നിയമാനുസൃതം പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ പാകത്തിലാകണം. കൊള്ള മുതൽ പൂർണമായി തിരിച്ചുപിടിക്കുകയും വേണം. സംഭവവുമായി ബന്ധപ്പെട്ട് ബാങ്കിലെ ഭരണസമിതിക്കാരും ഉദ്യോഗസ്ഥരുമടക്കം ഏഴുപേരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇത്തരക്കാർ പുറത്തല്ല ഇരുമ്പഴിക്കുള്ളിലാണ് കഴിയേണ്ടത്. യഥാർത്ഥത്തിൽ പ്രതികളായി എത്രപേരുണ്ടാകുമെന്ന് അന്വേഷണം പൂർത്തിയാകുമ്പോഴേ അറിയാനാവൂ. നിഷ്‌പക്ഷമായ അന്വേഷണത്തെ ആശ്രയിച്ചാവും എല്ലാ കാര്യങ്ങളും.

കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന തീവെട്ടിക്കൊള്ള ഒട്ടേറെ ഗുരുതര പ്രശ്നങ്ങൾ സഹകരണ മേഖലയിൽ ഉയർത്തിവിടുന്നുണ്ട്. സഹകരണ ബാങ്കുകളുടെ സുരക്ഷിതത്വവും വിശ്വാസ്യതയുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ മനസിൽ ഉണ്ടാകുന്ന ആശങ്കയാണ് അതിൽ പ്രധാനം. ഭരണസമിതിക്കാരും താക്കോൽസ്ഥാനത്തിരിക്കുന്ന ചുരുക്കം ജീവനക്കാരും ചേർന്നാൽ എത്ര വലിയ തിരിമറികളും സാദ്ധ്യമാണെന്ന വലിയ യാഥാർത്ഥ്യത്തിലേക്കാണ് കരുവന്നൂർ വിരൽചൂണ്ടുന്നത്. സഹകരണ ബാങ്കുകൾക്ക് മൊത്തം ഹാനികരമായേക്കാവുന്ന ഒരു സംവിധാനത്തകർച്ചയാണ് അവിടെ കണ്ടത്. കൈയുടനെ ഇതിനെ പ്രതിരോധിക്കാൻ നിയമഭേദഗതി ഉൾപ്പെടെയുള്ള ശക്തമായ നടപടികളെടുക്കുന്നില്ലെങ്കിൽ വലിയ ആപത്തിനെയാകും നേരിടേണ്ടിവരിക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARUVANNUR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.